by Midhun HP News | May 9, 2026 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് വാഹനം മോഷ്ടിച്ചു കടത്തിയ പ്രതി അറസ്റ്റില്‍. പ്രതിയെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഗുരുവായൂര്‍ കല്ലു വളപ്പില്‍ ഹൗസില്‍ അംസത്തിനെ (48)യാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ കൈലാസ് നാഥ് അറസ്റ്റ് ചെയ്തത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സൈബര്‍ സെല്ലിന്റെ ജീപ്പ് ഇയാള്‍ കവര്‍ന്നത്.
ഇതിനു ശേഷം എസ് എന്‍ പാര്‍ക്കിന് സമീപത്തെ തട്ടുകടയില്‍ അടിച്ചു മാറ്റിയ പൊലീസ് ജീപ്പുമായി എത്തിയപ്പോള്‍ സംശയം തോന്നി നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന പൊലീസ് എത്തിയാണ് പ്രതിയെ പിടി കൂടിയത്. നേരത്തെ നിരവധി വാഹനമോഷണ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു.

by Midhun HP News | May 9, 2026 | Latest News, കേരളം
വേനലിൽ കിണർ വൃത്തിയാക്കുന്നതിനിടെയുള്ള അപകടങ്ങൾ പതിവാകുമ്പോൾ സുരക്ഷാ നിർദേശവുമായി ഫയർ ഫോഴ്സ് അധികൃതർ. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരവധി അപകടങ്ങളാണ് വെഞ്ഞാറമൂട് മേഖലയിൽ നടന്നത്. കിണറ്റിൽ ഓക്‌സിജൻ കുറയുന്നതും മീഥേൻ,ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വിഷവാതകങ്ങൾ അടിഞ്ഞുകൂടുന്നതും ബോധക്ഷയത്തിനും മരണത്തിനും വരെ കാരണമാകും. കിണറ്റിൽ ഇറങ്ങാൻ ഉപയോഗിച്ച കയർ പൊട്ടുകയോ കൃത്യമായി കെട്ടാതിരിക്കുകയോ ചെയ്യുന്നത് വീഴ്ചയ്ക്ക് ഇടയാക്കും.ആഴം കൂടിയതും പഴയതുമായ കിണറുകൾ വൃത്തിയാക്കുമ്പോൾ മണ്ണ് ഇടിഞ്ഞുവീഴാനും കിണറിന്റെ പാലം തകരാനും സാദ്ധ്യതയുണ്ട്.അപകടങ്ങൾ ഒഴിവാക്കാൻ കിണർ വൃത്തിയാക്കുന്ന തൊഴിലാളികളും വീട്ടുടമകളും സുരക്ഷാനടപടികൾ ഉറപ്പുവരുത്തണം.
ശ്രദ്ധിക്കേണ്ടവ
കത്തുന്ന മെഴുകുതിരി കിണറ്റിലിറങ്ങുന്നതിന് മുമ്പ് താഴ്ത്തി നോക്കുക
മെഴുകുതിരി അണയുമെങ്കിൽ ഓക്‌സിജൻ ലഭ്യത കുറവാണെന്ന് ഉറപ്പാക്കാം
ഇലയുള്ള മരച്ചില്ലകൾ കയറിൽ കെട്ടി ഇറക്കുകയും മുകളിലേക്ക് വലിച്ചുകയറ്റുകയും ചെയ്യുന്നത് വായുസഞ്ചാരം ഉറപ്പാക്കും
കിണറിൽ ഇറങ്ങുമ്പോൾ ഹെൽമെറ്റ്,സുരക്ഷാ ബെൽറ്റ്,ദൃഢതയുള്ള കയറുകൾ എന്നിവ ഉപയോഗിക്കണം
കിണറിന്റെ പാലം ഉറപ്പുള്ളതാണെന്ന് പരിശോധിക്കണം
പരിചയസമ്പന്നർ ആണെങ്കിലും കിണറ്റിൽ ഇറങ്ങുമ്പോൾ,അധികം മുറുകാത്ത തരത്തിൽ അരയിൽ ഒരു കയർ കെട്ടണം
കയറിന്റെ മറുഭാഗം മുകളിൽ എവിടെയെങ്കിലും കെട്ടുകയോ സഹായത്തിനുള്ള ആളെ ഏൽപ്പിക്കുകയോ ചെയ്യണം.
