by Midhun HP News | Mar 27, 2025 | Latest News, കേരളം
കൊച്ചി: പെരുമ്പാവൂരില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായിരുന്ന അധ്യാപിക മരിച്ചു. തൃപ്പൂണിത്തുറ സംസ്‌കൃത കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രഞ്ജിനിയാണ് മരിച്ചത്.കാഞ്ഞിരക്കാടാണ് സംഭവം. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പ്രൊഫസ്സറായ സംഗമേശന്‍ കെ എം ആണ് ഭര്‍ത്താവ്. ഇടതുപക്ഷ അധ്യാപക സംഘടനയായ എകെജിസിടിയുടെ സജീവ പ്രവര്‍ത്തകയാണ്. തലശേരി സ്വദേശിനിയാണ്.
by Midhun HP News | Mar 27, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശത്തില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസിന് ഇടപെടാമെന്നും കേസിന്റെ അന്വേഷണഘട്ടത്തില്‍ മറ്റ് നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നതെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
by Midhun HP News | Mar 27, 2025 | Latest News, കേരളം
തൊടുപുഴ: മൂന്നാര്‍ ആനയിറങ്കല്‍ ജലാശയത്തില്‍ നീന്തുന്നതിനിടെ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. നെടുങ്കണ്ടം മൈനര്‍സിറ്റി പുത്തന്‍പറമ്പില്‍ രാജന്‍ സുബ്രഹ്മണി (55) ആണ് മരിച്ചത്. പൂപ്പാറയില്‍ മേസ്തിരി പണിക്ക് എത്തിയ രാജന്‍ ഇന്ന് ജോലിയില്ലാത്തതിനാല്‍ രാവിലെ 10 ന് സുഹൃത്ത് സെന്തില്‍ കുമാറിനൊപ്പം ബൈക്കില്‍ ആനയിറങ്കലില്‍ എത്തി. ഹൈഡല്‍ ടൂറിസം സെന്ററിന്റെ സമീപത്ത് രാജന്‍ ഇറങ്ങിയശേഷം സെന്തില്‍ ജലാശയത്തിന്റെ മറുകരയിലേക്ക് ബൈക്കില്‍ പോയി. ജലാശയം നീന്തി കടക്കാമെന്ന് പറഞ്ഞാണ് രാജന്‍ ഇറങ്ങിയത്. ജലാശയത്തിന്റെ പകുതി പിന്നിട്ടതോടെ രാജന്‍ മുങ്ങിത്താഴ്ന്നു.
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ആനിയിറങ്കല്‍ വ്യൂ പോയിന്റിന് സമീപമെത്തിയ സഞ്ചാരികളാണ് ജലാശയത്തില്‍ ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ടത്. ഇവര്‍ അറിയിച്ചതോടെ നാട്ടുകാരില്‍ ചിലര്‍ ജലാശയത്തിന് സമീപത്ത് എത്തിയെങ്കിലും രാജന്‍ മുങ്ങി താഴ്ന്നിരുന്നു. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തുകയും മൂന്നാര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റിന് വിവരം അറിയിക്കുകയും ചെയ്തു.
ലീഡിങ് ഫയര്‍മാന്‍ മനോജിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പാതാളക്കരണ്ടി ഉപയോഗിച്ചുള്ള തിരച്ചിലിലാണ് രാജന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്തന്‍പാറ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
by Midhun HP News | Mar 27, 2025 | Latest News, കേരളം
മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ എംപുരാന്റെ ആവേശത്തിലാണ് കേരളം. ഈ ആവേശത്തോടൊപ്പം ചേർന്നു കൊണ്ട് പുതിയ അറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്. എംപുരാന്റെ പോസ്റ്ററിനൊപ്പമുള്ള രസകരമായ പോസ്റ്റാണ് കേരള പൊലീസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
‘അടിയന്തിര സഹായങ്ങള്‍ക്ക് വിളിക്കാം, 112’ എന്ന പോസ്റ്ററാണ് കേരള പൊലീസ് പങ്കുവെച്ചത്. ‘അതിപ്പോ ‘ഖുറേഷി അബ്രാം’ ആണേലും വിളിക്കാം’ എന്ന ക്യാപ്ഷനോട് കൂടിയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്ററില്‍ ഫോണ്‍ വിളിക്കുന്ന മോഹന്‍ലാലിന്റെ ചിത്രവും എംപുരാന്‍ എന്നെഴുതിയ അതേ സ്റ്റൈലില്‍ കേരള പൊലീസ് എന്ന് എഴുതിയിട്ടുമുണ്ട്.
