രാജ്ഘട്ടില്‍ പ്രണാമമര്‍പ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; ബാപ്പു സ്മരണയില്‍ രാജ്യം

രാജ്ഘട്ടില്‍ പ്രണാമമര്‍പ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; ബാപ്പു സ്മരണയില്‍ രാജ്യം

ഡല്‍ഹി: മഹാത്മ ഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ ദിനത്തില്‍ സ്മരണാഞ്ജലിയുമായി രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, മനോഹര്‍ ലാല്‍ ഖട്ടാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിലെത്തി പ്രണാമമര്‍പ്പിച്ചു. രണ്ട് മിനിറ്റ് നേരം മൗനപ്രാര്‍ഥനയും നടത്തി. വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

‘ബാപ്പുവിന് ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ എല്ലാവര്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ സേവനത്തെയും ത്യാഗങ്ങളെയും സ്മരിക്കുകയും ചെയ്യുന്നു’ – മോദി എക്‌സില്‍ കുറിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ശുചിത്വം, സ്വാശ്രയത്വം, ഗ്രാമങ്ങളുടെ ശാക്തികരണം തുടങ്ങിയ അദ്ദേഹത്തിന്റെ ചിന്തകള്‍ ഇന്ത്യക്കാര്‍ക്ക് പ്രചോദനമാണെന്ന് ഷാ പറഞ്ഞു.

മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ശുചിമുറിയിലെ ബക്കറ്റില്‍; അമ്മ തൂങ്ങി മരിച്ച നിലയില്‍

മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ശുചിമുറിയിലെ ബക്കറ്റില്‍; അമ്മ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മഞ്ചേരി മോങ്ങത്ത് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. ഒളിമതല്‍ സ്വദേശി മിനിയെ(45) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം. കുഞ്ഞ് ബക്കറ്റില്‍ തലകീഴായി കിടക്കുന്ന നിലയിലായിരുന്നു. മിനിയുടെ സ്വന്തം വീട്ടില്‍ വെച്ചാണ് മരണം. വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരണത്തില്‍ ആര്‍ക്കും പങ്കില്ല. തന്റെ കാഴ്ചപരിമിതിയാണ് ജീവനൊടുക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് കുറിപ്പില്‍ പറയുന്നത്. മാവൂരിലാണ് മിനിയുടെ ഭര്‍ത്താവിന്റെ വീട്. മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

ദേവേന്ദുവിനെ കൊന്നത് അമ്മാവന്‍?; കുറ്റം സമ്മതിച്ചെന്ന് റിപ്പോര്‍ട്ട്

ദേവേന്ദുവിനെ കൊന്നത് അമ്മാവന്‍?; കുറ്റം സമ്മതിച്ചെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയതില്‍ അമ്മാവന്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ജീവനോടെ കുഞ്ഞിനെ കിണറ്റില്‍ ഇട്ടുവെന്ന് അമ്മാവന്‍ ഹരികുമാര്‍ പൊലീസിനോട് സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അമ്മാവന്റെ കുറ്റസമ്മതത്തില്‍ പൊലീസ് കൂടുതല്‍ പരിശോധന നടത്തിവരികയാണ്. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം വിലയിരുത്തി വരികയാണ്.

എന്തിനാണ് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയത്?, അമ്മ ശ്രുതിയുടേയോ മുത്തശ്ശിയുടേയോ സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. രാവിലെ മുതല്‍ ചോദ്യം ചെയ്യലില്‍ ഒരു ഭാവഭേദവവും കൂടാതെയാണ് കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും പ്രതികരിച്ചിരുന്നത്. നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂ, ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല എന്നായിരുന്നു രാവിലെ അമ്മാവന്‍ ഹരികുമാര്‍ പൊലീസിനോട് പറഞ്ഞത്.

കുട്ടിയുടെ അമ്മ ശ്രീതുയും അച്ഛന്‍ ശ്രീജിത്തും തമ്മില്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലൊണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ അടയാളങ്ങളും ദേഹപരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. യഥാര്‍ത്ഥ മരണ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് സൂചിപ്പിച്ചു. ഇന്ന് രാവിലെയാണ് ബാലരാമപുരത്ത് ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു എന്ന രണ്ടു വയസ്സുകാരിയുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുത്തത്.