ഒരാൾ സഹായത്തിനായി മുകളിൽ നിൽക്കുന്നത് അഭികാമ്യം.ശ്വാസംമുട്ടലോ തലകറക്കമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ മുകളിലേക്ക് കയറുക.
അടിയന്തര സാഹചര്യം ഉണ്ടായാൽ എത്രയും പെട്ടെന്ന് ഫയർഫോഴ്സിനെ അറിയിക്കണം.
by Midhun HP News | May 9, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ഇന്ത്യൻ ട്വന്റി20 ടീമിന്റെ അടുത്ത നായകനായി മലയാളി താരം സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. സഞ്ജുവിന്റെ സ്ഥിരതയാർന്ന പ്രകടനവും നേതൃത്വ മികവുമാണ് നായക സ്ഥാനത്തേക്ക് പരിഗണിക്കാൻ സെലക്ടർമാർ തീരുമാനിച്ചത്. നായക സ്ഥാനത്തേക്ക് ശ്രേയസ് അയ്യരുടെ പേര് ഉയർന്ന് വന്നെങ്കിലും അവസാന റൗണ്ടിൽ താരത്തെ ഒഴിവാക്കുക ആയിരുന്നു.
നിലവിലെ നായകൻ സൂര്യകുമാർ യാദവ് മോശം ഫോം തുടരുന്ന സാഹചര്യത്തിൽ ക്യാപ്റ്റനെ മാറ്റാൻ സെലക്ടർമാർ നേരത്തെ തീരുമാനിച്ചിരുന്നു. സൂര്യയ്ക്ക് പകരം ശ്രേയസ് അയ്യരുടെ പേരിനായിരുന്നു സെലക്ടർമാർ മുൻതൂക്കം നൽകിയിരുന്നത്. എന്നാൽ 2023 ഡിസംബറിന് ശേഷം ശ്രേയസിന് ഇന്ത്യൻ ടി20 ടീമിൽ സ്ഥിരമായ അവസരങ്ങൾ ലഭിച്ചിട്ടില്ല. ആദ്യം ടീമിൽ സ്ഥാനം ഉറപ്പിക്കുക, അതിന് ശേഷം നായക സ്ഥാനത്തേക്ക് പരിഗണിക്കാം എന്നാണ് സെലക്ടർമാരുടെ നിലപാട്. ഇതും സഞ്ജുവിന് തുണയായി.
ടി20 ലോകകപ്പിലെയും ഐപിഎല്ലിലെയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സഞ്ജുവിന് സെലക്ടർമാർ മുൻഗണന നൽകിയിരിക്കുന്നത് എന്നാണ് സൂചന. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടുന്നതിൽ സഞ്ജു നിർണായക പങ്കുവഹിച്ചിരുന്നു. ആദ്യ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്നെങ്കിലും പിന്നീട് ടീമിലേക്ക് മടങ്ങിയെത്തിയ താരം മികച്ച തിരിച്ചുവരവാണ് നടത്തിയത്.വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ പുറത്താകാതെ നേടിയ 97 റൺസ് ഇന്ത്യയ്ക്ക് നിർണായക ജയം സമ്മാനിച്ചിരുന്നു. ഇംഗ്ലണ്ടിനും ന്യൂസിലൻഡിനുമെതിരായ നോക്കൗട്ട് മത്സരങ്ങളിലും 89 റൺസിന്റെ തകർപ്പൻ ഇന്നിങ്സുകളുമായി താരം തിളങ്ങിയിരുന്നു.
ഇപ്പോൾ നടക്കുന്ന ഐപിഎൽ ടൂർണമെന്റിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുന്ന താരം 10 മത്സരങ്ങളിൽ നിന്ന് 402 റൺസ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറികളും ഒരു അർഞ്ച്വസെഞ്ചുറിയും ഉൾപ്പെടുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ഇതും ഇന്ത്യൻ ടീമിന്റെ നായക സ്ഥാനത്തേക്ക് സഞ്ജുവിനെ പരിഗണിക്കുന്നതിൽ പ്രധാന ഘടകമായി.

