തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം; 30 ല്‍ 17 ഇടത്ത് വിജയം

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം; 30 ല്‍ 17 ഇടത്ത് വിജയം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം. ഇടതുമുന്നണി 17 സീറ്റില്‍ വിജയിച്ചു. യുഡിഎഫിന് 12 സീറ്റ് ലഭിച്ചപ്പോള്‍ എസ്ഡിപിഐ ഒരു വാര്‍ഡില്‍ വിജയിച്ചു. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ശ്രീവരാഹം വാർഡിൽ എൽഡിഎഫ് വിജയിച്ചു. കോട്ടയം രാമപുരം പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി. ഏഴാം വാര്‍ഡില്‍ (രാമപുരം) യുഡിഎഫിന്റെ രജിത ടി ആര്‍ 235 വോട്ടിന് വിജയിച്ചു. ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

എല്‍ഡിഎഫിന്റെ പക്കല്‍ നിന്നും ആറ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം കരുകുളം കൊച്ചുപള്ളി, പത്തനംതിട്ട അയിരൂര്‍, എറണാകുളം അശമന്നൂര്‍ മേതല തെക്ക്, പായിപ്ര, കോഴിക്കോട് പുറമേരി കുഞ്ഞല്ലൂര്‍, മലപ്പുറം തിരുവാനായ എന്നിവയാണ് യുഡിഎഫ് പിടിച്ചെടുത്തത്. പായിപ്ര പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎഫും സീറ്റ് നിലയില്‍ ഒപ്പത്തിനൊപ്പമാണ്.

മലപ്പുറം കരുളായി പഞ്ചായത്ത് ചക്കിട്ടമല, ആലപ്പുഴ മുട്ടാര്‍ മിത്രക്കരി, മൂവാറ്റുപുഴ നഗരസഭ വാര്‍ഡ് 13 എന്നി വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി. അതേസമയം ഇടതുമുന്നണി രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം പൂവച്ചല്‍ പുളിക്കോട്, എറണാകുളം പൈങ്ങോട്ടൂര്‍ പനങ്കര വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. തിരുവനന്തപുരം പാങ്ങോട് പുലിപ്പാറ വാര്‍ഡ് കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്നും എസ്ഡിപിഐ പിടിച്ചെടുത്തു.

രാമപുരം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വാര്‍ഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഷൈനി, പ്രസിഡന്റ് പദത്തില്‍ ടേം പൂര്‍ത്തിയായിട്ടും രാജിക്ക് തയ്യാറായില്ല. പിന്നീട് കേരള കോണ്‍ഗ്രസ് എം ( ജോസ് കെ മാണി) പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രസിഡന്റായി തുടര്‍ന്നു. ഇതേത്തുടര്‍ന്ന് കൂറുമാറ്റത്തിന് ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇന്നലെ നടന്ന തദ്ദേശ ഉഫതെരഞ്ഞെടുപ്പിൽ 30 വാർഡുകളിലായി ആകെ 87 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. കാസർകോട് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന് കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ ഇടതു സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ശേഷിച്ച 28 വാർഡുകളിലായിരുന്നു വോട്ടെടുപ്പ് നടന്നത്.

ആവണിപുരം ശ്രീ മഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 28 മുതൽ

ആവണിപുരം ശ്രീ മഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 28 മുതൽ

ആവണിപുരം ശ്രീ മഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ദശാവതാരച്ചാർത്തും പാൽപ്പായസപൊങ്കാലയും ഫെബ്രുവരി 28 മുതൽ മാർച്ച് 8 വരെ നടക്കും.

ഉത്സവത്തിന്റെ ഒന്നാം ദിവസം വൈകുന്നേരം സാംസ്‌കാരിക സമ്മേളനം, 6 45നു ദശാവതാരച്ചാർത്ത് ആരംഭം തുടർന്ന് ഉത്സവത്തിനു തൃക്കൊടിയേറും. ആറാം ദിവസം രാവിലെ 11.30നു രുഗ്മിണീസ്വയംവരം, ഏഴാം ദിവസം രാവിലെ എട്ടിന് പാൽപ്പായസം പൊങ്കാലയും ഉണ്ടാകും. എട്ടാം ദിവസം വൈകുന്നേരം ആറിന് താലപ്പൊലിയും വിളക്കും, ഒമ്പതാം ദിവസം ആറാട്ട് എഴുന്നള്ളത്തും തൃക്കൊടിയിറക്കോടും കൂടി ഉത്സവം സമാപിക്കും. കഞ്ഞി സദ്യ, അന്നദാനം തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. 

