‘കേരളത്തിന്റെ വികസനം തടയുന്നു, സർക്കാരിനെ ദുർബലപ്പെടുത്താൻ ​ഗവർണറെ ഉപയോ​ഗിക്കുന്നു’

‘കേരളത്തിന്റെ വികസനം തടയുന്നു, സർക്കാരിനെ ദുർബലപ്പെടുത്താൻ ​ഗവർണറെ ഉപയോ​ഗിക്കുന്നു’

മധുര: കേന്ദ്രത്തിലെ ബിജെപി സർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിനെതിരെ പോരാടുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ഒറ്റക്കെട്ടായി പിന്തുണയ്ക്കാൻ സിപിഎം പാർട്ടി കോൺഗ്രസ് ആഹ്വാനം ചെയ്തു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ എതിർക്കുന്നതും നവലിബറൽ നയങ്ങൾക്ക് ബദൽ നൽകുന്നതും ഉൾപ്പെടെയുള്ള ഇടതുപക്ഷ സർക്കാരിന്റെ സവിശേഷതകൾ ചൂണ്ടിക്കാണിക്കുന്ന പ്രമേയം പാർട്ടി അംഗീകരിച്ചു. സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര സർക്കാർ വ്യാജവും അടിസ്ഥാനരഹിതവുമായ പ്രചാരണം നടത്തുകയാണെന്നു പ്രമേയം ആരോപിച്ചു.

കേന്ദ്രത്തിലെ ബിജെപി സർക്കാർ സംസ്ഥാനത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നു പ്രമേയം പറയുന്നു. പ്രതിപക്ഷമായ കോൺഗ്രസും ഈ ശ്രമത്തിൽ പങ്കുചേർന്നുവെന്നും ആരോപണമുണ്ട്. കേരളത്തിലെ ഇടതുപക്ഷ സർക്കാരുകളുടെ തുടർ ഭരണം പിന്തുടരുന്ന ബദൽ വികസന നയങ്ങൾ സമഗ്ര വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. സാമൂഹിക ക്ഷേമ നേട്ടങ്ങളിൽ കേരളം മുന്നിലാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായുള്ള സംസ്ഥാനത്തിന്റെ ജിഡിപി വളർച്ച രാജ്യത്തിന്റെ വളർച്ചയേക്കാൾ കൂടുതലാണ്. തൊഴിലില്ലായ്മ വെല്ലുവിളിയെ നേരിടാനുള്ള ശ്രമങ്ങളാണ് ബദൽ വികസന നയത്തിലൂടെ ശ്രമിക്കുന്നതെന്നും പ്രമേയത്തിൽ പറയുന്നു.

വിവിധങ്ങളായ തടസങ്ങൾ മറികടക്കുക, ആകർഷകമായ നിക്ഷേപ കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുക, അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത മറികടക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ നവീകരിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങളുമായി സംസ്ഥാനം വലിയ മുന്നേറ്റങ്ങൾ നടത്തുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവ ശക്തിപ്പെടുത്താനും ശ്രമങ്ങൾ തുടരും.

സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്താൻ ബിജെപിയുടെ കീഴിലുള്ള കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു. ബില്ലുകൾക്ക് അംഗീകാരം നൽകാതെയും സംസ്ഥാനത്തിന്റെ നിയമ നിർമാണ അധികാരത്തെ ദുർബലപ്പെടുത്തുന്നതിനും ഗവർണറെ ഉപയോഗിക്കാൻ ശ്രമിക്കുന്നു. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കാനും കേന്ദ്രം ശ്രമിക്കുന്നു. വിവേചനം മറച്ചുവെക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിനെതിരെ തെറ്റായതും അടിസ്ഥാനരഹിതവുമായ പ്രചാരണങ്ങൾ നടത്തുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി.

പെൺകുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചു; റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

പെൺകുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചു; റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

കണ്ണൂർ: തളിപ്പറമ്പിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് തളിപ്പറമ്പ പൊലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്. അതിജീവിതയായ 12കാരിയുടെ സഹോദരനെയും സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തൽ.

നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകി. വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്. തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ആദ്യ ഘട്ടത്തിൽ പൊലീസിന് സംശയം ഉണ്ടായിരുന്നുവെങ്കിലും കുടുംബം പരാതി പറയാതിരുന്നതിനെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നില്ല. പൊലീസ് 15കാരന്റെ മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ മാസമാണ് 23 കാരിയായ സ്നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുടുംബശ്രീ സി ഡി എസുകൾക്ക് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അനുവദിച്ച തുക വിതരണം ചെയ്തു

കുടുംബശ്രീ സി ഡി എസുകൾക്ക് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അനുവദിച്ച തുക വിതരണം ചെയ്തു

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ 4 പഞ്ചായത്ത് തല കുടുംബശ്രീ സി ഡി എസുകൾക്ക് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (ksbcdc) അനുവദിച്ച തുക വിതരണം ചെയ്തു. നഗരൂർ 3 കോടി, പഴയകുന്നുമ്മേൽ – 3 കോടി,പുളിമാത് – 2 കോടി, കരവാരം -1. 514 കോടി ഉൾപ്പെടെ ആകെ 9 കോടി 51 ലക്ഷത്തി പ്പത്തിലായിരം രൂപ (9.51 crores) ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു.

സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങി, ലോഡ്ജില്‍ തങ്ങി ദിവസങ്ങളോളം മയക്കുമരുന്ന് ഉപയോഗം; കണ്ണൂരില്‍ എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍

സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞിറങ്ങി, ലോഡ്ജില്‍ തങ്ങി ദിവസങ്ങളോളം മയക്കുമരുന്ന് ഉപയോഗം; കണ്ണൂരില്‍ എംഡിഎംഎയുമായി നാല് പേര്‍ പിടിയില്‍

കണ്ണൂര്‍: തീര്‍ത്ഥാടനവിനോദ സഞ്ചാര കേന്ദ്രമായ പറശിനിക്കടവിന് സമീപത്തെ കോള്‍ മൊട്ടയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍. മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷില്‍ (37) ഇരിക്കൂര്‍ സ്വദേശിനി റഫീന (24) കണ്ണൂര്‍ സ്വദേശിനി ജസീന (22) എന്നിവരെ പിടികൂടിയത്. ഇവരില്‍നിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ഉപയോഗിക്കാനുള്ള സാധനങ്ങളും പിടികൂടി. തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.

പെരുന്നാള്‍ ദിവസം സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വിട്ടില്‍ നിന്നും ഇറങ്ങിയ യുവതികള്‍ സുഹൃത്തുക്കൾക്കൊപ്പം പലസ്ഥലങ്ങളില്‍ മുറി എടുത്ത് മയക്കുമരുന്നു ഉപയോഗിച്ച് വരികയായിരുന്നു. വീട്ടില്‍ നിന്നും വിളിക്കുമ്പോള്‍ കൂട്ടുകാരികള്‍ ഫോണ്‍ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. പിടികൂടിയപ്പോള്‍ മാത്രമാണ് വീട്ടുകാര്‍ ലോഡ്ജിലാണെന്ന് മനസിലാക്കിയത്. ഇവര്‍ക്ക് ലഹരി മരുന്ന് നല്‍കിയവരെ കുറിച്ചും എക്സൈസ് അന്വേഷിച്ചുവരികയാണ്.

അസി. എക്സൈസ് ഇന്‍സ്‌പെക്ടര്‍ മാരായ വി.വി.ഷാജി, അഷ്റഫ് മലപ്പട്ടം, പ്രിവവെന്റ്‌റീവ് ഓഫീസര്‍മരായ നികേഷ് , ഫെമിന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിജിത്ത്, കലേഷ്, സനെഷ്, പി. വി. വിനോദ് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സുജിത എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു. പിടിയിലായവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് പറഞ്ഞു. ഇവര്‍ക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് കിട്ടുന്നതെന്ന് അന്വേഷിച്ചു വരികയാണ്. നേരത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പ് മേഖലയില്‍ ലോഡ്ജില്‍ മുറിയെടുത്ത് ഡി.ജെ. പാര്‍ട്ടി നടത്തിയ യുവതി – യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു.

സമുദ്രോത്പന്നങ്ങൾക്ക് 34.26 ശതമാനം നികുതി; യുഎസ് തീരുമാനം ചെമ്മീൻ കർഷകരെ ബാധിക്കും

സമുദ്രോത്പന്നങ്ങൾക്ക് 34.26 ശതമാനം നികുതി; യുഎസ് തീരുമാനം ചെമ്മീൻ കർഷകരെ ബാധിക്കും

കൊച്ചി: ഇന്ത്യൻ സമുദ്രോത്പന്നങ്ങൾക്ക് 34.26 ശതമാനം നികുതി ചുമത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനം രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിക്കാരെയും ചെമ്മീൻ കർഷകരെയും കടുത്ത ദുരിതത്തിലാക്കുന്നു. യുഎസ് താരിഫ് കുറയ്ക്കുമെന്നു സമുദ്രോത്പന്ന കയറ്റുമതിക്കാർ പ്രതീക്ഷിക്കുന്നു. യുഎസ് ഭരണകൂടം പരസ്പര നികുതി കുറയ്ക്കാൻ വിസമ്മതിച്ചാൽ, ഇക്വഡോർ പോലുള്ള ചെറുകിട ഉത്പാദകർ നികുതി ആനുകൂല്യം ഉപയോഗിച്ച് യുഎസ് വിപണി ഏറ്റെടുക്കാൻ സാധ്യതയുണ്ട്. യുഎസ് സമുദ്രോത്പന്ന വിപണിയിൽ ഇന്ത്യയ്ക്ക് 40% വിഹിതമുള്ളതിനാൽ ഫലത്തിൽ ഇന്ത്യയ്ക്ക് നഷ്ടമുണ്ടാകും.

