by Midhun HP News | Jan 31, 2025 | Latest News, ദേശീയ വാർത്ത
ദുബായ്: കളിക്കളത്തില്‍ ഇന്ത്യന്‍ താരങ്ങളുമായി സൗഹൃദം പുലര്‍ത്തുന്നത് ഒഴിവാക്കണമെന്ന് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മോയിന്‍ ഖാന്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫെബ്രുവരി 23ന് ദുബായിയില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം നടക്കാനിരിക്കെയാണ് മുന്‍ പാക് നായകന്റെ പരാമര്‍ശം.
ഇന്ത്യന്‍ കളിക്കാരുമായി പാക് താരങ്ങള്‍ പുലര്‍ത്തുന്ന സൗഹൃദം തന്നെ അമ്പരപ്പിക്കുന്നതാണെന്നും മോയിന്‍ ഖാന്‍ പറഞ്ഞു. അടുത്ത കാലത്തായി ഇന്ത്യ- പാക് മത്സരം നടക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റ് ചെയ്യാനായി എത്തുമ്പോള്‍ പാക് താരങ്ങള്‍ അവരുടെ ബാറ്റ് പരിശോധിക്കുന്നതും അവരുമായി ഏറെ നേരം സംസാരിച്ചുനില്‍ക്കുന്നതും എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ല. പ്രൊഫഷണലുകള്‍ എന്ന നിലയില്‍ കളിക്കളത്തിന് പുറത്ത് പോലും ചില അതിരുകള്‍ ഉണ്ടായിരിക്കണമെന്നും മോയിന്‍ഖാന്‍ പറഞ്ഞു.
എതിര്‍ ടീമിലെ കളിക്കാരോട് ബഹുമാനം ഉണ്ടാകുന്നതില്‍ എതിര്‍പ്പില്ല, പക്ഷേ അവരുമായി അമിതമായി സൗഹൃദം പുലര്‍ത്തുന്നത് വിപരീതഫലമുണ്ടാക്കും. ഇന്ത്യയുമായി ഏറ്റുമുട്ടുമ്പോള്‍ കളിക്കളത്തില്‍ അവരോട് സംസാരിക്കേണ്ടതില്ല. സൗഹൃദപരമായി പെരുമാറുമ്പോള്‍ അത് ബലഹീനതയായി കാണുമെന്നും മോയിന്‍ ഖാന്‍ പറഞ്ഞു. താന്‍ കളിക്കുന്ന സമയത്ത് ഇന്ത്യന്‍ താരങ്ങളോട് ഏറെ ബഹുമാനമുണ്ടായിരുന്നെങ്കിലും കളിക്കളത്തില്‍ അത് പ്രകടിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Jan 31, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: 2047ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്കുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സമ്പത്തിന്റേയും സമൃദ്ധിയുടേയും ദേവതയായ ലക്ഷ്മിയെ വണങ്ങുന്നു. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും തുടര്‍ന്നും ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായി മാധ്യമങ്ങളോട് മോദി വ്യക്തമാക്കി.
ഈ ബജറ്റ് പുതിയ ആത്മവിശ്വാസം പകരും. വളര്‍ച്ചയും വികസിത ഭാരതവുമാണ് ലക്ഷ്യം. 2047ല്‍ വികസിത രാജ്യമെന്ന സ്വപ്‌നം ഇന്ത്യ സാക്ഷാത്കരിക്കും. ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വര്‍ഷം പൂര്‍ത്തിയാക്കി എന്നത് അഭിമാനകരമാണ്. ജനങ്ങള്‍ മൂന്നാമതും ഭരിക്കാന്‍ അവസരം തന്നു. രാജ്യം നൂറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ വികസിത ഭാരതം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കും.
നിര്‍ണായക ബില്ലുകള്‍ ഈ സമ്മേളനത്തിലുണ്ട്. പരിഷ്‌കാരങ്ങള്‍ക്ക് ശക്തിപകരുകയാണ് ലക്ഷ്യം. യുവാക്കള്‍ ഭാവിയില്‍ വികസിത ഇന്ത്യയുടെ ഗുണഭോക്താക്കളാകും. യുവാക്കളുടെ ലക്ഷ്യസാക്ഷാത്കാരത്തിനും സ്ത്രീശാക്തീകരണത്തിനും പ്രാധാന്യം നല്‍കുമെന്നും മോദി പറഞ്ഞു.
