സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ന് കർക്കടകം ഒന്ന്: രാമായണ പാരായണവും ആരോഗ്യ പരിചരണവും

ഇന്ന് കർക്കടകം ഒന്ന്: രാമായണ പാരായണവും ആരോഗ്യ പരിചരണവും

മലയാളിക്ക് കർക്കടകം എന്നാൽ ആത്മീയതയുടെയും ആരോഗ്യ സംരക്ഷണത്തിന്റെയും കാലമാണ്. തോരാതെ പെയ്യുന്ന മഴയും, കൃഷിപ്പണികൾ കുറയുന്നതുമൂലം പട്ടിണിയും ദുരിതവും നിറഞ്ഞതുമായ ‘പഞ്ഞ കർക്കടക’ത്തെ മറികടക്കാൻ പഴമക്കാർ കണ്ടെത്തിയ വഴികളാണ് രാമായണ പാരായണവും ഔഷധസേവയും

സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന ഈ ഒരു മാസക്കാലം വീടുകളിൽ സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തി രാമായണം വായിക്കുന്നത് മനസ്സിന് പോസിറ്റീവ് ഊർജ്ജവും ശാന്തിയും നൽകുന്നു. അതോടൊപ്പം, ശരീരത്തിന് രോഗപ്രതിരോധ ശേഷി കൂട്ടാനായി ദശപുഷ്പം ചൂടുന്നതും, ഔഷധക്കഞ്ഞി (കർക്കടകക്കഞ്ഞി) കുടിക്കുന്നതും, ആയുർവേദ സുഖചികിത്സകൾ നടത്തുന്നതും ഈ മാസത്തിന്റെ പ്രധാന പ്രത്യേകതകളാണ്.

ദുരിതങ്ങളെ അതിജീവിച്ച് ഐശ്വര്യപൂർണ്ണമായ ചിങ്ങപ്പുലരിയിലേക്ക് കടക്കാനുള്ള ഒരുക്കമാണ് യഥാർത്ഥത്തിൽ കർക്കടക മാസം.

1,550 രൂപ മാത്രം; കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് രാജകീയ യാത്ര; ആദ്യ ഫ്‌ലൈ ബസ് സര്‍വീസ് നാളെ മുതല്‍

1,550 രൂപ മാത്രം; കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് രാജകീയ യാത്ര; ആദ്യ ഫ്‌ലൈ ബസ് സര്‍വീസ് നാളെ മുതല്‍

കൊച്ചി: കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ കേരളത്തിലേക്കുള്ള പുതിയ ഫ്‌ലൈ ബസ് സര്‍വീസ് വെള്ളിയാഴ്ച മുതല്‍. കേരളത്തിലേക്കുള്ള കര്‍ണാടക ആര്‍ടിസിയുടെ ആദ്യ ഫ്‌ലൈ ബസ് സര്‍വീസാണ് ഇത്. ബംഗളൂരു കെംപെഗൗഡ വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമാണ് ഈ പ്രതിദിന സര്‍വീസ്. 41 സീറ്റുകളാണ് ഉള്ളത്.

ബംഗളൂരു വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ നിന്ന് യാത്ര ആരംഭിച്ച രണ്ടാം ടെര്‍മിനലിലെ യാത്രക്കാരെയും കയറ്റിയാകും യാത്ര തുടങ്ങുക. ബംഗളൂരുവില്‍ നിന്നും രാത്രി 10:45 പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 07:15 നു കോഴിക്കോട് എത്തും. മൈസൂരു: 02:45, ഹുന്‍സൂരു: 03:30, ഗോണികോപ്പ: 04:15, കുട്ട: 04:50, മാനന്തവാടി 05:20, കല്‍പറ്റ: 06:05, താമരശ്ശേരി: 06:30 എന്നിങ്ങനെയാണ് മറ്റു സ്റ്റോപ്പുകളിലെ സമയക്രമം.

