കിഫ്ബി റോഡുകളില്‍ ടോള്‍ പിരിച്ചാല്‍ തടയും; ശക്തമായ പ്രക്ഷോഭമെന്ന് കോണ്‍ഗ്രസ്; മുന്നണിയില്‍ ചര്‍ച്ച ചെയ്‌തെന്ന് എല്‍ഡിഎഫ്

കിഫ്ബി റോഡുകളില്‍ ടോള്‍ പിരിച്ചാല്‍ തടയും; ശക്തമായ പ്രക്ഷോഭമെന്ന് കോണ്‍ഗ്രസ്; മുന്നണിയില്‍ ചര്‍ച്ച ചെയ്‌തെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: കിഫ്ബിയുടെ ഫണ്ടില്‍ നിര്‍മിക്കുന്ന റോഡുകളില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍പിരിവുമായി സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇന്ധന സെസും മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിനു പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ടോള്‍ പിരിച്ചാല്‍ അത് തടയുമെന്നും സുധാകരന്‍ പറഞ്ഞു.

ടോളിനെതിരെ ഇത്രയും നാളും സമരം ചെയ്തവരാണ് സിപിഎമ്മുകാര്‍. ടോള്‍ രഹിത റോഡുകളെന്നായിരുന്നു ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളത്തിലെ ജനങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു.

കിഫ്ബി പദ്ധതികളിലെ ക്രമക്കേടും ചട്ടവിരുദ്ധമായ വായ്പകള്‍ എടുത്തതിലെ അപാകതകളുമാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കിഫ്ബി പദ്ധതികളുടെ കരാറുകള്‍ പലതും ദുരൂഹമാണ്. സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും കരാറുകള്‍ പലതും നല്‍കിയതും വലിയ സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കി. കിഫ്ബിയുടെ കടം പെരുകി തിരിച്ചടവ് ബുദ്ധിമുട്ടായപ്പോള്‍ ജനങ്ങളെ പിഴിയാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും കെ സുധാകരന്‍ ആരോപിച്ചു.

ടോളിനെതിരെ ജനകീയ പ്രക്ഷോഭം: വിഡി സതീശന്‍

കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകും. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം. ഇതിനു പുറമെയാണ് കിഫ്ബിയിലൂടെ വരുത്തിവച്ച ബാധ്യതകള്‍. ഇതെല്ലാം വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ സഞ്ചിതനിധിയില്‍ നിന്നാണ് കിഫ്ബിക്ക് പണം നല്‍കുന്നത്. അതുകൊണ്ടു തന്നെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പണിയുന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ ചുമത്തുന്നത് ജനങ്ങളോടുള്ള വഞ്ചനയും നീതികേടുമാണ്. ബജറ്റിന് പുറത്ത് കടമെടുക്കുന്നതിനു വേണ്ടി രൂപീകരിച്ച കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാകുമെന്ന് പ്രതിപക്ഷം നിരവധി തവണ പറഞ്ഞതാണ്. കിഫ്ബിയിലെ തെറ്റായ ധനകാര്യ മാനേജ്മെന്റും ധൂര്‍ത്തും വരുത്തിവച്ച ബാധ്യതയുടെ പാപഭാരമാണ് ജനങ്ങളുടെ തലയില്‍ ചുമത്താന്‍ ശ്രമിക്കുന്നതെന്നും വിഡി സതീശന്‍ ആരോപിച്ചു.

കിഫ്ബി ശാപമായി മാറുന്നു: ചെന്നിത്തല

കിഫ്ബി ശാപമായി മാറുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ടോള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേത്. കിഫ്ബി ഒരു വെള്ളാനയാണെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. റോഡില്‍ ടോള്‍ പിരിക്കുന്നതിന് പകരം, വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികള്‍ ഉണ്ടാക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഇടതുമുന്നണി ചര്‍ച്ച ചെയ്തു: ടിപി രാമകൃഷ്ണന്‍

കിഫ്ബി റോഡുകള്‍ക്ക് ടോള്‍ പിരിക്കുന്നത് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിരുന്നെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പദ്ധതികള്‍ വേണം. കിഫ്ബിയുടെ വായ്പകളെല്ലാം സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ കേന്ദ്രം പെടുത്തിയത് തിരിച്ചടിയായതോടെയാണ് കിഫ്ബിയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ തേടിയത്. 50 കോടിക്ക് മുകളിലുള്ള റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്ക് ടോള്‍ ഏര്‍പ്പെടുത്തുക, ഷോപ്പിങ് കോംപ്ലക്‌സുകളില്‍ നിന്ന് പലിശ സഹിതം പണം തിരികെപിടിക്കുന്ന സ്‌കീമുകള്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ പരിഗണനയില്‍ ഉള്ളത്. വിഷയം കാബിനറ്റ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