by Midhun HP News | Jan 31, 2025 | Latest News, കേരളം
കൊല്ലം: കുണ്ടറയില്‍ പതിനൊന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുത്തച്ഛന്‍ കുറ്റക്കാരനാണെന്ന് കോടതി. കൊട്ടാരക്കര അതിവേഗ കോടതിയുടേതാണ് വിധി. പ്രതിയുടെ ശിക്ഷ ഉച്ചയ്ക്ക് ശേഷം കോടതി പ്രസ്താവിക്കും. പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്തിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പൊലീസ് ആദ്യഘട്ടത്തില്‍ ഇത് അവഗണിച്ചിരുന്നു. സംഭവം വിവാദമായതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പീഡനത്തിന്റെ ഉത്തരവാദിത്തം കുട്ടിയുടെ പിതാവിന്റെ തലയില്‍ കെട്ടിവെക്കാനും മുത്തച്ഛന്‍ ശ്രമിച്ചിരുന്നു.
എന്തെങ്കിലും വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് വീട്ടുകാരെ പ്രതിയായ മുത്തച്ഛൻ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ പിതാവ് മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് അടക്കം നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വീണ്ടും അന്വേഷണം നടത്തിയത്. കൊല്ലം എസ്പിയുടേയും കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാറിന്റെയും ജാഗ്രതയോടെയുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ വിക്ടറിന്റെ പങ്ക് പൊലീസിനു മുന്നിൽ വെളിപ്പെടുത്തിയത് പ്രതിയുടെ ഭാര്യയും ഇരയുടെ മുത്തശ്ശിയുമായ ലതാ മേരിയാണ്. എന്നാൽ വിക്ടർ പേരക്കുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയുടെ അറിവോടെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ലതാമേരിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
by Midhun HP News | Jan 31, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: വിദ്യാഭ്യാസ വകുപ്പിന്റെ ഭിന്നശേഷി കുട്ടികളുടെ സാമൂഹിക ഉൾചേർക്കൽ പദ്ധതിയായ ‘മോഡൽ ഇൻക്ലൂസീവ് സ്കൂൾ പദ്ധതി’ ചിറയിൻകീഴ് കൂന്തള്ളൂർ പ്രേംനസീർ മെമോറിയൽ ഗവ.സ്‌കൂളിൽ ആരംഭിച്ചു. പൊതുവിദ്യാലയങ്ങൾ പൂർണതോതിൽ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ജില്ലയിൽ 68 പൊതുവിദ്യാലയങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തത്.
കിഴുവിലം ഗ്രാമപഞ്ചായത്തംഗം ആർ.മനോന്മണി പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സബീന അധ്യക്ഷയായി. ആറ്റിങ്ങൽ ബി.ആർ.സി ക്ക് കീഴിൽ തെരഞ്ഞെടുക്കപ്പെട്ട ഏക സ്കൂളാണിത്. അധ്യാപകർക്കും, രക്ഷിതാക്കൾക്കും, സഹപാഠികൾക്കും, പൊതുസമൂഹത്തിനും വേവ്വേറെ ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
സ്കൂൾ എസ്.എം.സി ചെയർമാൻ സുരേഷ്, വൈസ് ചെയർമാൻ സബിത, പി.ടി.എ വൈസ് പ്രസിഡന്റ് അനസ്, ഷീജ, പദ്ധതിയുടെ സ്കൂൾ നോഡൽ ഓഫീസർ മുഹമ്മദ് അൻസാരി, സീനിയർ അസിസ്റ്റന്റ് രഹ്‌ന എ.ആർ, ആറ്റിങ്ങൽ ബി.ആർ.സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ അമൃത.എസ്, ലതിക കുമാരി എന്നിവർ ബോധവത്കരണ ക്ലാസ്സെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ മാർജി സ്വാഗതവും പ്രധാനാധ്യാപിക ബിന്ദു നന്ദിയും പറഞ്ഞു.
by Midhun HP News | Jan 31, 2025 | Latest News, കേരളം
കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിവേട്ട. മൂന്ന് കേസുകളിലായി 400 ഗ്രാം എംഡിഎംഎ പൊലിസ് പിടിച്ചെടുത്തു. ലഹരി ഇടപാടിലെ മുഖ്യപ്രതികള്‍ പിടിയിലായതായാണ് സൂചന. വൈകീട്ട് നാലുമണിക്ക് ഡിസിപി മാധ്യമങ്ങളെ കാണും
ഒരു കിലോയിലേറെ എംഡിഎംഎം കൊച്ചിയില്‍ വിതരണത്തിന് എത്തിച്ചതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പള്ളുരുത്തി, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയിലാണ് 400 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.
