by Midhun HP News | Jan 25, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഉയരത്തില്‍ നില്‍ക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 60,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പണിക്കൂലിയും നികുതിയും കൂടി കണക്കാക്കുമ്പോള്‍ വില ഇനിയും ഉയരും.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപ എന്ന റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞ ദിവസമാണ് ആദ്യമായി സ്വര്‍ണവില 60,000 കടന്നത്. ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 60,000 കടന്നത്. ഇന്നലെ വീണ്ടും വില വര്‍ധിച്ചതോടെ സ്വര്‍ണവിലയുടെ കുതിപ്പ് തുടരുമെന്ന സൂചനയാണ് നല്‍കിയത്. ഇന്നലെ പവന് 240 രൂപയാണ് വര്‍ധിച്ചത്. എന്നാല്‍ ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില.
ഇതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. മൂന്നാഴ്ച കൊണ്ട് 3200 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന. ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Jan 25, 2025 | Latest News, കേരളം
മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതായി ചീഫ് കണ്‍സർവേറ്റർ. കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി. കടുവയുടെ സാന്നിധ്യം കൂട് സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രഞ്ജിത്ത് കുമാർ പറഞ്ഞു. രാവിലെ നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
കടുവയെ കൂട്ടിൽ അകപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന. കൂടുതൽ ആളുകൾ തെരച്ചിലിനു ഇറങ്ങിയാൽ കടുവ പ്രദേശത്തു നിന്നും നീങ്ങാൻ സാധ്യതയുണ്ട്. അതിനാൽ വ്യാപക തെരച്ചിൽ ഇന്നുണ്ടാവില്ല. തെർമൽ ഡ്രോൺ പരിശോധനയും ഇന്ന് നടത്തില്ലെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു.
അതിനിടെ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള വെറ്റിനറി സംഘം ഉച്ചയ്ക്കുശേഷം സ്ഥലത്ത് പരിശോധന നടത്തും. കുങ്കി ആനകളെ പിന്നീട് എത്തിക്കും. കുങ്കി ആനകളെ ഉപയോഗിച്ചു തെരയാൻ പറ്റുന്ന ഭൂപ്രദേശമല്ലിത്. മുളങ്കാടുകൾ നിറഞ്ഞ പ്രദേശമാണ് ഇവിടമെന്നും റേഞ്ച് ഓഫീസർ പറഞ്ഞു. അതിനിടെ നാളെ വയനാട്ടിൽ പ്രത്യേക യോഗം ചേരും. മുഖ്യ വനപാലകരും യോഗത്തിൽ പങ്കെടുക്കും. വനം മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം.
കൂട് വച്ചോ മയക്കുവെടി വച്ചോ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ കടുവയെ വെടിവച്ചു കൊല്ലാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണന്‍റെ ഉത്തരവ്. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ എസ്ഒപി കർശനമായി പാലിച്ചാകണം നടപടികളെന്നും ഉത്തരവിൽ പറയുന്നു.
കടുവയുടെ ആക്രമണത്തിൽ രാധയെന്ന 45കാരി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ മാനന്തവാടിയിൽ തുടരുകയാണ്. രാവിലെ ആറു മുതൽ വൈകിട്ട് 6 വരെ മാനന്തവാടി മുൻസിപ്പാലിറ്റി മേഖലയിലാണ് ഹർത്താൽ. എസ്ഡിപിഐയും പ്രദേശത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തുന്നുണ്ട്.
by Midhun HP News | Jan 25, 2025 | Latest News, കേരളം
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ 16നാണ് കടുത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയ ഷാഫിക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി. മമ്മൂട്ടി, എംവി ഗോവിന്ദൻ അടക്കമുള്ള പ്രമുഖർ ആശുപത്രിയിലെത്തി ഷാഫിയെ കണ്ട് മടങ്ങി.
ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ആശുപത്രിയിലുണ്ട്. സംവിധായകന് സാധ്യമായ ചികിത്സയെല്ലാം നൽകുമെന്നാണ് ഇന്നലെ ബി ഉണ്ണികൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞത്. കല്യാണരാമൻ, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഷാഫി.
by Midhun HP News | Jan 25, 2025 | Latest News, ജില്ലാ വാർത്ത
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തില്‍ പത്തനംതിട്ട കലഞ്ഞൂരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കഞ്ചോട് മനു (35) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ശിവപ്രസാദ് എന്ന വ്യക്തിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. തലയിലും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആശുപത്രയിലെത്തിച്ചത്. തൊട്ടുപിന്നാലെ ശിവപ്രസാദ് ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞു. ഒളിവില്‍ പോയ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
by Midhun HP News | Jan 25, 2025 | Latest News, കേരളം
കല്‍പ്പറ്റ: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയ്ക്കായി ഇന്ന് വനം വകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കും. കൂടുതല്‍ ആര്‍ആര്‍ടി സംഘം ഇന്ന് വനത്തില്‍ തിരച്ചില്‍ നടത്തും. മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തിരച്ചിലിനായി സ്ഥലത്ത് എത്തിക്കും. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ തുടരും. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘവും ഉടന്‍ സ്ഥലത്തെത്തും. പ്രദേശത്ത് കടുവയ്ക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു.
കടുവയുടെ ആക്രമണത്തില്‍ മരിച്ച രാധയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11 മണിക്കായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചു യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ മാനന്തവാടി മുന്‍സിപ്പാലിറ്റി മേഖലയിലാണ് ഹര്‍ത്താല്‍. എസ്ഡിപിഐയും പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാര്‍ അവകാശപ്പെട്ടത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
by Midhun HP News | Jan 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ മീറ്റർ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാത്തവർക്കെതിരെ ഇനി കർശന നടപടി. മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം എന്ന സ്റ്റിക്കർ ഓട്ടോറിക്ഷയിൽ പതിപ്പിക്കണമെന്ന നിർദേശം നടപ്പാക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ തീരുമാനമായി. ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് പരിശോധനയിൽ ഈ സ്റ്റിക്കർ നിർബന്ധമാക്കും.
ഇക്കാര്യം സർക്കാരിന് റിപ്പോർട്ട് ചെയ്യും. ഫെബ്രുവരി ഒന്ന് മുതൽ ഈ തീരുമാനം നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷണർ എച്ച് നാഗരാജു അറിയിച്ചു. ബസ് ഡ്രൈവർമാർ, വാഹനമോടിക്കുന്നതിനിടെ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിച്ച് മുന്നറിയിപ്പ് അലാം നൽകുന്ന ഉപകരണം സ്ഥാപിക്കണമെന്ന നിർദേശവും യോഗം ശുപാർശ ചെയ്തു.
ഡ്രൈവറുടെ കണ്ണുകൾ അടഞ്ഞു പോകുന്നുവെങ്കിൽ കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന കാമറകൾ ഘടിപ്പിക്കുന്ന ഉപകരണമാണിത്. ഡാഷ് ബോർഡിൽ കാമറകൾ സ്ഥാപിക്കും. ഡ്രൈവറുടെ സീറ്റിന്റെ പിന്നിൽ കർട്ടൻ നിർബന്ധമാക്കും.
Recent Comments