കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് ഇന്നുമുതല്‍

കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് ഇന്നുമുതല്‍

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിലേക്ക്. ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. കെഎസ്ആര്‍ടിസി സിഎംഡി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. പണിമുടക്ക് ഒഴിവാക്കാന്‍ സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാതെ പണിമുടക്കില്‍നിന്നു പിന്മാറില്ലെന്നു ടിഡിഎഫ് നേതൃത്വം അറിയിച്ചു.

ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, 31 ശതമാനം ഡിഎ കുടിശിക അനുവദിക്കുക, ദേശസാല്‍കൃത റൂട്ടുകളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. എല്ലാ മാസവും അഞ്ചിന് മുന്‍പ് നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നല്‍കുന്നത് മാസം പകുതിയോടെയാണെന്ന് ടിഡിഎഫ് നേതൃത്വം ആരോപിച്ചു. ഇതാണ് സമരത്തിന്റെ പ്രധാന കാരണമെന്നും അവര്‍ വ്യക്തമാക്കി.

പണിമുടക്കിനെ കര്‍ശനമായി നേരിടാനാണു മാനേജ്‌മെന്റിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. പണിമുടക്ക് ദിവസം ഓഫിസര്‍മാര്‍ ജോലിയിലുണ്ടാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സിവില്‍ സര്‍ജന്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ അവധി അനുവദിക്കരുതെന്നും നിര്‍ദേശിച്ചു. താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വീസുകള്‍ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.

പൂന്തോട്ടവും കളിക്കളവും പഠനമുറിയും, ‘സ്മാര്‍ട്ട് അങ്കണവാടികള്‍’; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

പൂന്തോട്ടവും കളിക്കളവും പഠനമുറിയും, ‘സ്മാര്‍ട്ട് അങ്കണവാടികള്‍’; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമായ 30 സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം പെരുങ്കടവിള ഒറ്റശേഖരമംഗലം കുരവറ 60-ാം നമ്പര്‍ അങ്കണവാടി കേന്ദ്രീകരിച്ച് ജനാര്‍ദനപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും.

സംസ്ഥാനത്താകെ 117 സ്മാര്‍ട്ട് അങ്കണവാടികള്‍ ഇതിനകം യാഥാര്‍ഥ്യമായിട്ടുണ്ട്. പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോര്‍ റൂം, പ്ലേ ഏരിയ, ഹാള്‍, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളുണ്ട്. അങ്കണവാടികളില്‍ എത്തിച്ചേരുന്ന കൂഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിന് ശിശു സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് അങ്കണവാടികളെ സ്മാര്‍ട്ട് അങ്കണവാടികളാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ 189 സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി അനുമതി നല്‍കിയിട്ടുള്ളതില്‍ 87 അങ്കണവാടികളുടെ ഉദ്ഘാടനം കഴിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ 30 സ്മാര്‍ട്ട് അങ്കണവാടികളാണ് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായത്. ഇതോടെ 117 സ്മാര്‍ട്ട് അങ്കണവാടികള്‍ യാഥാര്‍ത്ഥ്യമായി. ബാക്കിയുള്ളവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇ

അഭിഷേക് നിറഞ്ഞാടി, 54 പന്തില്‍ 135; ഇന്ത്യക്ക് 150 റണ്‍സ് വിജയം

അഭിഷേക് നിറഞ്ഞാടി, 54 പന്തില്‍ 135; ഇന്ത്യക്ക് 150 റണ്‍സ് വിജയം

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3 ഓവറില്‍ 97 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്ക് 150 റണ്‍സിന്റെ വമ്പന്‍ വിജയം. വാങ്കഡെ സ്റ്റേഡിയത്തിലെ ബാറ്റിങ് പിച്ചില്‍ ഇന്ത്യയെ മാതൃകയാക്കി തകര്‍ത്തടിക്കാനിറങ്ങിയ ഇംഗ്ലണ്ട് തകര്‍ന്നടിയുന്നതാണ് പിന്നീട് കണ്ടത്. നേരത്തേ സ്വന്തമാക്കിയ പരമ്പര ഇന്ത്യ 4-1 എന്ന നിലയില്‍ അവസാനിപ്പിച്ചു. 23 പന്തില്‍ 55 റണ്‍സെടുത്ത ഓപ്പണര്‍ ഫില്‍ സോള്‍ട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. സോള്‍ട്ടിനു പുറമേ 10 റണ്‍സെടുത്ത ജേക്കബ് ബെതല്‍ മാത്രമാണ് ഇംഗ്ലിഷ് നിരയില്‍ രണ്ടക്കം കടന്നത്.

2.3 ഓവറുകള്‍ പന്തെറിഞ്ഞ മുഹമ്മദ് ഷമി 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ, അഭിഷേക് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. അഭിഷേക് ശര്‍മയാണ് കളിയിലെ താരം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 37 പന്തില്‍ സെഞ്ചറിയുമായി കത്തിക്കയറിയ അഭിഷേക് ശര്‍മയുടെ മികവില്‍ 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് 247 റണ്‍സ് എടുത്തത്.

54 പന്തുകള്‍ നേരിട്ട അഭിഷേക് 135 റണ്‍സെടുത്തു പുറത്തായി. ടി20ല്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചറിയാണ് മുംബൈയില്‍ അഭിഷേക് അടിച്ചെടുത്തത്. 35 പന്തുകളില്‍ സെഞ്ചറി തികച്ച രോഹിത് ശര്‍മയാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. ട്വന്റി20യില്‍ ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സുകള്‍ അടിച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് അഭിഷേകിന്റെ പേരിലായി. മുംബൈയില്‍ 13 സിക്‌സുകളാണ് അഭിഷേക് ശര്‍മ ബൗണ്ടറിക്ക് മുകളിലൂടെ പായിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി വെടിക്കെട്ട് പ്രകടനത്തിന് തുടക്കമിട്ടത് മലയാളി താരം സഞ്ജു സാംസണായിരുന്നു. ജോഫ്ര ആര്‍ച്ചറുടെ ആദ്യ പന്തു തന്നെ സഞ്ജു സിക്‌സര്‍ പറത്തി. ഈ ഓവറില്‍ 16 റണ്‍സാണു സഞ്ജു അടിച്ചുകൂട്ടിയത്. എന്നാല്‍ തൊട്ടുപിന്നാലെ സഞ്ജു പുറത്തായത് നിരാശയായി. ഇത്തവണയും ഷോര്‍ട്ട് ബോളിലാണു മലയാളി താരത്തിന്റെ പുറത്താകല്‍. മാര്‍ക് വുഡിന്റെ പന്ത് ഡീപ് സ്‌ക്വയര്‍ ലെഗിലേക്ക് പുള്‍ ചെയ്ത സഞ്ജുവിനെ ബൗണ്ടറിക്കു സമീപത്തു നില്‍ക്കുകയായിരുന്ന ആര്‍ച്ചര്‍ പിടിച്ചെടുത്തു. പിന്നാലെ അഭിഷേകിന്റെ വെടിക്കെട്ട് പ്രകടനം ആരംഭിക്കുകയായിരുന്നു. 13 പന്തില്‍ രണ്ട് സിക്‌സുകളും മൂന്നു ഫോറുകളും അടിച്ച ശിവം ദുബെ 30 റണ്‍സെടുത്തു. 18-ാം ഓവറില്‍ സ്പിന്നര്‍ ആദില്‍ റാഷിദിന്റെ പന്തില്‍ ജോഫ്ര ആര്‍ച്ചര്‍ ക്യാച്ചെടുത്താണ് അഭിഷേക് ശര്‍മ പുറത്താകുന്നത്.