ചോറ്റാനിക്കരയിലെ പെണ്‍കുട്ടി നേരിട്ടത് ക്രൂര പീഡനം; നില അതീവ ഗുരുതരം

ചോറ്റാനിക്കരയിലെ പെണ്‍കുട്ടി നേരിട്ടത് ക്രൂര പീഡനം; നില അതീവ ഗുരുതരം

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തില്‍ നിന്നും ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. തലയ്‌ക്കേറ്റ ക്ഷതമാണ് കൂടുതല്‍ ഗുരുതരമായിട്ടുള്ളത്. പെണ്‍കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ സൂചിപ്പിക്കുന്നത്.

സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. ബലാത്സംഗ കേസും ചുമത്തിയിട്ടുണ്ട്. അനൂപിനെ ഇന്ന് വീണ്ടും പൊലീസ് വിശദമായി ചോദ്യം ചെയ്യും.

അനൂപ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിറയെ ഇടിച്ചതിന്റെ പാടുകളുണ്ട്. മറ്റൊരാളുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്ന സംശയത്താലായിരുന്നു ഉപദ്രവം. പെണ്‍കുട്ടിയുടെ വീട്ടിലെത്തുമ്പോള്‍ അനൂപ് ലഹരി ഉപയോഗിച്ചിരുന്നില്ല. പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കിയിരുന്നതായി പ്രതി പൊലീസിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. മർദ്ദനത്തിനൊടുവിൽ അനൂപ് പെൺകുട്ടിയുടെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചുവെന്നാണ് പൊലീസിന്റെ നി​ഗമനം. തര്‍ക്കത്തെത്തുടർന്ന് പെൺകുട്ടി സ്വയം ഷാള്‍ ഉപയോഗിച്ച് കഴുത്തിന് കുരുക്കിടുകയായിരുന്നുവെന്നാണ് അനൂപ് പൊലീസിനോട് പറഞ്ഞത്. പെൺകുട്ടിക്ക് ദേഹോപദ്രവമേട്ടിട്ടുണ്ടെന്നും അമ്മയുടെ പരാതിയിലാണ് അനൂപിനെതിരെ ബലാത്സം​ഗം, വധശ്രമ കേസുകൾ ചുമത്തിയതെന്നും പൊലീസ് പറഞ്ഞു. ലഹരി കേസിലെ പ്രതിയാണ് 24കാരനായ അനൂപ് എന്ന് പൊലീസ് വ്യക്തമാക്കി.

‘ഷെറിന് മറ്റാര്‍ക്കും ലഭിക്കാത്ത പരിഗണന; മോചനത്തിന് പിന്നില്‍ ഒരു മന്ത്രിയുടെ പ്രത്യേക താത്പര്യം’

‘ഷെറിന് മറ്റാര്‍ക്കും ലഭിക്കാത്ത പരിഗണന; മോചനത്തിന് പിന്നില്‍ ഒരു മന്ത്രിയുടെ പ്രത്യേക താത്പര്യം’

ആലപ്പുഴ: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മരുമകള്‍ ഷെറിനെ വിട്ടയക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഒരു മന്ത്രിയുടെ പ്രത്യേക താത്പര്യമാണെന്ന് കാരണവരുടെ ബന്ധുവും കേസിലെ ഒന്നാം സാക്ഷിയുമായ അനില്‍ കുമാര്‍ ഓണമ്പള്ളില്‍. ഷെറിനു മാത്രം ശിക്ഷയിളവ് ലഭിച്ചതിനു പിന്നില്‍ ഉന്നതരുടെ സ്വാധീനമുണ്ടെന്നു കരുതണം. മറ്റാര്‍ക്കും കിട്ടാത്ത പരിഗണന ഷെറിന് കിട്ടുന്നത് എന്തുകൊണ്ടാണെന്നും അനില്‍ ചോദിച്ചു. ജയിലില്‍ അവര്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷെറിനെ വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ ബന്ധുക്കള്‍ കൂടിയാലോചിച്ച് നിയമനടപടി സ്വീകരിക്കും. കൂട്ടുപ്രതികള്‍ക്കു ലഭിക്കാത്ത പരിഗണന ഷെറിനു മാത്രം ലഭിച്ചത് എന്തുകൊണ്ടെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജയില്‍ ഉപദേശകസമിതിയുടെ നിര്‍ദേശാനുസരണമാണ് തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അതേ ജയിലില്‍ കഴിയുന്ന മറ്റ് മൂന്ന് സ്ത്രീകളുടെ പരോളിനുള്ള അപേക്ഷയും ഉപദേശക സമിതിക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ അതൊന്നും അംഗീകരിക്കാതെ ഷെറിന് മാത്രമാണ് സര്‍ക്കാര്‍ ശിക്ഷായിളവ് അനുവദിച്ചത്. വിടുതലിനുള്ള ആദ്യ അപേക്ഷ തന്നെ അംഗീകരിക്കുന്ന അസാധാരണ പരിഗണനയും ഷെറിന് ലഭിച്ചെന്നും ഇവര്‍ പറയുന്നു