by Midhun HP News | Mar 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന പ്രായം ആറ് വയസ്സാക്കും. 2026-27 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ അഞ്ച് വയസ്സാണ്. ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദ്ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് 6 വയസ്സിന് ശേഷമാണ് എന്നതാണ്. അതുകൊണ്ടാണ് വിദ്യാഭ്യസപരമായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം 6 വയസ്സോ അതിന് മുകളിലോ ആക്കുന്നത്. പക്ഷേ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ 5 വയസ്സിലാണ് ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗം കുട്ടികളെ 6 വയസ്സില്‍ സ്‌കൂളില്‍ ചേര്‍ക്കുന്ന അവസ്ഥ നിലവിലുണ്ട്. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികള്‍ നിലവില്‍ 6 വയസ്സിന് ശേഷമാണ് സ്‌കൂളില്‍ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണം. 2026-27 അക്കാദമിക വര്‍ഷം മുതല്‍ ഒന്നാം ക്ലാസ്സ് പ്രവേശന പ്രായം 6 വയസ്സാക്കി മാറ്റാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
രണ്ടായിരത്തി ഒമ്പതിലെ വിദ്യാഭ്യാസ അവകാശ നിയമം അധ്യായം 4 ലെ വ്യവസ്ഥകള്‍ അനുസരിച്ച് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികള്‍ക്ക് പരീക്ഷ നടത്താന്‍ പാടില്ല. ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുന്നത് ശിക്ഷാര്‍ഹമായ നടപടിയാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സെക്ഷന്‍ പതിമൂന്നില്‍ ഒന്നില്‍ എ, ബി ക്ലോസ്സുകള്‍ ഈ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഈ നിയമം കാറ്റില്‍ പറത്തി ചില വിദ്യാലയങ്ങള്‍ ഇത് തുടരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയില്‍ അവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
ചോദ്യപേപ്പര്‍ നിര്‍മാണവും സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന എല്ലാ പരീക്ഷകളും തികഞ്ഞ ഗൗരവത്തോടു കൂടിയും അതിന്റെ വിശ്വാസ്യത നിലനിര്‍ത്തിയുമാണ് നടത്തുന്നത്. ഒന്നാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള പൊതുപരീക്ഷകളും ടേം പരീക്ഷകളും ഈ രീതിയിലാണ് നടത്തുന്നത്. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതുപരീക്ഷകള്‍ തെരഞ്ഞെടുക്കപ്പെട്ട ചോദ്യകര്‍ത്താക്കളാണ് തയ്യാറാക്കുന്നത്. ഈ വര്‍ഷം പത്താം ക്ലാസ്സിലെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയത് രണ്ടു ദിവസം ശില്‍പശാല നടത്തി അതില്‍ മികവ് തെളിയിച്ചവരെ മാത്രമാണ്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ചോദ്യപേപ്പര്‍ നിര്‍മ്മാണം എസ്‌സിഇആര്‍ടിയുടെ അക്കാദമിക മാര്‍ഗ്ഗരേഖയും ഹയര്‍ സെക്കണ്ടറി പരീക്ഷാ മാന്വലും പ്രകാരമാണ് തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഓരോ വിഷയത്തിനും നാലു സെറ്റ് വീതമുള്ള ചോദ്യ പേപ്പറുകള്‍ തയ്യാറാക്കിയതില്‍ നിന്നും പരീക്ഷാ കമ്മീഷണറായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഒന്ന് തെരഞ്ഞെടുത്ത് പ്രിന്റ് ചെയ്യാന്‍ നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പോലും ചോദ്യങ്ങള്‍ കാണാന്‍ കഴിയില്ല എന്നതാണ് വസ്തുത. രഹസ്യ സ്വഭാവത്തോടുകൂടിയാണ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കി നല്‍കുന്നത്. ഈ വര്‍ഷത്തെ ചില ചോദ്യപേപ്പറുകളില്‍ ചില തെറ്റുകള്‍ സംഭവിച്ചു എന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഭ്യന്തര അന്വേഷണം നടത്തി എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് മനസ്സിലാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. പൊതു പരീക്ഷയുടെ വിശ്വാസ്യതയും രഹസ്യ സ്വഭാവവും നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍ ഉണ്ടാകും. അന്വേഷണത്തിന് ശേഷം പരീക്ഷയുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന് പൊതുസമൂഹത്തിനോട് പറയാനുള്ളത് മാത്രം അറിയിക്കുകയും ആഭ്യന്തരമായ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ പരിക്ഷാ പരിഷ്‌കരണം നടപ്പിലാക്കും. നിരന്തര മൂല്യനിര്‍ണ്ണയം, ചോദ്യപേപ്പര്‍ നിര്‍മ്മാണം, പേപ്പറുകളുടെ മൂല്യനിര്‍ണ്ണയം, ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ അധ്യാപകകര്‍ക്കുള്ള പരിശീലനം, ചോദ്യബാങ്ക് തയ്യാറാക്കല്‍ എന്നിവയും ഈ വര്‍ഷം തന്നെ നടപ്പിലാക്കും. ഇവയ്ക്കുളള വിശദമായ മാര്‍ഗ്ഗരേഖ ഏപ്രില്‍ മാസം പ്രസിദ്ധീകരിക്കും.പുതുക്കിയ ചോദ്യപേപ്പറുകളുടെ മാതൃകയും എസ്‌സിഇആര്‍ടി തയ്യാറാക്കി പ്രസിദ്ധീകരിക്കും. പരീക്ഷാരീതിയില്‍ ആധുനിക സാങ്കേതിക വിദ്യ പ്രയോജപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
by Midhun HP News | Mar 27, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, സംസ്ഥാനത്ത് സ്ത്രീ പ്രാതിനിധ്യത്തെ ബാധിക്കുമെന്ന ആശങ്കകള്‍ ഉയരുന്നു. ഡീലിമിറ്റേഷനോടെ, സംസ്ഥാനത്തെ മണ്ഡലങ്ങൾ 12 ആയി കുറഞ്ഞേക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പുതിയ ആശങ്ക. വനിതാ സംവരണ ബില്‍ പാസായെങ്കിലും, അതിന്റെ നടപ്പാക്കല്‍ അടുത്ത സെന്‍സസ്, ഡീലിമിറ്റേഷന്‍ പ്രക്രിയ എന്നീ രണ്ട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കേരള രാഷ്ട്രീയം പുരുഷാധിപത്യ മനോഭാവത്തില്‍ മുങ്ങിക്കിടക്കുകയാണെന്നാണ് സംസ്ഥാനത്തെ വനിതാ നേതാക്കളുടെ നിരീക്ഷണം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 20 സീറ്റില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്. യുഡിഎഫിന് ഒരു സ്ഥാനാര്‍ത്ഥി മാത്രം. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ അഞ്ച് വനിതകളെയുമാണ് മത്‌സരിപ്പിച്ചത്. ഡീലിമിറ്റേഷനു ശേഷം മൊത്തം സീറ്റുകളുടെ എണ്ണം കുറഞ്ഞാല്‍, സ്ത്രീകള്‍ക്ക് നല്‍കുന്ന സീറ്റുകളില്‍ ഇനിയും കുറവുണ്ടാകുമെന്ന് വനിതാനേതാക്കള്‍ പറയുന്നു. വനിതാ സംവരണം ഉടന്‍ നടപ്പിലാക്കണമെന്നും മതിയായ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നു.
മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍, മതിയായ വനിതാ പ്രാതിനിധ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പാക്കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ ആവശ്യപ്പെട്ടു. ‘എല്ലാ സഭകളിലും സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ഉണ്ടായിരിക്കണം. അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയ സ്ത്രീ പ്രാതിനിധ്യത്തെ ബാധിക്കരുത്.’ ശൈലജ ആവശ്യപ്പെട്ടു.
വനിതാ സംവരണ ബില്‍ പാസാക്കിയത് ബിജെപിയുടെ ഒരു തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നുവെന്ന് വ്യക്തമാകുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. കേരള രാഷ്ട്രീയം പുരുഷാധിപത്യത്തില്‍ മുങ്ങിക്കിടക്കുകയാണ്. അതിര്‍ത്തി നിര്‍ണ്ണയം മൂലം ലോക്സഭയിലെ സീറ്റുകളുടെ കുറവ് സംസ്ഥാനത്തെ കുറഞ്ഞത് 25 വര്‍ഷമെങ്കിലും പിന്നോട്ട് കൊണ്ടുപോകുമെന്ന് അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ സ്ത്രീ പ്രാതിനിധ്യം ഇതിനകം വളരെ കുറവാണ്. അതിര്‍ത്തി നിര്‍ണ്ണയ പ്രക്രിയ അത് കൂടുതല്‍ വഷളാക്കും,’ ഷാനിമോള്‍ പറഞ്ഞു.
രണ്ട് മാനദണ്ഡങ്ങളോടെ നിയമനിര്‍മ്മാണം പാസാക്കുന്നത് സ്ത്രീ ശാക്തീകരണത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് സിപിഐ നേതാവ് ആനി രാജ അഭിപ്രായപ്പെട്ടു. ‘ഫാസിസ്റ്റുകള്‍ ഒരിക്കലും ലിംഗസമത്വത്തില്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് ബിജെപി സ്ത്രീവിരുദ്ധമായ രീതിയില്‍ നിയമനിര്‍മ്മാണം കൊണ്ടുവന്നത്. വനിതാ സംവരണ ബില്‍ പാസായതിനുശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞു. കഴിഞ്ഞ തവണ ഇത് 14 ശതമാനം ആയിരുന്നുവെങ്കില്‍, ഇപ്പോള്‍ അത് 13 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ആനി രാജ കൂട്ടിച്ചേര്‍ത്തു.
വനിതാ സ്ഥാനാര്‍ത്ഥികളെ അകറ്റി നിര്‍ത്താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്ന മാനദണ്ഡമാണ്, വിജയസാധ്യത എന്നത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ ആര്‍ സിന്ധു പറഞ്ഞു. ‘സ്ത്രീ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ പാര്‍ട്ടിയില്‍ അനുകൂലമായ മനോഭാവം ഇല്ലെന്നല്ല. സീറ്റുകള്‍ നല്‍കുമ്പോള്‍ പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന വാദം വിജയസാധ്യതയുടെ ഏക മാനദണ്ഡമാണ്’. സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കാത്തതിന്റെ കാരണം ഇതായിരിക്കാമെന്നും സിന്ധു അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിനെ അപേക്ഷിച്ച് ബിജെപി സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നുണ്ടെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പത്മജ വേണുഗോപാല്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് വിജയിക്കുന്ന സീറ്റുകള്‍ നല്‍കില്ല. അഥവാ നല്‍കിയാലും, അവര്‍ പരാജയപ്പെടുമെന്ന് ഉറപ്പാക്കും. അപ്പോള്‍ അത്തരം സീറ്റുകള്‍ നല്‍കുന്നതിന്റെ ഉദ്ദേശ്യം എന്താണ്? കോണ്‍ഗ്രസില്‍ വനിതാ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തുന്ന പ്രവണതയുണ്ട്. ഈ കാര്യത്തില്‍ എല്‍ഡിഎഫ് പോലും കോണ്‍ഗ്രസിനേക്കാള്‍ മികച്ചതാണ്.’ പത്മജ പറഞ്ഞു.
Recent Comments