ട്രോളി ബാഗില്‍ കഷണങ്ങളാക്കിയ മൃതദേഹം; നദിയില്‍ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ട് സ്ത്രീകള്‍ പിടിയില്‍

ട്രോളി ബാഗില്‍ കഷണങ്ങളാക്കിയ മൃതദേഹം; നദിയില്‍ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ട് സ്ത്രീകള്‍ പിടിയില്‍

കൊല്‍ക്കത്ത: ട്രോളി ബാഗില്‍ കഷണങ്ങളാക്കിയ മൃതദേഹവുമായി എത്തിയ രണ്ട് സ്ത്രീകള്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. ടോളി ബാഗിലാക്കിയ മൃതദേഹം ഹൂഗ്ലി നദിയില്‍ കുമാര്‍തുലി ഘട്ടിന് സമീപം ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.

സ്ത്രീകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി നാട്ടുകാരാണ് ഇവരെ തടഞ്ഞത്. തുടര്‍ന്ന് ട്രോളി ബാഗ് തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കഷണങ്ങളാക്കി സാരിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു.

മധ്യഗ്രാം നിവാസികളായ ഫാല്‍ഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരാണ് പിടിയിലായത്. സുമിത ഘോഷ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത് എന്ന് പൊലീസ് സ്ഥിരീകരിച്ചു. രാവിലെ മഞ്ഞ കാറിലാണ് ഇവര്‍ ബാഗില്‍ മൃതദേഹവുമായി എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് കാരണം എന്താണെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. അതിനിടെ പ്രതികളെ തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം പ്രതിഷേധിച്ചു. തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പു നല്‍കിയതോടെയാണ് ജനങ്ങള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രികളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രികളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി ലിവര്‍ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തോളം ആളുകളെ നിശബ്ദമായി ബാധിക്കുന്ന ഒരു രോഗമായി നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (എന്‍എഎഫ്എല്‍ഡി) മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് നിര്‍ണായക ഇടപെടല്‍ നടത്തുന്നത്. ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമായി തിരുവനന്തപുരം ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്ത് ഉടനീളം ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

രക്ത പരിശോധനാ ലാബുകള്‍, സ്‌കാനിംഗ് തുടങ്ങി നിലവിലുള്ള സംവിധാനങ്ങള്‍ക്ക് പുറമേ ഫാറ്റി ലിവറിന്റെ കാഠിന്യമറിയാനുള്ള ഫൈബ്രോ സ്‌കാനിംഗ് മെഷീന്‍ ഉള്‍പ്പെടെ സജ്ജമാക്കിയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. നിലവില്‍ പ്രധാന മെഡിക്കല്‍ കോളേജുകളിലും ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.

വളരെ നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ കരളിന്റെ പ്രവര്‍ത്തനം തന്നെ അപടകടത്തിലായി അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുന്ന ഒരു രോഗമാണ് ഫാറ്റി ലിവര്‍. മദ്യപാനത്തിലൂടെയോ അല്ലെങ്കില്‍ മരുന്നുകളുടെ ദുരുപയോഗം കൊണ്ടോ ഉണ്ടാകുന്ന രോഗമാണ് ഫാറ്റി ലിവര്‍ എന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ ഇവയല്ലാതെ ഉണ്ടാകുന്ന രോഗമാണ് നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍. വലിയ രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ കണ്ടെത്താനും താമസം വരുന്നു. അതിനാല്‍ ഈ രോഗത്തിന്റെ സങ്കീര്‍ണതകളായ ലിവര്‍ സിറോസിസോ കാന്‍സറോ ആയി മാറാന്‍ സാധ്യതയുണ്ട്. നേരത്തെ കണ്ടുപിടിക്കുന്നതിലൂടെയും ചികിത്സയിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും ഈ രോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കും. അതിനായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ഏറെ സഹായിക്കും.

സാധാരണയായി അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ അവസ്ഥകളിലുള്ളവരിലാണ് ഫാറ്റി ലിവര്‍ കാണപ്പെടുന്നത്. ഫാറ്റി ലിവര്‍ രോഗത്തിന് പലപ്പോഴും ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. സാധാരണ മഞ്ഞപ്പിത്തം മൂലം കണ്ണുകളിലെ മഞ്ഞ, ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന രക്തസ്രാവം, നിറവ്യത്യാസമുള്ള മൂത്രം തുടങ്ങിയ ലക്ഷണങ്ങളാണ് കാണുന്നത്. അമിതമായ ക്ഷീണം, വയര്‍ പെരുക്കം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്. പക്ഷെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ കാണാത്തതിനാല്‍ ഇത് പലപ്പോഴും അവഗണിക്കുകയാണ് ചെയ്യുന്നത്.

