by Midhun HP News | Jan 30, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ നാലുപൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 86.59 എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞത്.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിച്ചത്. അതിനിടെ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് നൂറ് പോയിന്റ് ആണ് ഉയര്‍ന്നത്. നിഫ്റ്റി 23,100 പോയിന്റിന് മുകളിലാണ്. ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നേട്ടം ഉണ്ടാക്കിയത്. ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, വിപ്രോ ഓഹരികള്‍ നഷ്ടം നേരിട്ടു. കഴിഞ്ഞ രണ്ടുദിവസം ശക്തമായ തിരിച്ചുവരവാണ് ഓഹരി വിപണി നടത്തിയത്.
by Midhun HP News | Jan 30, 2025 | Latest News, ജില്ലാ വാർത്ത
2024-25 സാമ്പത്തിക വർഷത്തിലെ മികച്ച സംരംഭകർക്കുള്ള വ്യവസായ വകുപ്പിന്റെ പുരസ്കാരം ഹരിതാമൃതം എം ഡി വീണാസുനു കടയ്ക്കാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയിൽ നിന്നും ഏറ്റുവാങ്ങി.
കടക്കാവൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ഷീല, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ യമുന, വിവിധ വാർഡിലെ മെമ്പർമാർ, ഹരിതാമൃതം CEO ബിനു വി കുട്ടൻ, ഡയറക്ടറുമാരായ ശ്രീകല, ശരത്ചന്ദ്രൻ ജനപ്രതിനിധികൾ, വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും കൂടാതെ വിവിധ വ്യവസായ സ്ഥാപനത്തിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
by Midhun HP News | Jan 30, 2025 | Latest News, കേരളം
കൊച്ചി: സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. കൊച്ചി കോര്‍പ്പറേഷനിലെ 16-ാം സര്‍ക്കിള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഖില്‍ ജിഷ്ണു ആണ് വിജിലന്‍സിന്റെ പിടിയിലായത്. പാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായാണ് അഖില്‍ കൈക്കൂലി വാങ്ങിയത്.
പരാതിക്കാരനായ കടക്കാരന്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കാനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ലൈസന്‍സ് പുതുക്കാന്‍ അഖില്‍ ജിഷ്ണു പണം ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാന്‍ വിജിലന്‍സില്‍ അറിയിച്ചു. തുടര്‍ന്നാണ് വിജിലന്‍സ് സംഘം പ്രതിയെ പിടികൂടുന്നത്. ആലുവ എന്‍എഡി റോഡ് കൊടികുത്തിമല ജുമാ മസ്ജിദിന് സമീപത്ത് ബുധന്‍ വൈകിട്ട് പരാതിക്കാരനില്‍നിന്ന് പണം കൈപ്പറ്റാനെത്തിയപ്പോഴാണ് പെരിന്തല്‍മണ്ണ സ്വദേശിയായ ഇയാളെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
വിജിലന്‍സ് പറഞ്ഞതനുസരിച്ച് കച്ചവടക്കാരന്‍ പണം നല്‍കാമെന്ന് അഖിലിനെ അറിയിച്ചു. ഇതുപ്രകാരം പണം വാങ്ങാനായി അഖില്‍ ബൈക്കിലെത്തി. തുടര്‍ന്ന് പണം കൈമാറി. വിജിലന്‍സ് നല്‍കിയ ഫിനോഫ്തിലിന്‍ പുരട്ടിയ നോട്ടുകളാണ് കടക്കാരന്‍ അഖിലിന് കൈമാറിയത്. പിന്നാലെ വിജിലന്‍സ് എത്തി അഖിലിനെ കൈയ്യോടെ പിടികൂടുകയായിരുന്നു. വിജിലന്‍സ് മധ്യമേഖല എസ്പി എസ് ശശിധരന്റെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് എറണാകുളം യൂണിറ്റ് ഡിവൈഎസ്പി ജി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
by Midhun HP News | Jan 30, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസ്സുള്ള കുഞ്ഞിന്റെ മരണത്തില്‍ അടിമുടി ദുരൂഹതയെന്ന് പൊലീസ്. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു ആണ് മരിച്ചത്. മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മാവന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
സംഭവം നടന്ന വീട് പൊലീസ് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്. രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. മുത്തശ്ശിയാണ് കുഞ്ഞിനെ കാണാനില്ലെന്ന് അറിയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ ആള്‍മറയുള്ള കിണറ്റില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നത്.