കോഴിക്കോട് നിന്നും രാത്രി 7:30 നാണ് മടക്കയാത്ര. പിറ്റേദിവസം പുലര്‍ച്ചെ 05:15 ന് ബംഗളൂരു വിമാനത്താവളത്തില്‍ എത്തും. ബംഗളൂരു സിറ്റിയിലെ നയന്ദഹള്ളി മെട്രോ സ്റ്റേഷനിലും ബസിന് സ്റ്റോപ്പ് ഉണ്ടാകും. കല്‍പറ്റ: രാത്രി 08:40, മാനന്തവാടി: 09:15, കുട്ട: 10:15, ഗോണികോപ്പ: 10:50, ഹന്‍സൂര്‍: 11:00, മൈസൂരു: 12:30 എന്നിങ്ങനെയാണ് മടക്കയാത്രയില്‍ മറ്റു സ്റ്റോപ്പുകളിലെ സമയക്രമം.

ബംഗളൂരു-കോഴിക്കോട് യാത്രയ്ക്ക് 1,550 രൂപയാണ് ടിക്കറ്റ് നിരക്ക്. ബംഗളൂരുവില്‍ വിമാനമിറങ്ങി നാട്ടിലെത്താന്‍ വലിയ തുക മുടക്കി ടാക്‌സി വിളിക്കുന്നവര്‍ക്ക് ഈ ബസ് സര്‍വീസ് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ബംഗളൂരു വിമാനത്താവളത്തിലിറങ്ങി കേരളത്തിലേക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ ഗതാഗതക്കുരുക്കിലും മറ്റും നിലവില്‍ രണ്ടു മണിക്കൂറോളം സമയം എടുക്കാറുണ്ട്. അത് ഒഴിവാക്കാനും ഫ്‌ലൈ ബസ് സഹായകമാകുമെന്നാണ് പ്രതീക്ഷ.

കൊയിലി ആശുപത്രി മാനേജ്മെന്റും കരാറിൽ ഒപ്പിട്ടു; കണ്ണൂരിലെ നഴ്‌സുമാരുടെ സമരം ഒത്തുതീർന്നു

കൊയിലി ആശുപത്രി മാനേജ്മെന്റും കരാറിൽ ഒപ്പിട്ടു; കണ്ണൂരിലെ നഴ്‌സുമാരുടെ സമരം ഒത്തുതീർന്നു

കണ്ണൂർ: ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ നഗരത്തിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ നടത്തിവന്ന അനിശ്ചിതകാല സമരം സമ്പൂർണ്ണ വിജയത്തിൽ. ഒടുവിൽ കടുത്ത നിലപാടുകളിൽ നിന്ന് പിന്മാറി ആറാമത്തെ ആശുപത്രിയായ കണ്ണൂർ കൊയിലി ആശുപത്രി മാനേജ്മെന്റും ഒത്തുതീർപ്പ് കരാർ പത്രികയിൽ ഒപ്പിട്ടു. ഇതോടെ കഴിഞ്ഞ രണ്ട് മാസമായി ജില്ലയിലെ സ്വകാര്യ ആരോഗ്യ മേഖലയെ നിശ്ചലമാക്കി നഴ്‌സുമാർ നടത്തിവന്ന ഐതിഹാസിക സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു. സമരം നടന്ന മറ്റ് അഞ്ച് പ്രമുഖ സ്വകാര്യ ആശുപത്രികൾ കഴിഞ്ഞ ദിവസം തന്നെ ജില്ലാ കളക്ടറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ കരാർ ഒപ്പിട്ടിരുന്നെങ്കിലും കൊയിലി മാനേജ്മെന്റ് മാത്രം വിട്ടുനിന്നത് വലിയ ജനരോഷത്തിന് കാരണമായിരുന്നു.

ഐഎൻഎയുടെ നേതൃത്വത്തിൽ പോരാട്ടം; രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ
ഇന്ത്യൻ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നഴ്‌സുമാർ തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിൽ രാപ്പകൽ സമരം നയിച്ചത്. കഴിഞ്ഞ ദിവസം മറ്റ് അഞ്ച് ആശുപത്രികളിലെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടും കൊയിലി ആശുപത്രിയിൽ മാത്രം സമരം തുടരേണ്ടി വന്നത് നഴ്‌സുമാരെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇന്ന് ഉച്ചയോടെ മെഡിക്കൽ സൂപ്രണ്ടിനെ മണിക്കൂറുകളോളം ഉപരോധിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു.

