ഇറാഖിലെ ബസ്ര തീരത്ത് എണ്ണ ടാങ്കറിന് നേരെ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഇറാഖിലെ ബസ്ര തീരത്ത് എണ്ണ ടാങ്കറിന് നേരെ ആക്രമണം; ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: ഇറാഖിനടുത്ത് യുഎസിന്റെ ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഇറാഖിലെ ഖോര്‍ അല്‍ സുബൈര്‍ തുറമുഖത്തിന് സമീപം യുഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള, മാര്‍ഷല്‍ ദ്വീപുകളുടെ പതാക വഹിച്ചിരുന്ന സഫീസിയ വിഷ്ണു എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.

ഇറാനിയന്‍ ചാവേറാക്രമണമാണ് കപ്പലിന് നേര്‍ക്കുണ്ടായതെന്നാണ് നിഗമനം. ഇറാനിയന്‍ ആളില്ലാ ബോട്ടോ വാഹനമോ അല്ലെങ്കില്‍ ചാവേര്‍ ബോട്ടോ ആകാം കപ്പലില്‍ ഇടിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ട കാര്യം തുറമുഖങ്ങള്‍ക്കായുള്ള ജനറല്‍ കമ്പനിയുടെ ഡയറക്ടര്‍ ജനറല്‍ ഫര്‍ഹാന്‍ അല്‍-ഫാര്‍തൗസി ഇറാഖി വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചു. മരിച്ച ഇന്ത്യാക്കാരന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

പേര്‍ഷ്യന്‍ ഗള്‍ഫിലെ ബസ്ര തുറമുഖത്ത് ഷിപ്പ്-ടു-ഷിപ്പ് ട്രാന്‍സ്ഫര്‍ ഏരിയയില്‍ വെച്ചാണ് കപ്പലിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നതെന്ന് അല്‍-ഫാര്‍തൗസി പറഞ്ഞു. കപ്പലിലുണ്ടായിരുന്ന ശേഷിക്കുന്ന 27 ജീവനക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവരെ ബസ്രയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു. 228.6 മീറ്റര്‍ നീളവും 32.57 മീറ്റര്‍ വീതിയുമുള്ള സഫീസിയ വിഷ്ണു 2007 ല്‍ നിര്‍മ്മിച്ച ഒരു അസംസ്‌കൃത എണ്ണ കപ്പലാണ്.

തപസ്യ കലാ-സാഹിത്യവേദി “കേരളയിൽ നിന്ന് കേരളത്തിലേയ്ക്ക് ” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന വിചാരസഭ നാളെ

തപസ്യ കലാ-സാഹിത്യവേദി “കേരളയിൽ നിന്ന് കേരളത്തിലേയ്ക്ക് ” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന വിചാരസഭ നാളെ

തപസ്യ കലാ-സാഹിത്യവേദി “കേരളയിൽ നിന്ന് കേരളത്തിലേയ്ക്ക് ” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന വിചാരസഭ 2026 മാർച്ച് 13 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക്
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കും. പരിപാടി ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. ഡോ. ജോർജ് ഓണക്കൂർ, ഡോ.എം ജി ശശിഭൂഷൻ, പ്രൊഫ. എ എം ഉണ്ണികൃഷ്ണൻ,
പ്രൊഫ പി ജി ഹരിദാസ്, ശ്രീജിത്ത്‌ മൂത്തേടത്ത്, എം ശ്രീഹർഷൻ എന്നിവർ വിഷയാവതരണം നടത്തും.

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ് എൻ ഡി പി യോഗം ജന.സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ് എൻ ഡി പി യോഗം ജന.സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കമ്പനി നിയമപ്രകാരമുള്ള നടപടികൾ പാലിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. സംഘടനയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കണമെന്നും, ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും നീക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

കമ്പനിനിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്എന്‍ഡിപി യോഗം 2006 നുശേഷം കണക്കുകള്‍ ബോധിപ്പിച്ചിട്ടില്ല. അതിനാല്‍ ഭരണസമിതിക്ക് തുടരാന്‍ യോഗ്യതയില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിയില്‍ വിശദമായ വാദം കേട്ടശേഷമാണ് വെള്ളാപ്പള്ളിയെ അയോഗ്യനാക്കി ജസ്റ്റിസ് ടി ആര്‍ രവിയുടെ ഉത്തരവ്.

