അരുംകൊല; കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

അരുംകൊല; കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കൊല്ലം: കരുനാഗപള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയാണ് സംഭവം. വധശ്രമക്കേസില്‍ പ്രതിയായ സന്തോഷിനെ കാറിലെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

അമ്മയും സന്തോഷും മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ആക്രമണത്തിന് ഇരയായ സന്തോഷിന്റെ കാല്‍ പൂര്‍ണ്ണമായും വെട്ടിമാറ്റിയ നിലയിലാണ്. രക്തംവാര്‍ന്ന് കിടന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

2014-ല്‍ പങ്കജ് എന്നയാളെ ആക്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. ഈ ആക്രമണവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്ന നിലയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

46കാരന്റെ ജനനേന്ദ്രിയത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങി; ആശുപത്രിക്കാരും കൈവിട്ടു

46കാരന്റെ ജനനേന്ദ്രിയത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങി; ആശുപത്രിക്കാരും കൈവിട്ടു

കാസര്‍കോട്: 46കാരന്റെ ജനനേന്ദ്രിയത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങി. ലൈംഗികാവയവത്തില്‍ കുടുങ്ങിയ നട്ട് ഊരിയെടുക്കാനായി രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെ ഇയാള്‍ ആദ്യം ആശുപത്രിയെ സമീപിച്ചു. എന്നിട്ടും രക്ഷയില്ലാതെ വന്നതോടെ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കട്ടര്‍ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നട്ട് മുറിച്ചുനീക്കിയത്.

കാഞ്ഞങ്ങാടാണ് സംഭവം. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് 46കാരന്റെ ജനനേന്ദ്രിയത്തില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇയാള്‍ ചികിത്സ തേടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിയത്.

നട്ട് നീക്കം ചെയ്യാന്‍ ആശുപത്രിയില്‍ നടത്തിയ ശ്രമങ്ങള്‍ ഫലിച്ചില്ല. അവിടുത്തെ ഡോക്ടര്‍ ആണ് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അര്‍ധ രാത്രിയോടെ നട്ട് മുറിച്ചുനീക്കിയത്.

കട്ടര്‍ ഉപയോഗിച്ച് നട്ട് മുറിച്ചുനീക്കുമ്പോള്‍ ചൂടാകുന്നതിനാല്‍ ജനനേന്ദ്രിയത്തിന് ക്ഷതമേല്‍ക്കാനുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വെള്ളമൊഴിച്ച് തണുപ്പിച്ച് ഏറെ സമയമെടുത്താണ് നട്ടിന്റെ രണ്ട് ഭാഗവും മുറിച്ചുനീക്കിയത്. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാവുമെന്ന് അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

മദ്യലഹരിയില്‍ ബോധമില്ലാതിരുന്നപ്പോള്‍ അജ്ഞാതരാണ് നട്ട് കയറ്റിയതെന്നാണ് യുവാവ് പറയുന്നത്. മൂത്രമൊഴിക്കാന്‍ പോലും ഇയാള്‍ വളരെ പ്രയാസപ്പെട്ടിരുന്നു.

എംപുരാന്‍ കൊടിയേറ്റം; ആഘോഷമാക്കി ആരാധകര്‍, കേരളത്തില്‍ മാത്രം 750 സ്‌ക്രീനുകള്‍

എംപുരാന്‍ കൊടിയേറ്റം; ആഘോഷമാക്കി ആരാധകര്‍, കേരളത്തില്‍ മാത്രം 750 സ്‌ക്രീനുകള്‍

കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമം, മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന്‍ റിലീസ് ആഘോഷമാക്കി മലയാളികള്‍. കേരളത്തിലെ 750 സ്‌ക്രീനുകള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ റിലീസ് ചെയ്യുന്ന എംപുരാന്റെ ആദ്യ ഷോ ഇന്ന് രാവിലെ ആറിന് ആരംഭിച്ചു. കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും എത്തിയിട്ടുണ്ടായിരുന്നു. വന്‍ വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍.

ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമയുടെ റിലീസിന് പ്രത്യേക സുരക്ഷയുള്‍പ്പെടെ ഒരുക്കി കേരള പൊലീസ് ഉള്‍പ്പെടെ കരുതലോടെയാണ് റിലീസിങ് ദിനത്തെ സമീപിച്ചിരിക്കുന്നത്. തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് കനത്ത സുരക്ഷ.

റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ച എംപുരാന്‍ മലയാളത്തിലെ ആദ്യ ദിന കളക്ഷനിൽ ആദ്യ 50 കോടി നേടുന്ന ചിത്രമായി മാറി. ലോകമെമ്പാടും നേടിയിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം.

ഖുറേഷി അബ്രാം അഥവാ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കേന്ദ്ര കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി മലയാളം മുതല്‍ ഹോളിവുഡ് വരെയുള്ള താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എംപുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ.
മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍.

ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യമാണ് ഇതില്‍ പ്രധാനം. ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ആറ്റിങ്ങലിലെ വിവിധ തീയേറ്ററുകളിലും ഫാൻസ്‌ ഷോ ഉണ്ടായിരുന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടു കൂടിയാണ് ഷോ ആരംഭിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും വരുന്നത്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം; സ്‌നേഹവീടുകള്‍ക്ക് ഇന്ന് കല്ലിടും

കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കുള്ള ഭവനം അടക്കം ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഇന്ന് തറക്കല്ലിടും. മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് ടൗണ്‍ഷിപ്പ് ഉയരുക.വ്യാഴാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് തറക്കല്ലിടും.

കല്‍പ്പറ്റ ബൈപ്പാസിനോടു ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടറില്‍ 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലാണ് 1000 ചതുരശ്ര അടി ഒറ്റനില വീടുകള്‍ നിര്‍മിക്കുന്നത്. ഭാവിയില്‍ ഇരുനിലയാക്കാനാകുംവിധമാകും അടിത്തറ. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവയും ടൗണ്‍ഷിപ്പിലുണ്ടാകും. ആറുമാസംകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പിലേക്ക് വരാത്ത കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപവീതം നല്‍കും.

2024 ജൂലൈ 30ന് പുലര്‍ച്ചെയാണ് വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടിയത്. നാടാകെ ഒലിച്ചുപോയി. 298പേര്‍ ദുരന്തത്തില്‍ മരിച്ചു. അന്നേവരെ കാണാത്ത രക്ഷാപ്രവര്‍ത്തനത്തിന് രാജ്യം സക്ഷിയായി. ദുരിതാശ്വാസ ക്യാമ്പ് ഒരുകുടുംബമായി. സമൂഹ അടുക്കളകളില്‍ മനുഷ്യര്‍ സ്നേഹം പാകം ചെയ്തു. മണ്ണിനടിയില്‍ ജീവനുള്ള ഒറ്റമനുഷ്യരും ശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുംവരെ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. നിയമതടസ്സങ്ങള്‍ മറികടന്ന് ഏഴ് മാസങ്ങള്‍ക്കിപ്പുറമാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണം ആരംഭിക്കുന്നത്.

ആശ വര്‍ക്കര്‍മാരുടെ സമരത്തിന് അന്താരാഷ്ട്ര സംഘടനയുടെ പിന്തുണ; മുഖ്യമന്ത്രിക്ക് കത്ത്

ആശ വര്‍ക്കര്‍മാരുടെ സമരത്തിന് അന്താരാഷ്ട്ര സംഘടനയുടെ പിന്തുണ; മുഖ്യമന്ത്രിക്ക് കത്ത്

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണച്ച് 22 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര യൂണിയന്‍ ഫെഡറേഷനായ പബ്ലിക് സര്‍വീസസ് ഇന്റര്‍നാഷണലിന്റെ (പിഎസ്‌ഐ) പിന്തുണ. ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഹരിക്കണമെന്ന് പിഎസ്‌ഐ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 22 രാജ്യങ്ങളിലെ മൂന്ന് കോടി തൊഴിലാളികള്‍ അംഗമായിട്ടുള്ള 122 യൂണിയനുകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണിത്.

