by Midhun HP News | Apr 11, 2025 | Latest News, കേരളം
കോട്ടയം: ഏറ്റുമാനൂരില്‍ യുവാവും പെണ്‍സുഹൃത്തും ചേര്‍ന്നു ഭാര്യയെ മര്‍ദിച്ചു കിണറ്റില്‍ തള്ളിയിട്ടതായി പരാതി. പിന്നാലെ കിണറ്റില്‍ ചാടിയ യുവാവ് കിണറ്റിനുള്ളില്‍ വച്ചു വീണ്ടും മര്‍ദിച്ചെന്നും ഭാര്യ പരാതിയില്‍ പറയുന്നു. ഏറ്റുമാനൂര്‍ പൊലീസും അഗ്‌നിരക്ഷാസേനയുമെത്തി ഭാര്യയെയും ഭര്‍ത്താവിനെയും കിണറ്റില്‍നിന്നു കയറ്റി. ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ വാടകയ്ക്കു താമസിക്കുന്ന 37 വയസ്സുള്ള യുവാവിനെതിരെയാണ് 35 വയസ്സുള്ള ഭാര്യ പരാതി നല്‍കിയത്.
കിണറ്റില്‍ വീണ് കാലിനും കൈയ്ക്കും പരിക്കേറ്റ ഭാര്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനും പരിക്കുണ്ട്. ദമ്പതികള്‍ തമ്മില്‍ വര്‍ഷങ്ങളായി വഴക്കും കുടുംബപ്രശ്‌നങ്ങളുമുണ്ടെന്ന് പൊലീസ് പറയുന്നു. മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ മര്‍ദിക്കുന്നതായി യുവതി ഏറ്റുമാനൂര്‍ പൊലീസിലും വനിതാ സെല്ലിലും മുന്‍പേ തന്നെ പരാതി കൊടുത്തിട്ടുണ്ട്.
രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെയും മക്കളെയും ഉപേക്ഷിച്ചു പോയെന്നും പിന്നീട് വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ടു തനിക്കും മക്കള്‍ക്കുമായി വാടകവീട് എടുത്തു നല്‍കിയെന്നും യുവതി പറയുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ച് യുവാവ് വീണ്ടും കുടുംബത്തോടൊപ്പം താമസം തുടങ്ങിയെങ്കിലും പ്രശ്‌നങ്ങള്‍ വീണ്ടും തുടര്‍ന്നതായി പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് പെണ്‍ സുഹൃത്തിനെയും കൂട്ടിയെത്തി കിണറ്റില്‍ തള്ളിയിട്ടതെന്നും യുവതി പറഞ്ഞു. യുവതിയുടെ മൊഴി രേഖപ്പെടുത്തുമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഏറ്റുമാനൂര്‍ പൊലീസ് അറിയിച്ചു.
by Midhun HP News | Apr 11, 2025 | Latest News, കേരളം
കൊച്ചി: റിയാലിറ്റി ഷോയിലെ വിജയിയായ എട്ടു വയസ്സുകാരനായ ഗായകന്‍ അവിര്‍ഭാവ് മരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിച്ചതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അവിര്‍ഭാവിന്റെ പിതാവ് കെ എസ് സജിമോന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓണ്‍ലൈനിലാണ് വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നത്.
ഇടുക്കി സ്വദേശിയായ എട്ടു വയസ്സുകാരന്‍ എസ് ആവിര്‍ഭാവ് നിലവില്‍ അങ്കമാലിക്ക് സമീപം നായത്തോട് കുടുംബസമേതം താമസിച്ചു വരികയാണ്. ആവിര്‍ഭാവ് മരിച്ചതായുള്ള ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെയുള്ള വ്യാജ വാര്‍ത്തകള്‍ മാര്‍ച്ച് അവസാന വാരത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നത്.
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച നിരവധി ഫെയ്‌സ്ബുക്ക് പേജുകളും യൂട്യൂബ് ചാനലുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഉള്ളടക്കം നീക്കം ചെയ്യാന്‍ ഫെയ്‌സ്ബുക്കിനും യൂട്യൂബിനും അറിയിപ്പ് നല്‍കിയിട്ടുണ്ട് എന്നും പൊലീസ് അറിയിച്ചു. വഞ്ചിക്കുകയെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമച്ചതിന് ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 336(4) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ജാമ്യമില്ലാ കുറ്റമാണിത്.
കൂടാതെ ആശയവിനിമയ മാധ്യമങ്ങളിലൂടെ ശല്യമുണ്ടാക്കിയതിന് കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 120(o) പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായി തിരിച്ചറിഞ്ഞ എഫ്ബി പേജുകളും ചാനലുകളും കൈകാര്യം ചെയ്യുന്നവരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാനും പൊലീസ് ആലോചിക്കുന്നു.
