by Midhun HP News | Feb 18, 2025 | Latest News, ജില്ലാ വാർത്ത
എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിന് ഇന്നു തുടക്കമാകും. സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ പേരിൽ സജ്ജീകരിച്ച സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ട് ആറിനു സംഘാടക സമിതി ചെയർമാൻ എം.വിജയകുമാർ പതാക ഉയർത്തും. വിദ്യാർഥി റാലിക്കു ശേഷം നാളെ 11നു പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ അധ്യക്ഷയാകും.
ഇടുക്കി എൻജിനീയറിങ് കോളജിൽ കൊല്ലപ്പെട്ട ധീരജിന്റെ പേരിൽ സജ്ജീകരിച്ച എകെജി ഹാളിൽ പ്രതിനിധി സമ്മേളനം ഇന്ത്യയിലെ ക്യൂബൻ സ്ഥാനപതി ജുവാൻ കാർലോസ് മാർസൻ അഗ്യുലേര ഉദ്ഘാടനം ചെയ്യും. ക്യൂബൻ മിഷൻ ഉപമേധാവി ആബെൽ അബല്ലെ ഡെസ്പൈ മുഖ്യാതിഥിയാകും. 503 പ്രതിനിധികളും 71 സംസ്ഥാന സമിതിയംഗങ്ങളും പങ്കെടുക്കും.
by Midhun HP News | Feb 18, 2025 | Latest News, ജില്ലാ വാർത്ത
ജനറൽ ആശുപത്രിയിൽ ഒപി ടിക്കറ്റ് കൗണ്ടറിൽ സോഫ്റ്റ്‌വെയർ തകരാർ രോഗികൾ വലയുന്നു. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും ദിവസേന നൂറുകണക്കിന് പേർ എത്തുന്ന ആശുപത്രിയുടെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നു. പുതിയ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പദ്ധതികൾ പൂർത്തിയാകുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ആശുപത്രിയിൽ ക്യൂ നിന്ന് കൗണ്ടറിന് മുന്നിൽ എത്തി പേര് വിവരങ്ങൾ കൈമാറണം. ഇത് കംപ്യൂട്ടറിൽ രേഖപ്പെടുത്തിയാണ് ടിക്കറ്റ് നൽകുന്നത്. കംപ്യൂട്ടറിൽ വിവരം രേഖപ്പെടുത്തുമ്പോൾ സോഫ്റ്റ്‌വെയർ പ്രവർത്തനമില്ലാതെ വരുന്നതാണ് പ്രശ്നം. ഇതിനൊപ്പം വളരെ പഴയ കംപ്യൂട്ടറുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇവയിൽ പലതിലും സോഫ്റ്റ് വെയർ ക്യത്യമായി പ്രവർത്തിക്കാത്ത സ്ഥിതിയുമുണ്ട്.
by Midhun HP News | Feb 18, 2025 | Latest News, ജില്ലാ വാർത്ത
വേതനവർധനയടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല സമരം നടത്തുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ, സംസ്ഥാന ഭാരവാഹികളായ 5 നേതാക്കൾക്ക് നോട്ടിസ് അയച്ച് പൊലീസ്. സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ.ബിന്ദു, ജില്ലാപ്രസിഡന്റ് എസ്.മിനി, കെ.പി.റോസമ്മ, ഷൈല കെ.ജോൺ എന്നിവർക്കാണ് പൊലീസ് നോട്ടിസ് നൽകിയത്.
14നു നടത്തിയ സമരവുമായി ബന്ധപ്പെട്ട് അഞ്ചു നേതാക്കൾക്കും നൂറ്റി അൻപതോളം പ്രവർത്തകർക്കും എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യൽ, നിയമവിരുദ്ധമായ സംഘംചേരൽ, പൊതുവഴി തടസ്സപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വസ്തുത കണ്ടെത്തുന്നതിനും സ്റ്റേഷനിൽ നേരിട്ട് ഹാജരാകണമെന്ന് നോട്ടിസിൽ പറയുന്നു.
by Midhun HP News | Feb 18, 2025 | Latest News, കേരളം
തൃശൂര്‍: വടക്കാഞ്ചേരി മച്ചാടിന്റെ തട്ടകദേശങ്ങള്‍ മാമാങ്കത്തിന്റെ ആവേശത്തിമിര്‍പ്പില്‍. മംഗലം, പാര്‍ളിക്കാട്, കരുമത്ര, വിരുപ്പാക്ക, മണലിത്തറ ദേശങ്ങള്‍ പൊയ്ക്കുതിരകളെ തോളിലേറ്റി മാമാങ്കസന്നിധിയായ മച്ചാട് തിരുവാണിക്കാവിലേക്ക് നീങ്ങുന്ന കാഴ്ച ദേശക്കാര്‍ക്ക് ആവേശക്കാഴ്ചയായി.
കൊയ്ത്തുകഴിഞ്ഞ് പരന്നുകിടക്കുന്ന പാടങ്ങളിലൂടെ ദേശക്കാര്‍ പൊയ്ക്കുതിരകളുമായാണ് ദേവീ സന്നിധി ലക്ഷ്യമാക്കി ഓടിയെത്തിയത്. ഊഴമനുസരിച്ച് ഇത്തവണ മാമാങ്കത്തിന്റെ നേതൃത്വം പുന്നംപറമ്പ് ദേശത്തിനാണ്. ക്ഷേത്രം വക കുതിരകളുമായി കാവുകയറുന്ന സ്ഥലത്തെത്തി ദേശക്കുതിരകളെ അവര്‍ കാവിലേയ്ക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു.
