ചികിത്സയിലിരിക്കെ പ്രവാസി മലയാളി വിദ്യാർഥി കുവൈറ്റിൽ മരിച്ചു

ചികിത്സയിലിരിക്കെ പ്രവാസി മലയാളി വിദ്യാർഥി കുവൈറ്റിൽ മരിച്ചു

കുവൈറ്റ് സിറ്റി: പ്രവാസി മലയാളി വിദ്യാർഥി കുവൈറ്റിൽ മരിച്ചു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. അഹമ്മദി ഡിപിഎസ് സ്കൂൾ വിദ്യാർഥി അഭിനവ് ആണ് മരിച്ചത്. കുവൈറ്റ് സബ ആശുപത്രിയിലാണ് ചികിത്സയിലിരുന്നത്.

കുവൈറ്റിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഉണ്ണികൃഷ്ണൻ, അൽ റാസി ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്ന നിസി ദമ്പതികളുടെ മകനാണ്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ തുടരുന്നു.

അദാനിയുടെ മകൻ വിവാഹിതനായി, ചടങ്ങുകൾ ലളിതം; 10,000 കോടി സാമൂഹിക സേവനത്തിന്‌

അദാനിയുടെ മകൻ വിവാഹിതനായി, ചടങ്ങുകൾ ലളിതം; 10,000 കോടി സാമൂഹിക സേവനത്തിന്‌

അഹമ്മദാബാദ്: വമ്പന്‍ വിവാഹാഘോഷം കാത്തിരുന്നവര്‍ക്ക് നിരാശ സമ്മാനിച്ചു കൊണ്ടായിരുന്നു രാജ്യത്തെ പ്രമുഖ വ്യവസായിയും അദാനി ​ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനിയുടെ വിവാഹം. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ അഹമ്മദാബാദിലെ അദാനി ടൗൺഷിപ്പായ ശാന്തി​ഗ്രാമത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിൻ ഷായുടെ മകളാണ് ദിവയാണ് വധു. കഴിഞ്ഞ വർഷം നടന്ന അനന്ത് അംബാനി-രാധിക വിവാഹത്തോട് കിടപിടിക്കുന്നതായിരിക്കും ഈ കല്ല്യാണവും എന്നായിരുന്നു സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ച. എന്നാല്‍ താൻ സാധാരണക്കാരനായാണ് വളർന്നത് അതുകൊണ്ട് മകന്‍റെത് സാധാരണ വിവാഹമായിരിക്കുമെന്ന് ഗൗതം നേരത്തെ തന്നെ അറിയിച്ചിരുന്നു.

പരമ്പരാഗത ഗുജറാത്തി ജെയിൻ അചാര പ്രകാരം വളരെ ലളിതമായാണ് വിവാഹ ചടങ്ങുകൾ ഉണ്ടായിരുന്നത്. പാരമ്പര്യം, സംസ്കാരം, സാമൂഹ്യ സേവനം തുടങ്ങിവയ്ക്ക് പ്രാധാന്യം നൽകികൊണ്ടായിരുന്നു വിവാഹ ഒരുക്കങ്ങൾ. ഭിന്നശേഷിക്കാരായ 500 സ്ത്രീകളുടെ വിവാഹത്തിനായി 10 ലക്ഷം രൂപ വരെയുള്ള സംഭാവന നൽകുമെന്ന് ദമ്പതികൾ പ്രതിജ്ഞയെടുത്തതായാണ് റിപ്പോർട്ടുകൾ.

ജീതും ദിവയും വിവാഹത്തിന് ധരിക്കുന്ന വസ്ത്രങ്ങൾക്കും ഏറെ പ്രത്യേകതകളുണ്ട്. ഇരുവരുടേയും നിർദ്ദേശപ്രകാരം പ്രമുഖ ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്ര അംഗപരിമിതർക്കായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുമായി കൈകോർത്താണ് ചടങ്ങിനായുള്ള ഷാൾ നിർമിച്ചത്. മകന്റെ വിവാഹത്തോടനുബന്ധിച്ച് 10,000 കോടി രൂപ സാമൂഹിക സേവനത്തിനായി മാറ്റിവെച്ചതായി അദാനി അറിയിച്ചു. മകന്‍ ജീത് അദാനിയുടെ വിവാഹത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കുമെന്ന് അദാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സാമൂഹ്യസേവനത്തിനായി 10,000 കോടി രൂപ മാറ്റിവെക്കുന്നത്.

