കോഴിക്കോട് റിസോര്‍ട്ടിലെ പൂളില്‍ വീണ് ഏഴുവയസ്സുകാരന്‍ മുങ്ങി മരിച്ചു

കോഴിക്കോട് റിസോര്‍ട്ടിലെ പൂളില്‍ വീണ് ഏഴുവയസ്സുകാരന്‍ മുങ്ങി മരിച്ചു

കോഴിക്കോട്: കോഴിക്കോട് കക്കാടം പൊയിലിലെ റിസോര്‍ട്ടിലെ കുളത്തില്‍ വീണ് ഏഴുവയസ്സുകാരന്‍ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെടി മുഹമ്മദാലിയുടെ മകന്‍ അഷ്മില്‍ ആണ് മരിച്ചത്. കക്കാടംപൊയിലിലെ ഏദന്‍സ് ഗാര്‍ഡന്‍ റിസോര്‍ട്ടിലാണ് അപകടം ഉണ്ടയാത്. ഉടന്‍ തന്നെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രിയിലാണ് സംഭവം.

കുട്ടിയുടെ മാതാപിതാക്കള്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഈ സമയത്ത് കുട്ടി പൂളിനടുത്തേക്ക് പോയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അവധിക്കാലം ആഘോഷിക്കാനാണ് ഇവര്‍ കക്കാടംപൊയിലിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിയത്.

പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ​ഗോകുലം ​ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു

പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ​ഗോകുലം ​ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു

കൊച്ചി: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ​ഗോകുലം ​ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുകയാണ്. കേരളത്തിലും തമിഴ്നാട്ടിലുമായി 5 ഇടങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്. കോഴിക്കോട് അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാൻ്റ് ഹോട്ടലിലുമാണ് പരിശോധന നടക്കുന്നത്. ​​ഗോകുലത്തിന്റെ സ്ഥാപനങ്ങളിൽ തുടരുന്ന പരിശോധന ഫെമ, പിഎംഎൽഎ ചട്ടലംഘനങ്ങളിലെന്ന് ഇഡി വ്യക്തമാക്കുന്നു. 1000 കോടിയുടെ വിദേശ വിനിമയ ചട്ടലംഘനമെന്നാണ് പ്രാഥമിക വിവരം. ​

ഗോകുലം ചിറ്റ് ഫണ്ടുമായി ബന്ധപ്പെട്ട വഞ്ചന കേസുകളിലും പിഎംഎൽഎ അന്വേഷണം നടക്കുന്നുണ്ട്. രാജ്യത്തിന് പുറത്തുനിന്നുളള സാമ്പത്തിക ഇടപാടുകളാണ് ഫെമ നിയമപരിധിയിൽ ഉളളത്. ഗോകുലം ഗോപാലൻ ഡയറക്ടർ ആയ കമ്പനികൾ നിക്ഷേപം നടത്തിയ മറ്റു ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ഉണ്ടാകും. കടലാസ് കമ്പനികൾ ഉണ്ടോയെന്നും പരിശോധിക്കും.

പ്രൊവിഷ്യന്റ് അക്കാദമിയിൽ സൗജന്യ അയോധനകലാ പരിശീലനം

പ്രൊവിഷ്യന്റ് അക്കാദമിയിൽ സൗജന്യ അയോധനകലാ പരിശീലനം

പ്രൊവിഷ്യന്റ് അക്കാദമിയുടെ നേതൃത്വത്തിൽ സൗജന്യ ഏകദിന അയോധനകലാപരിശീലനം ആറ്റിങ്ങൽ കെഎസ്ആർടിസിക്ക് എതിർവശമുള്ള പ്രൊവിഷ്യന്റ് ഫൈറ്റ് ക്ലബ്ബിൽ സംഘടിപ്പിക്കും.

ഏപ്രിൽ 5 ശനിയാഴ്‌ച രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പരിശീലനം. കരാട്ടെ, ബോക്‌സിംഗ്, കിക്ക് ബോക്‌സിംഗ്, മുവായ് തായ്, വുഷു, എംഎംഎ എന്നീ ആയോധന കലകളിലാണ് പരിശീലനം നടക്കുന്നത്. പ്രായഭേദമന്യേ കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം.

