രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കിഴുവിലം രണ്ടാം വാർഡ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കടയറ ജയചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി റഹീം റഹീം, യൂത്ത് കോൺഗ്രസ് കിഴുവിലം മണ്ഡലം മുൻ പ്രസിഡന്റ് ഷമീർ, വിഎസ് ശ്യാംകുമാർ, നൗഷാദ്, കിഴുവിലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അരുൺ രണ്ടാം വാർഡ് കോൺഗ്രസ് പ്രസിഡന്റ് രാജീവ് ആർ ശേഖർ, സെക്രട്ടറി അൽ അമീൻ, കബീർ, അനന്തകൃഷ്ണൻ നായർ, സുകുമാരപിള്ള, രാമചന്ദ്രൻ നായർ, സുധീർ, തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് സുജിൻ, നേതാക്കളായ അർജുൻ, ആർച്ച, ദിനി മോൾ, സൂര്യ, അഖില, ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.

കേരളത്തെ ഞെട്ടിച്ച ‘ഇന്ത്യന്‍ മണി ഹെയ്സ്റ്റ്’; കൊള്ളയടിച്ചത് 8 കോടിയും 80 കിലോ സ്വര്‍ണവും

കേരളത്തെ ഞെട്ടിച്ച ‘ഇന്ത്യന്‍ മണി ഹെയ്സ്റ്റ്’; കൊള്ളയടിച്ചത് 8 കോടിയും 80 കിലോ സ്വര്‍ണവും

രണ്ടര മിനിറ്റ്, മുഖം മറച്ച റെയ്ഡര്‍ ജാക്കറ്റ് അണിഞ്ഞെത്തിയ കവര്‍ച്ചക്കാരന്‍, ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി കവര്‍ന്നത് 15 ലക്ഷം രൂപ. കേരളത്തെ ഞെട്ടിച്ച ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നടന്ന കവര്‍ച്ചയില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം. കൃത്യമായ ആസൂത്രണത്തോടെ ചെയ്ത കവര്‍ച്ച എന്ന നിലയിലാണ് സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയെ തേടി കേരള പൊലീസ് നാടും നഗരവും തിരയുമ്പോള്‍ വീണ്ടും ചര്‍ച്ചയില്‍ വരികയാണ് ഇന്ത്യയെ തന്നെ ഞെട്ടിച്ച ചേലേമ്പ്ര ബാങ്ക് കവര്‍ച്ച.

2007 ഡിസംബര്‍ 30 രാത്രിയായിരുന്നു, മലപ്പുറം കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ ചേലേമ്പ്രയിലെ സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ വന്‍ കവര്‍ച്ച നടന്നത്. ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്കിന് താഴെ ഹോട്ടല്‍ തുടങ്ങാനെന്ന പേരില്‍ വാടകയ്ക്ക് എടുത്തായിരുന്നു കവര്‍ച്ച നടത്തിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ കോണ്‍ക്രീറ്റ് തുരന്ന് ബാങ്കിന്റെ ലോക്കര്‍ റൂമിലേക്ക് കയറിയായിരുന്നു മോഷണം.

സൂപ്പര്‍ ഹിറ്റ് ബോളിവുഡ് സിനിമ ധൂമിനെ അനുസ്മരിപ്പിച്ച കവര്‍ച്ച പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് കവര്‍ച്ചയായി അടയാളപ്പെടുത്തപ്പെട്ടു. എട്ട് കോടി രൂപയും 80 കിലോ സ്വര്‍ണവുമായിരുന്നു അന്ന് നഷ്ടപ്പെട്ടത്. രണ്ട് മാസത്തോളം നീണ്ട സങ്കീര്‍ണമായ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടിയപ്പോള്‍ രാജ്യം കണ്ടത് കേരള പൊലിസിന്റെ അന്വേഷണ മികവ് കൂടിയായിരുന്നു.