പെൻസിൽവാനിയ സർവകലാശാലയിലെ സ്കൂൾ ഓഫ് എഞ്ചിനീയറിങ് ആൻഡ് അപ്ലൈഡ് സയൻസസിൽ നിന്ന് ബിരുദം നേടിയ ശേഷം 2019 ൽ ജീത് അദാനി അദാനി ഗ്രൂപ്പിൽ ചേർന്നു. നിലവിൽ അദാനി എയർപോർട്ട് ബിസിനസിനും അദാനി ഡിജിറ്റൽ ലാബ്സിനും ചുമതലയാണ് ജീതിനുള്ളത്. വജ്ര വ്യാപാരിയായ ജെയ്മിൻ ഷായുടെ മകളാണ് ദിവ. ദിനേഷ് ആൻ്റ് കമ്പനി പ്രൈവൈറ്റ് ലിമറ്റഡിൻ്റെ ഉടമസ്ഥനാണ് ദിവയുടെ പിതാവ്. 2023 മാർച്ചിലായിരുന്നു ദിവയും ജീതും തമ്മിലുള്ള വിവാഹ നിശ്ചയം.

മകളുടെ ഡബിള്‍ ബെല്ലില്‍ വളയം പിടിച്ച് അച്ഛന്‍; ആശംസിച്ച് സുരേഷ് ഗോപി

മകളുടെ ഡബിള്‍ ബെല്ലില്‍ വളയം പിടിച്ച് അച്ഛന്‍; ആശംസിച്ച് സുരേഷ് ഗോപി

കൊടുങ്ങല്ലൂർ: മകൾ അനന്തലക്ഷ്മിയുടെ ഡബിൾ ബെല്ലിൽ ബസ് മുന്നോട്ടെടുത്ത് ഷൈന്‍. കൊടുങ്ങല്ലൂർ – കോട്ടപ്പുറം റൂട്ടിൽ ഓടുന്ന രാമപ്രിയ എന്ന ബസിലെ ഡ്രൈവറും കണ്ടക്ടറും യഥാർഥ ജീവിതത്തിൽ അച്ഛനും മകളുമാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി അച്ഛന്‍റെ ബസിലെ കണ്ടക്ടറായി ജോലി ചെയ്യുകയാണ് എംകോം വിദ്യാര്‍ഥിയായ അനന്തലക്ഷ്മി.

പുലര്‍ച്ചെ 5.30ന് ജോലിക്ക് കയറിയാല്‍ രാത്രി 8.30 നാണ് തിരിച്ചെത്തുക. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ അച്ഛനൊപ്പം ബസില്‍ പോകുമായിരുന്നു. ആദ്യമൊക്കെ കൊടുങ്ങല്ലൂരിൽ നിന്ന്‌ പറവൂർ വരെ ബസിൽ ബാഗ് പിടിച്ചാണ് തുടങ്ങിയത്. കോവിഡിനെ തുടര്‍ന്ന് ജീവനക്കാരെ കിട്ടാതെ വന്നതോടെ അനന്തലക്ഷ്മി കണ്ടക്ടര്‍ ലൈസന്‍സ് എടുത്തു അതോടെ മുഴുവന്‍ സമയ കണ്ടക്ടറായി.

അച്ഛനും മകളും വൈറലായതോടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ടെത്തി ആശംസിച്ചതിന്‍റെ സന്തോഷത്തിലാണ് ഇരുവരെയും. ബസില്‍ കേന്ദ്ര മന്ത്രി യാത്ര ചെയ്തു. കോട്ടപ്പുറം പള്ളിയിലേയ്ക്ക് ഫാദർ വർഗ്ഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പാവങ്ങൾക്കുള്ള 40 ഭവനങ്ങളുടെ താക്കോൽദാനത്തിന് എത്തിയതാണ് മന്ത്രി. അനന്ത ലക്ഷ്മിയുടെ അമ്മ കൊടുങ്ങല്ലൂർ മുനിസിപ്പൽ 43-ാം വാർഡ് ഗുരുദേവ നഗർ കൗൺസിലറാണ്. മൂന്നു മക്കളിൽ മൂത്ത പെൺകുട്ടിയാണ് കണ്ടക്ടറായ അനന്തലക്ഷ്മി. ലക്ഷ്മി പാർവ്വതി, ദേവ നന്ദ എന്നിവരാണ് മറ്റ് മക്കൾ.