കരാട്ടെ, മുവായ് തായ്, സ്‌ക്വായ് മാർഷ്യൽ ആർട്ട് എന്നിവയിൽ അന്താരാഷ്ട്ര മാസ്റ്റർ ഡിഗ്രിയും കോച്ച് ലൈസൻസും കരസ്ഥമാക്കിയുള്ള എംഎംഎ സംസ്‌ഥാന അസോസിയേഷൻ ടെക്‌നിക്കൽ ഡയറക്ടർ കൂടിയായ സീനിയർ മാർഷ്യൽ ആർട്ട് കോച്ച് ഷിഹാൻ വൈശാഖ് ആണ് മുഖ്യ പരിശീലകൻ. മുവായ് തായ് ദേശീയ സ്വർണമെഡൽ ജേതാവും എംഎംഎ സംസ്ഥാന കോച്ചുമായ ശ്രീജിത്തും പരിശീലകനായി എത്തും.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ ചെറുക്കാനും ലഹരിക്ക് അടിമപ്പെട്ട യുവതലമുറയെ നേർവഴിക്ക് നയിക്കാനും ആയോധനകല അഭ്യസിക്കുന്നതിലൂടെ സാധിക്കും എന്ന പ്രചരണത്തിൻ്റെ ഭാഗമായാണ്‌ സൗജന്യ പരിശീലനക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് പ്രൊവിഷ്യന്റ് അക്കാദമി ചീഫ് കോച്ച് കൂടിയായ ഷിഹാൻ വൈശാഖ് അറിയിച്ചു. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പങ്കെടുക്കുന്ന എല്ലാപേർക്കും സർട്ടിഫിക്കറ്റും ലഭിക്കും.

മൊബൈൽ നമ്പർ: 7403338333

കേരളത്തില്‍നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് ആരൊക്കെ?; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആകാംക്ഷയേറുന്നു

കേരളത്തില്‍നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് ആരൊക്കെ?; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആകാംക്ഷയേറുന്നു

മധുര: സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ സമാപിക്കാന്‍ രണ്ടുദിവസം ബാക്കിയിരിക്കെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്ന് ആരൊക്കെ എത്തുമെന്നതില്‍ ആകാംക്ഷ തുടരുകയാണ്. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് നിലവില്‍ കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തിന് ഒരു ഒഴിവുണ്ട്. പ്രായപരിധിപ്രകാരം രണ്ടു മുതിര്‍ന്ന നേതാക്കള്‍ – എകെ ബാലനും പികെ ശ്രീമതിയും – കൂടി പദവി ഒഴിയുന്നതോടെ രണ്ട് ഒഴിവുകള്‍ കൂടി വരും.

പികെ ശ്രീമതിക്ക് പകരം കൊല്ലത്തുനിന്നുള്ള മുതിര്‍ന്ന നേതാവായ ജെ മേഴ്സിക്കുട്ടിയമ്മ, തിരുവനന്തപുരത്തു നിന്നുള്ള ടിഎന്‍ സീമ എന്നീ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ന്യൂനപക്ഷ പ്രാതിനിധ്യം കണക്കിലെടുക്കുകയാണെങ്കില്‍ മലബാര്‍ മേഖലയില്‍ നിന്നുള്ള വനിതാ നേതാവ് പികെ സൈനബയും പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്.

മേഴ്സിക്കുട്ടിയമ്മ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വരുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും ഇത്തവണയും പരിഗണിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് മേഴ്സിക്കൂട്ടിയമ്മയുടെയും സീമയുടെയും പേരുകള്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മറ്റു രണ്ട് ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്ന പേരുകളില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും മന്ത്രിമാരുമായ വിഎന്‍ വാസവന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ ഉള്‍പ്പെടുന്നു. 2022ല്‍ എറണാകുളത്ത് നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് ഇവര്‍ രണ്ടുപേരും സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെട്ടത്. സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ആയിരിക്കവേയാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ മന്ത്രിമാരായ കെഎന്‍ ബാലഗോപാലും പി രാജീവും കേന്ദ്ര കമ്മിറ്റിയില്‍ ഇടം പിടിച്ചത്.

