by Midhun HP News | Jan 26, 2025 | Latest News, കേരളം
കല്‍പ്പറ്റ: വയനാട്ടിലെ മാനന്തവാടിയില്‍ നരഭോജി കടുവ സാന്നിധ്യപ്രദേശങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ നീട്ടി. നാളെ രാവിലെ ആറുമണി മുതല്‍ രണ്ടു ദിവസത്തേയ്ക്കാണ് കര്‍ഫ്യൂ. നരഭോജി കടുവയെ പിടികൂടുന്നതിന്റെ ഭാഗമായാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
നരഭോജി കടുവ രാധയെ കൊലപ്പെടുത്തിയ പഞ്ചാരക്കൊല്ലി, മേലെ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയംകുന്ന് എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ. ജാഗ്രതയുടെ ഭാഗമായി ഈ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ പുറത്തിറങ്ങരുത്. കടകള്‍ അടച്ചിടണം. സഞ്ചാരികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് പോകേണ്ട വിദ്യാര്‍ഥികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
മന്ത്രി എ കെ ശശീന്ദ്രനെതിരെ പഞ്ചാരക്കൊല്ലിയില്‍ പ്രതിഷേധം
കടുവാ ഭീതി നിലനില്‍ക്കുന്നതിനിടെ, വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട്ടില്‍ എത്തിയപ്പോഴാണ് വനംമന്ത്രിക്കു നേരെ പ്രതിഷേധം ഉയര്‍ന്നത്. മന്ത്രി ഗോ ബാക്ക് എന്ന പ്രതിഷേധവും കൂക്കിവിളികളും ഉയര്‍ന്നു. പ്രതിഷേധക്കാരെ മറികടന്ന് മന്ത്രി രാധയുടെ വീട്ടിലെത്തി.
പൊലീസുകാര്‍ വലയം തീര്‍ത്ത് മന്ത്രിയെ രാധയുടെ വീട്ടിലെത്തിക്കുകയായിരുന്നു. രാധയുടെ വീട്ടിലേക്കുള്ള വഴിയിലുടനീളം നാട്ടുകാര്‍ മന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. പ്രദേശവാസികള്‍ കുത്തിയിരുന്നും റോഡില്‍ കിടന്നും പ്രതിഷേധിച്ചു. രാഷ്ട്രീയപ്രേരിതമാണ് ജനരോഷമെന്നും രാധ കാട്ടില്‍ കയറിയപ്പോഴാണ് കടുവ ആക്രമിച്ചതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ റോഡ് ഉപരോധിച്ചത്.
പ്രസ്താവന പിന്‍വലിച്ച് കുടുംബത്തോടും പ്രദേശവാസികളോടും മന്ത്രി മാപ്പു പറയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തെത്തുടര്‍ന്ന് മന്ത്രിയുടെ യാത്ര തടസ്സപ്പെട്ടിരുന്നു. പിലാക്കാവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാരെ മറികടന്ന് രാധയുടെ വീട്ടിലെത്തിയ മന്ത്രി ആശ്രിത നിയമനത്തിനുള്ള ഉത്തരവ് മകന് കൈമാറി. വനംവകുപ്പിലാണ് താല്‍ക്കാലിക ജോലി. ഉത്തരവ് രാധയുടെ മകന് കൈമാറി. അഞ്ചുലക്ഷം രൂപയും മന്ത്രി നല്‍കിയതായി രാധയുടെ ഭര്‍ത്താവ് അച്ചപ്പന്‍ പറഞ്ഞു. കുടുബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം വനംമന്ത്രി മടങ്ങുകയും ചെയ്തു. വന്യജീവി ആക്രമണത്തില്‍ ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
അതിനിടെ, പഞ്ചാരക്കൊല്ലിയിലെ രാധ എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
by Midhun HP News | Jan 26, 2025 | Latest News, കായികം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളവും മധ്യപ്രദേശും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയില്‍. രണ്ടാം ഇന്നിങ്‌സില്‍ 363 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്ത് നില്‍ക്കേ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ആദിത്യ സര്‍വാട്ടെയുടെയും മുഹമ്മദ് അസറുദ്ദീന്റെയും ഇന്നിങ്‌സുകളാണ് കേരളത്തിന് സമനില സമ്മാനിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയ കേരളം മത്സരത്തില്‍ നിന്ന് വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ കരസ്ഥമാക്കി.
ഒരു വിക്കറ്റിന് 28 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമായതോടെ ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 47 റണ്‍സെന്ന നിലയിലായിരുന്നു കേരളം. ആറാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന മുഹമ്മദ് അസറുദ്ദീനും ജലജ് സക്‌സേനയും ചേര്‍ന്നാണ് കേരളത്തെ കരകയറ്റിയത്.
സ്‌കോര്‍ 121ല്‍ നില്‍ക്കെ 32 റണ്‍സെടുത്ത ജലജ് സക്‌സേന പുറത്തായി. തുടര്‍ന്നെത്തിയ ആദിത്യ സര്‍വാടെയും അസറുദ്ദീനും ചേര്‍ന്നുള്ള 90 റണ്‍സിന്റെ കൂട്ടുകെട്ടാണ് കേരള ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായത്. മുഹമ്മദ് അസറുദ്ദീന്‍ 68 റണ്‍സെടുത്ത് പുറത്തായി. മത്സരം അവസാന ഘട്ടത്തോട് അടുക്കെ 80 റണ്‍സെടുത്ത ആദിത്യ സര്‍വാട്ടെയും പുറത്തായത് കേരള ക്യാമ്പില്‍ ആശങ്ക പടര്‍ത്തി.
