കടുത്ത ചൂട്: സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു

കടുത്ത ചൂട്: സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍. വെയിലത്ത് ജോലിയെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം അനുവദിക്കണമെന്ന് ലേബര്‍ കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് തൊഴില്‍ സമയത്തില്‍ നിയന്ത്രണം. തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം അനുവദിച്ച് ജോലിസമയം രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഏഴുമണി വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചതായും ഉത്തരവില്‍ പറയുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. പുനഃക്രമീകരിച്ച തൊഴില്‍സമയം അനുസരിച്ചാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത് എന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്തുന്നതാണെന്നും ലേബര്‍ കമ്മീഷണര്‍ ഉത്തരവില്‍ വ്യക്തമാക്കി.

ഗിന്നസില്‍ ഇടം നേടി നെല്ലൂര്‍ പശു! ഒറ്റപ്പശുവിന്റെ വില 40 കോടി രൂപ

ഗിന്നസില്‍ ഇടം നേടി നെല്ലൂര്‍ പശു! ഒറ്റപ്പശുവിന്റെ വില 40 കോടി രൂപ

ബ്രസീലിൽ നടന്ന ലേലത്തിൽ 40 കോടി രൂപയ്ക്ക് വിറ്റഴിക്കപ്പെട്ട ഇന്ത്യൻ ഇനമായ നെല്ലൂർ പശു, ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി. ലോകത്ത് ഏറ്റവും കൂടുതൽ വിലയ്ക്ക് വിറ്റു പോയതിനാണ് റെക്കോർഡ്. വിയറ്റിന–19 എന്നു പേരുള്ള ഈ നെല്ലൂർ പശുവിന്റെ ഭാരം 1101 കിലോഗ്രാം ആണ്. സാധാരണ നെല്ലൂർ പശുക്കളുടെ രണ്ടു മടങ്ങ് ഭാരമാണ് വിയറ്റിന- 19നു ഉള്ളത് എന്നാണ് വിദ​ഗ്ദർ പറയുന്നത്. 53 മാസം പ്രായമുള്ള വിയറ്റിന- 19 ന്റെ സുന്ദരമായ വെളുത്ത രോമങ്ങൾ, അയഞ്ഞ ചർമ്മം, മുതുകത്തെ ഹമ്പ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. നേരത്തെ , ടെക്സാസിലെ ഫോർട്ട് വർത്തിൽ നടന്ന “ചാമ്പ്യൻ ഓഫ് ദി വേൾഡ്” മത്സരത്തിൽ വിയറ്റിന-19 മിസ് സൗത്ത് അമേരിക്ക കിരീടവും നേടിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാളകളും പശുക്കളും മത്സരിക്കുന്ന മിസ് യൂണിവേഴ്സ് ശൈലിയിലുള്ള കന്നുകാലി മത്സരമാണിത്.

ഉഷ്ണമേഖലാ കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള കഴിവിനും രോഗ പ്രതിരോധത്തിനും പേരു കേട്ട ഇനമാണ് നെല്ലൂർ പശുക്കൾ. അതു കൊണ്ട് തന്നെ വിയറ്റിന -19 ൻ്റെ ഭ്രൂണങ്ങൾക്ക് ബ്രീഡിംഗിനായി ആഗോളതലത്തിൽ ഉയർന്ന ഡിമാൻഡാണ്. ലോകത്തു നെല്ലൂർ പശുക്കളെ ഏറ്റവുമധികം ഉൽപാദിപ്പിക്കുന്നത് ബ്രസീലിലാണ്. യുഎസ്, മെക്സിക്കോ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിലേക്കു കയറ്റുമതിയുമുണ്ട്.

മാർച്ച് ഒന്ന് മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും

മാർച്ച് ഒന്ന് മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും

തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്‍റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി പരിവാഹൻ വെബ്സൈറ്റിൽ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും.മാര്‍ച്ച് ഒന്ന് മുതൽ ആര്‍സി ബുക്കുകള്‍ ഡിജിറ്റലാകുന്നതോടെ പ്രത്യേക നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് നൽകുന്നുണ്ട്. ഫെബ്രുവരി മാസത്തിനുള്ളിൽ എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളാണ് നൽകേണ്ടതെന്നും ഓൺലൈൻ വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നമ്പറുകല്‍ അപ്ഡേറ്റ് ചെയ്യാമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

പത്തുവയസ്സുകാരിയെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; 16 കാരന്‍ അടക്കം രണ്ടുപേര്‍ പിടിയില്‍

പത്തുവയസ്സുകാരിയെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; 16 കാരന്‍ അടക്കം രണ്ടുപേര്‍ പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ പത്തുവയസ്സുകാരിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കേസില്‍ സമീപവാസിയായ 16 വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയാണ് പിടിയിലായ ഒരാള്‍.

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വായ പൊത്തിപ്പിടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കൂട്ടുകാരികള്‍ക്കൊപ്പം കുട്ടി നില്‍ക്കുമ്പോഴായിരുന്നു കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്നത്. പെണ്‍കുട്ടിക്ക് പരിചയമുള്ളവരാണ് പ്രതികളെന്ന് ഡിവൈഎസ്പി സന്തോഷ് പറഞ്ഞു. ആളൊഴിഞ്ഞ വീട്ടില്‍ വെച്ചായിരുന്നു കുട്ടിയെ ഉപദ്രവിച്ചത്. പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്ത് ഒരു ചടങ്ങിന് വന്നതാണ് എറണാകുളം സ്വദേശിയായ പ്രതി. ചടങ്ങിന് ശേഷമാണ് ഈ സംഭവം ഉണ്ടായതെന്നും പൊലീസ് പറഞ്ഞു.

പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് വിവരം വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പീഡനത്തിന് ഇരയായതായി കണ്ടെത്തി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ റിമാന്‍ഡ് ചെയ്തു.

‘ഗസ്സ അമേരിക്ക പിടിച്ചെടുത്താൽ പലസ്തീൻകാർക്ക് അവകാശമുണ്ടാകില്ല; ലക്ഷ്യം റിയൽ എസ്റ്റേറ്റ് പദ്ധതി’; ഡോണൾഡ് ട്രംപ്

‘ഗസ്സ അമേരിക്ക പിടിച്ചെടുത്താൽ പലസ്തീൻകാർക്ക് അവകാശമുണ്ടാകില്ല; ലക്ഷ്യം റിയൽ എസ്റ്റേറ്റ് പദ്ധതി’; ഡോണൾഡ് ട്രംപ്

ഗസ്സ പിടിച്ചെടുക്കുമെന്ന നിലപാടിൽ ഉറച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭാവിയിലേക്കുവേണ്ടിയുള്ള റിയൽ എസ്റ്റേറ്റ് പദ്ധതിയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ട്രംപ്. വെടിനിർത്തൽ കരാറിൽ നിന്ന് പിൻമാറുമെന്നും ഭീഷണി. ഗസ്സയിൽ അസാധാരണ നീക്കങ്ങൾക്ക് മുതിരുകയാണ് എന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

ഗസ്സ അമേരിക്ക പിടിച്ചെടുത്താൽ പലസ്തീൻകാർക്ക് അവകാശമുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. ചില പലസ്തീൻ പൗരൻമാർക്ക് അമേരിക്ക അഭയം നൽകും. നീണ്ടകാലത്തേക്കുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഭാവിയിലേക്ക് വേണ്ടിയുള്ള ഒരു റിയൽ എസ്റ്റേറ്റ് പദ്ധതിയാണ് താൻ മുന്നോട്ടുവയ്ക്കുന്നതെന്ന് പറഞ്ഞ ട്രംപ്, മനോരഹരമായ കമ്മ്യൂണിറ്റികൾ ഗസ്സയിൽ നിർമ്മിക്കുമെന്നും അവകാശപ്പെട്ടു. അമേരിക്ക പിടിച്ചെടുക്കുന്ന ഗസ്സയിൽ ഹമാസിന് സ്ഥാനമുണ്ടാകില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

വെടിനിർത്തൽ കരാറിൽ നിന്ന് പിൻമാറുമെന്ന ഭീഷണിയും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായി. ഹമാസ് ബന്ദികളാക്കിയ എല്ലാവരേയും ശനിയാഴ്ച ഉച്ചയ്ക്ക് മുൻപ് വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ കരാർ പിൻവലിക്കണമെന്ന് ട്രംപ് പറഞ്ഞു. വെടിനിർത്തൽ കരാറിൽ ഇസ്രയേൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് ഹമാസ് ബന്ദികൈമാറ്റം നിർത്തിവച്ചിരുന്നു. ഗസ്സയിൽ നിന്ന് പിൻമാറുന്ന നടപടി നിർത്തിവയ്ക്കുകയാണെന്ന് ഇസ്രയേൽ സൈന്യവും അറിയിച്ചിരുന്നു.

ലോട്ടറികള്‍ക്ക് സേവന നികുതി ചുമത്താന്‍ കേന്ദ്രത്തിന് അധികാരമില്ല: സുപ്രീംകോടതി

ലോട്ടറികള്‍ക്ക് സേവന നികുതി ചുമത്താന്‍ കേന്ദ്രത്തിന് അധികാരമില്ല: സുപ്രീംകോടതി

ഡല്‍ഹി: ലോട്ടറി വില്‍പ്പനയ്ക്ക് കേന്ദ്രത്തിന് സേവന നികുതി ചുമത്താനാകില്ലെന്ന് സുപ്രീംകോടതി. ലോട്ടറികള്‍ക്ക് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് എന്‍ കെ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

1994 ലെ ധനകാര്യ നിയമത്തില്‍, 2010 ല്‍ ഭേദഗതി കൊണ്ടു വന്നാണ് ലോട്ടറിക്ക് സേവന നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയത്. ഇതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട്, 2010 ലെ ധനകാര്യ നിയമത്തില്‍ ചേര്‍ത്ത 1994 ലെ ധനകാര്യ നിയമത്തിലെ സെക്ഷന്‍ 65(105) ലെ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് സിക്കിം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സിക്കിം ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്. ലോട്ടറി ഒരു സേവനമല്ലെന്നും, അധിക വരുമാനം കണ്ടെത്താനുള്ള മാര്‍ഗമാണെന്നും അതിനാല്‍ സേവന നികുതി ചുമത്താനാകില്ലെന്നുമായിരുന്നു സിക്കിം ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. ഈ വിധിക്കെതിരെയാണ് കേന്ദ്രം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സുപ്രീംകോടതി വിധി കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ്.