by Midhun HP News | Jan 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്ന പ്രതി ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിലവില്‍ അമ്മാവനായ ഹരികുമാറിന് മാത്രമേ കൊലപാതകത്തില്‍ പങ്കുള്ളൂവെന്നാണ് പൊലീസിന്റെ നിഗമനം. നേരത്തെയും പ്രതി ഈ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. തുടര്‍ന്നായിരിക്കും സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുക. കുറ്റം ചെയ്‌തെന്ന് സമ്മതിച്ചെങ്കിലും അതിന്റെ കാരണം പ്രതി മാറ്റി പറയുന്നതിനാല്‍ പൊലീസ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.
അതേസമയം, അമ്മ ശ്രീതുവിനെ വിട്ടയച്ചെങ്കിലും വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യും. നിലവില്‍ ശ്രീതു പൂജപ്പുര വനിതാ മന്ദിരത്തിലാണ്. കൂട്ടിക്കൊണ്ട് പോകാന്‍ ആരും എത്താത്തതിനാലാണ് വനിതാ മന്ദിരത്തിലേക്ക് മാറ്റിയത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്നതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്താന്‍ അമ്മ ശ്രീതുവിന്റെ സഹായം ഇയാള്‍ക്ക് ലഭിച്ചതായും സൂചനയുണ്ട്. ശ്രീതുവിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സഹോദരന്‍ ഹരികുമാറുമായുള്ള ചാറ്റുകളില്‍ നിന്ന് നിര്‍ണായക വിവരം ലഭിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
ശ്രീതുവിന്റെ മൊഴിയില്‍ തുടക്കത്തില്‍ തന്നെ വൈരുദ്ധ്യമുണ്ടായിരുന്നു. അച്ഛനൊപ്പമായിരുന്നു കുട്ടിയെ ഉറക്കാന്‍ കിടത്തിയതെന്നായിരുന്നു ശ്രീതു നല്‍കിയ മൊഴി. എന്നാല്‍ അച്ഛന്‍ ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോള്‍ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തല്‍. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
by Midhun HP News | Jan 31, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ ഇന്ന് അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ മാധ്യമങ്ങളെ കാണും.
പൊതു ബജറ്റ് നാളെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ നടക്കുക. തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിഘടനയിലുമുള്ള പുതിയ പ്രഖ്യാപനങ്ങള്‍ രാജ്യം ഉറ്റുനോക്കുകയാണ്.
നിലവിലെ ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയ ആദായനികുതി സ്‌കീം പ്രകാരം നിലവില്‍ 3 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇല്ല. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയാകും പ്രധാനമായും ഈ ഘട്ടത്തിലുണ്ടാകുക. രണ്ടാംഘട്ടം മാര്‍ച്ച് 10ന് തുടങ്ങി ഏപ്രില്‍ 4 വരെയുണ്ടാകും.
by Midhun HP News | Jan 31, 2025 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.
ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
by Midhun HP News | Jan 31, 2025 | Latest News, കേരളം
കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. വസ്തുതകള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നാണ് അപ്പീലില്‍ മഞ്ജുഷയുടെ പ്രധാന വാദം. സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പിഴവുകളുണ്ട്. സിപിഎമ്മിന്റെ നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ് പ്രതിസ്ഥാനത്ത്. അതുകൊണ്ടു തന്നെ പൊലീസ് അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്നും മഞ്ജുഷ ചൂണ്ടിക്കാട്ടുന്നു.
ഭരണകക്ഷിയായ നേതാവിനെതിരെ ആയതിനാല്‍, പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണം വേണം. കുടുംബത്തിന് നീതി ലഭിച്ചുവെന്ന് പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടാനാകണം. നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തസാന്നിധ്യത്തിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വഴി ഉത്തരം ലഭിച്ചില്ലെന്നും അപ്പീലില്‍ വ്യക്തമാക്കുന്നു.
by Midhun HP News | Jan 31, 2025 | Latest News, കേരളം
തിരുവനന്തപുരം: ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഫെബ്രുവരി 5 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി നല്‍കും.
ആറാം തിയതി മുതല്‍ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെ വൈകീട്ട് അഞ്ചുമണി വരെ 68.71 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. ഗതാഗത കരാറുകാരുടെ പണിമുടക്ക് മൂലം ഭക്ഷ്യധാന്യങ്ങളുടെ റേഷന്‍ വിതരണംപൂര്‍ത്തീകരിക്കുനന്തില്‍ കാലതാമസം ഉണ്ടായിരുന്നു. കഴിഞ്ഞദിവസങ്ങളായി റേഷന്‍കടകളിലേക്കുള്ള വാതില്‍പ്പടി വിതരണം സുഗമമായി നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.
by Midhun HP News | Jan 30, 2025 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ ഹരികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഹരികുമാറിനെ വൈദ്യ പരിശോധനക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാളെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും. കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നത് താൻ ആണെന്ന് പ്രതി പൊലീസിനോട് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.
സഹോദരിയോടുള്ള വൈരാഗ്യം കാരണമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ഹരികുമാറിന്റെ മൊഴി. കുഞ്ഞിന്റെ അമ്മ ശുചിമുറിയിൽ പോയ സമയത്ത് ദേവേന്ദുവിനെ അച്ഛന്റെ അടുത്ത് കിടത്തിയിരുന്നു. ഈ സമയത്ത് ഹരികുമാർ മുറിയിലെത്തി കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലിടുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ദേവേന്ദുവിനെ ജീവനോടെയാണ് കിണറ്റിലെറിഞ്ഞതെന്ന് തെളിഞ്ഞിരുന്നു.
കുഞ്ഞിൻ്റേത് മുങ്ങി മരണമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. ദേവേന്ദുവിൻ്റെ അമ്മ ശ്രീതുവിൻ്റെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടരും. എന്നാൽ കൊലപാതകത്തിൽ ശ്രീതുവിന് എതിരെയുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ചോദ്യം ചെയ്യൽ തുടരും. അതേസമയം കുട്ടിയുടെ മുത്തശി ശ്രീകലയേയും അച്ഛൻ ശ്രീജിത്തിനേയും പൊലീസ് വിട്ടയച്ചു. രണ്ട് പേരും നിരപരാധികളാണന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിട്ടയച്ചത്.
കുഞ്ഞിന്റെ ശരീരത്തില്‍ മറ്റ് മുറിവുകളില്ലെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ദേവേന്ദുവിന്റെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. മുത്തശ്ശിയും അച്ഛനും സ്റ്റേഷനിൽ നിന്നും തിരിച്ചെത്തിയതിന് ശേഷമായിരുന്നു സംസ്കാരച്ചടങ്ങുകൾ നടത്തിയത്.
ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകള്‍ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.
Recent Comments