by Midhun HP News | Mar 3, 2025 | Latest News, കേരളം
പാലക്കാട് വണ്ടാഴിയില്‍ 52 കാരനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് വീട്ടില്‍ കൃഷ്ണകുമാര്‍ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയതായാണ് നിഗമനം. കോയമ്പത്തൂരില്‍ നിന്ന് ഇന്ന് രാവിലെയാണ് കൃഷ്ണകുമാര്‍ വണ്ടാഴിയില്‍ എത്തിയത്. വണ്ടിയില്‍ ഉണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് നിഗമനം.
കോയമ്പത്തൂരില്‍ വെച്ച് ഭാര്യയെ ഇന്ന് രാവിലെ കൊലപ്പെടുത്തിയ ശേഷം വണ്ടാഴിയിലെ വീട്ടിലെത്തി കൃഷ്ണകുമാര്‍ ജീവനൊടുക്കുകയായിരുന്നു. ഭാര്യ സംഗീതയെയാണ് കൃഷ്ണകുമാര്‍ കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു കൊലപാതകം.
by Midhun HP News | Mar 3, 2025 | Latest News, കേരളം
കൊച്ചി: നിശബ്ദമായിരിക്കാനില്ല, വീട്ടിലോ, ജോലിസ്ഥലത്തോ, പൊതുസ്ഥലത്തോ തങ്ങള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും പോരാടുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തിരിച്ചറിയുന്നതിനും ഇരകള്‍ക്ക് മതിയായ സഹായം നല്‍കുന്നതിനുമായി കുടുംബശ്രീ സംസ്ഥാനത്ത് നടത്തുന്ന ക്രൈം മാപ്പിങ് സര്‍വേയിലാണ് സ്ത്രീ മുന്നേറ്റത്തിന്റെ കണക്കുകള്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രൈം മാപ്പിങ് സര്‍വേകൂടിയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.
എറണാകുളം ജില്ലയിലെ ആലങ്ങാട്, കഞ്ഞൂര്‍, കുഴുപ്പിള്ളി, ചേന്ദമംഗലം, മുടക്കുഴ, വാരപ്പെട്ടി എന്നീ ആറ് പഞ്ചായത്തുകളില്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ സര്‍വേയിലാണ് പ്രതീക്ഷ നല്‍കുന്ന കണക്കുകളുള്ളത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ശാരീരിക, ലൈംഗിക അതിക്രമങ്ങള്‍, എന്നിവയ്ക്ക് ഒപ്പം വാക്കാലുള്ളതും, മാനസികവും, വൈകാരികവും, സാമൂഹികവുമായ രീതികളില്‍ നേരിട്ട അധിക്ഷേപങ്ങളെ നേരിട്ടതെങ്ങനെ എന്നുള്ളതടക്കം വിവരങ്ങളാണ് തേടിയത്. ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കുന്നവരുടെയും നിയമ സഹായം തേടുന്നവരുടെയും എണ്ണം വര്‍ധിച്ചു എന്നും സര്‍വേ അടിവരയിടുന്നു. 18-48 വയസിനിടയിലെ 5,600 പേരാണ് സര്‍വേയോട് പ്രതികരിച്ചത്.
ജീവിത പങ്കാളികള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഉദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍, അപരിചിതര്‍ തുടങ്ങിയവരില്‍ നിന്നും സാമ്പത്തിക ചൂഷണം നേരിട്ട സ്ത്രീകളില്‍ 1174 പേര്‍ ഇതിനെതിരെ പൊലീസിനെ സമീപിച്ചു. എന്നാല്‍ 1033 പേര്‍ ഇത്തരം സംഭവങ്ങളില്‍ നിശബ്ദത തുടര്‍ന്നു എന്നും സര്‍വേ പറയുന്നു. ശാരീരിക അതിക്രമങ്ങളുടെ കാര്യത്തില്‍ 912 സ്ത്രീകള്‍ നിയമ നടപടികള്‍ സ്വീകരിച്ചപ്പോള്‍ 780 പേര്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും സര്‍വേയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച കുടുംബശ്രീ അധികൃതര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
തങ്ങള്‍ നേരിട്ട അതിക്രമങ്ങളോട് പ്രതികരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴും മറുവശത്ത് മറ്റ് വഴികള്‍ തേടുന്നവരും നിരവധിയുണ്ടെന്നും സര്‍വേ ഫലങ്ങള്‍ പറയുന്നു. പലരും അതിക്രമങ്ങള്‍ നേരിട്ട സാഹചര്യങ്ങളോട് അകലം പാലിക്കുകയാണ് ചെയ്യുന്നത്. ചിലര്‍ തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് അടുപ്പമുള്ളവരോട് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. വിവിധ സംഘടനകളുടെ സഹായം തേടിയവരും ജോലി പോലും വേണ്ടെന്ന് വച്ചരും ഈ കൂട്ടത്തില്‍പ്പെടുന്നു. തങ്ങളുടെ പ്രശ്‌നം മൂലമാണ് തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായതെന്ന് കരുതുന്നവരും വലിയൊരു വിഭാഗം സ്ത്രീകള്‍ക്കിടയിലുണ്ട്.
പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ നിന്നും 50 പേര്‍ എന്ന നിലയിലാണ് സര്‍വേയ്ക്ക് ആവശ്യമായ സാംപിളുകള്‍ കണ്ടെത്തിയത്. ഗൂഗിള്‍ ഫോം വഴിയും നേരിട്ടും വിവരങ്ങള്‍ ശേഖരിച്ചു. പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരും പ്രതികരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 2962 പേര്‍ തൊഴില്‍ രഹിതരാണ്. 44 പേര്‍ വിദ്യാര്‍ത്ഥികളും 575 പേര്‍ സ്വകാര്യ മേഖലയിലും, 1150 പേര്‍ പൊതുമേഖല സ്ഥാപനങ്ങളിലും ജോലിനോക്കുന്നവരാണ്. 930 പേര്‍ സ്വയം തൊഴില്‍ ചെയ്യുന്നവരുമാണ്. സര്‍വേ റിപ്പോര്‍ട്ടിലെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട ഇടപെടലുകള്‍ സജീവമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് എന്നു കുടുംബശ്രീ അധികൃതര്‍ പറയുന്നു.
by Midhun HP News | Mar 3, 2025 | Latest News, കേരളം
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ കുടുംബമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിനെത്തുടര്‍ന്നാണ് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. നവീന്‍ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, സത്യസന്ധമായ അന്വേഷണം ഉറപ്പാക്കാന്‍ കേന്ദ്ര ഏജന്‍സി വേണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
നവീന്‍ ബാബുവിന്റേത് കൊലപാതകം ആണോയെന്ന് സംശയമുണ്ട്. കേസിലെ പ്രതി പി പി ദിവ്യ ഭരണകക്ഷിയായ സിപിഎമ്മിന്റെ നേതാവാണ്. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും കുടുംബം ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ അധിക്ഷേപിച്ചതിലുള്ള മനോവിഷമത്തില്‍ നവീന്‍ബാബു ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ കണ്ടെത്തലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സിബിഐ അന്വേഷണ ആവശ്യം തള്ളിയത്. സിബിഐ അന്വേഷണം അനുവദിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും, ഹൈക്കോടതി വിധിയില്‍ വിഷമമുണ്ടെന്നും മഞ്ജുഷ പ്രതികരിച്ചു. മറ്റുള്ളവരുമായി കൂടിയാലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും നവീന്‍ ബാബുവിന്റെ കുടുംബം വ്യക്തമാക്കി.
by Midhun HP News | Mar 3, 2025 | Latest News, ജില്ലാ വാർത്ത
സെക്രട്ടേറിയറ്റിനു മുന്നിൽ 20 ദിവസം സമരം ചെയ്തിട്ടും തളരാത്ത വീര്യത്തോടെ വിശ്രമിക്കാൻ കിടന്ന ആശാ പ്രവർത്തകരെ ആദ്യം നനയിച്ചത് അവിചാരിതമായി പെയ്ത മഴ. മഴയേൽക്കാതിരിക്കാൻ ടാർപോളിൻ വലിച്ചുകെട്ടി അതിനടിയിൽ കിടന്നവരെ വീണ്ടും നനയിച്ചതു പൊലീസും! ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ്, കോരിച്ചൊരിയുന്ന മഴയിൽനിന്നു രക്ഷപ്പെടാൻ കെട്ടിയ ചെറു ടാർപോളിൻ ഷീറ്റ് അഴിച്ചു മാറ്റാൻ ഉത്തരവുമായി പൊലീസ് സംഘമെത്തിയത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി ആശാ പ്രവർത്തകർക്കൊപ്പം ഏറെ നേരം നിന്നു. ‘ആശാ പ്രവർത്തകരുടെ സമരവീര്യം കടുപ്പമാണ്’ എന്നു പറഞ്ഞ കേന്ദ്രമന്ത്രി ആശാ പ്രവർത്തകർക്കു കുട സമ്മാനിച്ചു. അടൂർ പ്രകാശ് എംപിയും സമരവേദിയിലെത്തി പ്രവർത്തകർക്കൊപ്പം സമയം ചെലവിട്ടു.യൂത്ത് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ, മകന്റെ പിറന്നാൾ ദിനമായിരുന്ന ഇന്നലെ മക്കൾ കുടുക്കയിൽ ശേഖരിച്ചിരുന്ന തുകയുമായാണ് വേദിയിലെത്തിയത്.പാട്ടപ്പിരിവുകാരെന്നു ഭരണകക്ഷിയിലെ നേതാക്കൾ അധിക്ഷേപിച്ച സമരക്കാർക്കു സമ്മാനിക്കാനാണ് കുടുക്കയോടൊപ്പം തുക സമ്മാനിച്ചതെന്ന് അറിയിക്കുകയും ചെയ്തു.