2009 നവംബര്‍ 9 നാണ് ഭാസ്‌കര കാരണവര്‍ കൊല്ലപ്പെടുന്നത്. കേസില്‍ മരുമകള്‍ ഷെറിന്‍ ഒന്നാം പ്രതിയും ഷെറിന്റെ കാമുകന്‍ കോട്ടയം സ്വദേശി ബാസിത് അലി, സുഹൃത്ത് കൊച്ചി കളമശ്ശേരി സ്വദേശി നിധിന്‍, കൊച്ചി ഏലൂര്‍ സ്വദേശി ഷാനു റാഷിദ് എന്നിവരെയും പ്രതികളാക്കി. 2010 ജൂണ്‍ 11 ന് കോടതി ഷെറിന് മൂന്ന് ജീവപര്യന്തവും രണ്ട് ജീവപര്യന്തവും വിധിച്ചു. ഹൈക്കോടതിയും സുപ്രീം കോടതിയും വിധി ശരിവച്ചു.

ഷെറിന്‍ ജീവപര്യന്തത്തിന്റെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വര്‍ഷം പൂര്‍ത്തിയായത് 2023 നവംബര്‍ 12ന്. പിന്നീട് വെറും 9 മാസത്തിനുളളില്‍ മോചന ഫയല്‍ ജയിലില്‍ തയാറായി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാള്‍ 14 വര്‍ഷം പൂര്‍ത്തിയായാല്‍ ജയില്‍ സൂപ്രണ്ട് തന്നെ അക്കാര്യം ഉപദേശക സമിതിയെ അറിയിക്കും. എന്നാല്‍ ആദ്യ വര്‍ഷം തന്നെ അപേക്ഷ പരിഗണിക്കാറില്ല. ശിക്ഷ കാലയളവില്‍ വിവിധ വര്‍ഷങ്ങളിലായി 452 ദിവസം ഷെറിന്‍ പരോളില്‍ പുറത്തായിരുന്നു. അത് ഒഴിക്കിയാല്‍ 13 വര്‍ഷവും 9 മാസവും മാത്രമാണ് ഷെറിന്‍ ജയിലില്‍ കഴിഞ്ഞത്.

ജയിലിലെ നല്ലനടപ്പുകൊണ്ടാണ് ശിക്ഷയിളവിനു പരിഗണിച്ചതെന്ന് കണ്ണൂര്‍ വനിതാ ജയില്‍ ഉപദേശക സമിതിയംഗം എംവി സരള പറഞ്ഞു. ഉപദേശകസമിതി നല്ല രീതിയില്‍ പരിശോധന നടത്തിയാണു റിപ്പോര്‍ട്ട് നല്‍കിയത്. എല്ലാ റിപ്പോര്‍ട്ടുകളും അവര്‍ക്ക് അനുകൂലമായിരുന്നു. പുറത്തുവിട്ടാല്‍ പ്രശ്‌നമുണ്ടാകില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജയില്‍വകുപ്പിന്റെ റിപ്പോര്‍ട്ടും അനുകൂലമായിരുന്നു. പ്രത്യേകിച്ച് ഒരു മുന്‍ഗണനയും ഉപദേശകസമിതി നല്‍കിയിട്ടില്ല.

ഷെറിന്‍ മാനസാന്തരപ്പെട്ടു. ഇപ്പോള്‍ കുറ്റവാസനയില്ല. സ്വഭാവത്തില്‍ ഒരുപാടു മാറ്റംവന്നു.ജയിലിലെ പ്രവര്‍ത്തനത്തെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. എല്ലാക്കാലത്തും ഒരാളെ കുറ്റവാളിയായി കാണുന്നതു ശരിയല്ലെന്നും സരള പറഞ്ഞു. ജയില്‍ ഡിജിപി അധ്യക്ഷനായ 7 അംഗ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധികളെല്ലാം സിപിഎം നേതാക്കളാണ്. മുന്‍ എംഎല്‍എമാരും സിപിഎം സംസ്ഥാന നേതാക്കളുമായ കെകെ ലതിക, കെഎസ് സലീഖ, മഹിള അസോസിയേഷന്‍ നേതാവ് എംവി സരള എന്നിവരടങ്ങിയ സമിതിയാണ് ഷെറിനെ മോചിപ്പിക്കാനുള്ള ആദ്യ ഫയല്‍ ആഭ്യന്തര വകുപ്പിന് കൈമാറുന്നത്.