തലപ്പൊക്ക മത്സരം നടത്താൻ പാടില്ല, പാപ്പാൻമാർ മദ്യപിച്ചാൽ പിടിവീഴും; ആന എഴുന്നള്ളിപ്പിന് നിർദേശങ്ങൾ

തലപ്പൊക്ക മത്സരം നടത്താൻ പാടില്ല, പാപ്പാൻമാർ മദ്യപിച്ചാൽ പിടിവീഴും; ആന എഴുന്നള്ളിപ്പിന് നിർദേശങ്ങൾ

കൊച്ചി: എറണാകുളം ജില്ലയിൽ ഉത്സവാഘോഷ പരിപാടികളോടനുബന്ധിച്ച് ആന എഴുന്നള്ളിപ്പിനുള്ള നിർദേശങ്ങൾ പുറത്ത്. ആന എഴുന്നള്ളിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ല കലക്ടർ ചെയർമാനായും ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കൺവീനറുമായിട്ടുള്ള നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ല മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്നു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിവിധ തീരുമാനങ്ങൾ യോഗത്തിലുണ്ടായി.

ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പിനിടെ പാപ്പാന്മാർ മദ്യപിക്കുന്ന സാഹചര്യങ്ങളും ആനകളുടെ മറവിൽ ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യങ്ങളും പരിശോധിക്കാൻ ജില്ല പൊലീസ് കമ്മീഷണർക്ക് കത്ത് നൽകുവാൻ യോഗത്തിൽ തീരുമാനിച്ചു. കേരള ഹൈക്കോടതിയുടെ നിർദേശ പ്രകാരം എഴുന്നള്ളിപ്പുകളിൽ ആനകൾ തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം 1.50 മീറ്റർ ആയിരിക്കണം. സ്ഥലപരിധിക്കനുസരിച്ച് അകലം കൂട്ടാവുന്നതാണ്.

ആനകളെ എഴുന്നള്ളിക്കുമ്പോൾ ആനകളുടെ അടുത്ത് നിന്ന് ജനങ്ങൾ നിൽക്കുന്നിടത്തേക്ക് മുന്നിൽ നിന്നും പിന്നിൽ നിന്നും ഏറ്റവും കുറഞ്ഞത് 3 മീറ്റർ അകലം പാലിക്കണമെന്നും ഈ സ്ഥലം ബാരിക്കേഡ് പോലുള്ള വസ്തുക്കൾ കൊണ്ട് വേർതിരിക്കണമെന്നും തീരുമാനിച്ചു. നാട്ടാന പരിപാലന മോണിറ്ററിങ് കമ്മിറ്റി തീരുമാന പ്രകാരം ആനകളുടെ തലപ്പൊക്ക മത്സരം നടത്തുവാൻ പാടില്ലെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്.

ചെറായി ഗൗരീശ്വര ക്ഷേത്രം, വൈപ്പിൻ മല്ലികാർജ്ജുന ക്ഷേത്രം, ചക്കുമരശ്ശേരി ശ്രീ കുമാരമംഗലം ക്ഷേത്രം എന്നീ ക്ഷേത്ര ഭാരവാഹികൾക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയ വിവരം യോഗം അംഗീകരിച്ചു. മത്സര സ്വഭാവത്തോടെ ചടങ്ങ് നടത്തിയാൽ കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്നും ക്ഷേത്രം ഭാരവാഹികളെ ബോധ്യപ്പെടുത്തി.

ഉത്സവ രജിസ്ട്രേഷൻ ഇല്ലാത്ത എടത്തല ഊരക്കാട് ബാല സുബ്രഹ്മണ്യസ്വാമി ക്ഷേത്ര അപേക്ഷയും, ആനകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ചെറായി ഗൗരീശ്വര ക്ഷേത്ര ഭാരവാഹികളുടെ അപേക്ഷകളും യോഗം നിരസിച്ചു. ആന എഴുന്നള്ളിപ്പിന് പരിശോധനയ്ക്ക് നിലവിൽ ഫീസ് അടച്ച ക്ഷേത്രങ്ങളിൽ 4 അംഗ വെറ്റിനറി ഡോക്ടർമാരുടെ സംഘത്തെ അയയ്ക്കാറുണ്ട് എന്ന ചീഫ് വെറ്റിനറി ഓഫീസറുടെ മറുപടി യോഗം അംഗീകരിച്ചു.