by Midhun HP News | Mar 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: റാഗിങ്ങും അക്രമങ്ങളും തടയാൻ സ്കൂൾ മാതൃകയിൽ കോളേജുകളിലും പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പിജി) രൂപീകരിക്കും. അധ്യാപകരും വിദ്യാർഥികളും പൊലീസും രക്ഷിതാക്കളും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും അടങ്ങുന്നതാണിത്. സ്ഥാപന മേധാവിയോ പിടിഎ പ്രസിഡന്റോ ആയിരിക്കും അധ്യക്ഷൻ. കൺവീനർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറും ജോയിന്റ് കൺവീനർ എസ്എച്ച്ഒ നിയോഗിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനുമായിരിക്കും.
നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് എസ്പിമാരുടെ നേതൃത്വത്തിൽ പ്രവർത്തനം വിലയിരുത്തും. വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യും. വിദ്യാർഥികളുടെ സുരക്ഷിതത്വം, ലഹരി ഉപയോഗം തടയൽ, നിയമവിരുദ്ധ പ്രവർത്തനത്തിന് തടയിടുക എന്നിവയാണ് ലക്ഷ്യം.
കോളേജ് പരിസരത്ത് വിദ്യാർഥികളെ ചൂഷണം ചെയ്യുന്നവരെയും ലഹരി ഉൽപ്പന്ന കച്ചവടക്കാരെയും പൊലീസ് നിരീക്ഷിക്കും.നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ ചില കോളേജുകളിൽ പ്രവർത്തനം തുടങ്ങി. ഉടൻ സംസ്ഥാന വ്യാപകമാക്കും. നിലവിൽ സർക്കാർ സ്കൂളുകളിൽ മാത്രം പ്രവർത്തിക്കുന്ന എസ്‌പിജി സ്വകാര്യ സ്കൂളുകളിലേക്കും വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു.
പൊലീസിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ആരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയും കോളേജുകളിൽ നടപ്പാക്കും. ഇതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ പൊലീസ് ആരംഭിച്ചു. ആഭ്യന്തര, വിദ്യാഭ്യാസ, ഗതാഗതം, വനം, എക്സൈസ്, തദ്ദേശ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
by Midhun HP News | Mar 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് കോന്നിയില്‍. അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് കോന്നിയില്‍ പത്താണ് രേഖപ്പെടുത്തിയത്. അള്‍ട്രാ വയലറ്റ് സൂചിക എട്ട് മുതല്‍ പത്തുവരെയെങ്കില്‍ ഓറഞ്ച് ജാഗ്രതയാണ് നല്‍കുക. ഗൗരവകരമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് നല്‍കുന്ന ഓറഞ്ച് ജാഗ്രതയാണ് കോന്നിയില്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
കൊട്ടാരക്കര 8, മൂന്നാര്‍ 8, തൃത്താല 8, പൊന്നാനി 8 എന്നിങ്ങനെയാണ് ഓറഞ്ച് ജാഗ്രതയില്‍ വരുന്ന മറ്റു പ്രദേശങ്ങള്‍. ചങ്ങനാശേരി 7, ചെങ്ങന്നൂര്‍ 7, കളമശേരി 5, ഒല്ലൂര്‍ 7 എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അള്‍ട്രാ വയലറ്റ് സൂചിക ആറു മുതല്‍ ഏഴുവരെയെങ്കില്‍ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ച് മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ നിര്‍ദേശം.
ഏറ്റവും ഗുരുതരമായ സാഹചര്യത്തിന് നല്‍കുന്ന റെഡ് അലര്‍ട്ട് എവിടെയും ഇല്ല. സൂചിക 11ന് മുകളില്‍ ആണെങ്കില്‍ ആണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചിക വിവരങ്ങളാണ് ദുരന്ത നിവാരണ അതോറിറ്റി പങ്കുവെച്ചത്. ബേപ്പൂര്‍, മാനന്തവാടി, ധര്‍മ്മടം, ഉദുമ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും സൂചിക വ്യക്തമാക്കുന്നു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.
ജാഗ്രതാനിര്‍ദേശങ്ങള്‍:
പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മല്‍സ്യ തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മ്മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.
Recent Comments