ഓണ്‍ലൈന്‍ ട്രാഫിക്കും പരസ്യ വരുമാനവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജ പോസ്റ്റുകള്‍ സൃഷ്ടിച്ചതെന്ന് കരുതുന്നതായി ആവിര്‍ഭാവിന്റെ പിതാവ് സജിമോന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മാര്‍ച്ച് 20 ന് ശേഷമാണ് വ്യാജ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. വാര്‍ത്ത ആദ്യം പോസ്റ്റ് ചെയ്ത ചാനലിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സജിമോന്‍ കൂട്ടിച്ചേര്‍ത്തു.2023 ല്‍ ഒരു പ്രമുഖ ടിവി ചാനലില്‍ സംപ്രേഷണം ചെയ്ത ദേശീയ തലത്തിലുള്ള റിയാലിറ്റി ഷോയിലാണ് ആവിര്‍ഭാവ് വിജയിച്ചത്. ക്ലാസിക് ഹിന്ദി ഗാനങ്ങളുടെ ശ്രദ്ധേയമായ ആലാപനത്തിലൂടെ റിയാലിറ്റി ഷോയില്‍ വിജയിയാകുമ്പോള്‍ ആവിര്‍ഭാവിന് വെറും ഏഴ് വയസ്സായിരുന്നു പ്രായം. ആവിര്‍ഭാവിന്റെ സഹോദരിക്കും സംഗീത പശ്ചാത്തലമുണ്ട്, 2018 ല്‍ ഒരു തെലുങ്ക് റിയാലിറ്റി ഷോയില്‍ രണ്ടാം സ്ഥാനക്കാരിയായിരുന്നു.
by Midhun HP News | Apr 11, 2025 | Latest News, കേരളം
പത്തനംതിട്ട: പരിസ്ഥിതി സംരക്ഷണത്തില്‍ പുത്തന്‍ ചുവടുവെയ്പാകുകയാണ് പത്തനംതിട്ട ജില്ലയിലെ റാന്നി ഗ്രാമപഞ്ചായത്ത്. ഉണങ്ങിയ ഇലകള്‍ കത്തിക്കുന്നത് നിരോധിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. പകരം ഉണങ്ങിയ ഇലകള്‍ ജൈവവളമാക്കി മാറ്റും.
വായു മലിനീകരണം കുറയ്ക്കുന്നതിനും സുസ്ഥിര രീതികള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വീടുതോറും കയറി പ്ലാസ്റ്റിക്, മറ്റ് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഹരിത കര്‍മ്മ സേന അംഗങ്ങളെ ഉണങ്ങിയ ഇലകള്‍ ചാക്കുകളില്‍ ശേഖരിക്കാന്‍ പഞ്ചായത്ത് ചുമതലപ്പെടുത്തി.
ഉണങ്ങിയ ഇലകള്‍ ശേഖരിക്കുന്നതിനായി പഞ്ചായത്ത് ഇതിനോടകം 1,000ത്തിലധികം പ്രത്യേകം ചാക്കുകള്‍ വിതരണം ചെയ്തു. ശേഖരിച്ചു കഴിഞ്ഞാല്‍, ഇലകള്‍ വളമാക്കി മാറ്റുന്ന യൂണിറ്റിന് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ പ്രകാശ് പറഞ്ഞു.
ഉണങ്ങിയ ഇലകള്‍ കത്തിക്കുന്നത് മൂലമുണ്ടാകുന്ന വിഷാംശം, അവ പതിവായി കത്തിക്കുന്ന സ്ഥലത്തെ ഈര്‍പ്പം നഷ്ടപ്പെടല്‍, മണ്ണിന്റെ ഘടനയിലെ മാറ്റങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ പരിഗണിച്ച ശേഷമാണ് പഞ്ചായത്ത് ഈ സംരംഭം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉണങ്ങിയ ഇലകള്‍ കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്താനും ആലോചിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കൊക്കോപീറ്റ് കമ്പോസ്റ്റിന് പകരം
റാന്നിയില്‍ വളപ്രയോഗ യൂണിറ്റ് നടത്തുന്ന കര്‍ഷകനായ സജി എബ്രഹാമിനെയാണ് ഉണങ്ങിയ ഇലകളില്‍ നിന്ന് വളം നിര്‍മ്മിക്കാനുള്ള ചുമതല പഞ്ചായത്ത് ഏല്‍പ്പിച്ചിരിക്കുന്നത്. ഉണങ്ങിയ ഇലകള്‍ക്കൊപ്പം മത്സ്യ മാലിന്യങ്ങളും പ്രാദേശികമായി ലഭിക്കുന്ന മറ്റ് വസ്തുക്കളും ഉപയോഗിച്ചാണ് ഴല നിര്‍മ്മാണം.
