‘ഒന്ന് തുമ്മിയതേ ഓർമയുള്ളൂ’; പിന്നാലെ ഛര്‍ദ്ദിയും വിറയലും, ബോധവും പോയി; കാര്‍ത്തിക് സൂര്യയ്ക്ക് സംഭവിച്ചത്!

‘ഒന്ന് തുമ്മിയതേ ഓർമയുള്ളൂ’; പിന്നാലെ ഛര്‍ദ്ദിയും വിറയലും, ബോധവും പോയി; കാര്‍ത്തിക് സൂര്യയ്ക്ക് സംഭവിച്ചത്!

മരണം മുന്നില്‍ കണ്ട അനുഭവം പങ്കിട്ട് സോഷ്യല്‍ മീഡിയ താരം കാര്‍ത്തിക് സൂര്യ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ടെലിവിഷന്‍ അവതാരകനുമായ കാര്‍ത്തിക് സൂര്യ മലയാളികള്‍ക്ക് ഏറെ പരിചിതനാണ്. കഴിഞ്ഞ ദിവസം തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവമാണ് പുതിയ വിഡിയോയില്‍ കാര്‍ത്തിക് സൂര്യ പങ്കുവെക്കുന്നത്.

ഭക്ഷണം കഴിക്കുമ്പോള്‍ തുമ്മിയതും തുടര്‍ന്ന് ബോധരഹിതനാവുകയും ചെയ്തതിനെക്കുറിച്ചാണ് കാര്‍ത്തിക് വിഡിയോയില്‍ പറയുന്നത്. ഭാര്യ വര്‍ഷയും സുഹൃത്തുക്കളുമുണ്ട് വിഡിയോയില്‍. കാര്‍ത്തിക്കിനുണ്ടായ അവസ്ഥ നേരില്‍ കണ്ടതിന്റെ ഭീതി വര്‍ഷയും പങ്കുവെക്കുന്നുണ്ട്. ”ഇപ്പോള്‍ ഷൂട്ടില്‍ നില്‍ക്കേണ്ട ഞാനാണ്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍, ഭക്ഷണം വായില്‍ വച്ചതും ഞാനൊന്ന് തുമ്മി. തുമ്മിയത് മാത്രമേ എനിക്ക് ഓര്‍മയുള്ളൂ. കുറച്ച് നേരം കഴിഞ്ഞ് നോക്കിയപ്പോള്‍ കാണുന്നത് ഇവള്‍ എന്റെ മുതുകില്‍ തടവി എന്നെ ഛര്‍ദ്ദിപ്പിക്കുന്നതാണ്” കാര്‍ത്തിക് പറയുന്നു.

”ഇന്നലെ കഴിച്ചോണ്ടിരിക്കുമ്പോള്‍ മൂന്ന് വട്ടം തുമ്മി. വെള്ളം എടുത്ത് തിരികെ വന്നപ്പോള്‍ കുഴഞ്ഞു വീണു. ഞാന്‍ പേടിച്ചുപോയി. ഞാന്‍ പിടിച്ചപ്പോഴേക്കും എന്റെ ദേഹത്തേക്ക് വീണു. അനക്കമൊന്നുമില്ല. ഞാന്‍ അവിടെ ഉണ്ടായിരുന്ന രണ്ട് ചേട്ടന്മാരെ വിളിച്ചു. അവര്‍ പിടിച്ചിട്ടൊന്നും കിട്ടുന്നില്ല. വായില്‍ കൂടെ ഒലിക്കുന്നൊക്കെ ഉണ്ടായിരുന്നു. കൈ ഒക്കെ വിറച്ചു. ഞാന്‍ പേടിച്ചു. ആ ചേട്ടന്മാര്‍ നെഞ്ചില്‍ തടവിയപ്പോള്‍ ഛര്‍ദ്ദിച്ചു തുടങ്ങി. ഭയങ്കര ഛര്‍ദ്ദിയായിരുന്നു. കണ്ണൊന്നും തുറന്നിരുന്നില്ല. ബോധമുണ്ടായിരുന്നില്ല.” എന്ന് വര്‍ഷയും പറയുന്നു.