by Midhun HP News | May 9, 2026 | Latest News, ദേശീയ വാർത്ത
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ട്രേഡ്മാര്‍ക്ക് വെള്ള സാരിയെയും റബ്ബര്‍ ചെരുപ്പിനെയും അനുസ്മരിപ്പിക്കുന്ന വിധം ലളിതമായ കുര്‍ത്ത ധരിച്ചാണ് സുവേന്ദു എത്തിയത്. അഗ്‌നിമിത്ര പോള്‍, നിസിത് പ്രമാണിക്, ദിലീപ് ഘോഷ്, അശോക് കിര്‍ത്താനിയ, ക്ഷുദിറാം തുഡു, ശങ്കര്‍ ഘോഷ് എന്നിവരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു.
കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് രാവിലെ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരെ കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരും പങ്കെടുത്തു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷികമായ രവീന്ദ്ര ജയന്തി ദിനം കൂടിയായ മെയ് 9 തന്നെ സത്യപ്രതിജ്ഞയ്ക്കായി ബിജെപി തെരഞ്ഞെടുക്കുകയായിരുന്നു.
സുവേന്ദുവിന്റെ രാഷ്ട്രീയ വളര്‍ച്ച
തന്റെ മുന്‍ നേതാവായ മമതാ ബാനര്‍ജിയെ നന്ദിഗ്രാമിലും ഭവാനിപുരിലും പരാജയപ്പെടുത്തിയ സുവേന്ദുവിന്റെ രാഷ്ട്രീയ വളര്‍ച്ച ഉദ്വേഗജനകമാണ്. കോണ്‍ഗ്രസിലും തൃണമൂലിലും പ്രവര്‍ത്തിച്ച് പരിചയമുള്ള അദ്ദേഹം, ബിജെപിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച, സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍വരെ സ്വാധീനമുള്ള നേതാവാണ്. സുവേന്ദുവിന്റെ രാഷ്ട്രീയ യാത്രയിലെ ആദ്യകാല വഴിത്തിരിവുകളിലൊന്ന് 2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കല്‍ പ്രതിഷേധമായിരുന്നു. അന്നത്തെ ഇടത് മുന്നണി സര്‍ക്കാരിനെതിരായ സമരത്തിന്റെ പ്രധാന മുഖമെന്ന നിലയില്‍ സുവേന്ദുവിന് സംസ്ഥാനത്തുടനീളം പ്രശസ്തി ലഭിച്ചു. നന്ദിഗ്രാമിലെ ഇടതുവിരുദ്ധ പ്രസ്ഥാനം ഇടത് പക്ഷത്തിന്റെ ഗ്രാമീണ അടിത്തറയെ ഗണ്യമായി ദുര്‍ബലപ്പെടുത്തുകയും മമതാ ബാനര്‍ജിയുടെയും അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വളര്‍ച്ചയ്ക്ക് കരുത്തേകുകയും ചെയ്തു.
പിന്നീട് ദക്ഷിണ ബംഗാളിലും ജംഗിള്‍ മഹലിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തരായ സംഘാടകരില്‍ ഒരാളായി സുവേന്ദു ഉയര്‍ന്നു വന്നു. 2009-ല്‍ തംലൂക്കില്‍ നിന്നുള്ള ലോക്സഭാ എംപിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഗതാഗത മന്ത്രിയായി സംസ്ഥാന മന്ത്രിസഭയില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ വര്‍ധിച്ചുവരുന്ന സംഘടനാ സ്വാധീനം സംസ്ഥാനത്തെ പല ഗ്രാമീണ മേഖലകളിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ അടിത്തറ വികസിപ്പിക്കാന്‍ സഹായിച്ചു.
