by Midhun HP News | Mar 27, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഏപ്രില്‍ മാസത്തോടെ, രാജ്യത്ത് ഒട്ടുമിക്ക പുതിയ കാറുകളുടെയും വില വര്‍ധിക്കും. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിക്ക് പുറമേ ഹ്യുണ്ടായ്, മഹീന്ദ്ര, കിയ, ബിഎംഡബ്ല്യു എന്നിവയാണ് ഏപ്രില്‍ മാസത്തോടെ പുതിയ കാറുകളുടെ വില വര്‍ധിപ്പിക്കുന്ന മറ്റു കമ്പനികള്‍.
മാരുതി കാറുകള്‍ക്ക് നാലുശതമാനം വരെ വില ഉയരും. ഹ്യുണ്ടായ് മോട്ടോര്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, കിയ ഇന്ത്യ, ബിഎംഡബ്ല്യൂ എന്നി കമ്പനികള്‍ മൂന്ന് ശതമാനം വരെയാണ് വില വര്‍ധിപ്പിക്കുന്നത്. ടാറ്റ മോട്ടോഴ്സ് വില വര്‍ധിപ്പിക്കുന്ന തോത് വെളിപ്പെടുത്തിയിട്ടില്ല. നാലുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് കാര്‍ നിര്‍മ്മാതാക്കള്‍ വില വര്‍ധിപ്പിക്കുന്നത്. ജനുവരിയില്‍ കമ്പനികള്‍ നാലുശതമാനം വരെയാണ് വില വര്‍ധിപ്പിച്ചത്.
അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. ഇതിന് പുറമേ കറന്‍സി മൂല്യത്തകര്‍ച്ച, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ തുടങ്ങി മറ്റു നിരവധി കാരണങ്ങളും വില വര്‍ധിപ്പിക്കുന്നതിന് പിന്നിലുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
‘യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ദുര്‍ബലമാകുന്നത് ഇറക്കുമതി ചെയ്യുന്ന ഘടകങ്ങള്‍ കൂടുതല്‍ ചെലവേറിയതാക്കി. അതേസമയം അസംസ്കൃത വസ്തുക്കളുടെ വിലയും ലോജിസ്റ്റിക്സ് ചെലവുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. താരതമ്യേന വിപണി മന്ദഗതിയിലായിട്ടും ഈ സമ്മര്‍ദ്ദങ്ങള്‍ മൂലം നിര്‍മ്മാതാക്കള്‍ക്ക് ചില ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുകയല്ലാതെ മറ്റ് മാര്‍ഗമില്ല,’ – വിപണി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Mar 27, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകള്‍, മറ്റു സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബിരുദ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന സിയുഇടി- യുജി 2025 പരീക്ഷയ്ക്കായി സമര്‍പ്പിച്ച അപേക്ഷയില്‍ തെറ്റുകള്‍ തിരുത്തുന്നതിന് അവസരം. cuet.nta.nic.in എന്ന വെബ്സൈറ്റ് വഴി വെളളിയാഴ്ച രാത്രി 11.50 വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
മെയ് എട്ടുമുതല്‍ ജൂണ്‍ ഒന്ന് വരെയാണ് പരീക്ഷ. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് പരീക്ഷ. രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും വിദേശത്തുള്ള 15 നഗരങ്ങളിലുമാണ് പരീക്ഷ നടത്തുന്നത്. അധിക ഫീസ് അടച്ചതിനുശേഷം അപേക്ഷയില്‍ തെറ്റുകള്‍ തിരുത്താന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. മാറ്റങ്ങള്‍ ഫീസ് തുകയെ ബാധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളില്‍ നിന്ന് അതിനനുസരിച്ച് അധിക ഫീസ് ഈടാക്കും. അധികമായി നല്കിയ പേയ്മെന്റ് തിരികെ നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചു.