ഷെറിന്‍ നല്ല കുട്ടി എന്ന സര്‍ട്ടിഫിക്കറ്റാണ് പൊലീസും ജയില്‍ വകുപ്പും നല്‍കിയത്. ജയില്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗം, ജോലി ചെയ്യാതിരിക്കല്‍ തുടങ്ങി വിവിധ കാരണങ്ങള്‍ക്ക് ശിക്ഷ എന്ന തരത്തില്‍ നാല് തവണ ജയില്‍ മാറ്റത്തിന് വിധേയയാളാണ് ഷെറിന്‍. ഇതു മറച്ചുവെച്ചാണ് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ചുരുക്കത്തില്‍ ജയില്‍ ജീവിതത്തില്‍ ലഭിച്ച വിഐപി പരിഗണന മോചന ഫയലിലും ഷെറിന്‍ ലഭിച്ചുവെന്നാണ് ആരോപണം.

ദേവേന്ദുവിനെ കൊന്നത് അമ്മാവന്‍?; കുറ്റം സമ്മതിച്ചെന്ന് റിപ്പോര്‍ട്ട്

ദേവേന്ദുവിന്റെ ദുരൂഹമരണം മുത്തച്ഛന്‍ മരിച്ച് 16-ാം ദിവസം

തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റില്‍ മരിച്ച നിലയില്‍ രണ്ടു വയസ്സുകാരിയെ കണ്ടെത്തിയത് മുത്തച്ഛന്‍ മരിച്ച് പതിനാറാം ദിവസം. ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെയാണ് മുത്തച്ഛന്‍റെ മരണാനന്തര ചടങ്ങുകള്‍ നടക്കാനിരിക്കെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ അമ്മ ശ്രീതുവിന്റെ അച്ഛനാണ് 16 ദിവസം മുന്‍പ് മരിച്ചത്.

കിണറിന്റെ മുകള്‍ ഭാഗം മൂടിയിരുന്നു. എന്നാല്‍ രാവിലെ പരിശോധന നടത്തുമ്പോള്‍ കിണറിന്റെ ഒരു ഭാഗത്തെ വിരി മാറിയതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്നാണ് പൊലീസ് ഫയര്‍ഫോഴ്‌സിനെ വിളിച്ചു വരുത്തി കിണറ്റില്‍ പരിശോധന നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. വീടിന് പുറത്തിറങ്ങാത്ത കുട്ടിയാണിതെന്നും, ചുറ്റുമതിലുള്ള കിണറ്റില്‍ കുട്ടി വീണതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെ അച്ഛന്‍ മരിച്ചതിനു പിന്നാലെ 30 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി വീട്ടുകാര്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്നും പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കുടുംബമാണിതെന്ന് നാട്ടുകാര്‍ സൂചിപ്പിച്ചു.

സംഭവദിവസം വീട്ടില്‍ കുഞ്ഞിന് പുറമെ, അച്ഛന്‍ ശ്രീജിത്ത്, അമ്മ ശ്രീതു, അമ്മാവന്‍ ഹരികുമാര്‍, മുത്തശ്ശി, മരിച്ച കുഞ്ഞിന്റെ നാലു വയസ്സുകാരിയായ സഹോദരി എന്നിവരാണ് ഉണ്ടായിരുന്നത്. മൂത്ത കുട്ടിയെ ശുചിമുറിയില്‍ കൊണ്ടുപോകാനായി, രണ്ടു വയസ്സുകാരിയെ എടുത്ത് അച്ഛന്റെ അടുത്ത് കിടത്തിയെന്നാണ് അമ്മ ശ്രീതു പൊലീസിനോട് പറഞ്ഞത്. എന്നാല്‍ കുഞ്ഞ് അമ്മ ശ്രീതുവിനൊപ്പമായിരുന്നുവെന്നാണ് അച്ഛന്‍ ശ്രീജിത്തിന്റെ മൊഴി. താന്‍ നല്ല ഉറക്കത്തിലായിരുന്നുവെന്നും സംഭവമൊന്നും അറിഞ്ഞില്ലെന്നും അയാള്‍ പറയുന്നു. അതേസമയം മാതാപിതാക്കള്‍ക്കൊപ്പമാണ് കുഞ്ഞ് ഉണ്ടായിരുന്നതെന്നാണ് മുത്തശ്ശിയും അമ്മാവനും പൊലീസിനോട് പറഞ്ഞത്. വീട്ടുകാരുടെ പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിനെ കുഴക്കുന്നത്.