”എനിക്കൊന്നും ഓര്‍മയില്ല. ആശുപത്രിയില്‍ പോകാം എന്ന് പറഞ്ഞത് മാത്രം ഓര്‍മയുണ്ട്. പോകുന്ന വഴിയിലും മൂന്നാല് വട്ടം ഛര്‍ദ്ദിച്ചു. എങ്ങനെയൊക്കയോ ആശുപത്രിയിലെത്തി. അവിടെ കുറേ നേരം കിടന്നു. അവര്‍ എക്‌സ് റേയും എക്കോയുമെടുത്തു. രക്തം പരിശോധിച്ചു. അവസാനം മനസിലായി, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണല്ലോ തുമ്മിയത്. ശ്വാസ കോശത്തിലേക്ക് അതിന്റെ പാര്‍ട്ടിക്കള്‍ കയറി തലച്ചോറിലേക്കുള്ള ഒക്‌സിജന്‍ കട്ടായതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അവസാനം ഛര്‍ദ്ദിച്ചപ്പോഴേക്കും തൊണ്ട മുറിഞ്ഞ് കുറച്ച് ചോര വന്നിരുന്നു” എന്നും കാര്‍ത്തിക് പറയുന്നു.

അത്ര ടെന്‍ഷനുള്ള അവസ്ഥയായിട്ടും തന്നെ ആശുപത്രിയിലെത്തിച്ചതും സമയോചിതമായി ഇടപെട്ടതുമെല്ലാം വര്‍ഷയാണെന്നും കാര്‍ത്തിക് സൂര്യ പറയുന്നു. ഇപ്പോഴും ആ സമയങ്ങള്‍ ഓര്‍ക്കാന്‍ ഭയമാണെന്നും കാര്‍ത്തിക് സൂര്യ പറയുന്നു.

വേടന്റെ പരിപാടിക്കിടെ മകന്‍ ട്രെയിന്‍ തട്ടി മരിച്ചു; മനംനൊന്ത് രക്ഷിതാക്കള്‍ ജീവനൊടുക്കി

വേടന്റെ പരിപാടിക്കിടെ മകന്‍ ട്രെയിന്‍ തട്ടി മരിച്ചു; മനംനൊന്ത് രക്ഷിതാക്കള്‍ ജീവനൊടുക്കി

കാസര്‍കോട്: കാസര്‍കോട് പൊയ്നാച്ചി പറമ്പില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേണുഗോപാലന്‍ നായര്‍ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്. മകന്റെ മരണത്തെ തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ദമ്പതികളുടെ മരണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ വീടിന്റെ സെന്‍ട്രല്‍ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

ഡിസംബര്‍ 29നാണ് ദമ്പതികളുടെ മകന്‍ ശിവാനന്ദ് (19) ട്രെയിന്‍ തട്ടി മരിച്ചത്. ബേക്കലില്‍ നടന്ന റാപ്പര്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍ തട്ടിയായിരുന്നു ശിവാനന്ദിന്റെ മരണം. ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ സംഗീതപരിപാടിക്കിടെ ആയികുന്നു സംഭവം.

സംഗീതപരിപാടി നടന്ന ബീച്ച് പാര്‍ക്കിലേക്ക് ബേക്കല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അനധികൃതമായി കയറാനുള്ള വഴികളെല്ലാം റെയില്‍വേ അടച്ചിരുന്നു. എന്നാല്‍, ഇതു മറികടന്ന് പാര്‍ക്കിലെത്താനുള്ള ശ്രമമാണ് അപകടത്തിനു കാരണമായതെന്നാണ് നിഗമനം. മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന തിരുനെല്‍വേലി ജാംനഗര്‍ എക്‌സ്പ്രസ് ഇടിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം. രാത്രി പത്തോടെ ഇതുവഴി പോയ ട്രെയിനിലെ ലോക്കോപൈലറ്റായിരുന്നു മൃതദേഹം കണ്ടത്.

‘ഹോർമുസിലൂടെ ഒരു ലിറ്റർ എണ്ണ പോലും കടത്തിവിടില്ല’: ഇറാൻ വിപ്ലവ ഗാർഡ്

‘ഹോർമുസിലൂടെ ഒരു ലിറ്റർ എണ്ണ പോലും കടത്തിവിടില്ല’: ഇറാൻ വിപ്ലവ ഗാർഡ്

അമേരിക്കയും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധം ആഗോള ഊര്‍ജ്ജ വിപണിയെ പിടിച്ചുലയ്ക്കുന്ന സാഹചര്യത്തില്‍, ഹോര്‍മുസ് കടലിടുക്കിലൂടെ ‘ഒരു ലിറ്റര്‍ എണ്ണ പോലും’ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വ്യക്തമാക്കി.