അന്തിമ തീരുമാനം ആയിട്ടില്ല: എം വി ഗോവിന്ദന്‍

കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിന് കിട്ടേണ്ട നികുതി കേന്ദ്രം ജിഎസ്ടി ഇനത്തില്‍ കൊണ്ടുപോകുന്നു. നമുക്കൊന്നും പുതുതായിട്ട് ഉണ്ടാക്കാന്‍ സാധിക്കില്ല. വികസനങ്ങള്‍ക്കായി കിഫ്ബി കടംവാങ്ങി പദ്ധതി ആസൂത്രണം ചെയ്ത് മുന്നോട്ടു പോകുകയാണ്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോള്‍ ധന സമാഹരണത്തിനായി വഴികള്‍ ആലോചിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി എന്തൊക്കെ ചെയ്യണമെന്ന് കിഫ്ബിയുമായി ആലോചിച്ച് തീരുമാനിക്കേണ്ടതാണെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

പരീക്ഷിച്ചത് നൂറ് തവണ, ഒടുവില്‍ അടിച്ചു മോനെ.. ; ബിഗ് ടിക്കറ്റില്‍ മലയാളിക്ക് 59 കോടി

പരീക്ഷിച്ചത് നൂറ് തവണ, ഒടുവില്‍ അടിച്ചു മോനെ.. ; ബിഗ് ടിക്കറ്റില്‍ മലയാളിക്ക് 59 കോടി

അബുദാബി: യുഎഇയില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യം. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി ആഷിക് പടിഞ്ഞാറത്തി(39)നാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 25 ദശലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്. ഏകദേശം 59 കോടിയോളം ഇന്ത്യന്‍ രൂപയാണിത്. ഇന്നലെ അബുദാബിയില്‍ നടന്ന 271-ാമത്തെ നറുക്കെടുപ്പിലായിരുന്നു ഭാഗ്യം.

ജനുവരി 29നായിരുന്നു ആഷിഖ് സമ്മാനാര്‍ഹായ ടിക്കറ്റ് ആഷിക് വാങ്ങിയത്. ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഓഫര്‍ വഴിയായിരുന്നു ടിക്കറ്റ് വാങ്ങിയത്.രണ്ട് ടിക്കറ്റ് വാങ്ങിയപ്പോള്‍ സൗജന്യമായി ഒന്ന് ലഭിച്ചു. അതിലാണ് ഭാഗ്യം തുണച്ചത്. സമ്മാനം ലഭിച്ചത് ഇപ്പോഴും വിശ്വസിക്കനായിട്ടില്ലെന്ന് പറയുകയാണ് ആഷിക്.

ആഷിക് എടുത്ത 456808 എന്ന നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 19 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന ആഷിഖ് ഒറ്റയ്ക്ക് തന്നെയായിരുന്നു ടിക്കറ്റെടുത്തത്. കഴിഞ്ഞ 10 വര്‍ഷമായി താന്‍ ഭാഗ്യ പരീക്ഷണം നടത്തിവരികയായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. കുറഞ്ഞത് 100 ടിക്കറ്റെങ്കിലും എടുത്തിട്ടുണ്ടാകുമെന്നും ആഷിക് പറഞ്ഞു.

ബിഗ് ടിക്കറ്റ് അധികൃതരില്‍ നിന്നും ഫോണ്‍ വരുന്ന സമയത്ത് കോഴിക്കോടുള്ള വീട്ടുകാരോട് സംസാരിക്കുകയായിരുന്നു ഞാന്‍. ഞാന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന ആളാണ്. അതുകൊണ്ട് തന്നെ കോള്‍ വന്നപ്പോള്‍ ഇത് തട്ടിപ്പാണോയെന്നായിരുന്നു ആദ്യ സംശയമെന്നും ആഷിക് പറഞ്ഞു.

ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ കുരുങ്ങി; തിരുവനന്തപുരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ കുരുങ്ങി; തിരുവനന്തപുരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം അരുവിക്കരയില്‍ യുവാവ് ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍. മുണ്ടേല -മാവുകോണം -തടത്തരിക്കത്ത് പുത്തന്‍ വീട്ടില്‍ അഭിലാഷ് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് വീട്ടുകാര്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ അഭിലാഷ് ഊഞ്ഞാലില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. വീട്ടില്‍ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.

മാധ്യമ പ്രവർത്തകൻ വിജേഷ് അന്തരിച്ചു

മാധ്യമ പ്രവർത്തകൻ വിജേഷ് അന്തരിച്ചു

ആറ്റിങ്ങൽ: കുറക്കട മരങ്ങാട്ടു വിജേഷ് മന്ദിരത്തിൽ വിജേഷ് (40) നിര്യാതനായി. നിരവധി മാധ്യമ സ്ഥാപനങ്ങളിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിവാഹിതനാണ്.
അച്ഛൻ: വിക്രമൻ നായർ.
അമ്മ: ശ്യാമള.
സഹോദരിമാർ: ശാരി, ആതിര, അരിത.