കൊയിലി മാനേജ്മെന്റ് ഒത്തുതീർപ്പിന് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ടോടെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ ആശുപത്രിയിലേക്ക് വൻ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെ കടുത്ത സമ്മർദ്ദത്തിലായ മാനേജ്മെന്റ് ഒടുവിൽ നഴ്‌സുമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് കരാറിൽ ഒപ്പുവെക്കാൻ നിർബന്ധിതരാവുകയായിരുന്നു.

വേതന വർദ്ധനവ് നടപ്പിലാകും; നഴ്‌സുമാർക്ക് ആഹ്ളാദം

കരാർ ഒപ്പിട്ടതോടെ ധനലക്ഷ്മി, സ്പെഷ്യാലിറ്റി, കിംസ്റ്റ്, ഫാത്തിമ, ആശിർവാദ് എന്നീ ആശുപത്രികൾക്ക് പിന്നാലെ കൊയിലി ആശുപത്രിയിലെ നഴ്‌സുമാർക്കും പുതുക്കിയ ശമ്പള വർദ്ധനവിന് നിയമപരമായ അർഹതയുണ്ടാകും. രണ്ട് മാസത്തെ കഠിനമായ പോരാട്ടത്തിനൊടുവിൽ തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കപ്പെട്ടതിൽ ആഹ്ളാദം പ്രകടിപ്പിച്ച് നഴ്‌സുമാരും ഐ.എൻ.എ ഭാരവാഹികളും സമരപ്പന്തലിൽ വിജയാഹ്ലാദം പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ നഴ്‌സുമാർ ജോലിയിൽ തിരികെ പ്രവേശിക്കുമെന്നും ആശുപത്രികളുടെ പ്രവർത്തനം സാധാരണ നിലയിലാകുമെന്നും സംഘടന അറിയിച്ചു.

‘ഖാര്‍ഗെയുടെ ഓഫീസില്‍ നിന്ന് കോള്‍’; ശബരിനാഥനും അജ്ഞാത ഫോണ്‍ സന്ദേശം

‘ഖാര്‍ഗെയുടെ ഓഫീസില്‍ നിന്ന് കോള്‍’; ശബരിനാഥനും അജ്ഞാത ഫോണ്‍ സന്ദേശം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥനും തട്ടിപ്പ് ഫോണ്‍ സന്ദേശം ലഭിച്ചു. കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ നിന്നെന്നു പറഞ്ഞായിരുന്നു കോള്‍ എത്തിയത്. ഹോട്ടലില്‍ മുറിയെടുക്കാന്‍ സാമ്പത്തിക സഹായം ചോദിച്ചായിരുന്നു കോള്‍ വന്നതെന്ന് ശബരീനാഥന്‍ വെളിപ്പെടുത്തി.

രാത്രി ലോകകപ്പ് ഫുട്ബോൾ മത്സരം കാണുന്നതിനിടെയാണ് വാട്‌സ് ആപ്പ് കോള്‍ വന്നത്. നിരന്തരം കോള്‍ വന്നതോടെയാണ് എടുത്തത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കുടുംബം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നും, ഉദയസമുദ്ര ഹോട്ടലില്‍ മൂന്നോ നാലോ റൂം ബുക്ക് ചെയ്തു. അതില്‍ രണ്ടു റൂമേ ആയിട്ടുള്ളൂ. രണ്ടു റൂമിന് ഇപ്പോള്‍ പണം നല്‍കിയാലേ ലഭിക്കൂ എന്നും ഫോണ്‍കോളില്‍ പറഞ്ഞു.

നമ്പര്‍ നോക്കിയപ്പോള്‍ മല്ലികാര്‍ജുന്‍ സര്‍ പിഎ എന്നാണ് എഴുതിയിട്ടുള്ളത്. അതു തട്ടിപ്പാണെന്ന് മനസ്സിലായി. ഉദയസമുദ്ര ഹോട്ടലില്‍ വിളിച്ചു ചോദിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഇല്ലെന്ന് പറഞ്ഞു. ബുക്ക് ചെയ്തത് കെസി വേണഉഗോപാല്‍ എംപിയുടെ ഓഫീസില്‍ നിന്നാണ്, എഐസിസിയുടെ ഓഫീസില്‍ നിന്നാണ് എന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് കെസി വേണുഗോപാലിന്റെ ഓഫീസിനെയും വിളിച്ചു ചോദിച്ചിരുന്നു.