ബുധനാഴ്ച കഞഏഇയുടെ ഖാത്തം അല്‍-അന്‍ബിയ ആസ്ഥാനത്ത് നിന്നുള്ള വക്താവ് നടത്തിയ പ്രസ്താവനയില്‍, അമേരിക്കയുമായോ ഇസ്രായേലുമായോ അവരുടെ സഖ്യകക്ഷികളുമായോ ബന്ധമുള്ള ഏത് കപ്പലും ‘നിയമപരമായ ലക്ഷ്യമായി’ കണക്കാക്കുമെന്ന് അറിയിച്ചു. ‘എണ്ണവില കൃത്രിമമായി കുറയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ബാരലിന് 200 ഡോളര്‍ വരെ വില പ്രതീക്ഷിക്കാം. എണ്ണവില ഈ മേഖലയിലെ സുരക്ഷയെ ആശ്രയിച്ചിരിക്കും, നിങ്ങളാണ് ഈ മേഖലയിലെ അസ്ഥിരതയുടെ പ്രധാന ഉറവിടം,’ വക്താവ് കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം തുടരുന്നതിനിടയില്‍ ആഗോള എണ്ണവിലയില്‍ വലിയ മാറ്റങ്ങളാണ് ഈ ആഴ്ച ഉണ്ടായത്. ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് മറുപടിയായി മിഡില്‍ ഈസ്റ്റിലെ വിവിധ ലക്ഷ്യങ്ങളിലേക്ക് ഇറാന്‍ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടിട്ടുണ്ട്.

ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചതും ഗള്‍ഫ് രാജ്യങ്ങളിലെ ഉല്‍പാദന മാന്ദ്യവും വലിയ ആശങ്കകള്‍ക്ക് കാരണമാകുന്നു. ബുധനാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ ആക്രമിക്കപ്പെട്ടു. ഇതില്‍ ഒമാന് വടക്ക് 11 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ആക്രമിക്കപ്പെട്ട തായ്ലന്‍ഡ് കപ്പലും ഉള്‍പ്പെടുന്നു.

ശബരിമല യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍

ശബരിമല യുവതീ പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കാനും, ആചാരങ്ങള്‍ സംരക്ഷിക്കാനുമുള്ള നിലപാട് സ്വീകരിക്കാന്‍ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തു. വിശ്വാസികളെ അകറ്റുന്ന നിലപാട് സ്വീകരിക്കരുതെന്ന് യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഇന്നു വൈകീട്ട് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ആചാര സംരക്ഷണത്തിന് അനുകൂലമായി തീരുമാനമെടുത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് വിവരം.

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിശോധിക്കുന്ന സാഹചര്യത്തില്‍ കേരളം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും, ശബരിമലയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാട് തിരുത്താനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വിശ്വാസികളെ അകറ്റുന്ന നിലപാട് പാടില്ലെന്ന് സിപിഎമ്മിലും ധാരണയായിരുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ്, നേരത്തെ യുവതീ പ്രവേശത്തെ അനുകൂലിച്ചിരുന്ന സിപിഎമ്മും സംസ്ഥാന സര്‍ക്കാരും മുന്‍നിലപാടില്‍ നിന്നും മലക്കം മറിഞ്ഞത്. വിശ്വാസികളെ അടുപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമവും നടത്തിയിരുന്നു. എന്‍എസ്എസ്, എസ്എന്‍ഡിപി അടക്കമുള്ള സമുദായങ്ങള്‍ ആചാരം സംരക്ഷിക്കണമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നവോത്ഥാന സംരക്ഷണ സമിതിയിലെ മറ്റൊരു പ്രബല സമുദായമായ കെപിഎംഎസ് യുവതീപ്രവേശന നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്ന അഭിപ്രായക്കാരാണ്.

ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച സിപിഎമ്മും മുഖ്യമന്ത്രിയും മുമ്പ്, നാല് വോട്ടിനും രണ്ട് സീറ്റിനും വേണ്ടി നിലപാട് മാറ്റില്ലെന്നായിരുന്നു പ്രസ്താവിച്ചത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയതിനെത്തുടര്‍ന്ന്, സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.

