മദ്യലഹരിയില്‍ പാളത്തില്‍ കിടന്നു; രക്ഷിച്ചയാളിനെ 20കാരന്‍ വെട്ടിക്കൊന്നു

മദ്യലഹരിയില്‍ പാളത്തില്‍ കിടന്നു; രക്ഷിച്ചയാളിനെ 20കാരന്‍ വെട്ടിക്കൊന്നു

കൊല്ലം: മദ്യലഹരിയില്‍ തീവണ്ടിപ്പാളത്തില്‍ കിടന്നയാളിനെ രക്ഷിച്ച് വീട്ടിലെത്തിച്ച് മടങ്ങിയ യുവാവിനെ ഇരുപതുകാരന്‍ വെട്ടിക്കൊന്നു. കിടപ്രം വടക്ക് പുതുവയലില്‍ വീട്ടില്‍ ചെമ്മീന്‍ കര്‍ഷക തൊഴിലാളി സുരേഷ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു.

ആക്രമണത്തിനുശേഷം ഒളിവില്‍പ്പോയ മരംകയറ്റത്തൊഴിലാളി കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്പില്‍ അമ്പാടി (20)യെ കിഴക്കെ കല്ലട പൊലീസും നാട്ടുകാരും ചേര്‍ന്ന് രാത്രി പതിനൊന്നരയോടെ പിടികൂടി. വെള്ളിയാഴ്ച രാത്രി ഏഴരയോടെ അമ്പാടിയുടെ വീടിന് സമീപത്തുവച്ചാണ് സുരേഷിന് വെട്ടേറ്റത്.

സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ; ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അമ്പാടി. വെള്ളിയാഴ്ച വൈകീട്ട് പടിഞ്ഞാറെ കല്ലട കല്ലുംമൂട്ടില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കിയ അമ്പാടിയെ നാട്ടുകാര്‍ ഓടിച്ചുവിട്ടു.

തുടര്‍ന്ന് മദ്യലഹരിയില്‍ സമീപത്തെ തീവണ്ടിപ്പാതയിലേക്ക് കയറി ആത്മഹത്യാഭീഷണി മുഴക്കിയ പ്രതിയെ നാട്ടുകാര്‍ താഴെയിറക്കി. കൂട്ടത്തിലുണ്ടായിരുന്ന സുരേഷ്, അമ്പാടിയെ വീട്ടിലെത്തിച്ച ശേഷം മടങ്ങി. വീട്ടിനുള്ളിലേക്ക് കയറിപ്പോയ അമ്പാടി കൊടുവാളുമായി ഇറങ്ങിവന്ന് പിന്നിലൂടെയെത്തി സുരേഷിന്റെ കഴുത്തിന് വെട്ടുകയായിരുന്നു.

പഞ്ചായത്ത് അംഗവും നാട്ടുകാരും ചേര്‍ന്ന് സുരേഷിനെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശാസ്താംകോട്ട ഡിവൈഎസ്പി, കിഴക്കേ കല്ലട എസ്എച്ച്ഒ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തി മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ സുധാകരനാണ് സുരേഷിന്റെ അച്ഛന്‍. അമ്മ; മണിയമ്മ

താമരശ്ശേരിയിലെ വിദ്യാർത്ഥി സംഘർഷം; വിദ്യാർത്ഥികളുടെ ചാറ്റ് പുറത്ത്

താമരശ്ശേരിയിലെ വിദ്യാർത്ഥി സംഘർഷം; വിദ്യാർത്ഥികളുടെ ചാറ്റ് പുറത്ത്

കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ ആക്രമിച്ച വിദ്യാർഥികളുടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റ് പുറത്ത് വന്നു. അക്രമിസംഘത്തിൽപ്പെട്ടവർ പരസ്പരം സംസാരിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് പുറത്തു വന്നത്. “ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കും” എന്ന് ചാറ്റിൽ പറയുന്നു.

കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ലെന്നും കേസെടുക്കില്ല പോലീസ് എന്നും ​ഗ്രൂപ്പ് ചാറ്റിൽ പറയുന്നു. “ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കും” എന്നും ചാറ്റിൽ പറയുന്നു. ഷഹബാസിന്റെ കണ്ണൊന്ന് പോയി എന്നും ചാറ്റിൽ വിദ്യാർത്ഥികൾ പരസ്പരം പറയുന്നുണ്ട്. ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മർദനം എന്ന ഷഹബാസിൻ്റെ പിതാവിൻ്റെ ആരോപണം ശരി വയ്ക്കുന്നതാണ് പുറത്തുവന്ന ശബ്ദ സന്ദേശം. എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി. ഇത് വഴിയാണ് സംഘർഷം ആസൂത്രണം ചെയ്തിരുന്നത്.

അഞ്ച് വിദ്യാർത്ഥികളെയാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത്. കൂടുതൽ‌ പേരെ സംഭവത്തിൽ കസ്റ്റഡിയിലെടുക്കും. മുഹമ്മദ് ഷഹബാസിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ​ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹബാസ് ഇന്നലെ രാത്രി 12.30ഓടെയാണ് മരിച്ചത്. തലയ്ക്ക് ​ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുഹമ്മദ് ഷഹബാസ്. തലച്ചോറിന് 70% ക്ഷതം ഏറ്റ കുട്ടി കോമയിലായിരുന്നു.

ആശ വര്‍ക്കര്‍മാരുടെ സമരത്തെ ചെറുക്കാൻ സർക്കാർ; ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കും

ആശ വര്‍ക്കര്‍മാരുടെ സമരത്തെ ചെറുക്കാൻ സർക്കാർ; ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കും

തിരുവനന്തപുരം: ആശ വർക്കർമാർ സമരം ചെയ്യുന്നതിനിടെ ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാൻ ആരോഗ്യവകുപ്പ്. പുതിയ വോളന്റിയർമാർക്ക് പരിശീലനം നൽകാൻ മാർഗനിർദേശം പുറത്തിറക്കി. 50 പേരുള്ള മുപ്പത് ബാച്ചിന് പരിശീലനം നൽകാനാണ് നീക്കം. പരിശീലനം നൽകാൻ 11.70 ലക്ഷം രൂപ അനുവദിച്ചു.

സംസ്ഥാനത്ത് 1500 ഹെൽത്ത് വോളന്റിയേഴ്‌സിനെ നിയമിക്കാനാണ് തീരുമാനം. ഒരു ബാച്ചിൽ 50 പേരടങ്ങുന്ന അഞ്ച് ബാച്ചുകൾക്ക് തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ട്രെയിനിങ് നൽകും. കോട്ടയം, പാലക്കാട് ജില്ലകളിൽ നാല് ബാച്ചുകൾക്കും പരിശീലനം നൽകും. ആശ വർക്കേഴ്സിന്റെ സമരം ശക്തമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കെയാണ് പുതിയ നീക്കം.

സമരം ചെയ്യുന്ന ആശാ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നേരത്തെ നാഷണൽ ഹെൽത്ത് മിഷൻ്റെതാണ് നിർദ്ദേശം നൽകിയിരുന്നു. ഏതെങ്കിലും ആശാ പ്രവർത്തക തിരിച്ചെത്തി പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്താൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. ഇത് പ്രകാരമാണ് ഹെൽത്ത് വോളണ്ടിയേഴ്സിനെ നിയമിക്കാൻ നീക്കം. ആശാ വർക്കേഴ്സിന് സമാനമായ ജോലിയാണ് ഇവർ ചെയ്യേണ്ടത്.

രാജ്യത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; വരും ദിവസങ്ങളില്‍ ചൂട് കൂടും

രാജ്യത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; വരും ദിവസങ്ങളില്‍ ചൂട് കൂടും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയില്‍ കൂടുതല്‍ ഉഷ്ണതരംഗ സാഹചര്യങ്ങളും താപനിലയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. 1901 ന് ശേഷം ഏറ്റവും ചൂടേറിയ മാസം 2025 ഫെബ്രുവരിയാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഈ മാസം ശരാശരി താപനില 22.04 ഡിഗ്രി സെല്‍ഷ്യസ് ആണ്. 20.7ഡിഗ്രി സെല്‍ഷ്യസ് ശരാശരി വരുന്ന സ്ഥാനത്താണിത്. രാജ്യത്തിന്റെ മധ്യ, തെക്കന്‍ പ്രദേശങ്ങളിലും ഫെബ്രുവരിയില്‍ ഉയര്‍ന്ന താപ നില അനുഭവപ്പെട്ടു.