ആശ വര്‍ക്കര്‍മാര്‍ക്ക് ന്യായവും മാന്യവുമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കത്തക്കവണ്ണം കേരളം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പിഎസ്‌ഐയുടെ റീജിയണല്‍ സെക്രട്ടറി കേറ്റ് ലാപ്പിന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

‘ഇന്ത്യയില്‍ പത്ത് ലക്ഷത്തിലധികം ആശ വര്‍ക്കര്‍മാരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. പൊതുജനാരോഗ്യത്തിനും സുസ്ഥിര വികസനത്തിനും കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാരുടെ സേവനം അത്യന്താപേക്ഷിതമാണ്, ഇവരുടേത് ഒരു ജോലിയായി കണക്കാക്കണം, ജീവിക്കാനുള്ള വേതനം, ബഹുമാനം, അംഗീകാരം എന്നിവ ഇവര്‍ അര്‍ഹിക്കുന്നു.’ സംഘടന കത്തില്‍ ചൂണ്ടിക്കാട്ടി.

‘ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ വഹിക്കുന്ന ജോലി, സാമ്പത്തിക പാക്കേജിന്റെ വ്യവസ്ഥകള്‍, ധനസഹായം നല്‍കുന്നതിലെ ഉത്തരവാദിത്തങ്ങള്‍, ജോലി സാഹചര്യങ്ങള്‍, വേതനം, തൊഴിലാളി അവകാശങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന നയങ്ങള്‍ ആവിഷ്‌കരിക്കാനും സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു.’ പിഎസ്‌ഐ കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരുമായി ഈ വിഷയം ചര്‍ച്ച ചെയ്യാനും അധികൃതര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ജീവനക്കാർക്ക് എംമ്പുരാൻ്റെ ടിക്കറ്റ് ഉറപ്പ് വരുത്തി സ്വയംവര മാനേജ്മെൻ്റ്

ജീവനക്കാർക്ക് എംമ്പുരാൻ്റെ ടിക്കറ്റ് ഉറപ്പ് വരുത്തി സ്വയംവര മാനേജ്മെൻ്റ്

ആറ്റിങ്ങൽ: മലയാളത്തിൻ്റെ ലാലേട്ടൻ്റെപൃഥ്വി ജിൻ്റെയുംഏറ്റവും പുതിയ ചിത്രം എംമ്പുരാൻ വ്യാഴാഴ്ച റിലീസ് ആവുകയാണ്. റിലീസിന് മുമ്പേ വ്യാപകമായി ടിക്കറ്റുകൾ വിറ്റഴിഞ്ഞ ചിത്രമാണ് എംമ്പുരാൻ. ഈ ചിത്രത്തിൻ്റെ ടിക്കറ്റുകളാണ് സ്വയംവര മാനേജ്മെൻ്റ് തങ്ങളുടെ ജീവനക്കാർക്ക് ഉറപ്പാക്കിയത്. ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനായി വിദേശ ടൂർ ഉൾപ്പെടെ അനുവദിച്ചു നൽകുന്ന ടെക്സ്റ്റൈൽ മാനേജ്മെൻ്റ് ആണ് സ്വയംവര. സ്വയംവരയുടെ 9 ബ്രാഞ്ചുകളിൽ നിന്നും ആയിരത്തിലേറെ ജീവനക്കാരും അവരുടെ കുടുംബങ്ങൾക്കും ടിക്കറ്റ് ലഭിക്കും.
പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻ ലാൽ ചിത്രം എംമ്പുരാൻ മലയാളത്തിൻ്റെ റിക്കോർഡുകൾ എല്ലാം ഭേദിച്ച് ആണ് തിയേറ്ററുകളിൽ എത്തുന്നത്. ഈ ചിത്രത്തിന് ആദ്യ ദിനങ്ങളിൽ തന്നെ പ്രധാന തിയേറ്ററുകളിൽ കാണാൻ അവസരം ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് ജീവനക്കാരും.