by Midhun HP News | Mar 29, 2025 | Latest News, ദേശീയ വാർത്ത
സന: യെമന്‍ പൗരനെ വധിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി അഭിഭാഷകരുടെ സന്ദേശം. വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി അഭിഭാഷക മുഖേന അറിഞ്ഞുവെന്ന് നിമിഷപ്രിയ വ്യക്തമാക്കി. യെമന്റെ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ.
വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവായെന്ന് അറിയിച്ചായിരുന്നു ഫോണ്‍ സന്ദേശം. വധശിക്ഷാ തീയതി തീരുമാനിച്ചതായും ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നാണ് നിമിഷപ്രിയ സന്ദേശത്തില്‍ പറയുന്നത്. നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്കാണ് ഓഡിയോ സന്ദേശം ലഭിച്ചത്. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്.
യെമനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീല്‍കോടതിയും സുപ്രീം കോടതിയും ശരിവെച്ചിരുന്നു. സനയിലെ ജയിലിലാണ് നിമിഷപ്രിയയുള്ളത്.
by Midhun HP News | Mar 29, 2025 | Latest News, ജില്ലാ വാർത്ത
ലഹരിക്കെതിരെയുള്ള യുദ്ധം കുടുംബത്തിൽ നിന്ന് തന്നെ തുടങ്ങണമെന്ന ആശയവുമായി വക്കം ഗവൺമെൻ്റ് ഹയർ സെക്കൻ്ററിസ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ. കുട്ടി പോലീസ്. അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ അവർ തയ്യാറാക്കിയ “കരുതാം മക്കളെ…. പൊരുതാം ലഹരിക്കെതിരെ, എന്റെ ഭവനം ലഹരി വിമുക്തം. ഇതിൽ ഞാൻ പങ്കാളിയാണ്”.. എന്ന സ്റ്റിക്കറുകൾ വക്കത്ത് എല്ലാ വീടുകളുടെ മുൻവാതിലുകളിൽ പതിപ്പിച്ചു.
ലഹരിക്കെതിരെ ഒന്നാം യുദ്ധം പ്രഖ്യാപിച്ച് അച്ഛനും അമ്മയും മക്കളും എല്ലാവരും ചേർന്നാണ് ഈ സ്റ്റിക്കർ പതിപ്പിക്കേണ്ടത് എന്നായിരുന്നു ആശയം. ഈ സ്റ്റിക്കറിൽ ലഹരി ഉപയോഗിക്കുന്നവരോ ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നവരോ കണ്ടാൽ വിളിച്ച് പറയേണ്ട നമ്പർ ഉൾപ്പെടെയാണ് പുറത്തിറങ്ങിയത്.
സ്റ്റിക്കറിന്‍റെ ഉദ്ഘാടനം ജനമൈത്രി സബ് ഇൻസ്പെക്ടർ ജയപ്രകാശ് നിർവഹിച്ചു. എച്ച്.എം.ബിന്ദു സി.എസ് അധ്യക്ഷയായി. കടയ്ക്കാവൂർ എസ്. എച്ച്. ഒ.സജിൻ ലൂയിസ്, എസ്.പി.സി, പി.ടി.എ.പ്രസിഡൻ്റ് ഷൈല, എസ്.പി.സി കോ-ഓർഡിനേറ്റർ സൗദീഷ് തമ്പി (സി. പി. ഓ ) രമ്യ ചന്ദ്രൻ (എ.സി.പി ഓ) തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Mar 29, 2025 | Latest News, ജില്ലാ വാർത്ത
വിശാലമായ പാടശേഖരത്തിൽ കൃഷി വീണ്ടെടുത്ത് ചരിത്രം സൃഷ്ടിച്ച പിരപ്പമൺകാട് പാടശേഖരസമിതിയും, പാടശേഖരസമിതിക്കൊപ്പം നിന്ന് വയലാഘോഷങ്ങൾ ഒരുക്കി കൃഷിയെ നാടിന്റെ ഉത്സവമാക്കുന്ന സൗഹൃദ സംഘവും വയൽക്കരയിൽ ഇഫ്താർ വിരുന്നൊരുക്കി പുതിയൊരു മാതൃക സൃഷ്ടിച്ചു .
വയൽക്കരയിലെ ശ്രീഭൂതനാഥൻകാവ് ക്ഷേത്ര മൈതാനിയിൽ “വയലിഫ്താർ” എന്ന പേരിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ചിറയിൻകീഴ് എംഎൽഎ വി ശശി ഉദ്ഘാടനം ചെയ്തു.
നാടിന്റെ ആരാധനാമൂർത്തിയായ ശ്രീഭൂതനാഥന്റെ, നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ പറമ്പിൽ ആകർഷകമായി തയ്യാറാക്കിയ സദസ്സിൽ നാനാജാതി മതസ്ഥരായ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഇഫ്താർ സംഗമം മതസൗഹാർദ്ദത്തിന്റെ മഹനീയ മാതൃകയായി.