സംസ്ഥാനത്ത് നിന്നുള്ള മുതിര്‍ന്ന നേതാവും എല്‍ഡിഎഫ് കണ്‍വീനറും മുന്‍മന്ത്രിയുമായ ടിപി രാമകൃഷ്ണന്‍ കേന്ദ്ര കമ്മിറ്റിയിലെത്താന്‍ സാധ്യത കൂടുതലാണ്. ഈ മാസം 75 വയസ്സ് തികയുന്ന ടി പി രാമകൃഷ്ണനെയും ഇ പി ജയരാജനെയും കഴിഞ്ഞമാസം കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരുന്നു. ഇതോടെയാണ് രാമകൃഷ്ണന് കേന്ദ്ര കമ്മിറ്റിയിലേക്ക് എത്താനുള്ള സാധ്യത തുറന്നത്.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംപിയുമായ പികെ ബിജു, മന്ത്രി എം ബി രാജേഷ്, സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എം സ്വരാജ്, മുന്‍ എംപിയും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ കെ രാഗേഷ് എന്നിവര്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് സജീവ പരിഗണനയിലുണ്ട്. ഇവരില്‍ എംബി രാജേഷ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ മാസം നടന്ന സംസ്ഥാന സമ്മേളനം അദ്ദേഹത്തെ പരിഗണിച്ചില്ല.

നിലവില്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍നിന്ന് ഈ മൂന്ന് ഒഴിവുകളാണ് ഉള്ളതെങ്കിലും കേരള ഘടകത്തിന്റെ പ്രാധാന്യവും അംഗത്വ ബലവും കണക്കിലെടുത്ത് കേരളത്തില്‍ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ കൂടുതല്‍ നേതാക്കള്‍ക്ക് കേന്ദ്ര കമ്മിറ്റിയില്‍ പ്രാതിനിധ്യം ലഭിക്കും. ഈ മാസം 74 വയസ്സു തികയുന്നതുകൊണ്ട് മുതിര്‍ന്ന നേതാവായ ഇ പി ജയരാജന്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെടുമോ എന്നതും കാണേണ്ടതുണ്ട്.

പൊളിറ്റ് ബ്യൂറോയില്‍ നിലവില്‍ കേരള ഘടകത്തിന് നാല് അംഗങ്ങളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എ വിജയരാഘവന്‍. ഇവരില്‍ വിജയരാഘവന്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ആണ് പൊളിറ്റ് ബ്യൂറോയില്‍ എത്തുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം കോടിയേരിയുടെ മരണത്തെ തുടര്‍ന്നാണ് എം വി ഗോവിന്ദന്‍ പിബിയില്‍ ഇടം പിടിച്ചത്.

നാലുപേരില്‍ പ്രായപരിധി മാനദണ്ഡം ബാധകമാകുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണ്. എന്നാല്‍ പിണറായിക്ക് ഇളവ് നല്‍കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പൊളിറ്റ് ബ്യൂറോയില്‍ കേരള ഘടകത്തിന് നിലവില്‍ ഒഴിവുകള്‍ ഒന്നുമില്ല. എന്നാല്‍ അംഗത്വബലത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ പ്രാതിനിധ്യം വര്‍ദ്ധിക്കുകയാണെങ്കില്‍ മുതിര്‍ന്ന നേതാക്കളായ ഇ പി ജയരാജന്‍, കെ രാധാകൃഷ്ണന്‍, തോമസ് ഐസക് എന്നിവരില്‍ ഒരാള്‍ പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതുപോലെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് രണ്ട് വനിതാ അംഗങ്ങള്‍ – വൃന്ദാ കാരാട്ട്, സുഭാഷിണി അലി – പ്രായപരിധി മാനദണ്ഡപ്രകാരം പുറത്താകുകയാണെങ്കില്‍, പകരം പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള വനിതാ നേതാക്കള്‍ക്കിടയില്‍ കെകെ ശൈലജയുമുണ്ട്.