നിയമപ്രകാരം വെള്ളാപ്പള്ളി നടേശന് ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി വിലയിരുത്തി. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പ്രസിഡന്റ് എംഎന്‍ സോമന്‍, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവര്‍ക്കും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കോടതി വ്യക്തമാക്കി. നാലുപേരെയും സ്ഥാനത്തു നിന്നും നീക്കിയതായും, പകരം പുതിയ ഡയറക്ടര്‍ബോര്‍ഡ് നിയമാനുസൃതം തെരഞ്ഞെടുപ്പ് നടത്തി രൂപീകരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എസ്എന്‍ഡിപി യോഗത്തിന്റെ ഭരണചുമതല നടത്തുന്നതിനായി സര്‍ക്കാര്‍ ഡയറക്ടര്‍മാരെ നാമനിര്‍ദേശം ചെയ്യണം. അങ്ങനെ താല്‍ക്കാലിക ഡയറക്ടര്‍ ബോര്‍ഡ് എസ്എന്‍ഡിപി യോഗത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകണം. അതോടൊപ്പം താല്‍ക്കാലിക ഡയറക്ടര്‍ ബോര്‍ഡ് നിയമാനുസൃതമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വെള്ളാപ്പള്ളി നടേശനെ മാറ്റി, എസ്എൻഡിപി യോ​ഗത്തിന്റെ ഭരണത്തിനായി അഡ്മിനിസ്‌ട്രേറ്ററെ നിയോഗിക്കണമെന്നാണ് എംകെ സാനു അടക്കമുള്ളവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. വെള്ളാപ്പള്ളിയുടെ ഏകാധിപത്യമാണ് സംഘടനയില്‍ നടക്കുന്നത്. കൃത്യമായ കണക്കുകള്‍ സംഘടനയെ ബോധിപ്പിക്കുന്നില്ല. എസ്എന്‍ഡിപിയോഗത്തില്‍ വലിയ ക്രമക്കേടുകളാണ് നടക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചാഞ്ചാടി സ്വര്‍ണവില; 1,19,000ല്‍ താഴെ

ചാഞ്ചാടി സ്വര്‍ണവില; 1,19,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രാവിലെ പവന് 680 രൂപ വര്‍ധിച്ച സ്വര്‍ണവില വൈകീട്ടോടെ 440 രൂപ കുറഞ്ഞിരുന്നു. ഇന്ന് രാവിലെയും താഴോട്ടുള്ള പാതയില്‍ തന്നെയാണ് സ്വര്‍ണവില. പവന് 360 രൂപ കുറഞ്ഞ് 1,19,000ല്‍ താഴെ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 1,18, 960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 14,870 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. ആറുദിവസത്തിനിടെ 8000ല്‍പ്പരം രൂപ ഇടിഞ്ഞ ശേഷം കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

വഴിയോര കച്ചവടക്കാർക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണം. ഐ.എൻ.റ്റി.യു.സി

വഴിയോര കച്ചവടക്കാർക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണം. ഐ.എൻ.റ്റി.യു.സി

വെട്ടുകാട്: വഴിയോര കച്ചവടക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് മാധവപുരം മുതൽ ശംഖുമുഖം വരെയുള്ള പ്രദേശങ്ങളിലെ ഐ.എൻ.റ്റി.യു.സി. നേതൃത്വത്തിൽ ഉള്ള വഴിയോര കച്ചവടക്കാരുടെ യോഗം ആവശ്യപ്പെട്ടു. ദേശീയ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (ഐ.എൻ.റ്റി.യു.സി) യൂണിറ്റ് രൂപീകരണത്തിൻ്റെ ഭാഗമായി കൂടിയ യോഗത്തിൽ വെട്ടുകാട് മണ്ഡലം പ്രസിഡൻ്റ് പി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.

ഐ.എൻ.റ്റി.യു.സി. ജില്ലാ സെക്രട്ടറി ആർ.എസ്. വിനോദ് മണി യോഗം ഉദ്ഘാടനം ചെയ്തു. മറ്റുഭാരവാഹികളായ ജ്യോതിലാൽ, ഹേമാ പത്രോസ്, ലെറ്റീഷ്യാ രാജൻ, സ്റ്റാൻസിലാസ്, അരുൺജിത്ത് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡൻ്റ് എം.ഗണേശൻ, സെക്രട്ടറി ബേബി, ഖജാൻജി രഘു, വൈസ് പ്രസിഡൻ്റ് എസ്.കവിത, ജോയിൻ്റ് സെക്രട്ടറി ആർ.നവാസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കെ.സുരേന്ദ്രൻ, വീണ, ബിന്ദു, സുശീല, അമ്പിളി എന്നിവരേയും യോഗം തെരഞ്ഞെടുത്തു.

ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളിൽ ഗ്യാസ്; വീടുകളിലെ എൽ പി ജി ബുക്കിങ്ങിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രം

ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളിൽ ഗ്യാസ്; വീടുകളിലെ എൽ പി ജി ബുക്കിങ്ങിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രം

ഡൽഹി: വീടുകളിലെ എൽപിജി ബുക്കിംഗിൽ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രസർക്കാർ. ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളിൽ ഗ്യാസ് കിട്ടും, LPG ക്ഷാമം ഒഴിവാക്കാൻ നടപടി സ്വീകരിച്ചതായി പെട്രോളിയം മന്ത്രാലയം അറിയിപ്പ്.നിലവിൽ LPG പ്രൊഡക്ഷൻ 25% കൂട്ടിയതായും രണ്ട് കാർഗോ കപ്പലുകൾ ഉടൻ ഇന്ത്യയിലെത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.