‘വിജയ് സാർ, എൻ നൻപന്ക്ക് പൈത്ത്യം! മന്നിച്ചിട് സാർ’; ധ്യാനിനേക്കുറിച്ച് അജു വർ​ഗീസ്

‘വിജയ് സാർ, എൻ നൻപന്ക്ക് പൈത്ത്യം! മന്നിച്ചിട് സാർ’; ധ്യാനിനേക്കുറിച്ച് അജു വർ​ഗീസ്

സിനിമയ്ക്കപ്പുറമുള്ള സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ധ്യാൻ ശ്രീനിവാസനും അജു വർ​ഗീസും. ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങളെല്ലാം എല്ലാവരും ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ ധ്യാനിനെക്കുറിച്ച് ഒരു വേദിയിൽ അജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. “ശ്രീനിവാസൻ സാറിന്റെ ഏറ്റവും മികച്ച തിരക്കഥ അത് ധ്യാൻ ശ്രീനിവാസൻ മാത്രമാണ്. അതിലൊന്നും എനിക്കിപ്പോൾ പറയാനില്ല.

അദ്ദേഹത്തിന്റെ അതേ നർമങ്ങളും ആക്ഷേപ ഹാസ്യവും ഒക്കെയായി ധ്യാൻ ആ പാരമ്പര്യം തുടരുന്നത് കാണുമ്പോൾ ഒരു സുഹൃത്ത് എന്ന നിലയിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. ധ്യാനിന്റെ എനിക്കേറ്റവും ഇഷ്ടമുള്ള ഒരു കാര്യം, അദ്ദേഹമാണ് യഥാർഥ സോഷ്യലിസ്റ്റ്. സോഷ്യലിസ്റ്റ് മനോഭാവം ജീവിതത്തിൽ കൊണ്ടു നടക്കുന്ന ഞാൻ കണ്ടിട്ടുള്ള ഒരേ ഒരാൾ ധ്യാൻ ശ്രീനിവാസനാണ്.

അത് ഇനിയും തുടരാൻ അ​ദ്ദേഹത്തിന് സാധിക്കട്ടെ. അമ്മ എന്ന സംഘടനയിലെ വിശേഷങ്ങൾ പറഞ്ഞതു കൊണ്ട് പറയുകയാണ്. എന്റെ അഭിപ്രായത്തിൽ ധ്യാൻ പറഞ്ഞ കാരണങ്ങൾ കൊണ്ട് തന്നെയാണ് അദ്ദേഹം അമ്മയുടെ തലപ്പത്ത് വന്നാൽ നന്നാകുമെന്ന് ഞങ്ങൾക്കൊക്കെ തോന്നിയത്. വേറൊന്നും കൊണ്ടല്ല, അതിൽ നടക്കുന്നതൊക്കെ വിളിച്ചു പറയും.

അപ്പോൾ നിങ്ങൾക്ക് വേറെ സാധ്യതകളൊന്നും വേണ്ട കാര്യങ്ങളറിയാൻ. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്. പിന്നെ അത് നോക്കാൻ പുള്ളിക്ക് വലിയ താല്പര്യമൊന്നുമുണ്ടാകില്ല. അപ്പോൾ കൃത്യമായിട്ട് ഇടവേള ചേട്ടനെയൊക്കെ ഏല്പിച്ച് നമ്മൾ കാര്യങ്ങൾ നടത്തും. വീട്ടിലിരുന്ന് സംസാരിക്കുമ്പോൾ നമ്മളാണല്ലോ എല്ലാം.

അങ്ങനെ പറയുന്ന തമാശകളൊക്കെയാണ്. പിന്നെ ഒരു കാര്യം എനിക്ക് മനസിലായി, ഇനി തമിഴ്നാട്ടിലോട്ട് കേറാൻ പറ്റൂല. അതുകൊണ്ട് എന്റെ പൊന്ന് സിഎം വിജയ് സാർ, എൻ നൻപന്ക്ക് പൈത്ത്യം. അതുകൊണ്ട് എനിക്കൊന്നും ചെയ്യാൻ പറ്റില്ല. നിങ്ങളെന്നോട് ക്ഷമിക്കണം. നന്ദി”. – അജു വർ​ഗീസ് പറഞ്ഞു. അജുവിന്റെ വാക്കുകൾ വേദിയിൽ വലിയ പൊട്ടിച്ചിരിക്കാണ് വഴിയൊരുക്കിയത്.