by Midhun HP News | Feb 4, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് നടക്കുന്ന ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മഹാകുംഭമേളയ്‌ക്കെത്തി ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തും. ബുധനാഴ്ച രാവിലെ പതിനൊന്നിനും പതിനൊന്നരയ്ക്കും ഇടയിലാണ് പുണ്യസ്‌നാനം നടത്തുക. ഇതിന്റെ ഭാഗമായി രാവിലെ പത്തുമണിയോടെ പ്രധാനമന്ത്രി പ്രയാഗ് രാജ് വിമാനത്താവളത്തിലെത്തും.
മൗനി അമാവാസിയോടനുബന്ധിച്ച് അമൃത് സ്‌നാനിനിടെ തിക്കിലും തിരക്കിലുംപെട്ട് 30 പേര്‍ മരിക്കുകയും 60 ഭക്തര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മോദിയുടെ സന്ദര്‍ശനം.
പ്രയാഗ് രാജ് വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം നരേന്ദ്ര മോദി അറെയില്‍ ഘാട്ടിലെത്തും. അവിടെ നിന്ന് മഹാകുംഭമേളയില്‍ പങ്കെടുക്കാനായി ബോട്ടില്‍ യാത്രതിരിക്കും. ത്രിവേണിസംഗമത്തില്‍ പുണ്യസ്‌നാനം നടത്തി അവിടെനിന്ന് 10.45ന് മടങ്ങും. പന്ത്രണ്ടരയ്ക്ക് മോദി പ്രയാഗ് രാജ് വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. സന്ദര്‍ശനത്തിനിടെ, പ്രധാനമന്ത്രി മോദി സന്യാസിമാരുമായി സംവദിക്കുമെന്നും, മഹാകുംഭമേളയ്ക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര മന്ത്രി കിരണ്‍ റിജിജു, മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി നിരവധി പേരാണ് ഇതിനകം ത്രിവേണിയില്‍ പുണ്യസ്‌നാനം നടത്തിയത്.
by Midhun HP News | Feb 4, 2025 | Latest News, ദേശീയ വാർത്ത
ബംഗലൂരു: കര്‍ണാടകയില്‍ കടക്കെണിയില്‍പ്പെട്ട് നാലു കര്‍ഷകര്‍ ജീവനൊടുക്കി. ചിക്കബല്ലാപൂര്‍, ഹാസന്‍, ദേവന്‍ഗരെ എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചത്. മൈക്രോഫിനാന്‍സ് കമ്പനികളില്‍ നിന്നും ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത നാല് കര്‍ഷകരാണ് ഒറ്റ ദിവസം ആത്മഹത്യ ചെയ്തത്.
ഹാസനില്‍ കെ ഡി രവി എന്ന 50 കാരനായ കര്‍ഷകനാണ് വിഷം കഴിച്ച് മരിച്ചത്. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും, ഒരു ബാങ്കില്‍ നിന്നും എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് രവി ജീവനൊടുക്കിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
അര്‍ക്കല്‍ഗുഡ് താലൂക്കിലെ കാന്തനഹള്ളി സ്വദേശിയായ രവി മൂന്ന് ഏക്കറിലധികം സ്ഥലത്ത് ഇഞ്ചി കൃഷി ചെയ്യാന്‍ 9 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ വിളയ്ക്ക് രോഗങ്ങള്‍ പിടിപെട്ടതും വിലയിടിവും കനത്ത തിരിച്ചടിയായി. വില ക്വിന്റലിന് 3,000 രൂപയില്‍ നിന്ന് 900 രൂപയായി കുറഞ്ഞതോടെ കനത്ത നഷ്ടമാണ് നേരിട്ടത്. ഇതോടെ വ്യാപ തിരിച്ചടവും പ്രതിസന്ധിയിലായി.
വായ്പ തിരിച്ചടവ് മുടങ്ങിയതോടെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഇയാളെ നിരന്തരം ശല്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രവി കടുത്ത അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. കൃഷിക്കായി വായ്പയെടുത്ത് ട്രാക്ടര്‍ വാങ്ങിയ ചിക്കബല്ലാപൂര്‍ സ്വദേശി ഗിരീഷ് ആണ് ജീവനൊടുക്കിയ മറ്റൊരു കര്‍ഷകന്‍.
തിരിച്ചടവു മുടങ്ങിയതോടെ സ്വകാര്യ സാമ്പത്തിക കമ്പനിക്കാര്‍ ട്രാക്ടര്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ അവശേഷിക്കുന്ന മാര്‍ഗവും അടഞ്ഞുപോയതായി ഗിരീഷിന്റെ ഭാര്യ പറഞ്ഞു. ഗൗരിബിഡന്നൂര്‍ സ്വദേശി നരസിംഹയ്യ, ദീതുരു ഗ്രാമവാസി എല്‍ കെ സുരേഷ് (42) എന്നിവരാണ് കടം തിരിച്ചടക്കാന്‍ മാര്‍ഗമില്ലാത്തതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ മറ്റുള്ളവര്‍. സുരേഷ് 21 ലക്ഷം രൂപയാണ് വായ്പയെടുത്തിരുന്നത്.
by Midhun HP News | Feb 4, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: കോഴിക്കോട്ടെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്ന് പിടി ഉഷ എംപി രാജ്യസഭയില്‍. സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി 153.46 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. കിനാലൂരില്‍ എയിംസ് സ്ഥാപിച്ചാല്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നും പിടി ഉഷ പറഞ്ഞു.