പെരുവനം കുട്ടന്‍ മാരാരുടെ പ്രാമാണ്യത്തില്‍ നൂറിലധികം കലാകാരന്മാര്‍ അണിനിരന്ന പാണ്ടിമേളം കൊട്ടിക്കലാശിച്ചതോടെ മാമാങ്കത്തിന്റെ ആകര്‍ഷണമായ കുതിരകളി അരങ്ങേറി. പൊയ്ക്കുതിരകളെ മുകളിലേക്കെറിഞ്ഞ് പന്തലില്‍ തൊടുവിക്കുന്ന ചടങ്ങ് ദേശക്കാര്‍ക്ക് ആവേശമായി.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടിന് എഴുന്നള്ളിപ്പ്, ചോറ്റാനിക്കര വിജയന്‍മാരാരുടെ പ്രാമാണ്യത്തില്‍ പഞ്ചവാദ്യം, രാവിലെ ഏഴിന് കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രാമാണ്യത്തില്‍ പാണ്ടിമേളം, തുടര്‍ന്ന് കുതിരകളി എന്നിവയാണ് മറ്റു ചടങ്ങുകള്‍.
by Midhun HP News | Feb 18, 2025 | Latest News, ദേശീയ വാർത്ത
ദുബായ്: ദുബായില്‍ ആഡംബര നൗക ഉടമകള്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ). മലയാളികള്‍ അടക്കം ഒട്ടേറെ പേര്‍ക്ക് ഗുണമാകുന്നതാണ് പുതിയ പ്രഖ്യാപനം.
ദുബായില്‍ ദീര്‍ഘകാലം താമസിക്കാന്‍ കഴിയുന്ന ഗോള്‍ഡന്‍ വിസ സംബന്ധിച്ച് ദുബായ് ഇന്റര്‍നാഷണല്‍ ബോട്ട് ഷോ 2025 നോടനുബന്ധിച്ച് വിശദമായി അറിയാന്‍ കഴിയും. ഫെബ്രുവരി 19 മുതല്‍ ഫെബ്രുവരി 23 വരെയാണ് ദുബായ് ഇന്റര്‍നാഷണല്‍ ബോട്ട് ഷോ. മറ്റു വിസകളില്‍നിന്ന് വ്യത്യസ്തമായി ഒരാളെ ആറ് മാസത്തിലേറെ രാജ്യത്തിന് പുറത്ത് തുടരാന്‍ അനുവദിക്കുന്നതാണ് 10 വര്‍ഷം നീണ്ടുനില്‍ക്കുന്ന പുതുക്കല്‍ കാലയളവുള്ള യുഎഇ ഗോള്‍ഡന്‍ വിസ. നിക്ഷേപകര്‍, കലാകാരന്മാര്‍, പ്രതിഭകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി വരുന്നത്.
by Midhun HP News | Feb 18, 2025 | Latest News, കായികം
രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം മികച്ച നിലയിൽ. മുഹമ്മദ് അസ്ഹറുദ്ധീൻ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ കേരളം അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 315 റൺസ് എന്ന നിലയിലാണ്. 173 പന്തിൽ 13 ഫോറുകളടക്കമാണ് അസ്ഹറുദ്ധീൻ സെഞ്ച്വറി നേടിയത്. അസ്ഹറുദ്ധീനൊപ്പം സൽമാൻ നിസാർ 35 റൺസുമായി ക്രീസിലുണ്ട്.
രണ്ടാം ദിനത്തിലെ രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ സച്ചിൻ ബേബിയെ കേരളത്തിന് നഷ്ടമായിരുന്നു. ഒന്നാം ദിനത്തിലെ സ്കോറായ 206 റൺസിലേക്ക് സ്കോർ ചേർക്കുന്നതിന് മുമ്പായിരുന്നു വിക്കറ്റ് വീണത്. 69 റൺസാണ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി നേടിയത്. 195 പന്തിൽ എട്ടുഫോറുകൾ നേടി.
ആദ്യ ദിനത്തിൽ ഭേദപ്പെട്ട റൺസ് സ്കോർ ചെയ്യാൻ കഴിഞ്ഞുവെന്നത് പോസിറ്റീവാണ്. ഇന്നലെ അക്ഷയ് ചന്ദ്രന്‍, രോഹൻ കുന്നുമ്മൽ, ജലജ് സക്‌സേന എന്നിവരും 30 റൺസ് വീതം നേടിയിരുന്നു. ഈ മൂന്നുപേരും പുറത്തായി. 10 റണ്‍സെടുത്ത വരുണ്‍ നായനാരുടെ വിക്കറ്റും കേരളത്തിന് നഷ്ടമായി. രണ്ടാം ദിനത്തിൽ റൺ റേറ്റ് ഉയർത്തി സ്കോർ എളുപ്പത്തിൽ 400 കടത്തുകയാവും കേരളത്തിന്റെ ലക്ഷ്യം.
നേരത്തെ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജമ്മു കശ്മീരിനെതിരെ ക്വാര്‍ട്ടര്‍ മത്സരം കളിച്ച ടീമില്‍ കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്. ബാറ്റര്‍ ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാര്‍ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും കേരളത്തിനായി ഇറങ്ങി.
Recent Comments