അറസ്റ്റിലായ പ്രതികളെ സംബന്ധിച്ചും എംഡിഎംഎയുടെ ഉറവിടം സംബന്ധിച്ചും ഡിസിപി വിശദീകരിക്കും. ഇന്നലെ ഇടപ്പള്ളിയില്‍ വച്ച് 50 ഗ്രാം എംഡിഎംഎയുമായി ഫോര്‍ട്ടുകൊച്ചി സ്വദേശികള്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരിവില്‍പ്പനയിലെ മുഖ്യകണ്ണികളെ കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചത്.
by Midhun HP News | Jan 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ജോത്സ്യനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുന്നു. കരിക്കകം സ്വദേശി ശംഖുമുഖം ദേവീദാസന്‍ എന്നയാളെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. ഇവര്‍ക്ക് ശ്രീതുവും ഹരികുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രദീപ് കുമാര്‍ എന്നായിരുന്നു പേര്. ഇയാള്‍ മുമ്പ് പാരലല്‍ കോളജില്‍ പഠിപ്പിച്ചിരുന്നു. പിന്നീടാണ് ഇദ്ദേഹം ജ്യോത്സ്യനായി മാറുന്നത്. ശ്രീതുവിന്റെ പക്കല്‍ നിന്നും 30 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ അമ്മ ശ്രീതുവിനെതിരെ കുട്ടിയുടെ അച്ഛന്‍ ശ്രീജിത്തും മുത്തച്ഛനും മൊഴി നല്‍കി. കുട്ടിയെ കൊലപ്പെടുത്തിയതില്‍ ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ശ്രീജിത്ത് ആവശ്യപ്പെട്ടത്. ശ്രീതുവിന്റെ പെരുമാറ്റങ്ങളില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ശ്രീജിത്തിന്റെ അച്ഛനും പൊലീസിനോട് പറഞ്ഞു. ശ്രീതുവും ശ്രീജിത്തും വര്‍ഷങ്ങളായി അകന്നു കഴിയുകയാണ്.
സാധാരണ കുട്ടികളെ കാണാനെത്തിയാല്‍ ശ്രീജിത്ത് അല്‍പ്പസമയത്തിനുശേഷം തിരികെ പോകുകയാണ് പതിവ്. കുട്ടി മരിക്കുന്നതിന് തലേദിവസമാണ് ശ്രീതുവിന്റെ അച്ഛന്‍ മരിച്ചതിന്റെ പതിനാറടിയന്തിരം നടന്നത്. ഇതില്‍ പങ്കെടുക്കാന്‍ വീട്ടിലെത്തിയ ശ്രീജിത്ത് അന്ന് അവിടെ തങ്ങുകയായിരുന്നു എന്ന് പൊലീസിനോട് വെളിപ്പെടുത്തി. ആഹാരം കഴിക്കാന്‍ വിസമ്മതിച്ച പ്രതി ഹരികുമാര്‍ ഇപ്പോഴും ചോദ്യം ചെയ്യലില്‍ നിസഹകരണ മനോഭാവം തുടരുകയാണ്.
സംഭവത്തിലെ ദുരൂഹത നീക്കുന്നതിന്റെ ഭാഗമായി മരിച്ച കുട്ടിയുടെ സഹോദരിയായ ഏഴു വയസ്സുകാരി, അമ്മൂമ്മ, അച്ഛന്‍ ശ്രീജിത്ത് എന്നിവരെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. ജ്യോത്സ്യന്റെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം മഹിളാമന്ദിരത്തില്‍ കഴിയുന്ന ശ്രീതുവിനെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. പ്രതി ഹരികുമാറിനെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്തശേഷമാകും കോടതിയില്‍ ഹാജരാക്കുക.
രണ്ടു വയസുകാരിയുടെ കൊലപാതകത്തില്‍ വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് റൂറല്‍ എസ്പി കെ എസ് സുദര്‍ശന്‍ വ്യക്തമാക്കിയിരുന്നു. കൊലപാതകം നടത്തിയത് കുട്ടിയുടെ അമ്മാവനായ ഹരികുമാര്‍ ആണെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ അയാളെ അറസ്റ്റ് ചെയ്തു. പ്രതി പറഞ്ഞത് പൂര്‍ണമായും വിശ്വാസത്തിലെടുക്കാനാവില്ല. കേസില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ, വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോ, എന്തിനാണ് ഈ കൃത്യം ചെയ്തത് എന്നതിലെല്ലാം വിശദമായ അന്വേഷണത്തിന് വിധേയമാക്കുകയാണെന്നും റൂറല്‍ എസ്പി വ്യക്തമാക്കി.
Recent Comments