പുലര്‍ച്ചെയോടെയാണ് കുഞ്ഞിനെ കാണാതായതെന്നാണ് വിവരം. കുട്ടിയുടെ മരണത്തില്‍ കുടുംബാംഗങ്ങളുടെ മൊഴികളില്‍ വൈരുധ്യമുള്ളതായി പൊലീസ് സൂചിപ്പിച്ചു. കുഞ്ഞിനെ അച്ഛന്റെ അടുത്ത് കിടത്തിയാണ് പോയത്. പുലര്‍ച്ചെ 5.15 ഓടെ കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്ന് അമ്മ ശ്രീതു പൊലീസിനോട് പറഞ്ഞു. അതേസമയം അമ്മയ്‌ക്കൊപ്പമാണ് കുഞ്ഞ് ഉണ്ടായിരുന്നതെന്നാണ് അച്ഛന്‍ ശ്രീജിത്തിന്റെ മൊഴി.
വീടിന്റെ ചായ്പില്‍ കയറുകള്‍ കുരുക്കിട്ട നിലയില്‍ പൊലീസ് കണ്ടെത്തി. കൂട്ടത്തോടെ ആത്മഹത്യ ചെയ്യാന്‍ കുടുംബം പദ്ധതിയിട്ടിരുന്നോയെന്ന സംശയവും ഉയരുന്നുണ്ട്. കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെ അച്ഛന്‍ 16 ദിവസം മുമ്പാണ് മരിച്ചത്. ഇതിനു പിന്നാലെ 30 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയുമായി വീട്ടുകാര്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്നും പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല.
കുട്ടിയുടേത് കൊലപാതകമാണെന്ന നിഗമനത്തില്‍ അച്ഛന്‍ ശ്രീജിത്ത്, അമ്മ ശ്രീതു, അമ്മാവന്‍ ഹരികുമാര്‍, മുത്തശ്ശി എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പുലര്‍ച്ചെ വീട്ടില്‍ പുറത്തു നിന്നാരെങ്കിലും വന്നിരുന്നോയെന്ന് പൊലീസ് അന്വേഷിച്ചിരുന്നു. സമീപ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച പൊലീസ് പുറത്തു നിന്നാരും എത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് വീട്ടുകാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.
കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരൻ കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞതായി എം വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു. തീ അണച്ചതിനു ശേഷം തിരികെയെത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു എന്നാണ് ഇവർ പറഞ്ഞത്. അമ്മാവന്റെ മുറിയിൽ മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നു. ഫയർഫോഴ്സ് നടത്തിയ തിരിച്ചിലിലാണ് കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും എം വിൻസെന്റ് എംഎൽഎ പറഞ്ഞു.
by Midhun HP News | Jan 30, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. 60,880 രൂപയായി ഉയര്‍ന്ന് 61,000 കടന്നും കുതിക്കുമെന്ന സൂചനയാണ് നല്‍കിയത്. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. 30 ദിവസത്തിനിടെ 3600 രൂപയാണ് വര്‍ധിച്ചത്.
by Midhun HP News | Jan 30, 2025 | Latest News, ജില്ലാ വാർത്ത
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റായി കണ്ണൻ ചന്ദ്ര പ്രെസിനെ തിരഞ്ഞെടുത്തു. ഇദ്ദേഹം നിലവിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗൺസിൽ അംഗവും ആറ്റിങ്ങൽ യൂണിറ്റ് ജനറൽ സെക്രട്ടറിയും കൂടിയാണ്.
Recent Comments