അതിക്രൂര റാ​ഗിങിൽ 4 വിദ്യാർഥികൾ കൂടി പരാതി നൽകി; ഹോസ്റ്റൽ മുറിയിൽ മാരകായുധങ്ങൾ

അതിക്രൂര റാ​ഗിങിൽ 4 വിദ്യാർഥികൾ കൂടി പരാതി നൽകി; ഹോസ്റ്റൽ മുറിയിൽ മാരകായുധങ്ങൾ

കോട്ടയം: സർക്കാർ നഴ്സിങ് കോളജിലെ റാ​ഗിങിൽ തെളിവ് ശേഖരണം പൂർത്തിയായി. കോളജിലും ഹോസ്റ്റലിലും പൊലീസ് പരിശോധന നടത്തി. പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്നു മാരകായുധങ്ങൾ പൊലീസ് കണ്ടെത്തി. കത്തിയും കരിങ്കൽ കഷ്ണങ്ങളും വിദ്യാർഥികളെ ഉപദ്രവിക്കാൻ ഉപയോ​ഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തിയവയിൽ ഉണ്ട്.

അതിനിടെ റാ​ഗിങിന് ഇരയായ നാല് വിദ്യാർഥികൾ കൂടി പരാതി നൽകി. ഇരയാക്കപ്പെട്ട ആറ് വിദ്യാർഥികളിൽ ഒരാൾ മാത്രമായിരുന്നു നേരത്തെ പരാതി നൽകിയത്.

സംഭവത്തിൽ പരാതിക്കാരായ മുഴുവൻ വിദ്യാർഥികളുടെയും മൊഴിയെടുത്തിട്ടുണ്ട്. പിറന്നാൾ ആഘോഷത്തിന് പണം നൽകാത്തതാണ് റാഗിങ്ങിന് കാരമായതെന്ന് ജൂനിയർ വിദ്യാർഥികൾ മൊഴി നൽകി. സംഭവത്തിന് പിന്നാലെ പുറത്ത് വന്ന ദൃശ്യങ്ങൾ ഡിസംബർ 13ന് ചിത്രീകരിച്ചതാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പരാതിക്കാരായ മുഴുവൻ വിദ്യാർഥികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.‌

മൂന്നാം വർഷ വിദ്യാർഥികളായ സാമുവൽ ജോൺ, രാഹുൽ രാജ്, റിജിൽ, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഒന്നാം വർഷ വിദ്യാർഥിയെ മൂന്നാം വർഷ വിദ്യാർഥികൾ ചേർന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കോമ്പസ് വെച്ച് ശരീരത്തിൽ കുത്തി മുറിവേൽപ്പിക്കുന്നതും അതിന് ശേഷം മുറിവിൽ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാർഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പൽ വെയ്ക്കുന്നതും വീഡിയോയിൽ കാണാം. വിദ്യാർഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവർ പ്രവർത്തികൾ തുടരുന്നതായാണ് വിഡിയോ സൂചിപ്പിക്കുന്നത്.

തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് 1.84 കോടി; 24 ദിവസം ‘വെര്‍ച്വല്‍ അറസ്റ്റ്

തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് 1.84 കോടി; 24 ദിവസം ‘വെര്‍ച്വല്‍ അറസ്റ്റ്

തിരുവനന്തപുരം: ‘വെര്‍ച്വല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി 52കാരന് 1.84 കോടി രൂപ നഷ്ടമായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസിനാണ് അന്വേഷണച്ചുമതല. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കവടിയാര്‍ സ്വദേശി പിഎന്‍ നായര്‍ക്കാണ് പണം നഷ്ടമായത്. സിബിഐ ഓഫീസര്‍ ചമഞ്ഞ് വിഡിയോ കോളില്‍ ഭീഷണിപ്പെടുത്തി 24 ദിവസത്തോളം വെര്‍ച്വല്‍ അറസ്റ്റിലാക്കിയാണ് പണം തട്ടിയത്.

ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലുള്ള ഓഫീസില്‍ നിന്നാണെന്നു പരിചയപ്പെടുത്തിവന്ന ഫോണ്‍കോളിലായിരുന്നു തട്ടിപ്പിന്റെ തുടക്കം. അശോക് ഗുപ്ത ഒന്നാം പ്രതിയായുള്ള കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയാക്കിയിട്ടുണ്ടെന്നും കോള്‍ സിബിഐ ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറുകയാണെന്നും പറഞ്ഞു. തുടര്‍ന്ന് സിബിഐ ഉദ്യോഗസ്ഥന്‍ എന്നുഭാവിച്ച് ഒരാള്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പരാതിക്കാരനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ച ശേഷം ബാങ്ക് പാസ്ബുക്കുകളും മറ്റും അയക്കാന്‍ ആവശ്യപ്പെട്ടു. പരാതിക്കാരനു ബാങ്കില്‍ സ്ഥിരനിക്ഷേപം ഉണ്ടെന്നു മനസിലാക്കിയ തട്ടിപ്പുസംഘം പണം നിയമവിധേയമാണോ എന്ന് പരിശോധിക്കണമെന്നും അല്ലെങ്കില്‍ കേസ് എടുക്കുമെന്നും പറഞ്ഞു. പ്രതിയാകുമെന്ന് ഭയന്ന് ഇവര്‍ പറഞ്ഞ പ്രകാരം പരാതിക്കാരന്‍ പണം അയച്ചുകൊടുക്കുകയായിരുന്നു. 50 ലക്ഷം രൂപ ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ് കൈമാറിയതെന്നും സൈബര്‍ ക്രൈം പൊലീസ് പറഞ്ഞു. ജനുവരി 14മുതല്‍ ഫെബ്രുവരി ഏഴുവരെയാണ് പരാതിക്കാരനെ വെര്‍ച്വല്‍ അറസ്റ്റിലാണെന്നു വിശ്വസിപ്പിച്ച് കബളിപ്പിച്ചത്.

തട്ടിപ്പിന് ഇരയായ വിവരം തിരിച്ചറിഞ്ഞ പരാതിക്കാരന്‍ വ്യാഴാഴ്ചയാണ് പരാതി നല്‍കിയത്. പണം കൈമാറിയ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും തട്ടിപ്പുകാര്‍ ബന്ധപ്പെട്ട മൊബൈല്‍ ഫോണ്‍ നമ്പറുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം.

കോഴിക്കോട് ഒരാഴ്ചത്തേക്ക് ആന എഴുന്നള്ളിപ്പ് പാടില്ല

കോഴിക്കോട് ഒരാഴ്ചത്തേക്ക് ആന എഴുന്നള്ളിപ്പ് പാടില്ല

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ആന എഴുന്നള്ളിപ്പുകള്‍ ഒരാഴ്ച്ചത്തേക്ക് നിര്‍ത്തിവെയ്ക്കാന്‍ ജില്ലാതല മോണിറ്ററിങ് കമ്മിറ്റി തീരുമാനം. കൊയിലാണ്ടിയിലെ ക്ഷേത്രോത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് കോഴിക്കോട് എഡിഎമ്മിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ തല മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിന്റെ തീരുമാനം.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നല്‍കുന്ന അനുമതി ഉത്തരവില്‍ പറയുന്ന നിബന്ധനകള്‍ പൂര്‍ണമായും പാലിക്കാതെ അശ്രദ്ധമായി എഴുന്നള്ളിപ്പ് നടത്തിയ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്‍റെ ജില്ലാ തല മോണിറ്ററിങ് കമ്മിറ്റി രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനും യോഗത്തിൽ തീരുമാനമായി. ജില്ലാ മോണിറ്ററിങ് കമ്മിറ്റി നല്‍കുന്ന അനുമതി ഉത്തരവില്‍ പറയുന്ന എല്ലാ നിബന്ധനകളും ബന്ധപ്പെട്ട ക്ഷേത്ര ഭാരവാഹികളും ഉത്സവ കമ്മിറ്റികളും നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്നും യോഗം മുന്നറിയിപ്പ് നൽകി.