അതേസമയം ശബരിമലയിലെ യുവതീപ്രവേശന വിധി നിലനിര്‍ത്തണമെന്ന് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയെ നിലപാട് അറിയിച്ചിട്ടുണ്ട്. സ്ത്രീകളുടെ അന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണെന്നും, ശബരിമലയെ പ്രത്യേക വിഭാഗമായി കാണാനാകില്ലെന്നുമാണ് അസോസിയേഷന്‍ വ്യക്തമാക്കിയത്.

ഒമാനില്‍ ഡ്രോണുകള്‍ വീണ് രണ്ടുമരണം, ടെഹ്‌റാനില്‍ തുടര്‍ സ്‌ഫോടനങ്ങള്‍

ഒമാനില്‍ ഡ്രോണുകള്‍ വീണ് രണ്ടുമരണം, ടെഹ്‌റാനില്‍ തുടര്‍ സ്‌ഫോടനങ്ങള്‍

മസ്‌കറ്റ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ഒമാനില്‍ ഡ്രോണുകള്‍ വീണ് രണ്ടുപേര്‍ മരിച്ചു. ഒമാനിലെ സോഹാറില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് രണ്ട് പ്രവാസി തൊഴിലാളികളാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഒമാനിലെ സോഹാര്‍ പ്രവിശ്യയിലെ അല്‍ അവാഹി വ്യവസായ മേഖലയിലാണ് ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചത്. സോഹാര്‍ പ്രവിശ്യയില്‍ മറ്റൊരു ഡ്രോണ്‍ വെടിവെച്ചിട്ടുവെന്ന് സോഹാര്‍ ഗവര്‍ണറേറ്റ് വ്യക്തമാക്കി.

തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ നഗരമായ അദാനയ്ക്ക് സമീപമുള്ള ഇന്‍സിര്‍ലിക് വ്യോമതാവളത്തില്‍ സൈറണുകള്‍ മുഴങ്ങി. യുഎസ് സൈനികരെ വിന്യസിച്ചിട്ടുള്ള പ്രധാന നാറ്റോ കേന്ദ്രമാണ് ഇന്‍സിര്‍ലിക് വ്യോമതാവളം. തുര്‍ക്കിയിലേക്ക് വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ നാറ്റോ വ്യോമ പ്രതിരോധ സേന തടഞ്ഞു.

ഇറാനിലെ ടെഹ്റാന് സമീപ നഗരമായ കരാജില്‍ ഒന്നിലേറെ സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ടെഹ്റാനിലെ നിരവധി പ്രദേശങ്ങളില്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി തസ്നിം വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലെബനനില്‍ ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം ഇസ്രയേല്‍ ശക്തമാക്കിയിരിക്കുകയാണ്.

‘രസികന്‍ കഴിഞ്ഞ് പിന്നെ കണ്ടിട്ടില്ല, 6 മാസം മുമ്പ് ഓര്‍മയുണ്ടോന്ന് ചോദിച്ച് വന്ന താടിക്കാരന്‍’; ഹരിമുരളിയെക്കുറിച്ച് ലാല്‍ ജോസ്

‘രസികന്‍ കഴിഞ്ഞ് പിന്നെ കണ്ടിട്ടില്ല, 6 മാസം മുമ്പ് ഓര്‍മയുണ്ടോന്ന് ചോദിച്ച് വന്ന താടിക്കാരന്‍’; ഹരിമുരളിയെക്കുറിച്ച് ലാല്‍ ജോസ്

ബാലതാരമായി മനസില്‍ ഇടം നേടിയ ഹരിമുരളിയുടെ മരണം ഞെട്ടലും വേദനയുമുണ്ടാക്കിയതായിരുന്നു. രസികന്‍, അണ്ണന്‍ തമ്പി തുടങ്ങിയ സിനിമകളിലൂടേയും സീരിയലുകളിലൂടേയുമെല്ലാം വളരെ ചെറിയ പ്രായത്തില്‍ തന്നെ കയ്യടി നേടിയിട്ടുണ്ട് ഹരിമുരളി. പിന്നീട് സിനിമ ഉപേക്ഷിച്ച താരം എഡിറ്റിങും ഗ്രാഫിക്‌സുമൊക്കെ ചെയ്ത് പിന്നണിയിലൂടെ സിനിമയിലേക്ക് തിരികെ വരുന്നതിനിടെയാണ് മരണം.