ത്രിവേണി സം​ഗമത്തിൽ പുണ്യ സ്നാനം ചെയ്ത് ജയസൂര്യ; ചിത്രങ്ങളുമായി നടൻ

ത്രിവേണി സം​ഗമത്തിൽ പുണ്യ സ്നാനം ചെയ്ത് ജയസൂര്യ; ചിത്രങ്ങളുമായി നടൻ

മഹാ കുംഭമേളയിൽ പങ്കെടുത്ത് നടൻ ജയസൂര്യ. ത്രിവേണി സം​ഗമത്തിൽ പുണ്യ സ്നാനം ചെയ്യുന്ന ചിത്രങ്ങൾ ജയസൂര്യ തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് നടൻ കുംഭമേളയ്ക്ക് എത്തിയത്. ‘മഹാകുംഭ് 2025 ഓം’ എന്നാണ് ചിത്രങ്ങൾക്കൊപ്പം ജയസൂര്യ കുറിച്ചിരിക്കുന്നത്.

പ്രയാ​ഗ് രാജിൽ നിന്നുള്ള മറ്റു ചിത്രങ്ങളും ജയസൂര്യ പങ്കുവച്ചിട്ടുണ്ട്. കഴി‍ഞ്ഞ ദിവസം നടി സംയുക്തയും കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സംയുക്ത തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചതും. നിരവധി ബോളിവുഡ് താരങ്ങളും കുംഭമേളയിൽ പങ്കെടുത്ത ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

ബോളിവുഡ് നടൻ രാജ്കുമാർ റാവുവും ഭാര്യ പത്രലേഖയും കുംഭമേളയിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നു. അതേസമയം കത്തനാർ ആണ് ജയസൂര്യയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. റോജിൻ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കോണ്‍ഗ്രസ് 6.38 ശതമാനത്തില്‍ ഒതുങ്ങി; ഡല്‍ഹിയിലെ വോട്ടു വിഹിതം ഇങ്ങനെ

കോണ്‍ഗ്രസ് 6.38 ശതമാനത്തില്‍ ഒതുങ്ങി; ഡല്‍ഹിയിലെ വോട്ടു വിഹിതം ഇങ്ങനെ

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടികളായ സിപിഎമ്മിനും ബിഎസ്പിക്കും ലഭിച്ചത് നോട്ടയേക്കാള്‍ കുറവ് വോട്ട്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഉള്ള കണക്കു പ്രകാരം നോട്ടയ്ക്ക് 0.57 ശതമാനം വോട്ടാണ് ലഭിച്ചത്.

ബിഎസ്പിക്ക് 0.55 ശതമാനവും സിപിഎമ്മിന് 0.01 ശതമാനവും വോട്ടാണ് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 27 വര്‍ഷത്തിനു ശേഷം ഡല്‍ഹിയില്‍ ഭരണം പിടിച്ച ബിജെപിക്ക് 46.18 ശതമാനം വോട്ടാണ് ലഭിച്ചത്. ആം ആദ്മി പാര്‍ട്ടിക്കു കിട്ടിയത് 43.56 ശതമാനം വോട്ട്. കോണ്‍ഗ്രസ് 6.38 ശതമാനം വോട്ടു നേടി.

വന്‍ മരങ്ങള്‍ കടപുഴകി; കെജരിവാളിനെ തോല്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍; സിസോദിയയും വീണു

വന്‍ മരങ്ങള്‍ കടപുഴകി; കെജരിവാളിനെ തോല്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍; സിസോദിയയും വീണു

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ പരാജയപ്പെട്ടു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മൂവായിരം വോട്ടിനാണ് കെജരിവാള്‍ പരാജയപ്പെട്ടത്. ബിജെപിയുടെ പര്‍വേശ് സിങ് വര്‍മയ്ക്കാണ് വിജയം. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ സന്ദീപ് ദീക്ഷിത് 3873 വോട്ടുകള്‍ നേടി.

ആദ്യമായാണ് കെജരിവാള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേശ്. പര്‍വേശ്് സിങിന് 25,507 വോട്ടും അരവിന്ദ് കെജരിവാളിന് 22057 വോട്ടുമാണ് ലഭിച്ചത്.

ജങ്പുരയില്‍ എഎപി സ്ഥാനാര്‍ഥിയും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ തോറ്റു. 636 വോട്ടിനാണ് പരാജയം. ബിജെപി സല തര്‍വീന്ദര്‍ സിംഗ് മര്‍വയാണ് ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഫര്‍ഹാദ് സൂരി 6551 വോട്ട് നേടി. 2020 ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടി 15,000 ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ്. കോണ്‍ഗ്രസ് നേതാവായ തര്‍വീന്ദര്‍ 2022ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 1998 മുതല്‍ 2013 ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. 2015ലും 2020ലും എഎപിയുടെ പ്രവീണ്‍ കുമാര്‍ ആണ് ഇവിടെ നിന്ന് വിജയിച്ചത്.