ഉത്തരവില്‍ സൂചിപ്പിക്കുന്നതു പോലെ ആനകള്‍ തമ്മിലും ആനകളും ജനങ്ങളും തമ്മിലും പാലിക്കേണ്ട അകലവും കൃത്യമായി പാലിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കമ്മിറ്റികള്‍ ഉറപ്പുവരുത്തണം. ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ രജിസ്‌ട്രേഷനില്ലാത്ത ക്ഷേത്രങ്ങള്‍ യാതൊരു കാരണവശാലും ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ല. അനുമതിയില്ലാതെ എഴുന്നള്ളിക്കുന്ന ആനകളെ ഉത്സവങ്ങളില്‍ നിന്ന് വിലക്കാനും യോഗം തീരുമാനിച്ചു.

വേനല്‍ക്കാലമായതിനാലും അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നു വരുന്ന സാഹചര്യത്തിലും എഴുന്നള്ളിക്കുന്ന ആനകളുടെ ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിന് ആവശ്യമായ ജല ലഭ്യതയും തണലും ഒരുക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉത്സവ കമ്മിറ്റികള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും യോഗം നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നു പേർ മരിച്ചത്.

കരുതിയിരിക്കുക, ചുട്ടുപൊള്ളും; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

കരുതിയിരിക്കുക, ചുട്ടുപൊള്ളും; ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡി​ഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

ജാ​ഗ്രതാ നിർദ്ദേശങ്ങൾ

* പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കുടിവെള്ളം കയ്യിൽ കരുതുക.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

നഴ്സിങ് കോളജ് റാ​ഗിങ്; പ്രിൻസിപ്പലിനും അസി. പ്രൊഫസർക്കും സസ്പെൻഷൻ

നഴ്സിങ് കോളജ് റാ​ഗിങ്; പ്രിൻസിപ്പലിനും അസി. പ്രൊഫസർക്കും സസ്പെൻഷൻ

കോട്ടയം: സർക്കാർ നഴ്സിങ് കോളജ് ഹോസ്റ്റലിലെ റാ​ഗിങുമായി ബന്ധപ്പെട്ട് കോളജ് അധികൃതർക്കെതിരെ നടപടിയെടുത്ത് ആരോ​ഗ്യ വകുപ്പ്. പ്രിൻസിപ്പൽ പ്രൊഫ. സുലേഖ എടി, അസി. പ്രൊഫസർ അജീഷ് പി മാണി എന്നിവരെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.

ഹോസ്റ്റൽ വാർഡന്റെ ചുമതല വഹിച്ചത് അജീഷ് പി മാണിയായിരുന്നു. റാ​ഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹോസ്റ്റലിലെ ഹൗസ് കീപ്പർ കം സെക്യൂരിറ്റിയെ അടിയന്തരമായ നീക്കം ചെയ്യാനും നിർദ്ദേശമുണ്ട്. ആരോ​ഗ്യ മന്ത്രി വീണ ജോർജിന്റെ നിർദ്ദേശത്തെ തുടർന്നു മെഡിക്കൽ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നടത്തിയ അന്വേഷണത്തിനു പിന്നാലെയാണ് നടപടി.

സംഭവത്തിൽ പരാതിക്കാരായ മുഴുവൻ വിദ്യാർഥികളുടെയും മൊഴിയെടുത്തിട്ടുണ്ട്. പിറന്നാൾ ആഘോഷത്തിന് പണം നൽകാത്തതാണ് റാഗിങ്ങിന് കാരമായതെന്ന് ജൂനിയർ വിദ്യാർഥികൾ മൊഴി നൽകി. സംഭവത്തിന് പിന്നാലെ പുറത്ത് വന്ന ദൃശ്യങ്ങൾ ഡിസംബർ 13ന് ചിത്രീകരിച്ചതാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പരാതിക്കാരായ മുഴുവൻ വിദ്യാർഥികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.‌ കേസിൽ കൂടുതൽ പ്രതികൾ ഇല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. റാഗിങ് സംബന്ധിച്ച് നേരത്തെ പരാതികൾ ഒന്നും ലഭിച്ചിരുന്നില്ല എന്ന കോളജിന്റെ വിശദീകരണം സാധൂകരിക്കുന്നതാണ് വിദ്യാർഥികളുടെ മൊഴി. മൂന്നാം വർഷ വിദ്യാർഥികളായ സാമുവൽ ജോൺ, രാഹുൽ രാജ്, റിജിൽ, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഒന്നാം വർഷ വിദ്യാർഥിയെ മൂന്നാം വർഷ വിദ്യാർഥികൾ ചേർന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കോമ്പസ് വെച്ച് ശരീരത്തിൽ കുത്തി മുറിവേൽപ്പിക്കുന്നതും അതിന് ശേഷം മുറിവിൽ ലോഷനൊഴിച്ച് വീണ്ടും വേദനിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് പുറമെ വിദ്യാർഥിയുടെ സ്വകാര്യ ഭാഗത്ത് ഡമ്പൽ വെയ്ക്കുന്നതും വീഡിയോയിൽ കാണാം. വിദ്യാർഥി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവർ പ്രവർത്തികൾ തുടരുന്നതായാണ് വിഡിയോ സൂചിപ്പിക്കുന്നത്.

വയനാടിന് വായ്പ അനുവദിച്ച് കേന്ദ്രം; എളുപ്പമല്ലെന്ന് ധനമന്ത്രി

വയനാടിന് വായ്പ അനുവദിച്ച് കേന്ദ്രം; എളുപ്പമല്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ മൂലധന നിക്ഷേപവായ്പ അനുവദിച്ച് കേന്ദ്രം. ടൗണ്‍ഷിപ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതി. എന്നാല്‍ തുക മാര്‍ച്ച് 31നകം തുക ചെലവിടമെന്ന നിര്‍ദേശത്തോടെയാണ് സഹായം.

2024-25 സാമ്പത്തിക വര്‍ഷത്തേക്കാണ് വായ്പ അനുവദിച്ചിരിക്കുന്നതെന്നും പണം 2025 മാര്‍ച്ച് 31ന് മുന്‍പ് വിനിയോഗിക്കണമെന്നും കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നു.

കേരളം നല്‍കിയ കത്ത് പരിഗണിച്ചാണ് വായ്പ അനുവദിച്ചത്. എന്നാല്‍ പ്രഖ്യാപനം വൈകിപ്പോയെന്നും കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്ന സമപരിധിക്കുള്ളില്‍ പണം ചെലവഴിക്കുന്നത് എളുപ്പമല്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായ നഷ്ടം ഗ്രാന്റായാണ് സംസ്ഥാനം ആദ്യം ചോദിച്ചത്. ഒപ്പം വായ്പയും ചോദിച്ചിരുന്നു. എന്നാല്‍ വായ്പ മാത്രമാണ് ലഭിച്ചത്. വായ്പ തിരിച്ചടയ്ക്കുന്നത് കൂടാതെ പെട്ടെന്ന് തന്നെ ചെലവഴിച്ചാല്‍ മാത്രമെ തുക അനുവദിച്ച് കിട്ടുകയുള്ളൂവെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അനുവദിച്ച വായ്പയുടെ ചെലവുകണക്കുകള്‍ മാര്‍ച്ച് മാസത്തില്‍ തന്നെ അയയ്‌ക്കേണ്ടിവരും. കേന്ദ്ര പദ്ധതി പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സംബന്ധിച്ച് ഒരുമാസംകൊണ്ട് 16 പദ്ധതികള്‍ക്കും ചെലവ് കണക്കുകള്‍ കാണിക്കേണ്ടിവരുന്നത് പ്രതിസന്ധിയാണ്. ടൗണ്‍ഷിപ്പില്‍ റോഡ്, പാലം, സ്‌കൂള്‍ തുടങ്ങി ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി പണംവിനിയോഗിക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.