21 കാരന്റെ അന്നനാളത്തില്‍ ബ്ലേഡ്

21 കാരന്റെ അന്നനാളത്തില്‍ ബ്ലേഡ്

കോട്ടയം: അവിചാരിതമായി ആമാശയത്തില്‍ ബ്ലേഡ് കുടുങ്ങിയ ഇരുപത്തിയൊന്നുകാരനെ അത്യപൂര്‍വ എന്‍ഡോസ്‌കോപ്പിയിലൂടെ കാരിത്താസ് ആശുപത്രിയിലെ വിദഗ്ധ സംഘം രക്ഷപ്പെടുത്തി.

കലശലായ പുറം വേദനയെ തുടര്‍ന്നാണ് ഇരുപത്തിയൊന്നുകാരന്‍ കാരിത്താസിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലും സിടി സ്‌കാനിലുമായി അന്നനാളത്തില്‍ മുറിവുള്ളതായും ശരീരത്തില്‍ അന്യ വസ്തുവിന്റെ സാന്നിധ്യമുള്ളതായും സ്ഥിരീകരിക്കുകയായിരുന്നു. അയോര്‍ട്ടയ്ക്ക് വളരെ അരികിലായി അപകടമുണ്ടാക്കും വിധം കിടന്നിരുന്ന ബ്ലേഡിന്റെ മറ്റുഭാഗങ്ങള്‍ വന്‍ കുടലിലും ചെറുകുടലിലും ഉണ്ടായിരുന്നു.കൃത്യവും സൂക്ഷ്മവുമായ ഇടപെടലിലൂടെ ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്ന് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു

മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു

വാഷിങ്ടൺ: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂർ റാണ സമർപ്പിച്ച ഹർജി കോടതി തള്ളി. ഏറെക്കാലമായി തഹാവൂർ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു. കനേഡിയൻ പൗരത്വമുള്ള പാകിസ്ഥാൻ വംശജനായ തഹാവൂർ റാണ നിലവിൽ ലോസ്ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്. അമേരിക്കയിലെ കീഴ്ക്കോടതികളിലെല്ലാം ഇയാൾ നേരത്തെ ഹർജി സമ‍ർപ്പിച്ചിരുന്നെങ്കിലും ഇന്ത്യക്ക് അനുകൂലമായ വിധിയാണ് എല്ലാ കോടതികളിൽ നിന്നും ഉണ്ടായത്.

ബ്രേക്കിട്ട് സ്വര്‍ണവില; 60,000ന് മുകളില്‍ തന്നെ

ബ്രേക്കിട്ട് സ്വര്‍ണവില; 60,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ നില്‍ക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 60,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പണിക്കൂലിയും നികുതിയും കൂടി കണക്കാക്കുമ്പോള്‍ വില ഇനിയും ഉയരും.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപ എന്ന റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞ ദിവസമാണ് ആദ്യമായി സ്വര്‍ണവില 60,000 കടന്നത്. ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 60,000 കടന്നത്. ഇന്നലെ വീണ്ടും വില വര്‍ധിച്ചതോടെ സ്വര്‍ണവിലയുടെ കുതിപ്പ് തുടരുമെന്ന സൂചനയാണ് നല്‍കിയത്. ഇന്നലെ പവന് 240 രൂപയാണ് വര്‍ധിച്ചത്. എന്നാല്‍ ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില.

ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. മൂന്നാഴ്ച കൊണ്ട് 3200 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന. ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ചിത്രം ക്യാമറയിൽ പതിഞ്ഞു; ആളെക്കൊല്ലി കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെ

ചിത്രം ക്യാമറയിൽ പതിഞ്ഞു; ആളെക്കൊല്ലി കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെ

മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതായി ചീഫ് കണ്‍സർവേറ്റർ. കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി. കടുവയുടെ സാന്നിധ്യം കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രഞ്ജിത്ത് കുമാർ പറഞ്ഞു. രാവിലെ നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

കടുവയെ കൂട്ടിൽ അകപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന. കൂടുതൽ ആളുകൾ തെരച്ചിലിനു ഇറങ്ങിയാൽ കടുവ പ്രദേശത്തു നിന്നും നീങ്ങാൻ സാധ്യതയുണ്ട്. അതിനാൽ വ്യാപക തെരച്ചിൽ ഇന്നുണ്ടാവില്ല. തെർമൽ ഡ്രോൺ പരിശോധനയും ഇന്ന് നടത്തില്ലെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു.

അതിനിടെ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള വെറ്റിനറി സംഘം ഉച്ചയ്ക്കുശേഷം സ്ഥലത്ത് പരിശോധന നടത്തും. കുങ്കി ആനകളെ പിന്നീട് എത്തിക്കും. കുങ്കി ആനകളെ ഉപയോഗിച്ചു തെരയാൻ പറ്റുന്ന ഭൂപ്രദേശമല്ലിത്. മുളങ്കാടുകൾ നിറഞ്ഞ പ്രദേശമാണ് ഇവിടമെന്നും റേഞ്ച് ഓഫീസർ പറഞ്ഞു. അതിനിടെ നാളെ വയനാട്ടിൽ പ്രത്യേക യോഗം ചേരും. മുഖ്യ വനപാലകരും യോഗത്തിൽ പങ്കെടുക്കും. വനം മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം.

കൂട് വച്ചോ മയക്കുവെടി വച്ചോ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ കടുവയെ വെടിവച്ചു കൊല്ലാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണന്‍റെ ഉത്തരവ്. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ എസ്ഒപി കർശനമായി പാലിച്ചാകണം നടപടികളെന്നും ഉത്തരവിൽ പറയുന്നു.

കടുവയുടെ ആക്രമണത്തിൽ രാധയെന്ന 45കാരി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ മാനന്തവാടിയിൽ തുടരുകയാണ്. രാവിലെ ആറു മുതൽ വൈകിട്ട് 6 വരെ മാനന്തവാടി മുൻസിപ്പാലിറ്റി മേഖലയിലാണ് ഹർത്താൽ. എസ്ഡിപിഐയും പ്രദേശത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തുന്നുണ്ട്.

ഷാഫി വെൻ്റിലേറ്ററിൽ തന്നെ, ചികിത്സ തേടിയത് കടുത്ത തലവേദനയെ തുടർന്ന്

ഷാഫി വെൻ്റിലേറ്ററിൽ തന്നെ, ചികിത്സ തേടിയത് കടുത്ത തലവേദനയെ തുടർന്ന്

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ 16നാണ് കടുത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയ ഷാഫിക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി. മമ്മൂട്ടി, എംവി ഗോവിന്ദൻ അടക്കമുള്ള പ്രമുഖർ ആശുപത്രിയിലെത്തി ഷാഫിയെ കണ്ട് മടങ്ങി.

ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ആശുപത്രിയിലുണ്ട്. സംവിധായകന് സാധ്യമായ ചികിത്സയെല്ലാം നൽകുമെന്നാണ് ഇന്നലെ ബി ഉണ്ണികൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞത്. കല്യാണരാമൻ, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഷാഫി.

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തില്‍ പത്തനംതിട്ട കലഞ്ഞൂരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കഞ്ചോട് മനു (35) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ശിവപ്രസാദ് എന്ന വ്യക്തിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. തലയിലും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആശുപത്രയിലെത്തിച്ചത്. തൊട്ടുപിന്നാലെ ശിവപ്രസാദ് ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞു. ഒളിവില്‍ പോയ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.