ഉണങ്ങിയ ഇലകള്‍ കൊണ്ടുള്ള വളം മണ്ണിനെ മൃദുവാക്കുന്നതായും, കൊക്കോപീറ്റ് കമ്പോസ്റ്റിന് തുല്യമായ ഗുണനിലവാരമുള്ളതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. ‘ഉണങ്ങിയ ഇല കൊണ്ടുള്ള വളം ‘സക്‌സസ്’ എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്തിട്ടുണ്ട്. ചക്ക അവശിഷ്ടം മുതല്‍ കോഴി വേസ്റ്റ്, ചാണകം എന്നിവയെല്ലാം വളത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Apr 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും (വെള്ളിയാഴ്ച) ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം വരും മണിക്കൂറുകളില്‍ മധ്യബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്കു-വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് പുറമേ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Apr 10, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: തഹാവൂര്‍ റാണയെ യുഎസില്‍ നിന്ന് ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചകളില്‍ നിറയുകയാണ് 2008 ലെ മുംബൈ ഭീകരാക്രമണം. ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളായ തഹാവൂര്‍ റാണ വാര്‍ത്തകളില്‍ നിറയുമ്പോള്‍ നടുക്കുന്ന ഓര്‍മകളിലേക്ക് തിരിച്ച് നടക്കുകയാണ് മുംബൈ നിവാസികള്‍. ഭീകരാക്രമണത്തിന്റെ ഭീകരത നേരിട്ട് അനുഭവിച്ച മൂഹമ്മദ് തൗഫീക്കിന്റെ പ്രതികരണം ഇതിന് ഉദാഹരണമാണ്. മുംബൈ ഛത്രപതി ശിവജി ടെല്‍മിനസ് റെയില്‍വെ സ്റ്റേഷനിലെ ടീസ്റ്റാള്‍ ഉടമയാണ് മുഹമ്മദ് തൗഫീക്ക്.
വര്‍ഷങ്ങള്‍ക്കിപ്പുറം തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ ഭീകരാക്രമണ കേസില്‍ ശക്തമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയാണ് തൗഫീക്ക്. ചികിത്സ സുരക്ഷ എന്നിവയുടെ പേരില്‍ തഹാവൂര്‍ റാണയ്ക്ക് പ്രത്യേക പരിഗണന നല്‍കരുത്. പ്രത്യേക സെല്ലും, കഴിക്കാന്‍ ബിരിയാണിയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കുന്ന നിലയുണ്ടാവരുത്. റാണയ്ക്ക വധശിക്ഷ നല്‍കണം എന്നും തൗഫീക്ക് ആവശ്യപ്പെടുന്നു.
മുംബൈ ഭീകരാക്രമണ കേസില്‍ പിടിക്കപ്പെട്ട അജ്മല്‍ കസബ് ജയില്‍ വാസകാലത്ത് മട്ടണ്‍ ബിരിയാണി ആവശ്യപ്പെട്ടിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഓര്‍ത്തെടുത്താണ് തൗഫീക്കിന്റെ പ്രതികരണം. എന്നാല്‍, കസബ് അത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നില്ല എന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറയുന്നു. കസബിന് അനുകൂലമായി ഒരു ജനവികാരം രൂപം കൊള്ളുന്നത് തടയുന്നതിനായിട്ടായിരുന്നു ഇത്തരം ഒരു പ്രചാരണം എന്നും ഉജ്ജ്വല്‍ നികം പറയുന്നു. കസബ് ജയിലില്‍ ബിരിയാണി ആവശ്യപ്പെട്ടിരുന്നില്ലെന്നും സര്‍ക്കാര്‍ ഇത് നല്‍കിയിട്ടില്ലെന്നും ഉജ്ജ്വല്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ എത്തിച്ചാല്‍, സാധ്യമാകും വേഗത്തില്‍ റാണയെ തൂക്കിലേറ്റണം എന്നും തൗഫീക്ക് പറയുന്നു. ”ആരെങ്കിലും റാണയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് ശിക്ഷ നടപ്പാക്കണം. റാണയ്ക്ക് വധശിക്ഷ ലഭിച്ചാല്‍ അത് താന്‍ ആഘോഷിക്കും. സര്‍ക്കാര്‍ ഇരകള്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്, പക്ഷേ പണത്തിന് ആരുടെയും ജീവന്‍ തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.” റെയില്‍വെ സ്റ്റേഷനില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ നിരവധി പേരെ സുരക്ഷിതരാക്കി രക്ഷപ്പെടുത്തിയ വ്യക്തികൂടിയാണ് ചോട്ടു ചായ് വാല എന്നറിയപ്പെടുന്ന തൗഫീക്ക്.
by Midhun HP News | Apr 10, 2025 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: ദേശീയപാതയിൽ തോട്ടയ്ക്കാട് പാലത്തിന് സമീപം സ്വകാര്യ ബസിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിലെ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. കഴക്കൂട്ടം കാർത്തിക ബാറിലെ ജീവനക്കാരനായ കുടവൂർ മേൽ തോന്നക്കൽ ഡ്രീം ലാൻഡിൽ ഹജികുമാർ(50)ആണ് മരണപ്പെട്ടത്.
ഇന്ന് (10/04 2025) ഉച്ചയ്ക്ക് 2 മണിയോടെ കെ ടി സി ടി ഹോസ്പിറ്റലിനും തോട്ടയ്ക്കാട് പാലത്തിനുമിടയിൽ ദേശീയപാതയിലാണ് അപകടം നടന്നത്. അപകടം നടന്ന ഉടൻതന്നെ ഹജികുമാറിനെ ആംബുലൻസിൽ പാരിപ്പള്ളി ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലമ്പലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.
Recent Comments