തൊഴിലുറപ്പ് അംഗം മാതൃകയാകുന്നു

തൊഴിലുറപ്പ് അംഗം മാതൃകയാകുന്നു

കല്ലിൻമൂട്: കഴിഞ്ഞ ദിവസം വാർഡിലെ പെൻഷൻ വിതരണത്തിനിടെ കളഞ്ഞു പോയ 37,900/- രൂപ കല്ലിൻമൂട് വാർഡ് തൊഴിലുറപ്പ് അംഗമായ പട്ടകോണം ഇന്ദിര വിലാസത്തിൽ ശ്രീമതി സിന്ധുവിന് വഴിയിൽ നിന്ന് കളഞ്ഞു കിട്ടുകയും സിന്ധു ആ തുക വാർഡുമെമ്പറു കൂടിയായ പഞ്ചായത്ത് വികസന കാര്യ ചെയർമാൻ പൂവണത്തുംമൂട് മണികണ്ഠനെ ഏൽപ്പിക്കുകയും ചെയ്തു. തുക ഏറ്റുവാങ്ങി തിരികെ ഉടമസ്ഥന് നൽകുകയും ചെയ്തു. സത്യസന്ധമായി തുക തിരികെ ഏൽപ്പിച്ച തൊഴിലുറപ്പ് തൊഴിലാളിയായ സിന്ധുവിന് നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ്.

‘ദൈവങ്ങള്‍ തന്നെ കാണുമ്പോള്‍ തിരിഞ്ഞു നില്‍ക്കുന്നു’

‘ദൈവങ്ങള്‍ തന്നെ കാണുമ്പോള്‍ തിരിഞ്ഞു നില്‍ക്കുന്നു’

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് തിങ്കളാഴ്ച അപേക്ഷ നല്‍കും. ചൊവ്വാഴ്ച സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ഈ സമയം ക്രമസമാധാനപ്രശ്നവും പ്രദേശവാസികളുടെ രോഷപ്രകടനവും ഉണ്ടാകുമെന്ന ആശങ്കയുള്ളതിനാല്‍ 500 പൊലീസുകാരെ പോത്തുണ്ടി പ്രദേശത്ത് വിന്യസിക്കുമെന്നാണ് സൂചന.

ദൈവങ്ങള്‍ തന്നെ കാണുമ്പോള്‍ തിരിഞ്ഞു നില്‍ക്കുകയാണെന്നാണ് ചെന്താമര പൊലീസിനോട് പറഞ്ഞത്. പ്രതി കടുത്ത അന്ധവിശ്വാസിയാണെന്ന നാട്ടുകാരുടെ വാദം കണക്കിലെടുത്ത്, ദൈവത്തോട് പ്രാര്‍ഥിക്കാറുണ്ടോ എന്ന് പൊലീസ് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. താനുമായി ബന്ധപ്പെട്ടവരെ കേസിലേക്ക് വലിച്ചിഴക്കാതിരിക്കാന്‍ മൊഴി നല്‍കുമ്പോള്‍ പ്രതി അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു.

ജാമ്യത്തിലിറങ്ങിയശേഷം താമസിച്ച സ്ഥലങ്ങള്‍, ജോലിചെയ്ത ഇടങ്ങള്‍ എന്നിവ സംബന്ധിച്ച ചോദ്യത്തിന് ‘അവരെയൊന്നും ഇതിലേക്ക് വലിച്ചിഴക്കേണ്ട, എല്ലാം ഞാന്‍ ഒറ്റയ്ക്കാണ് ചെയ്തത്, എന്നെ എത്രയും വേഗം ശിക്ഷിക്കുക’ എന്നായിരുന്നു മറുപടി നല്‍കിയത്. ജാമ്യത്തിലിറങ്ങിയ ശേഷം ചെന്താമര താമസിച്ച സ്ഥലങ്ങള്‍, ബന്ധപ്പെട്ട ആളുകള്‍ തുടങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ് അന്വേഷണ സംഘം.

അതേസമയം, ആലത്തൂര്‍ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്ത ചെന്താമരയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പാലക്കാട് എ ആര്‍ ക്യാമ്പില്‍നിന്നുള്ള പൊലീസ് സംഘത്തിന്റെ കാവലിലാണ് ഇയാളെ രാത്രി വിയ്യൂരിലേക്ക് മാറ്റിയത്. ഇയാളോടൊപ്പം കഴിയാന്‍ ഭയമാണെന്ന് മറ്റു തടവുകാര്‍ ജയിലധികൃതരെ അറിയിച്ചതിനെത്തുടർന്നായിരുന്നു ജയിൽമാറ്റം. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ ഒറ്റ സെല്ലിലേക്കാണ് മാറ്റിയത്.