2.49 ആന്റി ഡംപിങ് നികുതിയും 5.77 കൗണ്ടർ വെയ്‍ലിങ് നികുതിയും 26 ശതമാനം പകര ചുങ്കവുമാണ് യുഎസ് ഭരണകൂടം ചുമത്താൻ തീരുമാനിച്ചത്. മൊത്തം 34.26 ശതമാനമാണ് നിലവിൽ ഉയർത്തിയത്. ഇതോടെയാണ് ഇക്വഡോറിനു സാധ്യത കൂടിയിരിക്കുന്നത്. അവർക്ക് 13.78 ശതമാനം മാത്രമാണ് നികുതി ചുമത്തിയിരിക്കുന്നത്.

ആന്റി ഡംപിങ് നികുതി പകര ചുങ്കവും കേരളത്തിലെ 130 ഓളം കയറ്റുമതി അധിഷ്ഠിത സമുദ്രോത്പന്ന സംസ്കരണ യൂണിറ്റുകളെയും ഈ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളെയും ബാധിക്കും. കേന്ദ്ര സർക്കാരിന് മുന്നിൽ കേരളത്തിന്റെ ആശങ്ക അറിയിക്കാൻ കേരള സർക്കാർ കേന്ദ്രത്തിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയയ്ക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഏകോപന സമിതി പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള കടൽ ചെമ്മീനിനു അമേരിക്ക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യൻ സമു​ദ്രോത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണി യുഎസ് തന്നെയാണ്. യുഎസ് വിപണിയിൽ തങ്ങൾക്ക് ഏകദേശം 35 മുതൽ 40 ശതമാനം വരെ വിഹിതമുണ്ട്. 26 ശതമാനമായി പകര ചുങ്കം ഉയർത്തുന്നത് ഇന്ത്യൻ ഉത്പന്നങ്ങളുടെ ചെലവ് വർധിപ്പിക്കും. അതോടെ ഇക്വഡോർ വിപണി കൈയടക്കാനുള്ള സാധ്യതയുമുണ്ട്. പുതിയ ചരക്കുകൾ കയറ്റുമതി ചെയ്യുന്നത് നിർത്താൻ, വാങ്ങുന്നവർ ഇതിനകം തന്നെ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഉത്പന്നങ്ങൾ വാങ്ങുന്നവർ കിഴിവ് ആവശ്യപ്പെടുകയോ നിരസിക്കുകയോ ചെയ്തേക്കാം എന്നും ഞങ്ങൾ ആശങ്കപ്പെടുന്നു. നിരക്കുകൾ കുറയ്ക്കാൻ ഞങ്ങൾ നിർബന്ധിതരാകുമെന്നതിനാൽ കയറ്റുമതിക്കാർ സംഭരണം നിർത്താനും സാധ്യതയുണ്ട്- സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് അലക്സ് നൈനാൻ പറഞ്ഞു.

വനാമി ചെമ്മീൻ, കടുവ ചെമ്മീൻ, കണവ, കൂന്തൾ എന്നിവയാണ് ഇന്ത്യയിൽ നിന്നു യുഎസ് വിപണിയിലേക്ക് കയറ്റുമതി ചെയുന്നവയിൽ പ്രധാനം. 2023-24ൽ 60,524 കോടി രൂപയുടെ സമുദ്രോത്പന്നങ്ങൾ ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിൽ നിന്നുള്ള വരുമാനം മാത്രം 40,013 കോടി രൂപയാണ്. കേരളത്തിലെ കയറ്റുമതി സ്ഥാപനങ്ങൾ പ്രതിവർഷം ഏകദേശം 8,000 കോടി രൂപയുടെ സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. ഉത്പന്നങ്ങളുടെ ഒരു പ്രധാന പങ്ക് യുഎസ് വിപണിയിലേക്കാണ് പോകുന്നത്.

പകര ചുങ്കം യുഎസ് വിപണിയിൽ ചെലവ് കൂട്ടുന്നതോടെ യൂറോപ്യൻ, ചൈന വിപണികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും. എന്നാൽ ഇത്രയധികം ചെമ്മീൻ ഉപയോഗിക്കുന്ന മറ്റൊരു രാജ്യവുമില്ലാത്തതിനാൽ യുഎസ് പോലുള്ള ഒരു വിപണി നഷ്ടപ്പെടുത്താൻ കഴിയില്ല. ചർച്ചകൾ പുരോ​ഗമിക്കുന്നുണ്ട്. ഇതിനു ശേഷം യുഎസ് പകര ചുങ്കം കുറച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു- സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ് എംആർ പ്രേമചന്ദ്ര ഭട്ട് പറഞ്ഞു.

പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്

പൃഥ്വിരാജിന് ആദായനികുതി വകുപ്പ് നോട്ടീസ്

കൊച്ചി: പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ നടൻ പൃഥ്വിരാജിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. മുമ്പ് അഭിനയിച്ച സിനിമകളുടെ പ്രതിഫല കാര്യത്തിലാണ് വ്യക്തത നേടിയത്. കഴിഞ്ഞ വർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടി. ആദായ നികുതി അസസ്മെന്റ് വിഭാഗമാണ് ഇക്കാര്യം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ഈ മാസം മുപ്പതിനകം മറുപടി നൽകാനാണ് നിർദേശം. മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തേതെന്നാണ് ആദായനികുതി വിഭാഗം വിശദമാക്കുന്നത്.