ഹരിമുരളിയെ ജനപ്രീയനാക്കിയ സിനിമയായിരുന്നു രസികന്‍. ദിലീപുമായുള്ള ഹരിമുരളിയുടെ കോമ്പോ വന്‍ ചിരി നല്‍കിയതായിരുന്നു. താരത്തിന്റെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെങ്ങും ചര്‍ച്ചയായതും രസികനിലെ കടവാവല്‍ തന്നെയായിരുന്നു. ഇപ്പോഴിതാ ഹരിമുരളിയെ മാസങ്ങള്‍ മുമ്പ് കണ്ടതിനെക്കുറിച്ചും രസികന്‍ ചിത്രീകരണത്തിലെ ഓര്‍മയുമൊക്കെ പങ്കുവെക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

രസികന് ശേഷം ഹരിമുരളിയെ കണ്ടിട്ടില്ലെന്നാണ് ലാല്‍ ജോസ് പറയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തട്ടുകടയില്‍ വച്ച് അപ്രതീക്ഷിതമായി ഹരിമുരളി തന്നോട് വന്ന് സംസാരിച്ചതും ലാല്‍ ജോസ് ഓര്‍ക്കുന്നുണ്ട്. മനോരമ ഓണ്‍ലൈനിനോടായിരുന്നു ലാല്‍ ജോസിന്റെ പ്രതികരണം.

”രസികനില്‍ അഭിനയിക്കുമ്പോള്‍ ഷൂട്ടിങ് സമയത്ത് അവന്റെ തമാശകളും സംശയങ്ങളുമൊക്കെ ആയി സെറ്റില്‍ വളരെ സജീവമായിരുന്നു. അവനെ ഫേമസ് ആക്കിയ സീന്‍ അവനും ദിലീപും കൂടി പൊലിപ്പിച്ച് എടുത്തതാണ്. ദിലീപ് ആണ് ആ ഡയലോഗ് അവനെ പഠിപ്പിച്ച് എടുത്തതും ചെയ്യിപ്പിച്ചതും. ദിലീപുമായി ഒരുപാട് അടുത്തിരുന്നു അവന്‍ ഇന്ന്. പിന്നീട് അവന്‍ സിനിമയൊക്കെ നിര്‍ത്തി ഗ്രാഫിക്‌സിലേക്കും എഴുത്തിലേക്കും ഒക്കെ തിരഞ്ഞുവെന്ന് കേട്ടു” ലാല്‍ ജോസ് പറയുന്നു.

”രസികന്‍ കഴിഞ്ഞിട്ട് അവനെ കണ്ടിട്ടേയില്ല. അഞ്ചാറ് മാസം മുമ്പ് എറണാകുളത്ത് ഒരു രാത്രി വളരെ വൈകി ഒരു തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കേറി. എന്റെ അടുത്ത് താടിയുള്ള ഒരു ചെറുപ്പക്കാരന്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് അവന്‍ ചോദിച്ചു. അങ്കിള്‍ എന്നെ മനസിലായോ? ഞാന്‍ പറഞ്ഞു ഇല്ല. ഞാന്‍ രസികനില്‍ ബാലതാരമായി അഭിനയിച്ച ഹരി ആണെന്ന് അവന്‍ പറഞ്ഞു”.

അവന്‍ വന്ന് സംസാരിച്ചത് ഏറെ സന്തോഷിപ്പിച്ചു. വളരെ കാലത്തിന് ശേഷം അവനെ കാണുന്നത് അങ്ങനെയാണ്. നിന്നെ ഒക്കെ കാണുമ്പോഴാണ് എനിക്ക് പ്രായം ആയെന്ന് ബോധ്യം വരുന്നതെന്ന് അവനോട് പറഞ്ഞു. അച്ഛനോടും അമ്മയോടും അന്വേഷണം പറയണമെന്ന് പറഞ്ഞാണ് വിട്ടത്. വാര്‍ത്ത കേട്ടപ്പോള്‍ ഷോക്ക് ആയിപ്പോയെന്നും സംവിധായകന്‍ പറയുന്നുണ്ട്.