വാളയാര്‍, വേലന്താവളം ചെക് പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ്; 1.60 ലക്ഷം രൂപ പിടികൂടി

വാളയാര്‍, വേലന്താവളം ചെക് പോസ്റ്റുകളില്‍ വിജിലന്‍സ് റെയ്ഡ്; 1.60 ലക്ഷം രൂപ പിടികൂടി

പാലക്കാട്: വാളയാര്‍, വേലന്താവളം മോട്ടോര്‍ വാഹന ചെക്‌പോസ്റ്റുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 1.60 ലക്ഷം രൂപ പിടികൂടി. രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും വിജിലന്‍സ് റെയ്ഡ് നടത്തിയത്. വാളയാര്‍ ഇന്‍, വാളയാര്‍ ഔട്ട്, വേലന്താവളം എന്നീ ചെക്‌പോസ്റ്റുകളിലായിരുന്നു പരിശോധന.

ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ പരിശോധന പുലര്‍ച്ചെ മൂന്നു മണി വരെ നീണ്ടു. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഏറ്റവും കൂടുതല്‍ അനധികൃതമായ പണം പിടിച്ചെടുത്തത് വാളയാര്‍ ഇന്‍ ചെക് പോസ്റ്റില്‍ നിന്നായിരുന്നു. ലോറി ജീവനക്കാർക്കൊപ്പം മാറി നിന്നു മണക്കൂറുകളോളം നിരീക്ഷിച്ച ശേഷമാണ് വിജിലൻസ് ഉദ്യോഗസ്‌ഥർ മിന്നൽ വേഗത്തിൽ ചെക്പോസ്റ്റിനകത്തേക്ക് കയറി, പരിശോധന നടത്തി കൈക്കൂലി പണം പിടിച്ചെടുത്തത്. ഈ മാസം 11, 12 തീയതികളിലായി നടന്ന വിജിലൻസ് പരിശോധനയിൽ 5 ചെക്പോസ്‌റ്റുകളിൽ നിന്നായി 3,26,980 രൂപ പിടികൂടിയിരുന്നു.

മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ കുഴക്കി ഹരികുമാര്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും

മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ കുഴക്കി ഹരികുമാര്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്ന പ്രതി ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിലവില്‍ അമ്മാവനായ ഹരികുമാറിന് മാത്രമേ കൊലപാതകത്തില്‍ പങ്കുള്ളൂവെന്നാണ് പൊലീസിന്റെ നിഗമനം. നേരത്തെയും പ്രതി ഈ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. തുടര്‍ന്നായിരിക്കും സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുക. കുറ്റം ചെയ്‌തെന്ന് സമ്മതിച്ചെങ്കിലും അതിന്റെ കാരണം പ്രതി മാറ്റി പറയുന്നതിനാല്‍ പൊലീസ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.

അതേസമയം, അമ്മ ശ്രീതുവിനെ വിട്ടയച്ചെങ്കിലും വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യും. നിലവില്‍ ശ്രീതു പൂജപ്പുര വനിതാ മന്ദിരത്തിലാണ്. കൂട്ടിക്കൊണ്ട് പോകാന്‍ ആരും എത്താത്തതിനാലാണ് വനിതാ മന്ദിരത്തിലേക്ക് മാറ്റിയത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്നതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്താന്‍ അമ്മ ശ്രീതുവിന്റെ സഹായം ഇയാള്‍ക്ക് ലഭിച്ചതായും സൂചനയുണ്ട്. ശ്രീതുവിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സഹോദരന്‍ ഹരികുമാറുമായുള്ള ചാറ്റുകളില്‍ നിന്ന് നിര്‍ണായക വിവരം ലഭിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

ശ്രീതുവിന്റെ മൊഴിയില്‍ തുടക്കത്തില്‍ തന്നെ വൈരുദ്ധ്യമുണ്ടായിരുന്നു. അച്ഛനൊപ്പമായിരുന്നു കുട്ടിയെ ഉറക്കാന്‍ കിടത്തിയതെന്നായിരുന്നു ശ്രീതു നല്‍കിയ മൊഴി. എന്നാല്‍ അച്ഛന്‍ ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോള്‍ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തല്‍. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ

പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ

ഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ ഇന്ന് അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ മാധ്യമങ്ങളെ കാണും.

പൊതു ബജറ്റ് നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ നടക്കുക. തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിഘടനയിലുമുള്ള പുതിയ പ്രഖ്യാപനങ്ങള്‍ രാജ്യം ഉറ്റുനോക്കുകയാണ്.

നിലവിലെ ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയ ആദായനികുതി സ്‌കീം പ്രകാരം നിലവില്‍ 3 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇല്ല. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാകും പ്രധാനമായും ഈ ഘട്ടത്തിലുണ്ടാകുക. രണ്ടാംഘട്ടം മാര്‍ച്ച് 10ന് തുടങ്ങി ഏപ്രില്‍ 4 വരെയുണ്ടാകും.

കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.