ജെഎന്‍യു, അലിഗഢ് മുസ്ലീം, ബനാറസ് ഹിന്ദു അടക്കമുള്ള കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ പ്രവേശനമാണ് സിയുഇടി വഴി നടത്തുന്നത്. സര്‍വകലാശാലകളുടെ/സ്ഥാപനങ്ങളുടെ പട്ടിക, പ്രോഗ്രാമുകള്‍, പ്രവേശനയോഗ്യത തുടങ്ങിയവ cuet.nta.nic.in ല്‍ ലഭിക്കും. കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രക്രിയയിലേക്ക് വരുന്ന മുറയ്ക്ക് പട്ടിക വിപുലമാക്കും. അതിനാല്‍ അപേക്ഷകര്‍ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിച്ചുകൊണ്ടിരിക്കണം.
വിഷയങ്ങള്‍: മൂന്നുഭാഗങ്ങളിലായി മൊത്തം 37 വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് -13 ഭാഷകള്‍, 23 ഡൊമൈന്‍ സ്പെസിഫിക് വിഷയങ്ങള്‍, ഒരു ജനറല്‍ ആപ്റ്റിസ്റ്റിസ് ടെസ്റ്റ്. എല്ലാത്തിലും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലായിരിക്കും.
പരമാവധി അഞ്ച് ടെസ്റ്റുകള്‍: ഒരാള്‍ക്ക് ഭാഷകള്‍, ജനറല്‍ ആപ്റ്റിറ്റിയൂഡ് എന്നിവ ഉള്‍പ്പെടെ പരമാവധി അഞ്ച് വിഷയങ്ങള്‍/ടെസ്റ്റുകള്‍വരെ തെരഞ്ഞെടുക്കാം. പ്ലസ്ടുതലത്തില്‍ പഠിച്ച വിഷയങ്ങള്‍ പരിഗണിക്കാതെ ഡൊമൈന്‍ വിഷയങ്ങളുടേത് ഉള്‍പ്പെടെ, ചേരാനുദ്ദേശിക്കുന്ന പ്രോഗ്രാമുകള്‍ക്കു വേണ്ട ടെസ്റ്റുകള്‍ പരിഗണിച്ച്, ഇഷ്ടമുള്ള അഞ്ച് ടെസ്റ്റുകള്‍ തെരഞ്ഞെടുക്കാം. ഓരോ സ്ഥാപനത്തിന്റെയും ഓരോ കോഴ്സിനും ബാധകമായ ടെസ്റ്റ് വിഷയങ്ങള്‍ വെബ്സൈറ്റിലെ യൂണിവേഴ്സിറ്റീസ് ലിങ്കില്‍ ലഭിക്കും.
പരീക്ഷാരീതി: പരീക്ഷ കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയിലാണ് (സിബിടി. അപേക്ഷകരുടെ എണ്ണം, സബ്ജക്ട് ചോയ്സ് എന്നിവ പരിഗണിച്ച് പല ഷിഫ്റ്റുകളിലായി നടത്തിയേക്കാം. ഒന്നില്‍ക്കൂടുതല്‍ ഷിഫ്റ്റുകളില്‍ പരീക്ഷ നടത്തേണ്ടിവന്നാല്‍ മാര്‍ക്ക് നോര്മലൈസേഷന് നടത്തി എന്‍ടിഎ സ്കോര്‍ നിര്‍ണയിക്കും.
ചോദ്യങ്ങള്‍: ഓരോ ടെസ്റ്റ്പേപ്പറിലും 50 ചോദ്യങ്ങള്‍ വീതം ഉണ്ടാകും. എല്ലാം നിര്‍ബന്ധമാണ്. ഓരോ ടെസ്റ്റിന്റെയും സമയം 60 മിനിറ്റ് ആയിരിക്കും.
മാര്‍ക്ക് : ശരിയുത്തരത്തിന് അഞ്ചുമാര്‍ക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാല്‍ ഒരുമാര്‍ക്ക് വീതം നഷ്ടപ്പെടും.
മലയാളത്തിലും ചോദ്യക്കടലാസ് : ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ മൊത്തം 13 ഭാഷകളില്‍ ചോദ്യക്കടലാസ് ലഭ്യമാക്കും. അപേക്ഷ നല്കുമ്പോള് ഏത് ഭാഷയിലെ ചോദ്യക്കടലാസ് വേണമെന്ന് രേഖപ്പെടുത്തണം. പിന്നീടത് മാറ്റാന്‍കഴിയില്ല.
