വീണ്ടും ഇടിഞ്ഞ് സ്വര്‍ണവില, 64,000ല്‍ താഴെ; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

വീണ്ടും ഇടിഞ്ഞ് സ്വര്‍ണവില, 64,000ല്‍ താഴെ; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരം രൂപയുടെ ഇടിവ്. ചൊവ്വാഴ്ചയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഉയരം രേഖപ്പെടുത്തിയത്. പവന് 64,600 രൂപയായാണ് ഉയര്‍ന്നത്. തുടര്‍ന്നുള്ള മൂന്ന് ദിവസത്തിനിടെ ആയിരം രൂപ കുറഞ്ഞ് 63,600 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ് സ്വര്‍ണവില. ഇന്ന് 480 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 7950 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

20ന് സ്വര്‍ണവില രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ് ആണ് ചൊവ്വാഴ്ച ഭേദിച്ചത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി വില കുറഞ്ഞത്.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

450 ൽ നിന്ന് നൂറിന് താഴേക്ക്; വെളുത്തുള്ളി വില കുത്തനെ കുറഞ്ഞു

450 ൽ നിന്ന് നൂറിന് താഴേക്ക്; വെളുത്തുള്ളി വില കുത്തനെ കുറഞ്ഞു

കൊച്ചി: റെക്കോർഡിലെത്തിയ വെളുത്തുള്ളി വില താഴേക്കിറങ്ങുന്നു. നവംബറിൽ 450 രൂപ വരെ എത്തിയ വില ഇപ്പോൾ കിലോയ്ക്ക് 100 രൂപയിൽ താഴെയാണ്. മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ വെളുത്തുള്ളി വില ഗുണനിലവാര വ്യത്യാസമനുസരിച്ച് 70 മുതൽ 100 രൂപ വരെയാണ്.

കഴിഞ്ഞ മാസം 400 രൂപ വരെ ഉണ്ടായിരുന്നിടത്ത് നിന്നാണ് ഇത്രവേഗം വിലയിൽ കുറവുണ്ടായത്. മുന്തിയയിനം വെളുത്തുള്ളിക്ക് പോലും വില 120-150 രൂപയാണ്. രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഉത്പാദനം മുൻ വർഷത്തേക്കാൾ കുറഞ്ഞതാണ് വില ഉയരാൻ കാരണമായതായി വ്യാപാരികൾ പറയുന്നത്.

വിത്തിനായി ശേഖരിക്കുന്ന ഊട്ടി വെളുത്തുള്ളിക്ക്‌ വില 400 – 600 രൂപയ്ക്ക് മുകളിലെത്തിയതും കർഷകർക്ക് വെല്ലുവിളിയായിരുന്നു. എന്നാല്‍ രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ ഉൽപാദനം കൂടിയതോടെയാണ് വെളുത്തുള്ളി വിലയിടിഞ്ഞത്.

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ആശ്വാസമായി ശനിയാഴ്ച ശക്തമായ മഴ

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ആശ്വാസമായി ശനിയാഴ്ച ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാനാണ് സാധ്യത.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

സഹോദരിയുമായി പേനയ്ക്കുവേണ്ടി തർ‌ക്കം; പത്തുവയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

സഹോദരിയുമായി പേനയ്ക്കുവേണ്ടി തർ‌ക്കം; പത്തുവയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

വെള്ളനാട് പത്തുവയസ്സുകാരിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിയായ ദിൽഷിത (10)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്.

ഇളയ സഹോദരിയുമായി കളിക്കുന്നതിനിടെ വീട്ടിലെ ശുചിമുറിയില്‍ കയറി കുട്ടി വാതിൽ അടച്ചിരുന്നു. സംഭവസമയത്ത് പെൺകുട്ടിയുടെ മുത്തശ്ശൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇളയകുട്ടിയുമായി പേനയ്ക്കുവേണ്ടി തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
കുട്ടിയുടെ അമ്മ ശ്രീക്കുട്ടി അടുത്തുള്ള ക്ഷേത്രത്തില്‍ പോയിരുന്ന സമയത്താണ് സംഭവമുണ്ടായത്. അമ്മ തിരിച്ചെത്തിയപ്പോഴാണ് ഷാളില്‍ തൂങ്ങിയ നിലയില്‍ ശുചിമുറിയിൽ കുട്ടിയെ കണ്ടെത്തിയത്. ആര്യനാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം വെള്ളനാട് ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