എന്നാല്‍ ബാബ അപരാജിത്തും നിധീഷ് എംഡിയും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ട് കേരളത്തിന് സമനില സമ്മാനിക്കുകയായിരുന്നു. ബാബ അപരാജിത് എഴുപത് പന്തുകളില്‍ നിന്ന് 26 റണ്‍സും നിധീഷ് 35 പന്തുകള്‍ നേരിട്ട് നാല് റണ്‍സുമായും പുറത്താകാതെ നിന്നു. മധ്യപ്രദേശിന് വേണ്ടി കുമാര്‍ കാര്‍ത്തികേയ സിങ്ങും കുല്‍ദീപ് സെന്നും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ആദിത്യ സര്‍വാട്ടെയാണ് മാന്‍ ഓഫ് ദി മാച്ച്. സമനില നേടാനായതോടെ സി ഗ്രൂപ്പില്‍ കര്‍ണ്ണാടകയെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഈ മാസം 30ന് ബിഹാറുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.
by Midhun HP News | Jan 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അധ്യാപകന്‍ റിമാന്‍ഡില്‍. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന നേട്ടയം സ്വദേശിയായ അരുണ്‍ മോഹനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനവിവരം മറച്ചുവച്ച സ്‌കൂളിനെതിരേയും പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു എന്നാണ് കേസ്. അഞ്ചാം ക്ലാസ് മുതല്‍ ഇയാള്‍ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതി. കൗണ്‍സിലിങ്ങിനിടയാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ സ്‌കൂള്‍ അധികൃതര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തുവെങ്കിലും പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായില്ല.
by Midhun HP News | Jan 26, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടില്‍ നിന്ന് ആശ്വാസമായി മഴ എത്തുന്നു. വ്യാഴാഴ്ച രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64. 5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതിനിടെ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Jan 26, 2025 | Latest News, കേരളം
ആലുവ: ചാണകം ഉപയോഗിച്ച് നിർമ്മിക്കുന്ന ഇഷ്ടികക്ക് മലയാളികൾക്ക് പേറ്റന്റ്. ആലുവ സെൻറ് സേവ്യേഴ്സ് കോളജിലെ സുവോളജി വിഭാഗം അസിസ്റ്റൻറ് പ്രഫസർമാരായ ഡോ. എസ്. രേവതി, ഡോ. കെ. സീമ , മുൻ വിദ്യാർഥിനി മേഘ മരിയ ലാൽ എന്നിവരുടെ പ്രോജക്ടിനാണ് പേറ്റന്റ് ലഭിച്ചത്. കളിമണ്ണിന് പകരം ചാണകം അടിസ്ഥാനമാക്കി പ്രത്യേക കൂട്ട് ഉപയോഗിച്ചാണ് ഇക്കോ-മെഡി ബ്രിക്ക്സ് നിർമ്മിക്കുന്നത്.
പരമ്പരാഗത കളിമൺ ഇഷ്ടികകൾ ഉത്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മലിനീകരണം ഒഴിവാക്കാനാകുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ചൂളയ്ക്ക് പകരം സൂര്യപ്രകാശത്തിലാണ് ചാണക ഇഷ്ടിക നിർമാണം നടക്കുക.
പകൽ സമയത്ത് ചൂട് ആഗിരണം ചെയ്ത് രാത്രി ചൂട് പുറത്ത് വിടുന്ന സാധാരണ ഇഷ്ടികയ്ക്ക് നേരേ വിപരീതമായാണ് പുതിയ ഇഷ്ടിക പ്രവർത്തിക്കുക. മേൽക്കൂര മറയ്ക്കാനും സീലിംഗ് ആവശ്യങ്ങൾക്കും മതിൽ അലങ്കാരങ്ങൾക്കും ടൈലുകൾക്ക് പകരമായുമൊക്കെ ഉപയോഗിക്കാം. ബിരുദപഠനത്തിനിടയിലെ മേഘയുടെ അവസാനവർഷ പ്രോജക്ടാണ് ഇക്കോ-മെഡി ബ്രിക്ക്സ് എന്ന ഈ ഇക്കോ ഇന്നൊവേറ്റീവ് ആശയത്തിലേക്ക് വഴിതുറന്നത്.
by Midhun HP News | Jan 26, 2025 | Latest News, ജില്ലാ വാർത്ത
രാജ്യത്തിൻ്റെ 76-ാമത് റിപ്പബ്ലിക് ദിനം കോൺഗ്രസ് അഴൂർ പെരുങ്ങുഴി മണ്ഡലം കമ്മിറ്റികൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പെരുങ്ങുഴി ജംഗ്ഷനിൽ നടന്ന ആഘോഷ പരിപാടികൾ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ് കൃഷ്ണകുമാർ ദേശീയ പതാകയുയർത്തി ഉദ്ഘാടനം ചെയ്തു. രാജ്യവും, നമ്മുടെ ഭരണഘടനയും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന് ഒരുമിച്ച് നിന്ന് രാജ്യത്തിൻ്റെ ഐക്യവും, അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്ന് ദൃഢപ്രതിഞ്ജയെടുത്തു.
മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കോൺഗ്രസ് നേതാക്കളായ ബി.മനോഹരൻ, കെ. ഓമന, മാടൻവിള നൗഷാദ്, അഴൂർ വിജയൻ, എസ്.ജി അനിൽകുമാർ, പ്രവീണ കുമാരി, രാജൻ കൃഷ്ണപുരം, കെ. ചന്ദ്രബാബു, എസ്. സുരേന്ദൻ, വി. ജനകലത, പ്രശോഭനൻ തുടങ്ങിയവർ സംസാരിച്ചു. വാർഡ് പ്രസിഡൻ്റുമാരുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വാർഡ് കേന്ദ്രങ്ങളിൽ ദേശീയ പതാകയുയർത്തി.
Recent Comments