നാട്ടാനകൾ ജില്ല മാറി പോകുന്ന വിവരവും, ഡേറ്റാ ബുക്കിലെ പേര് തന്നെ ആനകളുടെ ലോക്കറ്റുകളിൽ വേണമെന്ന വിവരവും ആന ഉടമസ്ഥരെ കത്ത് മുഖാന്തിരം അറിയിക്കും. എറണാകുളത്തപ്പൻ ശിവക്ഷേത്രത്തിൽ കമ്മിറ്റി അംഗങ്ങൾ സന്ദർശനം നടത്തി സ്ഥല പരിശോധന നടത്തുന്നതിനും യോഗം തീരുമാനിച്ചു.

റോഡ് നിർമ്മാണ സ്ഥലത്ത് ബാരിക്കേഡ് ഇല്ല, ബൈക്ക് തോട്ടില്‍ വീണു; യുവാവിന് ദാരുണാന്ത്യം

റോഡ് നിർമ്മാണ സ്ഥലത്ത് ബാരിക്കേഡ് ഇല്ല, ബൈക്ക് തോട്ടില്‍ വീണു; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ചേവരമ്പലം ബൈപ്പാസില്‍ ഫുഡ് ഡെലിവറി ജീവനക്കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉമ്മളത്തൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ റോഡിനു സമീപത്തെ തോട്ടില്‍ അതിഥി തൊഴിലാളിയാണ് ബൈക്കും മൃതദേഹവും ആദ്യം കണ്ടത്. ഇയാള്‍ നാട്ടുകാരെ വിമറിയിക്കുകയും പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും ചെയ്യുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

റോഡ് പണി പുരോഗമിക്കുന്നതിനു സമീപത്താണ് അപകടം. ഞായറാഴ്ച രാത്രി ഫുഡ് ഡെലിവറിക്കായി പോകുമ്പോള്‍ അപകടത്തില്‍ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. വെളിച്ചക്കുറവും മുന്നറിയിപ്പ് ബോര്‍ഡില്ലാത്തതും ബാരിക്കേഡ് വെക്കാത്തതും അപകടത്തിനു കാരണമാകാമെന്നും നാട്ടുകാര്‍ പറഞ്ഞു. രാത്രിയില്‍ ലോറി ഉള്‍പ്പെടെ റോഡരികില്‍ നിര്‍ത്തിയിടുന്നതും കാഴ്ച മറയ്ക്കുന്നുണ്ട്.

ഏറ്റുമാനൂരില്‍ തട്ടുകടയിലുണ്ടായ തര്‍ക്കം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ഏറ്റുമാനൂരില്‍ തട്ടുകടയിലുണ്ടായ തര്‍ക്കം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു

കോട്ടയം: ഏറ്റുമാനൂരില്‍ ബാറിന് മുന്നിലെ തട്ടുകടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവര്‍ ശ്യാം പ്രസാദ് ആണ് മരിച്ചത്. സംഭവത്തില്‍ പെരുമ്പായിക്കാട് സ്വദേശി ജിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജിബിന്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം. തട്ടുകടയില്‍ ജിബിന്‍ വഴക്ക് ഉണ്ടാക്കുന്നത് കണ്ട് ശ്യാം പ്രസാദ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തിലാണ് ശ്യാം പ്രസാദ് മരിച്ചത്.

ശ്യാം പ്രസാദ് ഡ്യൂട്ടിയില്‍ ആയിരുന്നില്ല. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്യാം പ്രസാദിനെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ ആണ് ആശുപത്രിയില്‍ എത്തിച്ചത്. അതിനിടെ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഏറ്റുമാനൂര്‍ പൊലീസ് ജിബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.