കിട്ടി കിട്ടി, 2500 കിട്ടി! മാലിന്യം വലിച്ചെറിഞ്ഞ വിഡിയോ പകർത്തിയ യുവാവിന് പാരിതോഷികം ലഭിച്ചു

കിട്ടി കിട്ടി, 2500 കിട്ടി! മാലിന്യം വലിച്ചെറിഞ്ഞ വിഡിയോ പകർത്തിയ യുവാവിന് പാരിതോഷികം ലഭിച്ചു

കൊച്ചി: ‘എനിക്കുള്ള 25,000 എപ്പോൾ കിട്ടും’ എന്ന ക്യാപ്ഷനോടെ, കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന വിഡിയോ പോസ്റ്റ് ചെയ്ത നസീമിന്റെ അക്കൗണ്ടിലേക്ക് പാരിതോഷികം എത്തി. 25,000 രൂപ മുഴുവാനായും കിട്ടിയില്ലെങ്കിലും 2500 രൂപ പാരിതോഷികം കിട്ടിയതിന്റെ സന്തോഷത്തിലാണ് നസീം. ഗായകൻ എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന വിഡിയോ പകർത്തി പരാതി നൽകിയതിനുള്ള പാരിതോഷികമാണ് നസീമിന് ലഭിച്ചത്.

മുളവുകാട് പഞ്ചായത്തിന്റെ എസ്ബിഐ അക്കൗണ്ടിൽ നിന്നും വെള്ളിയാഴ്ചയാണ് നസീമിന് 2,500 രൂപ ലഭിച്ചത്. ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കിൽ പരമാവധി 2,500 രൂപയാണ് സംഭവം റിപ്പോർട്ട് ചെയ്യുന്നവർക്ക് ലഭിക്കുക. മാസങ്ങൾക്ക് മുൻപ് തിരുവനന്തപുരം സ്വദേശിയായ നസീം വേമ്പനാട്ടു കായലിലൂടെ ബോട്ടിൽ സഞ്ചരിക്കുമ്പോൾ പകർത്തിയ വിഡിയോയാണ് മാർച്ച് 27 ന് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്.

വിഡിയോയിൽ മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം മുളവുകാട് പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് സംഭവം നടന്നതാണെന്ന് ബോധ്യപ്പെട്ടത്. അന്നുതന്നെ വീട്ടുടമയായ എംജി ശ്രീകുമാറിന് 25,000 രൂപ പിഴചുമത്തി നോട്ടീസ് നൽകിയതായി മന്ത്രി പോസ്റ്റിനു താഴെ മറുപടിയിൽ അറിയിക്കുകയും ചെയ്തു.

പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് പരാതികൾ അറിയിക്കുന്നതിനുള്ള വാട്‌സാപ്പ് നമ്പറിനെ പറ്റിയും പാരിതോഷികത്തെക്കുറിച്ചും ഒരു അഭിമുഖത്തിനിടെ മന്ത്രി എംബി രാജേഷ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അത് കണ്ടതോടെയാണ് വിഡിയോ സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചതെന്നും നസീം പറഞ്ഞു.

വഖഫ് ബില്ലിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയിലേക്ക്; 16ന് കോഴിക്കോട് മഹാറാലി

വഖഫ് ബില്ലിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയിലേക്ക്; 16ന് കോഴിക്കോട് മഹാറാലി

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിക്കും. ഇന്നലെ ചേര്‍ന്ന മുസ്ലീം ലീഗ് ദേശീയ നേതൃയോഗത്തിന്റെതാണ് തീരുമാനം. ബില്ലിന്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുക. ഇതിന്റെ ഭാഗമായി ഏപ്രില്‍ 16ന് കോഴിക്കോട് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കും.

ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രക്ഷോഭങ്ങളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. മതസ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനമാണ് ബില്ലിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് യോഗം വിലയിരുത്തി. സുപ്രീംകോടതിയെ സമീപിക്കാന്‍ ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെയും ലീഗ് എംപിമാരെയും ചുമതലപ്പെടുത്തി.

മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമൊടുവില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബില്‍ ലോക്‌സഭ പാസാക്കിയത്. പിന്നാലെ രാജ്യസഭയും പാസാക്കി. ലോക്‌സഭയില്‍ 520 അംഗങ്ങളില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. കേരളത്തില്‍നിന്ന് സുരേഷ് ഗോപി ഒഴികെ 18 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രിയങ്ക ഗാന്ധി വിദേശത്തായിരുന്നതിനാല്‍ ഹാജരായില്ല. രാജ്യസഭയില്‍ 128 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തു.

1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്റ്റില്‍ ബില്‍ അവതരിപ്പിച്ച ശേഷം സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പരിഷ്‌കരിച്ച ബില്‍ ആണ് ലോക്‌സഭയും പിന്നാലെ രാജ്യസഭയും പാസാക്കിയത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിച്ചത്.

ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ മൂന്ന് മാസമായി നീരീക്ഷണത്തില്‍; ചോദ്യം ചെയ്യല്‍ ഇന്നും തുടരും

ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ മൂന്ന് മാസമായി നീരീക്ഷണത്തില്‍; ചോദ്യം ചെയ്യല്‍ ഇന്നും തുടരും

ചെന്നൈ: വിദേശ നാണയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് ഇന്നും തുടരും. ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലും വീട്ടിലും ഇന്നലെ പതിനാല് മണിക്കൂര്‍ നീണ്ട പരിശോധന അര്‍ധരാത്രിയോടെയാണ് പൂര്‍ത്തിയായത്. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറിലേറെ നേരം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ ഇന്നും തുടരുമെന്നാണ് സൂചന.

ഗോകുലം ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇഡിയുടെ പരിശോധന. 2022ല്‍ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുതെന്നും ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. എംപുരാന്‍ സിനിമ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് റെയ്ഡ് എന്ന് വ്യാപക പ്രചാരണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇഡിയുടെ വിശദീകരണം.

കോഴിക്കോട് കോര്‍പറേറ്റ് ഓഫീസ്, ഹോട്ടല്‍, വിവിധ സ്ഥാപനങ്ങള്‍, ചെന്നൈയിലെ ഓഫീസ്, ഗോകുലം ഗോപാലന്റെ മകന്‍ ബൈജുവിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വിദേശനിക്ഷേപം സ്വീകരിച്ചതില്‍ ഫെമ ലംഘനം ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ചാണ് പരിശോധന. മുന്‍പും ഗോകുലം കമ്പനിയില്‍ ഇത്തരം പരിശോധന നടന്നിട്ടുണ്ട്.

നിപ സംശയം: മലപ്പുറം സ്വദേശിയായ യുവതി വെന്റിലേറ്ററില്‍

നിപ സംശയം: മലപ്പുറം സ്വദേശിയായ യുവതി വെന്റിലേറ്ററില്‍

കോഴിക്കോട്: നിപ സംശയത്തില്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം സ്വദേശിനിയായ നാല്‍പ്പതുകാരിയാണ് ചികിത്സ തേടിയത്.

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ അവിടെ നിന്നും വൈകിട്ടോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായതിനാല്‍ വെന്റിലേറ്ററിലേക്കു മാറ്റി.

ഐബി ഉദ്യോഗസ്ഥയുടെ മരണം; ഗര്‍ഭഛിദ്രത്തിനായി വിവാഹം കഴിച്ചെന്ന് വ്യാജരേഖയുണ്ടാക്കി; സുകാന്തിനെതിരെ ബലാത്സംഗക്കേസ്

ഐബി ഉദ്യോഗസ്ഥയുടെ മരണം; ഗര്‍ഭഛിദ്രത്തിനായി വിവാഹം കഴിച്ചെന്ന് വ്യാജരേഖയുണ്ടാക്കി; സുകാന്തിനെതിരെ ബലാത്സംഗക്കേസ്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന സഹപ്രവര്‍ത്തകന്‍ സുകാന്തിനെതിരെ ബലാത്സംഗക്കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ്. പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി. യുവതിയെ സുകാന്ത് ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നുവെന്ന് പിതാവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തെളിവുകളും കൈമാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യുവതി ഗര്‍ഭഛിദ്രം നടത്തിയതിന്റെ ആശുപത്രി രേഖകള്‍ പൊലീസിനു ലഭിച്ചിരുന്നു.