സംസ്ഥാനത്ത്‌ 10 കേന്ദ്രങ്ങളിൽക്കൂടി കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂൾ ആരംഭിക്കുന്നു

സംസ്ഥാനത്ത്‌ 10 കേന്ദ്രങ്ങളിൽക്കൂടി കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂൾ ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 10 കേന്ദ്രങ്ങളിൽക്കൂടി കെഎസ്‌ആർടിസി ഡ്രൈവിങ്‌ സ്‌കൂൾ ആരംഭിക്കുന്നു. കാട്ടാക്കട, മാവേലിക്കര, നിലമ്പൂർ, പയ്യന്നൂർ, പൊന്നാനി, എടത്വ, പാറശാല, പാപ്പനംകോട്, പൂവാർ, നെടുമങ്ങാട് എന്നിവിടങ്ങളിലാണിവ.

നേരത്തെ ആരംഭിച്ച തിരുവനന്തപുരം ഒഴിച്ചുള്ള എട്ട്‌ സ്‌കൂളിലേക്ക്‌ കാർ, ഇരുചക്ര വാഹനങ്ങൾ എന്നിവയിലും ലൈസൻസ്‌ എടുക്കാൻ സൗകര്യം ഒരുക്കുന്നതിനായി കെഎസ്‌ആർടിസി പുതിയ വാഹനങ്ങൾ വാങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം ഫ്‌ളാഗ്‌ ഓഫ്‌ ചെയ്ത 21 ആൾട്ടോ കാറുകൾ സ്‌കൂളുകൾക്ക്‌ നൽകി. ആദ്യമായി ആരംഭിച്ച തിരുവനന്തപുരത്തെ സ്‌റ്റാഫ്‌ ട്രെയിനിങ്‌ ഇൻസ്‌റ്റിറ്റ്യൂട്ടിലാണ്‌ ഹെവി, ഫോർ വീലർ, ടു വീലർ ലൈസൻസ്‌ എടുക്കാൻ സൗകര്യമുണ്ടായിരുന്നത്‌. ഫോർ വീൽ, ഹെവി ഡ്രൈവിങ് പരിശീലനത്തിന് 9,000 രൂപ വീതമാണ്‌ നിരക്ക്‌. ഗിയർ ഉള്ളതും ഇല്ലാത്തതുമായ ഇരുചക്ര വാഹങ്ങൾക്ക് 3,500 രൂപയും. കാറും ഇരുചക്ര വാഹനവും ഒരുമിച്ചാണെകിൽ 11,000 രൂപ മതി.

പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബിൽ മാർച്ച് 10 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയിൽ കേന്ദ്രസർക്കാർ പാർലമെന്റിന്റെ മേശപ്പുറത്ത് വെച്ചേക്കും.

വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്ന ബില്ലിൽ ജെപിസിക്ക് മുന്നിൽ 44 നിർദേശങ്ങളാണ് ഉയർന്നു വന്നത്. ഇതിൽ 14 എണ്ണമാണ് ജെപിസി വോട്ടിനിട്ട് അം​ഗീകരിച്ചത്. എൻഡിഎ അം​ഗങ്ങൾ നിർദേശിച്ച മാറ്റങ്ങളാണ് അം​ഗീകരിക്കപ്പെട്ടത്. പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു ബില്‍ ജെപിസിയില്‍ അംഗീകരിച്ചത്.

സംസ്ഥാന വഖഫ് ബോർഡുകളിലേക്ക് കുറഞ്ഞത് രണ്ട് അമുസ്ലിം അംഗങ്ങളെ നിയമിക്കുക, ഒരു സ്വത്ത് വഖഫ് സ്വത്തായി നിശ്ചയിക്കാൻ യോഗ്യമാണോ എന്ന് നിർണ്ണയിക്കാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനെ അനുവദിക്കുക തുടങ്ങിയവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ. അഞ്ചുവര്‍ഷം പ്രകടിതമായി ഇസ്ലാംമതം ആചരിച്ചാലേ വഖഫിന് സ്വത്ത് നല്‍കാനാവൂ എന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്‍ 2024, ഓഗസ്റ്റ് എട്ടിനാണ് ബിജെപി അം​ഗം ജ​ഗദംബിക പാലിന്റെ അധ്യക്ഷതയിലുള്ള സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെപിസി) വിശദ പരിശോധനയ്ക്കായി വിട്ടത്. ഫെബ്രുവരി 13 നാണ് ജെപിസി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.