ജനുവരി മുതല്‍ ഫെബ്രുവരി വരെ രാജ്യത്ത് 59 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. മധ്യ ഇന്ത്യയില്‍ 89 ശതമാനം മഴക്കുറവും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ 64 ശതമാനം മഴക്കുറവും രേഖപ്പെടുത്തി. ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളും വടക്കു കിഴക്കന്‍ ഇന്ത്യയുടെ ഒറ്റപ്പെട്ട ഭാഗങ്ങളും ഒഴികെ, ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയില്‍ കൂടുതലും കുറഞ്ഞ താപനിലയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലകള്‍, വടക്ക് ഭാഗങ്ങള്‍ തെക്കുപടിഞ്ഞാറന്‍ മേഖലകള്‍, തെക്ക് ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സാധാരണയില്‍ കൂടുതല്‍ താപനിലയും ഉഷ്ണതരംഗവും ഉണ്ടാകുമെന്ന പ്രവചനം കാര്‍ഷിക രംഗത്ത് ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ട്. പഞ്ചാബിലും ഹരിയാനയിലും ഗോതമ്പ് പോലുള്ള റാബി വിളകളുടെ വിളവെടുപ്പ് മാര്‍ച്ച് പകുതിയോടെ ആരംഭിക്കും.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയില്‍ ഗോതമ്പ് ഉല്‍പ്പാദനത്തില്‍ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വില കുതിച്ചുയരുകയാണ്. ഗോതമ്പ് ഉല്‍പ്പാദനത്തെ താപനില വര്‍ധിച്ചു നില്‍ക്കുന്നത് സാരമായി ബാധിക്കും. മാര്‍ച്ചിലെ താപ നില നിര്‍ണായകമാകുമെന്നാണ് കര്‍ണാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗോതമ്പ് ആന്റ് ബാര്‍ലി റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. ചൂടില്‍ ഇതുവരെ കുറവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഐഐഡബ്ല്യുബിആര്‍ ഡയറക്ടര്‍ ഡോ.രത്തന്‍ കുമാര്‍ സിംഗ് പറഞ്ഞു. 2025 മാര്‍ച്ചില്‍ സാധാരണ മഴ ഉണ്ടാകുമെന്നും ഐഎംഡി പ്രവചിക്കുന്നു.

താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്‍റെ മരണത്തില്‍ കൊലക്കുറ്റം ചുമത്തി പൊലീസ്

താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്‍റെ മരണത്തില്‍ കൊലക്കുറ്റം ചുമത്തി പൊലീസ്

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്‍റെ മരണത്തില്‍ കൊലക്കുറ്റം ചുമത്തി പൊലീസ്. കുറ്റാരോപിതരായ അഞ്ച് വിദ്യാർത്ഥികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് നിർദേശം നല്‍കി. ഇന്നലെ കസ്റ്റഡിയിൽ എടുത്ത അഞ്ച് പേരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടിരുന്നു. ഷഹബാസിന്‍റെ തലയ്ക്ക് അടിയേറ്റത് നഞ്ചക്ക് ഉപയോഗിച്ചാണെന്നു പൊലീസ് പറയുന്നു.

‘ഓട്ടോയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര സ്റ്റിക്കർ പതിക്കണം’, എംവിഡി പരിഷ്കാരം ഇന്ന് മുതൽ

‘ഓട്ടോയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര സ്റ്റിക്കർ പതിക്കണം’, എംവിഡി പരിഷ്കാരം ഇന്ന് മുതൽ

കൊച്ചി : ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര’ എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതൽ നിലവിൽ വന്നു. എങ്കിലും ഭൂരിപക്ഷം ഓട്ടോകളിലും സ്റ്റിക്കർ പതിപ്പിച്ചിട്ടില്ല. മീറ്റർ ഇട്ട് തന്നെയാണ് ഓട്ടോ ഓടിക്കുന്നത് എന്നും ഇത്തരത്തിൽ അടിച്ചേൽപ്പിക്കുന്ന നടപടികൾ അംഗീകരിക്കില്ലെന്നുമാണ് കൊച്ചിയിലെ ഓട്ടോക്കാരുടെ നിലപാട്. യൂണിയനുകൾ ഈ വിഷയത്തിൽ സർക്കാരുമായി വീണ്ടും ചർച്ച നടത്തും