സുകാന്ത് ഗര്‍ഭഛിദ്രത്തിനായി യുവതിയെ ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയാറാക്കിയാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും വിവാഹിതരായെന്ന് തെളിയിക്കുന്ന രേഖകളാണ് വ്യാജമായി തയാറാക്കിയത്. വ്യാജ കല്യാണ ക്ഷണക്കത്ത് ഉള്‍പ്പടെ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ജൂലായില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

മൂന്നേകാല്‍ ലക്ഷത്തോളം രൂപയാണ് ഐബി ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് പലതവണയായി മാറ്റിയത്. ഗര്‍ഭച്ഛിദ്രത്തിന് പിന്നാലെ പ്രണയബന്ധത്തില്‍ നിന്ന് സുകാന്ത് പിന്‍മാറുകയും ചെയ്തു. വിവാഹത്തിന് താല്‍പര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം പെണ്‍കുട്ടിയുടെ അമ്മയ്ക്കാണ് സുകാന്ത് അയച്ചതെന്നും പൊലീസ് കണ്ടെത്തി. ഇതേച്ചൊല്ലി ഇരുവരും തര്‍ക്കമായി. ഇതും നിരാശയുമാണ് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഐബി ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നാണ് വ്യാജമായി സുകാന്ത് തയ്യാറാക്കിയ വിവാഹക്ഷണക്കത്ത് പൊലീസിന് ലഭിച്ചത്.

നിലവിലെ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ക്കാനായി പൊലീസ് കോടതിയില്‍ അറിയിക്കും. ഉദ്യോഗസ്ഥയുടെ കുടുംബവും ഗര്‍ഭച്ഛിദ്രത്തിന്റെയടക്കമുള്ള തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ നല്‍കും. ഉദ്യോഗസ്ഥയുടെ മരണത്തില്‍ ഇന്നലെയാണ് സുകാന്തിനെ പ്രതിചേര്‍ത്തത്. ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകളും ചുമത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായ സുകാന്ത് നിലവില്‍ ഒളിവിലാണ്.

ഇതിനിടെ, കഴിഞ്ഞ ദിവസം സുകാന്ത് മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നു. യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും തടസ്സം നിന്നത് യുവതിയുടെ വീട്ടുകാരാണെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ യുവതിയുടെ മാതാപിതാക്കള്‍ ഇതു നിഷേധിച്ചിരുന്നു. വിവാഹാലോചനയുമായി സുകാന്തിന്റെ വീട്ടുകാര്‍ എത്തിയിരുന്നില്ലെന്നും പിതാവ് മധുസൂദനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഐബി ഉദ്യോഗസ്ഥയെ മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയ യുവതി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്പ്രസിനു മുന്നിലാണ് ചാടിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാലു തവണ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപും: തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.ചക്രവാതച്ചുഴിയില്‍ നിന്നും തെക്കന്‍ കേരളത്തിന് മുകളില്‍ വരെ ന്യുനമര്‍ദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം അറബിക്കടലില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വരുന്ന കാറ്റിന്റെ സംയോജനവുമാണ് മഴയ്ക്ക് കാരണമാകുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.

കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ച വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തിരുവനന്തപുരം ജില്ലയിൽ (കാപ്പിൽ മുതൽ പൂവാർ വരെ) ശനിയാഴ്ച രാവിലെ 11.30 മുതൽ ഞായർ രാവിലെ 11.30 വരെ 0.9 മുതൽ 1.1 മീറ്റർ വരെയും, കൊല്ലം ജില്ലയിൽ (ആലപ്പാട്ട്‌ മുതൽ ഇടവ വരെ) ശനിയാഴ്ച ഉച്ചയ്‌ക്ക് 02.30 മുതൽ ഞായർ രാവിലെ 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെയും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ 11.30 മുതൽ നാളെ രാവിലെ 11. 30 വരെ 1.1 മുതൽ 1.2 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.