പാവക്കുട്ടിയെ തിരഞ്ഞിറങ്ങി; സംസാര ശേഷിയില്ലാത്ത കുട്ടി കിണറ്റിൽ വീണ് മരിച്ചു

പാവക്കുട്ടിയെ തിരഞ്ഞിറങ്ങി; സംസാര ശേഷിയില്ലാത്ത കുട്ടി കിണറ്റിൽ വീണ് മരിച്ചു

തിരുവനന്തപുരം: നേമം കുളക്കുടിയൂർക്കോണത്ത് വീട്ടുമുറ്റത്തെ മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. സുമേഷ് – ആര്യ ദമ്പതിമാരുടെ മകൻ ധ്രുവൻ ആണ് മരിച്ചത്. പാവക്കുട്ടിയെ തിരയുന്നതിനിടെ കുട്ടി കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നി​ഗമനം. കുട്ടിക്കു സംസാരശേഷിയില്ലാത്തതിനാൽ കിണറ്റിൽ വീണത് ആരും അറിഞ്ഞില്ല.

മകനെ കാണാത്തതിനെത്തുടർന്ന് അമ്മ ആര്യ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് നഴ്‌സറി വിട്ടുവന്ന ശേഷം വീട്ടുമുറ്റത്ത് രണ്ടു വയസുള്ള സഹോദരി ധ്രുവികയോടൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ധ്രുവൻ. പെയിന്റിങ് തൊഴിലാളിയായ അച്ഛൻ സുമേഷ് ജോലിക്കു പോയിരിക്കുകയായിരുന്നു.

തുണി അലക്കിയതിന് ശേഷം അമ്മ ആര്യ വന്നു നോക്കിയപ്പോഴാണ് ധ്രുവനെ കാണാനില്ലെന്ന് മനസിലായത്. തിരച്ചിലിൽ കിണറിനു സമീപത്ത് കസേര കണ്ടതിനെ തുടർന്നാണ് കിണറ്റിൽ പരിശോധിച്ചത്. കുട്ടി കസേരയിൽ കയറിനിന്ന് കൈവരിക്കു മുകളിലൂടെ എത്തി നോക്കിയതാകാമെന്നാണ് സംശയിക്കുന്നത്. ഏകദേശം ഒരുമണിക്കൂറോളം കുഞ്ഞ് കിണറ്റിൽ കിടന്നു.

അഗ്നിരക്ഷാസേനയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ധ്രുവൻ വീടിനു സമീപത്തുള്ള സൈനിക് ഡേ പ്രീ പ്രൈമറി സ്‌കൂളിലാണ് പഠിക്കുന്നത്. ഒരാഴ്ച മുൻപ്‌ ധ്രുവൻ തന്റെ പാവക്കുട്ടിയെ കിണറ്റിലെറിഞ്ഞിരുന്നു. അതെടുക്കാനായിരിക്കാം കുഞ്ഞ് കസേര വലിച്ചിട്ട് കിണറിലെത്തി നോക്കിയതെന്നു സംശയിക്കുന്നു. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ ഈ പാവക്കുട്ടിയും കിട്ടി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ; സ്വര്‍ണവിലയില്‍ നാലുദിവസത്തിനിടെ 1360 രൂപയുടെ ഇടിവ്

ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ; സ്വര്‍ണവിലയില്‍ നാലുദിവസത്തിനിടെ 1360 രൂപയുടെ ഇടിവ്

കൊച്ചി: വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് വലിയ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 800 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,120 രൂപയായി. ആനുപാതികമായി ഗ്രാമിന്റെ വിലയും കുറഞ്ഞു. 100 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 7890 രൂപയായി. നാലുദിവസത്തിനിടെ 1360 രൂപയാണ് കുറഞ്ഞത്.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.

ഡിസംബര്‍ പാദത്തില്‍ ബിഎസ്എന്‍എല്ലിന് 262 കോടിയുടെ ലാഭം

ഡിസംബര്‍ പാദത്തില്‍ ബിഎസ്എന്‍എല്ലിന് 262 കോടിയുടെ ലാഭം

ന്യൂഡല്‍ഹി: ഡിസംബര്‍ പാദത്തില്‍, പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ അറ്റാദായം നേടി. 17 വര്‍ഷത്തിനുശേഷം ആദ്യമായാണ് കമ്പനി ലാഭം നേടുന്നത്. ഡിസംബര്‍ പാദത്തില്‍ 262 കോടിയാണ് കമ്പനിയുടെ ലാഭം. ഇത് ലാഭത്തിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തുന്നുവെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സേവന ഓഫറുകളുടെയും വരിക്കാരുടെ അടിത്തറയുടെയും വിപുലീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ബിഎസ്എന്‍എല്ലിന് ഇത് ഒരു സുപ്രധാന വഴിത്തിരിവ് ആണെന്നും അദ്ദേഹം പറഞ്ഞു.