പരീക്ഷാകേന്ദ്രങ്ങള്‍: കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍: ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍, വയനാട്, പയ്യന്നൂര്‍, ആലപ്പുഴ, ചെങ്ങന്നൂര്‍, എറണാകുളം, മൂവാറ്റുപുഴ. അപേക്ഷിക്കുമ്പോള്‍ നാല് കേന്ദ്രങ്ങള്‍ മുന്‍ഗണന നിശ്ചയിച്ച് തിരഞ്ഞെടുക്കണം. കഴിയുന്നതും അപേക്ഷാര്‍ഥിയുടെ സംസ്ഥാനത്തെ സ്ഥിരം മേല്‍വിലാസവുമായി ബന്ധപ്പെട്ട പരീക്ഷാകേന്ദ്രമോ സമീപത്തെ പരീക്ഷാകേന്ദ്രങ്ങളോ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
by Midhun HP News | Mar 27, 2025 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ പൊതുജനം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ജാഗ്രതാ നിര്‍ദേശങ്ങള്‍:
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും.
സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിയ്ക്കാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല് മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക
by Midhun HP News | Mar 27, 2025 | Latest News, കേരളം
തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്ന് ഒറ്റദിവസം ശരാശരി 85 ലക്ഷം രൂപ തട്ടിയെടുക്കുന്നതായി പൊലീസിന്റെ കണക്കുകള്‍. ഇങ്ങനെ പോയാല്‍ ഈ വര്‍ഷം മലയാളിയുടെ 300 കോടിയിലധികം രൂപ തട്ടിപ്പുകാര്‍ കവര്‍ന്നെടുക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
2022 നും 2024 നും ഇടയില്‍, സൈബര്‍ തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്ന് 1,021 കോടി രൂപ തട്ടിയെടുത്തു, ഇതില്‍ കഴിഞ്ഞ വര്‍ഷം മാത്രം 763 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2024 ല്‍ 41,426 പരാതികള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2022 ലും 2023 ലും യഥാക്രമം 48 കോടിയും 210 കോടിയും മലയാളിക്ക് നഷ്ടമായി. ട്രേഡിങ് തട്ടിപ്പുകളിലാണ് അധികം പേരും ഇരയായതെന്ന് പൊലീസ് കണക്കുകള്‍ പറയുന്നു. തട്ടിപ്പുകള്‍ തടയുന്നതിന് പ്രതിരോധ നടപടികള്‍ ഉണ്ടായിരുന്നിട്ടും, സൈബര്‍ കുറ്റവാളികള്‍ പുതിയ തരം തട്ടിപ്പുകളിലൂടെ ഇരകളെ വലയില്‍ വീഴ്ത്തുന്നതായി കേരള പൊലീസ് സൈബര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥന് പറയുന്നു.