ജോസഫ് എന്ന ബാബും ഒരു സ്ത്രീയുള്‍പ്പെടെ മൂന്നംഗ സംഘവുമായിരുന്നു കവര്‍ച്ചയ്ക്ക് പിന്നില്‍. പ്രാദേശിക കവര്‍ച്ച സംഘങ്ങള്‍ മുതല്‍ മാവോയിസ്റ്റുകളെ വരെ അന്ന് അന്വേഷണത്തിന്റെ പരിധിയില്‍ വന്നിരുന്നു. ബാങ്കിനുള്ളില്‍ എഴുതിവച്ച ‘ജയ് മാവോ’ എന്ന വാചകമായിരുന്നു ഇതിന് കാരണം. ഹൈദരാബാദിലെ ഹോട്ടലില്‍ മോഷ്ടിച്ച സ്വര്‍ണത്തിന്റെ ഒരു പങ്ക് ഉപേക്ഷിച്ചും കവര്‍ച്ചാ സംഘം ഈ വാദത്തിന് ശക്തി പകരാന്‍ ശ്രമിച്ചിരുന്നു. അന്വേഷണത്തെ വഴി തെറ്റിക്കാനുള്ള ശ്രമങ്ങളായിരുന്നു ഇതെന്ന് പിന്നീട് തെളിഞ്ഞു.

25 ലക്ഷം ഫോണ്‍ കോളുകളാണ് അന്ന് കേസ് അന്വേഷിച്ച മലപ്പുറം എസ് പി ആയിരുന്ന പി വിജയന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. അതില്‍ നിന്നും കെട്ടിടം വാടകയ്ക്ക് എടുക്കാന്‍ വേണ്ടി ഉടമയ്ക്ക് നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എന്നാല്‍ ഉടമയെ വിളിക്കാന്‍ വേണ്ടി മാത്രമായിരുന്നു ഈ നമ്പര്‍ ഉപയോഗിച്ചത്. ഇയാളുടെ പക്കല്‍ മറ്റൊരു ഫോണ്‍ ഉണ്ടായിരുന്നു എന്ന ഉടമയുടെ മൊഴിയാണ് ഫോണ്‍ കോളുകള്‍ പരിശോധിക്കാന്‍ വഴിതുറന്നത്. ഒടുവില്‍ കണ്ടെത്തിയ രണ്ടാമത്തെ നമ്പറില്‍ നിന്നാണ് ബാബു എന്ന മോഷ്ടാവ് കോട്ടയം സ്വദേശി ജോസഫ് ആണെന്ന് തിരിച്ചറിയുന്നത്.

ഇതിനിടെ ജോസഫിനെ തിരിച്ചറിയാന്‍ കഴിയുന്ന ഒരു വ്യക്തിയെയും ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. ഇതേ ഫോണ്‍ നമ്പര്‍ നല്‍കി ഒരു ഹോസ്പിറ്റലില്‍ എടുത്ത അപ്പോയിന്‍മെന്റ് ദിവസമാണ് പോലീസ് ജോസഫിനെ പിടികൂടുന്നത്. അപ്പോഴേക്കും മോഷണം നടന്ന 56 ദിവസങ്ങള്‍ പിന്നിട്ടിരുന്നു. ബാബു എന്ന ജോസഫിന് പുറമെ ഷിബു രാധാകൃഷന്‍, എന്നിവരും ജോസഫിന്റെ ഭാര്യ കനകേശ്വരിയുമായിരുന്നു കേസിലെ പ്രതികള്‍. ആദ്യമൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവും കനകേശ്വരി 5 വര്‍ഷം തടവുമായിരുന്നു കോടതി വിധിച്ചത്. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെയും പണത്തിന്റെയും എണ്‍പത് ശതമാനവും കണ്ടെത്താനും പൊലീസിന് കഴിഞ്ഞു.

ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചേലേമ്പ്ര ബാങ്ക് കവര്‍ച്ച പിന്നീട് പല സിനിമകള്‍ക്കും പുസ്തകങ്ങള്‍ക്കും വിഷയമായിമാറി. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്രൈം ഷോയായ ക്രൈം പട്രോളിന്റെ നിര്‍മ്മാതാവും എഴുത്തുകാരനുമായി അനിര്‍ബന്‍ ഭട്ടാചാര്യ എഴുതിയ പുസ്തകത്തില്‍ ഇന്ത്യയിലെ മണി ഹെയ്സ്റ്റ് എന്നാണ് ചേലേബ്ര ബാങ്ക് കവര്‍ച്ചയെ വിശേഷിപ്പിച്ചത്.

ചേന്ദമം​ഗലം കൂട്ടക്കൊല: ഋതുവിന് മാനസിക വിഭ്രാന്തിയില്ല; കുറ്റപത്രം ഇന്ന് സമർപ്പിക്കും

ചേന്ദമം​ഗലം കൂട്ടക്കൊല: ഋതുവിന് മാനസിക വിഭ്രാന്തിയില്ല; കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊച്ചി: പറവൂർ ചേന്ദമം​ഗലം കൂട്ടക്കൊലക്കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഋതുവിന് മാനസിക വിഭ്രാന്തിയില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ആക്രമണം നടക്കുന്ന സമയത്ത് ഋതു ലഹരി ഉപയോഗിച്ചിട്ടില്ലെന്ന സൂചനയും കുറ്റപത്രത്തിലുണ്ട്. നൂറിലധികം സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം ഒരു മാസത്തിനകം തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു ഋതു (27) എന്ന യുവാവ് അയല്‍വീട്ടില്‍ അതിക്രമിച്ചു കയറി മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരെയാണ് പ്രതി തലയ്ക്കടിച്ച് കൊന്നത്. പരിക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ക്രൂരകൃത്യത്തിന് ശേഷം പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് ഋതു ജയൻ. 2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലുമാണ്. തന്നെയും വീട്ടുകാരേയും കളിയാക്കിയതിനെ തുടർന്നാണ് താൻ ആക്രമണത്തിനു മുതിർന്നത് എന്നാണ് പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്.

സെക്രട്ടേറിയറ്റിനു മുന്നിലെ ആശാവർക്കർമാരുടെ സമരം ആറാം ദിവസത്തിലേക്ക്

സെക്രട്ടേറിയറ്റിനു മുന്നിലെ ആശാവർക്കർമാരുടെ സമരം ആറാം ദിവസത്തിലേക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ ആശാവർക്കർമാരുടെ സമരം ആറാം ദിവസത്തിലേക്ക്. ശനിയാഴ്ച പ്രതിഷേധകുടുംബ സംഗമം നടത്തും. അഞ്ചാം ദിവസത്തിൽ ആലപ്പുഴയിൽ നിന്നെത്തിയ ഡോ. ഗോദകുമാർ ആശാവർക്കർമാർക്ക് സൗജന്യ ചികിത്സയും മരുന്നും നൽകി.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ആശാ വർക്കർമാർക്ക് സൗജന്യ ചികിത്സ നൽകിയത്. കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധ സംഗമത്തിന് ആഹ്വാനം ചെയ്തതെന്നും അവർ പറഞ്ഞു. അതിനിടെ, ആശാവർക്കർമാർക്ക് കൃത്യമായി ഓണറേറിയവും ഇൻസെന്റീവും നൽകാത്തത് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരാണെന്ന സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിന്റെ പ്രസ്താവന പിൻവലിക്കണമെന്നും സമരക്കാരെ അവഹേളിക്കുന്നതിനാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും അവർ കുറ്റപ്പെടുത്തി.

ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവരുന്ന സമരത്തിനെത്തിയവരുടെ ആരോഗ്യനില പരിശോധിക്കുന്ന ആലപ്പുഴയിൽ നിന്നെത്തിയ ഡോ. ഗോദകുമാർ. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തിയ ഡോക്ടർ മരുന്നുൾപ്പെടെ സൗജന്യ ചികിത്സയാണ് ആശാ പ്രവർത്തകർക്ക് നൽകുന്നത്

സിക്‌സര്‍ തൂക്കി റിച്ചയുടെ ഫിനിഷിങ്, ധോനിയുടെ തനി പകര്‍പ്പ്!