മൊബിലിറ്റി, എഫ്ടിടിഎച്ച്, ലീസ്ഡ് ലൈന്‍ സര്‍വീസ് ഓഫറിങ് എന്നിവയില്‍ 14-18 ശതമാനം വളര്‍ച്ചയാണ് ബിഎസ്എന്‍എല്‍ കൈവരിച്ചത്. ജൂണിലെ 8.4 കോടിയില്‍ നിന്ന് ഡിസംബറില്‍ വരിക്കാരുടെ അടിത്തറയും ഉയര്‍ന്നു. ഏകദേശം ഒന്‍പത് കോടിയായാണ് വരിക്കാരുടെ എണ്ണം ഉയര്‍ന്നതെന്നും മന്ത്രി പറഞ്ഞു.

‘ബിഎസ്എന്‍എല്ലിനും ഇന്ത്യയിലെ ടെലികോം മേഖലയുടെ യാത്രയ്ക്കും ഇന്ന് ഒരു പ്രധാന ദിവസമാണ്. 17 വര്‍ഷത്തിനിടെ ആദ്യമായി ബിഎസ്എന്‍എല്‍ ലാഭം രേഖപ്പെടുത്തി. ഇതിന് മുന്‍പ് ബിഎസ്എന്‍എല്‍ ഒരു പാദത്തില്‍ ലാഭം രേഖപ്പെടുത്തിയത് 2007 ലാണ്,’- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

മൊബിലിറ്റി സേവന വരുമാനം 15 ശതമാനം വളര്‍ച്ച നേടി. ഫൈബര്‍-ടു-ദി-ഹോം (FTTH) വരുമാനം 18 ശതമാനം വര്‍ദ്ധിച്ചു. ലീസ്ഡ് ലൈന്‍ സേവന വരുമാനം മുന്‍ വര്‍ഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് 14 ശതമാനം വര്‍ദ്ധിച്ചതായും മന്ത്രി അറിയിച്ചു. ബിഎസ്എന്‍എല്‍ അതിന്റെ സാമ്പത്തിക ചെലവും മൊത്തത്തിലുള്ള ചെലവും കുറച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നഷ്ടത്തില്‍ 1,800 കോടിയിലധികം രൂപയുടെ കുറവിന് കാരണമായി. രാജ്യത്തുടനീളമുള്ള എല്ലാ വരിക്കാര്‍ക്കും ഫോര്‍ജി സേവനം നല്‍കുന്നതില്‍ ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ പാദത്തിലെ ലാഭത്തിലേക്കുള്ള തിരിച്ചുവരവ് ബിഎസ്എന്‍എല്ലിന് ഒരു പ്രധാന വഴിത്തിരിവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് വേണ്ടത് നരേന്ദ്രമോദിയുടെ വികസനമോഡല്‍; വിജയത്തിന് കുറുക്കുവഴിയില്ല: വി.മുരളീധരൻ

കേരളത്തിന് വേണ്ടത് നരേന്ദ്രമോദിയുടെ വികസനമോഡല്‍; വിജയത്തിന് കുറുക്കുവഴിയില്ല: വി.മുരളീധരൻ

പിണറായി വിജയന്റെ ഭരണത്തിന് കീഴിൽ നാട്ടില്‍ സമ്പൂര്‍ണ അരാജകത്വമാണെന്നും രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും കലാലയങ്ങളിലെ ക്രൂരതയും നിലവാരത്തകര്‍ച്ചയും മൂലം കുട്ടികള്‍ നാടുവിടുകയാണെന്നും മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ.

പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവയ്ക്കുന്ന വികസന രാഷ്ട്രീയവും പ്രീണന വിരുദ്ധ രാഷ്ട്രീയവും ബിജെപി പ്രവർത്തകർ കേരളത്തിലെ ജനതയെ ബോധ്യപ്പെടുത്തണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വലിയ വിജയം, ക്യാപ്സൂളുകൾ വഴി വരുന്നതല്ല. വിജയത്തിന് പിന്നിൽ പ്രാദേശിക തലംമുതല്‍ നേതാക്കളുടെ കഠിനാധ്വാനമുണ്ട്. സോഷ്യൽ മീഡിയക്കപ്പുറം ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാൻ ഒരോരുത്തരും തയ്യാറകണമെന്നും വി.മുരളീധരൻ പറഞ്ഞു. ആറ്റിങ്ങലിൽ ബിജെപി തിരുവനന്തപുരം നോർത്ത് ജില്ലാപ്രസിഡന്‍റ് എസ്.ആർ.റജികുമാർ ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിയിപ്പ്

അറിയിപ്പ്

ഫെബ്രുവരി 17, 18 തീയതികളിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ വച്ച് സൗജന്യ ഗർഭാശയഗള – സ്ഥാനാർബുദ നിർണ്ണായ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.