മലയാളികള്‍ ആണെങ്കിലും പാര്‍ട്ടി സെന്ററില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ചില നേതാക്കളും പൊളിറ്റ് ബ്യൂറോയിലേക്ക് പരിഗണിക്കപ്പെടുന്നവില്‍ ഉള്‍പ്പെടുന്നു. മുതിര്‍ന്ന കര്‍ഷക നേതാവായ വിജു കൃഷ്ണന്‍ പൊളിറ്റ് ബ്യൂറോയില്‍ എത്തുമെന്ന് ശക്തമായ സൂചനയുണ്ട്. വനിതാ നേതാവായ എ ആര്‍ സിന്ധുവിന്റെ പേരും പരിഗണനയിലുണ്ട്. നാളെ രാത്രിയോ ഞായറാഴ്ച രാവിലെയോ ചേരുന്ന കേന്ദ്രകമ്മിറ്റി, പൊളിറ്റ് ബ്യൂറോ യോഗങ്ങളിലായിരിക്കും പുതിയ അംഗങ്ങളുടെ കാര്യത്തില്‍ ഏകദേശ ധാരണയില്‍ എത്തുക. പാര്‍ട്ടി കോണ്‍ഗ്രസിന് ഞായറാഴ്ച മധുരയില്‍ തിരശ്ശീല വീഴും.

മാസപ്പടി: മുഖ്യമന്ത്രി ഒരു നിമിഷം വൈകാതെ രാജിവയ്ക്കണമെന്ന് കെ സുധാകരന്‍ എംപി

മാസപ്പടി: മുഖ്യമന്ത്രി ഒരു നിമിഷം വൈകാതെ രാജിവയ്ക്കണമെന്ന് കെ സുധാകരന്‍ എംപി

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ ഒരു നിമിഷം വൈകാതെ പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കാര്യം അടിയന്തമായി തീരുമാനിക്കണം. 10 വര്‍ഷം വരെ തടവ് കിട്ടുന്ന കുറ്റമാണിത്. തെളിവുകളെ അതിജീവിക്കാന്‍ മുഖ്യമന്ത്രിക്കോ മകള്‍ക്കോ സാധിക്കില്ല. പണം വാങ്ങിയവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചേ തീരൂ. പലനാള്‍ കട്ടാല്‍ ഒരു നാള്‍ പിടിക്കപ്പെടും എന്നതാണ് യാഥാര്‍ത്ഥ്യം.

കേരള ഹൗസില്‍ മുഖ്യമന്ത്രി ഗവര്‍ണറേയും കൂട്ടി കേന്ദ്രധനമന്ത്രിയെ കണ്ടത് ഈ കേസില്‍ നിന്നു രക്ഷപ്പെടാനായിരുന്നു. അവിടെ നടന്ന ചര്‍ച്ച എന്തായിരുന്നുവെന്ന് മുഖ്യമന്ത്രി ഇതുവരെ പുറത്തുവിട്ടിട്ടില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

മധുരയില്‍ നടക്കുന്ന സുപ്രധാനമായ പാര്‍ട്ടി കോണ്‍ഗ്രസ് പതിവുപോലെ മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് നീക്കമെങ്കില്‍ സിപിഎമ്മിന്റെ അന്ത്യത്തിന് അവിടെ നിന്ന് തുടക്കം കുറിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സത്യസന്ധമായ നിലപാട് സ്വീകരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കള്ളക്കടല്‍ മുന്നറിയിപ്പ്

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കള്ളക്കടല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഉയര്‍ന്ന തിരമാല- കള്ളക്കടല്‍ ജാഗ്രത

കന്യാകുമാരി തീരത്ത് നാളെ (ഏപ്രില്‍ 05) രാവിലെ 11.30 മുതല്‍ രാത്രി 11. 30 വരെ 0.8 മുതല്‍ 1.2 മീറ്റര്‍ വരെയും കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.