ഭരണകക്ഷിക്കുള്ളിലെ തര്‍ക്കങ്ങള്‍ക്കിടയില്‍ 2020 ഡിസംബറില്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവ്. സുവേന്ദുവിന്റെ ഈ നീക്കം 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് ശക്തമായ ഒരു ‘ബംഗാളി മുഖം’ നല്‍കുകയും സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രചാരണത്തിന് വലിയ കരുത്ത് പകരുകയും ചെയ്തു.
ഹൈ-പ്രൊഫൈല്‍ പോരാട്ടം നടന്ന നന്ദിഗ്രാമില്‍ മമതാ ബാനര്‍ജിയെ പരാജയപ്പെടുത്തിയതോടെ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സുവേന്ദുവിന്റെ കരിയറിലെ മറ്റൊരു നിര്‍ണായക അധ്യായമായി മാറി. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സുവേന്ദുവിന്റെ വിജയം പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെടുത്തി. പിന്നാലെ അദ്ദേഹം നിയമസഭയിലെ പ്രതിപക്ഷ നേതാവായി നിയമിതനായി. ആദ്യം കോണ്‍ഗ്രസിന്റേയും പിന്നീട് തൃണമൂലിന്റേയും ശേഷം ബിജെപിയുടേയും നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ശിശിര്‍ അധികാരിയുടെയും ഗായത്രി അധികാരിയുടെയും മകനായി 1970ല്‍ ജനിച്ച സുവേന്ദു അച്ഛന്റെ അതേ വഴിയിലൂടെയാണ് രാഷ്ട്രീയത്തിലും വളര്‍ന്നത്.

by Midhun HP News | May 9, 2026 | Latest News, കേരളം
കൊച്ചി: കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും വർധന. യാത്രക്കാരുടെ എണ്ണത്തിൽ ഓരോ മാസവും വർധനയുണ്ട്. 2024 ൽ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 3,49,24,955 ആയിരുന്നു. 2025 ൽ ഇത് 3,64,12,974 ആയി കൂടി. 2024-നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 14,88,019 യാത്രക്കാരുടെ വർധനവ് ആണുണ്ടായിരിക്കുന്നത്.
ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മെട്രോയിൽ യാത്ര ചെയ്തത് 1,16,87,186 പേരാണ്. ഓരോ വർഷവും മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വലിയതോതിൽ വർധനയുണ്ടാകുന്നുണ്ട്. വാട്ടർ മെട്രോയും മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള തുടർയാത്രയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഇലക്ട്രിക് ഫീഡർ ബസും യാത്രക്കാർക്ക് ഏറെ ഗുണകരമാണ്.
പുതുവർഷാഘോഷത്തിനൊപ്പം ഇത്തവണ ബിനാലെയും യാത്രക്കാരുടെ എണ്ണത്തിലെ വർധനയ്ക്ക് കാരണമായി. ഈ പുതുവത്സരത്തിൽ പുലർച്ചെ രണ്ട് മണിവരെ മെട്രോ സർവീസ് നടത്തിയിരുന്നു. 1,39,766 പേരാണ് അന്നേദിവസം മാത്രം മെട്രോയിൽ യാത്ര ചെയ്തത്.
മെട്രോ ഇലക്ട്രിക് ഫീഡർ ബസ്, വാട്ടർ മെട്രോ എന്നിവയിലെല്ലാം കൂടിയുള്ള യാത്രക്കാരുടെ എണ്ണം കണക്കാക്കുമ്പോൾ 1,61,683 പേരാണ്. കഴിഞ്ഞ ഡിസംബർ 31 ന് പ്രതിദിന വരുമാനത്തിന്റെ കാര്യത്തിലും മെട്രോ റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. 44,67,688 രൂപയായിരുന്നു ഡിസംബർ 31 ന് മെട്രോയുടെ വരുമാനം. ഈ വർഷം ജനുവരി ആദ്യം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പുറത്തുവിട്ട കണക്കുകളനുസരിച്ച് 2017 ൽ സർവീസ് ആരംഭിച്ചത് മുതൽ 17.52 കോടിയാളുകളാണ് മെട്രോയിൽ യാത്ര ചെയ്തത്.