പാടശേഖര സമിതിയുടെ പ്രവർത്തനങ്ങൾക്ക് ക്ഷേത്രാനുബന്ധ സൗകര്യങ്ങൾ വിട്ടുകൊടുത്ത് നാടിന്റെ കാർഷിക മുന്നേറ്റത്തിന് ഊർജ്ജവും മാതൃകയുമായ ശ്രീഭൂതനാഥൻ കാവ് ക്ഷേത്ര ട്രസ്റ്റ് ഇഫ്താർ സംഗമ വേദിയൊരുക്കിയതിലൂടെ പുതിയൊരു മാതൃക കൂടി സൃഷ്ടിച്ചിരിക്കുകയാണ്. ക്ഷേത്ര വിശ്വാസങ്ങളെ മാനിച്ചുകൊണ്ട് പഴങ്ങളും വെജിറ്റേറിയൻ വിഭവങ്ങളും കഞ്ഞിയും ചേർത്തൊരുക്കിയ ഇഫ്താർ വിഭവങ്ങളും ഏറെ ശ്രദ്ധേയമായി.
ക്ഷേത്രാമൈതാനിയിൽ നടന്ന ഇഫ്താർ സംഗമ ഉദ്ഘാടന ചടങ്ങിന് ശേഷം ക്ഷേത്രത്തിലെ ദീപാരാധനയും സമീപത്തെ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നോമ്പുതുറയും നിസ്കാരവും ഒരേസമയം നടന്നത് ഈ നാടിന്റെ സാംസ്കാരിക ഔന്നത്യം വിളിച്ചോതുന്ന അനുഭവമായി. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക നേതാക്കൾ അടങ്ങുന്ന പാടശേഖര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് ഇവിടത്തെ എല്ലാ പ്രവർത്തനങ്ങളും ആഘോഷങ്ങളും ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. വലിയൊരു ആഘോഷത്തിന്റെ കെട്ടിലും മട്ടിലും ആണ് വേദിയും സദസും സജ്ജീകരിച്ചിരുന്നത്. പ്രതികൂല കാലാവസ്ഥയിലും ഈ സംഗമ വേദിയിലേക്ക് ആളുകൾ ഒഴുകിയെത്തിയത്, ഒരു നാട് ഒന്നാകെ ഏറ്റെടുത്ത നന്മയുടെ അടയാളപ്പെടുത്തലായി മാറി.
മാർച്ച് 24, 25 തീയതികളിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിസ്ഥിതി സംഗമ വേദിയിലെ അവതരണത്തിന്, സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 75 ജലസംരക്ഷണ – കാർഷിക പ്രവർത്തന മാതൃകകളിൽ ഒന്ന് പിരപ്പമൺകാട് പാടശേഖരത്തിലെ കൃഷി പുനസ്ഥാപനം ആയിരുന്നു.
ഔദ്യോഗിക ക്ഷണം ലഭിച്ചതനുസരിച്ച് പാടശേഖരസമിതി, സൗഹൃദസംഘം പ്രവർത്തകർ പരിസ്ഥിതി സംഗമ വേദിയിൽ മികവ് അവതരണം നടത്തുകയും, മികവ് പുരസ്കാരം ഏറ്റുവാങ്ങുകയും ചെയ്തു.
മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി ജയശ്രീ, മതമേലധ്യക്ഷന്മാരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇടയ്ക്കോട് പള്ളി ഇമാം നിസാമുദ്ദീൻ ബാഖവി, ക്രൈസ്റ്റ് നഗർ സ്കൂൾ പ്രിൻസിപ്പൽ റവ.ഫാദർ ജോമോൻ അഗസ്റ്റിൻ എന്നിവർ മതസൗഹാർദ്ദ സന്ദേശങ്ങൾ നൽകി.
യോഗത്തിന് പാടശേഖരസമിതി ട്രഷറർ രാജേന്ദ്രൻ നായർ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ അനിൽകുമാർ നന്ദിയും പറഞ്ഞു. മുദാക്കൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപാറാണി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു രാജ് ആർ പി, പഞ്ചായത്ത് മെമ്പർ ബിജു .റ്റി, ശ്രീഭൂതനാഥൻകാവ് ക്ഷേത്ര ട്രസ്റ്റ് അംഗം ശ്രീധരൻ നായർ, പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു എസ് എസ്, കൃഷി ഓഫീസർ ലീന എൻ, വില്ലേജ് ഓഫീസർ ഷാജഹാൻ ഇ, സിഡിഎസ് ചെയർപേഴ്സൺ പ്രേമലത, ഉപദേശക സമിതി അംഗങ്ങളായ രാജീവ് ബി, വിജു കോരാണി, ജയകുമാർ, സാബു എൻ, പാടശേഖരസമിതി സെക്രട്ടറി അൻഫർ എ, സൗഹൃദ സംഘം കൺവീനർ ബിജു മാറ്റാടിയിൽ എന്നിവർ സംസാരിച്ചു.