വളരെ ലളിതമായ ഒരു പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്ന രോഗമാണിത്. രക്തത്തിലെ എന്‍സൈമുകള്‍, ബിലിറൂബിന്‍ എന്നിവയുടെ അളവ് പരിശോധിച്ച് കരള്‍ രോഗങ്ങള്‍ കണ്ടെത്താം. എ.എല്‍.ടി., എ.എസ്.ടി, എ.എല്‍.പി., ബിലിറൂബിന്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇത് കൂടാതെ ഒരു അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് കൂടി നടത്തിയാല്‍ പെട്ടെന്ന് തന്നെ രോഗം കണ്ടുപിടിക്കാന്‍ കഴിയുന്നു. ഇതിന്റെ കാഠിന്യം അറിയുന്നതിന് ഫൈബ്രോ സ്‌കാന്‍ എന്ന പരിശോധന കൂടി നടത്തുന്നു. ഇതിലൂടെ കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും.

ഏര്‍വാടിയിലേക്ക് സിയാറത്തിന് പോയ മലപ്പുറം സ്വദേശിയും മകനും വാഹനാപകടത്തില്‍ മരിച്ചു

ഏര്‍വാടിയിലേക്ക് സിയാറത്തിന് പോയ മലപ്പുറം സ്വദേശിയും മകനും വാഹനാപകടത്തില്‍ മരിച്ചു

ഏർവാടിയിലേക്ക് സിയാറത്തിന് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് പിതാവും മകനും മരിച്ചു. തമിഴ്നാട് ഡിണ്ടിഗൽ ജില്ലയിലെ പഴനിക്കടുത്തുണ്ടായ വാഹനാപകടത്തിൽ മഞ്ചേരിക്കു സമീപം തൃക്കലങ്ങോട് കാരകുന്ന് ആനക്കോട്ടുപുറം മാളികപ്പറമ്പ് വീട്ടിൽ സ്വദഖത്തുല്ല (33), മകൻ മുഹമ്മദ് ഹാദി (മൂന്നര) എന്നിവരാണ് മരിച്ചത്. സ്വദഖത്തുല്ലയുടെ ഭാര്യ ഫാത്തിമ സുഹറ, മകൾ ഐസൽ മറിയം എന്നിവരെ ഉടുമല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ 10 മണിക്ക് നാട്ടിൽ നിന്ന് കാറിൽ പുറപ്പെട്ടതായിരുന്നു. വൈകീട്ട് നാലിന് തിരുപ്പൂർ ഉടുമല റോഡിൽ പുഷ്പത്തൂരിലാണ് അപകടം. ഇവരുടെ കാർ നിയന്ത്രണം നഷ്ടമായി റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. സ്വദഖത്തുല്ലയാണ് കാർ ഓടിച്ചിരുന്നത്. മൃതദേഹങ്ങൾ ഉടുമല ഗവ. ആശുപത്രിയിൽ. പിതാവ്: പരേതനായ അബ്ദുൽ കരീം. മാതാവ്: റംലത്ത്. സഹോദരങ്ങൾ: ഹിദായത്തുല്ല, കിഫായത്തുല്ല, ഇനായത്തുല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം മാളികപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

പാതിവില തട്ടിപ്പ്: ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കും

പാതിവില തട്ടിപ്പ്: ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കും

കൊച്ചി: പാതിവില തട്ടിപ്പു കേസില്‍ റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കും. രാമചന്ദ്രന്‍നായര്‍ക്കെതിരെ നിലവില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ പാലിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതാണെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

പെരിന്തല്‍മണ്ണ പൊലീസാണ് ജസ്റ്റിസ് രാമചന്ദ്രന്‍നായരെ പ്രതിയാക്കി കേസെടുത്തത്. ഇതിനെതിരെ ഒരു കൂട്ടം അഭിഭാഷകരാണ് പൊലീസ് നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസെടുത്തതെന്ന് അഭഭാഷകര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പൊലീസിനോടും സര്‍ക്കാരിനോടും റിപ്പോര്‍ട്ട് തേടി. ഇതേത്തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മുദ്ര വെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്, ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. ഒരാള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് ബോധ്യമായാല്‍ ഒഴിവാക്കാനുള്ള പ്രൊവിഷന്‍ ഉണ്ടെന്നും ഡിജിപി അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാഹചര്യം ഒരുക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു. നേരത്തെ ഹര്‍ജി പരിഗണിക്കവെ, മനസ്സര്‍പ്പിച്ചാണോ പൊലീസ് കേസെടുത്തതെന്നും, ഒരാള്‍ പ്രതിയല്ലെന്ന് പിന്നീട് തെളിഞ്ഞാല്‍ എന്തു ചെയ്യുമെന്നും ഹൈക്കോടതി പൊലീസിനോട് ചോദിച്ചിരുന്നു. പൊലീസിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ഹര്‍ജി തീര്‍പ്പാക്കി. ഭാവിയില്‍ അന്വേഷണം പോലും നടത്താതെ പ്രതി ചേര്‍ക്കുന്ന നടപടികള്‍ ഒഴിവാക്കേണ്ടതാണെന്നും കോടതി നിര്‍ദേശിച്ചു.