സിക്‌സര്‍ തൂക്കി റിച്ചയുടെ ഫിനിഷിങ്, ധോനിയുടെ തനി പകര്‍പ്പ്!

വഡോദര: എംഎസ് ധോനിയുടെ ഫിനിഷിങ് പവര്‍ പ്രസിദ്ധമാണ്. ഇന്ത്യയേയും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനേയും ധോനി അസാധ്യമായ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. വനിതാ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തിനു പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം റിച്ച ഘോഷിനെ ധോനിയോട് ഉപമിക്കുകയാണ് ആരാധകര്‍.

ഗുജറാത്ത് ജയന്റ്‌സിനെതിരായ ഉദ്ഘാടന പോരാട്ടത്തില്‍ 202 റണ്‍സ് വിജയ ലക്ഷ്യം അനായാസം ആര്‍സിബി മറികടന്നത് റിച്ചയുടെ വെടിക്കെട്ട് ബാറ്റിങിന്റെ ബലത്തിലാണ്. വനിതാ പ്രീമിയര്‍ ലീഗിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചെയ്‌സ് വിജയമായും പോരാട്ടം മാറി. മത്സരത്തില്‍ 27 പന്തുകള്‍ നേരിട്ട് 64 റണ്‍സെടുത്ത് പുറത്താകാതെ നിന്നാണ് റിച്ച ആര്‍സിബിയെ വിജയത്തിലെത്തിച്ചത്. സിക്‌സടിച്ചാണ് താരം ടീമിന്റെ ജയം ഉറപ്പിച്ചത്. റിച്ച 7 ഫോറും 4 സിക്‌സും പറത്തി.

പിന്നാലെയാണ് റിച്ചയെ ധോനിയോട് ഉപമിച്ച് ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിപ്പുമായി എത്തിയത്. ആര്‍സിബിയ്ക്കു വേണ്ടി ധോനിയെ പോലെ റിച്ചയുടെ പ്രകടനം. ധോനിയുടെ തനിപ്പകര്‍പ്പാണ് റിച്ച ഘോഷ്. ധോനിയേക്കാള്‍ മികച്ച ഫിനിഷറാണ് റിച്ച ഘോഷ്… തുടങ്ങി ആരാധകര്‍ നിരവധി വിശേഷങ്ങളാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് നല്‍കുന്നത്.

നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: സമാധി വിവാദത്തില്‍പ്പെട്ട നെയ്യാറ്റിന്‍കര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മൂക്ക്, തല, മുഖം എന്നിവിടങ്ങളില്‍ ചതവുകളുണ്ടെങ്കിലും അത് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതര രോഗങ്ങള്‍ ബാധിച്ച് കരള്‍, വൃക്ക എന്നിവ തകരാറിലായിരുന്നു. രാസപരിശോധനാഫലം ലഭിച്ചശേഷം മാത്രം മരണകാരണം കണ്ടെത്താനകൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോപന്റെ ഹൃദയ വാല്‍വില്‍ 2 ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ചു കാലുകളില്‍ മുറിവുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. വായിലും ശ്വാസകോശത്തിലും ഭസ്മത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും അത് മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മക്കള്‍ സമാധിയിരുത്തി വിവാദമായതോടെയാണ് ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ കല്ലറ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊലീസ് തുറന്നു മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം. അടുത്ത ദിവസം പുതിയ കല്ലറയില്‍ സന്യാസിമാരുടെ സാന്നിധ്യത്തില്‍ ഗോപനെ സംസ്‌കരിക്കുകയും ചെയ്തു. ഈമാസം 10ന് ഗോപന്‍ സമാധിയായെന്നു മക്കള്‍ പോസ്റ്ററുകള്‍ പതിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.