by Midhun HP News | Mar 29, 2025 | Latest News, കേരളം
പത്തനംതിട്ട: തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥ മേഘാ മധുവിന്റെ മരണത്തില്‍ സഹപ്രവര്‍ത്തകനെതിരെ ആരോപണവുമായി പിതാവ് മധുസൂദനന്‍. ഐബി ഉദ്യോഗസ്ഥനായ എടപ്പാള്‍ സ്വദേശി മകളെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്ന് മധുസൂദനന്‍ മാധ്യമങ്ങളോടു പറഞ്ഞു. പലപ്പോഴായി മകളുടെ അക്കൗണ്ടിലെ പണമെല്ലാം മലപ്പുറം സ്വദേശി കൈക്കലാക്കിയെന്ന് പിതാവ് പറഞ്ഞു.
ഫെബ്രുവരി മാസത്തെ ശമ്പളമടക്കം അയാളുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ വെറും 80 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും പിതാവ് പറഞ്ഞു.
മേഘയുടെ മരണശേഷം അക്കൗണ്ട് വിവരങ്ങള്‍ രേഖാമൂലം തന്നെ എടുത്തിരുന്നു. അക്കൗണ്ട് വിശദാംശങ്ങള്‍ ഐബി ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും കൈമാറിയിട്ടുണ്ട്. മലപ്പുറം സ്വദേശിയെ ഐബി ചോദ്യം ചെയ്‌തെന്ന് പിതാവ് പറഞ്ഞു. മേഘയുടെ മരണത്തിന് പിന്നാലെ പിതാവ് ഐബിയ്ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ ആളെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ് എന്നാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് പേട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചാക്ക റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്ന ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മേഘയെ കണ്ടെത്തിയത്.
by Midhun HP News | Mar 29, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: റെയിൽവേ കൗണ്ടർ വഴി ടിക്കറ്റെടുക്കുകയും യാത്ര മുടങ്ങുകയും ചെയ്താൽ ഇനി പണം പോകില്ല. ഇങ്ങനെ എടുക്കുന്ന ടിക്കറ്റുകൾ ഓൺലൈൻ വഴി റദ്ദാക്കാം. ഐആർസിടിസിയുടെ വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യം റെയിൽവേ ഒരുക്കിയിട്ടുണ്ട്. 139 എന്ന ടോൾ ഫ്രീ നമ്പറിലും സൗകര്യം ലഭിക്കും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓൺലൈൻ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാർക്കു ടിക്കറ്റ് പണം റിസർവേഷൻ കൗണ്ടറിൽ നിന്നു തിരിച്ചു വാങ്ങാം.
by Midhun HP News | Mar 29, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എമ്പുരാന്, റിലീസിന് പിന്നാലെ വൻതോതിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ബിജെപിക്കെതിരെ ചിത്രം ശക്തമായി കടന്നാക്രമിച്ചു എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന പ്രധാന വിമർശനങ്ങളിൽ ഒന്ന്. ഇപ്പോഴിതാ എമ്പുരാൻ സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കാൻ പൃഥ്വിരാജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലൻ പ്രതികരിച്ചിരിക്കുകയാണ്.
പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് സിനിമയുമായി സഹകരിച്ചതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗോകുലം ഗോപാലൻ പറഞ്ഞു. എമ്പുരാനിൽ കാണിക്കുന്ന ഏതെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ അതിൽ മാറ്റം വരുത്താൻ സംവിധായകനായ പൃഥ്വിരാജിനോട് താൻ പറഞ്ഞിട്ടുണ്ട്.
തല്ക്കാലം ചില വാക്കുകൾ മ്യൂട്ട് ചെയ്തിട്ടുണ്ട്. മാറ്റം വരുത്താൻ എന്തൊക്കെ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് തനിക്കറിയില്ലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. ഒരുപാട് തിയറ്ററുകളിൽ സിനിമ കളിക്കുന്നുണ്ടെന്നും അതുകൊണ്ട് ഒരു തിയറ്ററിൽ തന്നെ മാറ്റണമെങ്കിൽ നല്ല ചെലവ് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ലെന്നും സിനിമ കാണുന്നവർ സന്തോഷിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ സെൻസർ ചെയ്തപ്പോൾ പ്രശ്നമൊന്നും ഇല്ലായിരുന്നുവെന്നും, സിനിമ കാണുന്നവർ പല ചിന്താഗതിക്കാർ ആണല്ലോ, അതിൽ വന്ന പ്രശ്നം ആണെന്നും ഗോപാലൻ കൂട്ടിച്ചേർത്തു. സാങ്കേതികമായുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് സംവിധായകന് അറിയാൻ കഴിയുമെന്നും അദ്ദേഹം ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും ഗോകുലം ഗോപാലൻ വ്യക്തമാക്കി.
Recent Comments