വീണ്ടും തിയറ്ററുകൾ കീഴടക്കാൻ തലയും പിള്ളേരും വരുന്നു

വീണ്ടും തിയറ്ററുകൾ കീഴടക്കാൻ തലയും പിള്ളേരും വരുന്നു

മോഹൻലാൽ നായകനായെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 2007 ൽ പുറത്തിറങ്ങിയ ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രം ഒരു കോമഡി ആക്ഷനായാണ് പ്രേക്ഷകരിലേക്കെത്തിയത്. മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് ആണ് റീ റിലീസ് വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. വസ്കോഡ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.

നിരഞ്ജിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ ഛോട്ടാ മുംബൈ’ 4 കെ യിൽ റീ റിലീസ് ചെയ്യുമോ എന്ന ആരാധകന്റെ കമ്മന്റിനാണ് നടൻ മറുപടി നൽകിയത്. ഇതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും റീ റിലീസ് ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് ഛോട്ടാ മുംബൈ. ചിത്രത്തിന്റെ റീ റിലീസിങ് വാർത്തയും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

‘റീ റിലീസിങ് കിങ് ലാലേട്ടൻ തന്നെ’യെന്നാണ് സോഷ്യൽ മീ‍ഡിയയിൽ നിറയുന്ന കമന്റുകൾ. മണിയൻ പിള്ള രാജു ആണ് ഛോട്ടാ മുംബൈ നിർമിച്ചത്. മോഹൻലാലിന് പുറമേ ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു. സിനിമയിലെ പാട്ടുകളും ഡയലോഗുകളുമെല്ലാം ഇപ്പോഴും ട്രെൻഡിങ് ആണ്. രാഹുൽ രാജായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ.

‘സഞ്ജുവിന് ഈ​ഗോ, തിരുത്തിയില്ലെങ്കിൽ ടീമിൽ നിന്നു പുറത്ത്’

‘സഞ്ജുവിന് ഈ​ഗോ, തിരുത്തിയില്ലെങ്കിൽ ടീമിൽ നിന്നു പുറത്ത്’

ചെന്നൈ: ഇം​ഗ്ലണ്ടിനെതിരായ ടി20 പോരാട്ടത്തിൽ പോസർമാരുടെ ഷോർട്ട് പന്തുകളിൽ തുടർച്ചയായി പുറത്താകാൻ കാരണം സഞ്ജു സാംസണിന്റെ ഈ​ഗോ തന്നെയാണെന്നു മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇതേ രീതിയിൽ പോകുകയാണെങ്കിൽ ടീമിലെ സ്ഥാനം നഷ്ടമാകും. ആ സ്ഥാനം യുവ താരം യശസ്വി ജയ്സ്വാൾ സ്വന്തമാക്കുമെന്നും ശ്രീകാന്ത്. യുട്യൂബ് വിഡിയോയിലാണ് മുൻ ചീഫ് സെലക്ടർ കൂടിയായ ശ്രീകാന്തിന്റെ വിമർശനം.

‘എത്ര ഷോർട്ട് ബോളുകൾ എറിഞ്ഞാലും അതെല്ലാം അടിക്കുമെന്ന ഈ​ഗോയാണ് സഞ്ജുവിന്. അതു കാരണമാണ് അദ്ദേഹം തുടരെ ഒരേ രീതിയിൽ പുറത്തായത്. ക്രിക്കറ്റ് അറിയാത്തവർ പോലും താരത്തിന്റെ ബാറ്റിങ് കണ്ടാം ചോദ്യം ചെയ്യും. ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന ചർച്ചകൾ നടക്കുമ്പോഴാണ് അദ്ദേഹം ഓരേ രീതിയിൽ പുറത്താകുന്നത്-‘ ശ്രീകാന്ത് വ്യക്തമാക്കി.

സൂര്യകുമാർ യാദവിന്റെ ഫോം ഇല്ലായ്മയേയും ശ്രീകാന്ത് വിമർശിച്ചു. സൂര്യ തുടരെ പന്ത് ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ചാണ് പുറത്തായത്. ഇരു താരങ്ങളും ബാറ്റിങിൽ തിരുത്തൽ വരുത്തണം. ഐപിഎല്ലിൽ സൂര്യ ഇത്തരം ഷോക്കുൾ കളിക്കുന്നുണ്ട്. പരമ്പര ജയിച്ചതാണ് സൂര്യക്കെതിരെ ആരും വിമർശനം ഉന്നയിക്കാതിരിക്കുന്നതിന്റെ കാരണം. മറിച്ചായിരുന്നെങ്കിൽ സ്ഥിതി മാറുമായിരുന്നുവെന്നും ശ്രീകാന്ത്.