കിനാലൂരിലെ കാലാവസ്ഥയും എയിംസിന് ഗുണകരമാണ്. ആരോഗ്യ സുരക്ഷ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്നതാണ് നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്നും പിടി ഉഷ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
by Midhun HP News | Feb 4, 2025 | Latest News, കേരളം
തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പിന്റെ ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റി. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനാണ് പകരം ചുമതല നല്‍കിയത്. ബോഡി ബില്‍ഡിങ്ങ് താരങ്ങളെ സിവില്‍ പൊലീസ് ഓഫീസര്‍മാരായി നിയമിക്കാനുള്ള സർക്കാർ നീക്കം വിവാദമായിരുന്നു.
പൊലീസ് സേനയിലെ കായികമേഖലയിലെ റിക്രൂട്ട്‌മെന്റ് അടക്കമുള്ള കാര്യങ്ങള്‍ നോക്കിയത് എം ആര്‍ അജിത് കുമാറാണ്. ഏതെങ്കിലും നാഷണല്‍ മീറ്റിലോ, കോമണ്‍വെല്‍ത്ത് ഗെയിംസിലോ ഒക്കെ മെഡല്‍ നേടിയവരെയാണ് സാധാരണ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ ഒരു ബോഡി ബില്‍ഡിങ് താരത്തെ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ നിയമിക്കാനുള്ള തീരുമാനം ഏറെ ചര്‍ച്ചയായിരുന്നു.
കണ്ണൂര്‍ സ്വദേശിയായ ഒരു വോളിബോള്‍ താരത്തെക്കൂടി പൊലീസില്‍ നിയമിക്കാന്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. എന്നാല്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ ഇതിന് തയ്യാറായില്ല. സമ്മര്‍ദ്ദം ശക്തമായതോടെ അജിത് കുമാര്‍ അവധിയില്‍ പോയി. പിന്നീട് സര്‍വീസില്‍ തിരികെ കയറിയപ്പോള്‍ കായിക ചുമതല തന്നില്‍ നിന്നും മാറ്റണമെന്ന് എഡിജിപി അജിത് കുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് എഡിജിപി എസ് ശ്രീജിത്തിന് പൊലീസിലെ കായിക വകുപ്പിന്റെ ചുമതല നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു. തുടര്‍ന്ന് പൊലീസ് ബറ്റാലിയന്റെ ചുമതല അജിത് കുമാറിന് നല്‍കുകയായിരുന്നു.
by Midhun HP News | Feb 4, 2025 | Latest News, കേരളം
ദുബായ്: ഡോളറുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗർഫ് കറൻസികൾക്ക് മൂല്യം അതിവേഗം ഉയർന്നു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്. ഒരു യുഎഇ ദിർഹത്തിന് 23.75 രൂപയാണ് ഇന്നലെ ലഭിച്ചത്. ഞായറാഴ്ച 23.55 രൂപയായിരുന്നു.
ഗർഫ് കറൻസിയുടെ മൂല്യം വർധിച്ചതോടെ നാട്ടിലേക്ക് പണം അയക്കുന്നവരുടെ തിരക്ക് കൂടി. 1000 ദിർഹം അയക്കുന്നവർക്ക് നാട്ടിൽ 23,750 രൂപ ലഭിക്കും. ഖത്തർ റിയാൽ 23.89 രൂപ, ബഹ്റൈൻ ദിനാർ 231.09 രൂപ, കുവൈത്ത് ദിനാർ 281.89 രൂപ, ഒമാൻ റിയാൽ 226.32 രൂപ, സൗദി റിയാൽ 23.23 രൂപ എന്നിങ്ങനെയാണ് വിനിമയ നിരക്ക്.
യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ ഉൾപ്പെടെ നിരവധി കറൻസുകളുടെ വില ഇടിഞ്ഞു. രൂപയുടെ റെക്കോർഡ് താഴ്ചയിൽ ഡോളർ 87.62 രൂപയെന്ന നിലയിലെത്തി. നിരക്ക് 87 ഭേദിക്കുന്നത് ഇത് ആദ്യമായാണ്. രൂപയുടെ തകർച്ച നേരിടാൻ റിസർവ് ബാങ്ക് വേണ്ടത് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു.
by Midhun HP News | Feb 4, 2025 | Latest News, ദേശീയ വാർത്ത
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരെന്നു കണ്ടെത്തിയ ഇന്ത്യക്കാരിലെ ആദ്യ സംഘത്തെ അമേരിക്ക തിങ്കളാഴ്ച തിരിച്ചയച്ചതായി റിപ്പോർട്ട്. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത തീരുമാനത്തിനു പിന്നാലെയാണ് നടപടികൾ ആരംഭിച്ചത്.
സി 17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്ന് റോയിട്ടേഴ്സാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിനു ഔദ്യോഗിക സ്ഥിരീകരണം ഇല്ല. പ്രാഥമിക പട്ടികയിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. 7.25 ലക്ഷം ഇന്ത്യക്കാർ അനധികൃതമായി അമേരിക്കയിൽ താമസിക്കുന്നുണ്ട്. ഇന്ത്യക്കാരടക്കം 15 ലക്ഷം വിദേശികളാണ് തിരിച്ചയയ്ക്കൽ പട്ടികയിലുള്ളത്.
ഗ്വാട്ടിമല, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിലുള്ളവരെ ഇതിനോടകം തിരിച്ചയച്ചു തുടങ്ങി. അമേരിക്കയിലേക്ക് കുടിയേറി പാർത്തവരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിനു ശേഷം ആദ്യമായാണ് ഇന്ത്യക്കാരെ നാടുകടത്തുന്നത്.
Recent Comments