നേരത്തെ, തൊഴില്‍ തട്ടിപ്പുകള്‍, ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍, ഗെയിമിങ് തട്ടിപ്പുകള്‍, പ്രണയ തട്ടിപ്പുകള്‍ തുടങ്ങിയവ വ്യാപകമായിരുന്നു. ഇപ്പോള്‍ ട്രേഡിങ് തട്ടിപ്പുകളിലാണ് കൂടുതല്‍ പേരും ഇരകളാകുന്നത്. തട്ടിപ്പിന് ഇരയാകുന്നവരില്‍ പലരും ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന ഉയര്‍ന്ന വരുമാനക്കാരാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ട്രേഡിങ് തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. വ്യാജ സ്ഥാപനങ്ങള്‍ വഴി നിക്ഷേപം നടത്തിയാണ് പലരും തട്ടിപ്പിന് ഇരയാകുന്നത്. വ്യാജ ട്രേഡിങ് ആപ്പുകള്‍ വഴി തട്ടിപ്പുകള്‍ നടക്കുന്നതായി ബോധവാന്മാരാണെങ്കിലും പലരും തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴുന്നു. വിദേശത്ത് നിന്ന് പണം സ്വീകരിച്ച ചില ഹവാല റാക്കറ്റുകള്‍ ഇന്ത്യന്‍ അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുന്നതിനായി തട്ടിപ്പുകാരുടെ സഹായം തേടിയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകാര്‍ പണം കൈമാറിയ വ്യക്തി പറഞ്ഞ അക്കൗണ്ടുകളിലേക്ക് ഹവാല റാക്കറ്റുകള്‍ക്ക് പണം കൈമാറി. പകരമായി, ഹവാല റാക്കറ്റുകള്‍ തട്ടിപ്പുകാര്‍ക്ക് ക്രിപ്റ്റോകറന്‍സിയില്‍ പണം നല്‍കിയതായും കേസുകളുണ്ടായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം സമയമെടുക്കുന്നതും ചെലവേറിയതുമാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.കുറ്റവാളികള്‍ ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യുന്ന വിപിഎന്നുകള്‍ ഉപയോഗിക്കുന്നതിനാല്‍, അന്വേഷണം വെല്ലുവിളികള്‍ നിറഞ്ഞതാണ്. കുറ്റവാളികളെ തിരിച്ചറിഞ്ഞാലും, ഇവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് മറ്റ് സംസ്ഥാനങ്ങളില്‍ കുറഞ്ഞത് 10 ദിവസമെങ്കിലും അന്വേഷണം നടത്തണം. സംസ്ഥാന ഖജനാവില്‍ നിന്നടക്കം വന്‍തുകകള്‍ ചിലവാക്കേണ്ട സാഹചര്യമാണുള്ളതും സൈബര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
by Midhun HP News | Mar 27, 2025 | Latest News, കേരളം
കൊല്ലം: കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയാണ് സംഭവം. വധശ്രമക്കേസില്‍ പ്രതിയായ സന്തോഷിനെ കാറിലെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
അമ്മയും സന്തോഷും മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ആക്രമണത്തിന് ഇരയായ സന്തോഷിന്റെ കാല് പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാര്‍ന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
2014-ല്‍ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഈ ആക്രമണവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്ന നിലയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
by Midhun HP News | Mar 27, 2025 | Latest News, കേരളം
കാസര്‍കോട്: 46കാരന്റെ ജനനേന്ദ്രിയത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങി. ലൈംഗികാവയവത്തില്‍ കുടുങ്ങിയ നട്ട് ഊരിയെടുക്കാനായി രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെ ഇയാള്‍ ആദ്യം ആശുപത്രിയെ സമീപിച്ചു. എന്നിട്ടും രക്ഷയില്ലാതെ വന്നതോടെ ഫയര്‍ഫോഴ്സിന്റെ സഹായം തേടി. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കട്ടര്‍ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നട്ട് മുറിച്ചുനീക്കിയത്.
കാഞ്ഞങ്ങാടാണ് സംഭവം. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് 46കാരന്റെ ജനനേന്ദ്രിയത്തില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇയാള്‍ ചികിത്സ തേടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിയത്.
നട്ട് നീക്കം ചെയ്യാന്‍ ആശുപത്രിയില്‍ നടത്തിയ ശ്രമങ്ങള്‍ ഫലിച്ചില്ല. അവിടുത്തെ ഡോക്ടര്‍ ആണ് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. അഗ്നിരക്ഷാ സേനാംഗങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അര്‍ധ രാത്രിയോടെ നട്ട് മുറിച്ചുനീക്കിയത്.
കട്ടര്‍ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോള്‍ ചൂടാകുന്നതിനാല്‍ ജനനേന്ദ്രിയത്തിന് ക്ഷതമേല്‍ക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിന്റെ രണ്ട് ഭാഗവും മുറിച്ചുനീക്കിയത്. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാവുമെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
മദ്യലഹരിയില്‍ ബോധമില്ലാതിരുന്നപ്പോള്‍ അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്. മൂത്രമൊഴിക്കാന്‍ പോലും ഇയാള്‍ വളരെ പ്രയാസപ്പെട്ടിരുന്നു.
Recent Comments