പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും കൊടിമരങ്ങള്‍ വേണ്ട; നിരോധിച്ച് ഹൈക്കോടതി

പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും കൊടിമരങ്ങള്‍ വേണ്ട; നിരോധിച്ച് ഹൈക്കോടതി

കൊച്ചി: പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.

കോടതി ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് തദ്ദേശസ്വയംഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കണം. തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനകം ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്. പന്തളം മന്നം ഷുഗര്‍മില്ലിന് മുന്നില്‍ സിപിഎം, ബിജെപി, ഡിവൈഎഫ്ഐ തുടങ്ങിയവ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കുന്നത് സംബന്ധിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കടല്‍മണല്‍ ഖനനം: തീരദേശ ഹര്‍ത്താല്‍ തുടരുന്നു; സ്തംഭിച്ച് ഹാര്‍ബറുകള്‍

കടല്‍മണല്‍ ഖനനം: തീരദേശ ഹര്‍ത്താല്‍ തുടരുന്നു; സ്തംഭിച്ച് ഹാര്‍ബറുകള്‍

തിരുവനന്തപുരം: കടല്‍ മണല്‍ ഖനനത്തിനെതിരായ സംസ്ഥാന വ്യാപക തീരദേശ ഹര്‍ത്താല്‍ തുടരുന്നു. പ്രധാന ഹാര്‍ബറുകളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഹര്‍ത്താലിന് എല്‍ഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധന തുറമുഖങ്ങളും മത്സ്യച്ചന്തകളും അടക്കം സ്തംഭിപ്പിച്ചാണ് പ്രതിഷേധം.

കേരള സ്റ്റേറ്റ് ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത തീരദേശ ഹര്‍ത്താല്‍ 26 ന് രാത്രി 12 മുതല്‍ 27 ന് രാത്രി 12 മണി വരെയാണ്. ഈ ദിവസം സംസ്ഥാന വ്യാപകമായി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകില്ലെന്ന് സമരസമിതി അറിയിച്ചു. ഹര്‍ത്താലിന് ലത്തീന്‍ സഭ അടക്കമുള്ള സാമുദായിക സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്.

മത്സ്യബന്ധനരംഗത്തെ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍, സീ ഫുഡ് ഏജന്റ്സ് അസോസിയേഷന്‍, ലേലത്തൊഴിലാളി സൊസൈറ്റി തുടങ്ങിയ അനുബന്ധമേഖലയിലെയും തൊഴിലാളികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കയറ്റുമതിസ്ഥാപനങ്ങളടക്കം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

പരിസ്ഥിതി പ്രത്യാഘാത പഠനമോ പബ്ലിക് ഹിയറിങ്ങോ നടത്താതെ കേരള കടലില്‍ മണല്‍ ഖനനം നടത്താനുള്ള കേന്ദ്രനീക്കത്തില്‍ പ്രതിഷേധിച്ചാണ് തീരദേശ ഹര്‍ത്താലും പണിമുടക്കും നടത്തുന്നത്. മാര്‍ച്ച് 12 ന് മത്സ്യത്തൊഴിലാളികളുടെ പാര്‍ലമെന്റ് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

കുടുംബ വഴക്ക്; ഭാര്യയെ കുത്തിയ ശേഷം ഭര്‍ത്താവ് സ്വയം കഴുത്തറുത്തു, ഗുരുതരാവസ്ഥയില്‍

കുടുംബ വഴക്ക്; ഭാര്യയെ കുത്തിയ ശേഷം ഭര്‍ത്താവ് സ്വയം കഴുത്തറുത്തു, ഗുരുതരാവസ്ഥയില്‍

കൊച്ചി: ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് കഴുത്തറത്ത് ആത്മഹത്യക്കു ശ്രമിച്ചു. മഞ്ഞുമ്മൽ പള്ളിക്കു സമീപം ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ഹാരീസാണ് ഭാര്യ ഫസീനയെ ആക്രമിച്ചത്. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

കൈയ്ക്ക് കുത്തേറ്റ ഫസീനയെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫസീനയുടെ പരിക്ക് ​ഗുരുതരമല്ല. അതേസമയം ഹാരീസ് അതീവ ​ഗുരുതരാവസ്ഥയിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഏറെ നാളായി ക്യാൻസർ രോ​ഗിയാണ് ഹാരീസ്. ചികിത്സയിലായിരുന്നതിനാൽ ജോലിക്കും പോകാൻ സാധിച്ചിരുന്നില്ല. ഫസീന ചെറിയ ജോലികൾ ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. നാട്ടുകാരുടെ സഹായവും ലഭിച്ചിരുന്നു. മഞ്ഞുമ്മലിലെ വാടക വീട്ടിൽ താമസിച്ചിരുന്ന ഇരുവരും തമ്മിൽ വഴക്കുകൾ പതിവായിരുന്നു.

മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചു തള്ളി; നിലത്തടിച്ചു വീണ് കായികാധ്യാപകൻ മരിച്ചു

മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചു തള്ളി; നിലത്തടിച്ചു വീണ് കായികാധ്യാപകൻ മരിച്ചു

തൃശൂർ: മദ്യലഹരിയിൽ പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. തൃശൂർ റീജണൽ തിയറ്ററിന് മുമ്പിൽ വെച്ചാണ് സംഭവം.

പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകനാണ് മരിച്ച അനിൽ. സംഭവത്തിൽ സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും നാടകോൽസവം കാണാൻ എത്തിയതായിരുന്നു.

മുന്‍ എംഎല്‍എ പി രാജു അന്തരിച്ചു

മുന്‍ എംഎല്‍എ പി രാജു അന്തരിച്ചു

കൊച്ചി: സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ പി രാജു അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടു തവണ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു.

1991 ലും 1996 ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും, ജനയുഗം കൊച്ചി യൂണിറ്റ് മാനേജരും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫര്‍സാനയുടെ മാലയും പണയം വെച്ചു; പകരം നല്‍കിയത് മുക്കുപണ്ടം

ഫര്‍സാനയുടെ മാലയും പണയം വെച്ചു; പകരം നല്‍കിയത് മുക്കുപണ്ടം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചാലുടന്‍ മെഡിക്കല്‍ കോളജില്‍ വച്ചുതന്നെ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. തുടര്‍ന്ന് മജിസ്‌ട്രേട്ടിനെ ആശുപത്രിയിലെത്തിച്ച് റിമാന്‍ഡ് ചെയ്ത് ആശുപത്രിയില്‍ തന്നെ തുടരും. ആശുപത്രിയില്‍ ചികിത്സയിലുള്ള അഫാന്റെ ഉമ്മയുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും.

കാമുകി ഫര്‍സാനയുടെ മാലയും അഫാന്‍ പണയം വെച്ചിരുന്നു. പകരം മുക്കുപണ്ടം നല്‍കുകയായിരുന്നു. ഈ മാല എടുത്ത് തരണമെന് ഫര്‍സാന അടുത്തിടെ ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഫാന്റെ കടബാധ്യതയുടെ ആഴം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി കുടുംബത്തിന് കടം നല്‍കിയവരുടെ വിവരം പൊലീസ് ശേഖരിക്കുകയാണ്. അഫാന്റെയും ഷമിയുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. അഫാന്റെ ഗൂഗില്‍ സേര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാന് സൈബര്‍ പൊലീസിനും കത്ത് നല്‍കിയിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുടുംബം കടക്കെണിയിലായിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസ് സ്ഥിരീകരിച്ചു. പിതാവിന്റെ വിദേശത്തെ ബാധ്യത കൂടാതെ, കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നുവെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി. 12 പേര്‍ക്ക് വന്‍ തുകകള്‍ നല്‍കാനുണ്ട്. ചിട്ടി പിടിച്ച തുകകളും തിരിച്ചടയ്ക്കാനായിട്ടില്ല.

പണം കടംവാങ്ങി തിരിച്ചും മറിച്ചും നല്‍കിയാണ് പിടിച്ചു നിന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നറിഞ്ഞതോടെ പലരും പണം നല്‍കാെതയുമായി. അര്‍ബുദരോഗബാധിതയായ അഫാന്റെ ഉമ്മ ഷെമിയുടെ ചികിത്സയ്ക്ക് പോലും പണമില്ലാത്ത അവസ്ഥയായി. ഇതേത്തുടര്‍ന്ന് കൂട്ട ആത്മഹത്യയെപ്പറ്റി പോലും ആലോചിച്ചിരുന്നു. അമ്മൂമ്മയെ കൊലപ്പെടുത്തി എടുത്തുകൊണ്ടുപോയ മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്നും നാല്‍പ്പതിനായിരം രൂപ കടം വീട്ടാനാണ് അഫാന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. അഫാന്റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.