by Midhun HP News | May 9, 2026 | Latest News, കേരളം
മലയാളികളെയാകെ ഞെട്ടിച്ച മരണമായിരുന്നു നടന്‍ സന്തോഷ് കെ നായരുടേത്. മോഹിനിയാട്ടം തിയേറ്ററില്‍ മികച്ച പ്രകടനവുമായി മുന്നേറവെയാണ് സന്തോഷ് വാഹനാപകടത്തില്‍ മരണപ്പെടുന്നത്. വില്ലനായും സഹനടനായും കയ്യടി നേടിയിട്ടുള്ള സന്തോഷ് ഒരിടവേളയ്ക്ക് ശേഷം തിരികെ വന്ന ചിത്രമായിരുന്നു മോഹിനിയാട്ടം.
സന്തോഷ് നായരുടെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ വയോധികന്‍ പൊട്ടിക്കരയുന്ന വിഡിയോ വൈറലായിരുന്നു. സങ്കടം നിയന്ത്രിക്കാനാകാതെ പൊട്ടിക്കരയുകയും നിലത്ത് കിടക്കുകയും സ്വയം വേദനിപ്പിക്കുകയുമൊക്കെ ചെയ്യുന്ന ആ വയോധികന്‍ പലരുടേയും ഉള്ളുലയ്ക്കുന്ന കാഴ്ചയായിരുന്നു.
അതേസമയം ആരായിരുന്നു ആ വയോധികന്‍ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പല പോസ്റ്റുകളിലും പറഞ്ഞത് അദ്ദേഹം സന്തോഷ് നായരുടെ വീട്ടിലെ ജോലിക്കാരന്‍ ആണെന്നായിരുന്നു. ഇപ്പോഴിതാ വയോധികന്‍ ആരെന്ന് വ്യക്തമാക്കുകയാണ് സന്തോഷ് നായരുടെ വീട്ടിലെ സഹായി. വിഡിയോയിലുള്ള വയോധികന്‍ സന്തോഷ് നായരുടെ വീട്ടിലെ ജോലിക്കാരനല്ലെന്നും അയല്‍വീട്ടിലെ ജോലിക്കാരനാണെന്നുമാണ് അദ്ദേഹം പറയുന്നത്.
”അയാള്‍ ഈ വീട്ടില്‍ ജോലി ചെയ്യുന്ന ആളല്ല, ഈ വീട്ടില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നത് ഞാനാണ്. ഗേറ്റിന്റെ താക്കോല്‍ ഉള്‍പ്പടെ എന്റെ കയ്യിലാണ്. അയാള്‍ അടുത്ത വീട്ടില്‍ ജോലി ചെയ്തിരുന്ന ആളാണ്. സന്തോഷേട്ടന്‍ കാണുമ്പോള്‍ കൈ കാണിക്കുന്ന പരിചയം ഉണ്ട്. സന്തോഷേട്ടന്റെ ഭാര്യയോടും മോളോടും ചോദിച്ചാല്‍ അറിയാം. സന്തോഷേട്ടന്‍ കാണുന്നവരോട് സ്‌നേഹത്തോടെ ഇടപെടുന്ന ആളാണ്. ആ ഒരു പരിചയത്തില്‍ അയാള്‍ അവിടെ വന്നു കരഞ്ഞപ്പോള്‍ ചാനലുകാര്‍ വിഡിയോ എടുത്ത് വൈറല്‍ ആക്കിയതാണ്.” എന്നാണ് സന്തോഷിന്റെ വീട്ടിലെ ജോലിക്കാരന്റെ വാക്കുകള്‍.
പത്തനംതിട്ട ഏനാത്തുണ്ടായ വാഹനാപകടത്തിലാണ് സന്തോഷ് മരണപ്പെടുന്നത്. സന്തോഷ് സഞ്ചരിച്ചിരുന്ന കാര്‍ പാഴ്‌സല്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നത് സന്തോഷായിരുന്നു. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസ് പറഞ്ഞത്. 1982 ല്‍ പുറത്തിറങ്ങിയ ഇത് ഞങ്ങളുടെ കഥയിലൂടെയാണ് സന്തോഷ് അരങ്ങേറുന്നത്. മോഹിനിയാട്ടമാണ് ഒടുവില്‍ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ.

Recent Comments