by Midhun HP News | Jan 15, 2025 | Latest News, ജില്ലാ വാർത്ത
പോത്തൻകോട്: കണ്ടൽ നിയാസ് മൻസിലിൽ വാടകയ്ക്കു താമസിച്ചിരുന്ന കണിയാപുരം കരിച്ചാറ കുളവരമ്പത്തു വീട്ടിൽ ഷാനുവിന്റെ (വിജി–33) മരണത്തിൽ ദുരൂഹതയുണ്ടെന്നും പോസ്റ്റ്മോർട്ടം സംബന്ധിച്ച വിവരങ്ങൾ ഇന്നു ലഭിക്കുമെന്നും മംഗലപുരം പൊലീസ്. ഇതിനുശേഷമേ സംഭവത്തിൽ വ്യക്തത പറയാനാകൂ. യുവതിക്കൊപ്പം താമസിച്ചിരുന്ന സുഹൃത്ത്, തമിഴ്നാട് തിരുനെൽവേലി സ്വദേശി രംഗനു(33) വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് 5ന് ഷാനുവിന്റെ മക്കൾ സ്കൂളിൽനിന്നു വീട്ടിലെത്തിയപ്പോഴാണ് ഹാളിൽ മൃതദേഹം കണ്ടത്.
ഷാനുവിന്റെ 2 പവന്റെ സ്വർണമാലയും കമ്മലും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. ഇന്നലെ രാവിലെ തിരുവനന്തപുരം താലൂക്ക് തഹസിൽദാർ എം.എസ്.ഷാജുവിന്റെ സാന്നിധ്യത്തിൽ പൊലീസ് മഹസർ തയാറാക്കി. ഫൊറൻസിക്, സയന്റിഫിക് വിദഗ്ധർ സ്ഥലത്തെത്തി. മൃതദേഹത്തിനു സമീപം ചെറിയ, കനംകുറഞ്ഞ കയറിന്റെ കഷണം ഉണ്ടായിരുന്നു.
വിവാഹം റജിസ്റ്റർ ചെയ്യാനിരുന്ന ദിവസം മരണം
നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ തിങ്കളാഴ്ച വിവാഹം റജിസ്റ്റർ ചെയ്യാനിരിക്കെയാണ് ഷാനുവിന്റെ അപ്രതീക്ഷിത മരണമെന്ന് ബന്ധുക്കൾ. ഇതേ ദിവസം രംഗന്റെ ജന്മദിനവുമായിരുന്നു. വൈകിട്ട് കേക്കു മുറിച്ച് ആഘോഷിക്കാമെന്നു മക്കളോടും പറഞ്ഞിരുന്നു. 8 വർഷം മുൻപ് കണിയാപുരത്തിനു സമീപത്തെ ഹോട്ടലിൽ വച്ചായിരുന്നു രംഗനെ ഷാനു പരിചയപ്പെട്ടത്. എന്നാൽ, ഇടയ്ക്ക് ഇരുവരും അകന്നിരുന്നു. 6 മാസം മുൻപ് ഇവർ കരിച്ചാറയിലെ വാടകവീട്ടിൽ ഒരുമിച്ചു താമസം തുടങ്ങി. കഠിനംകുളത്ത് ക്ഷേത്രത്തിൽ വച്ച് താലികെട്ടും നടത്തി. എന്നാൽ റജിസ്റ്റർ ചെയ്തിരുന്നില്ല. വീട്ടിൽ കലഹം പതിവായിരുന്നെന്നും മക്കൾ പറഞ്ഞു.
ഷാനുവിന്റെ ഭർത്താവ് ചിറയിൻകീഴ് ചെറുവള്ളിമുക്ക് സ്വദേശി ബിനു 8 വർഷം മുൻപ് മരിച്ചിരുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികൾ ഇപ്പോൾ അനാഥത്വത്തിന്റെ വക്കിലാണ്. ബന്ധുക്കളും നിസ്സഹായരാണ്. ബന്ധുവീട്ടിലേക്കാണു താൽക്കാലികമായി ഇവരെ മാറ്റിയത്.
സംരക്ഷണ ചുമതല ഏറ്റെടുക്കും
കുട്ടികളുടെ താമസവും വിദ്യാഭ്യാസവും തുടർപഠനവും ഉൾപ്പെടെ സംരക്ഷണച്ചുമതല സിഡബ്ല്യുസി ഏറ്റെടുക്കാൻ തയാറെന്ന് ജില്ലാ അധ്യക്ഷ എ.ഷാനിബാബീഗം അറിയിച്ചു.
by Midhun HP News | Jan 15, 2025 | Latest News, കേരളം
കൊച്ചി: കോടതിയോട് ബഹുമാനം മാത്രമെന്ന് ബോബി ചെമ്മണൂര്‍. എന്തോ സാങ്കേതിക കാരണങ്ങളാലാണ് ഇന്നലെ പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്. ഇന്ന് രാവിലെയാണ് റിലീസ് ഓര്‍ഡറുമായി എത്തിയത്. ഇന്നലെ ഉത്തരവുമായി വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരും വന്നിരുന്നില്ല. പിന്നീടാണ് അറിഞ്ഞത് എന്തോ സാങ്കേതിക പ്രശ്‌നമാണെന്ന്. ഇന്ന് രാവിലെയാണ് പുറത്ത് ഇറങ്ങാന്‍ സാധിച്ചതെന്ന് ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സഹതടവുകാരുടെ പ്രശ്‌നം ഉണ്ടായിരുന്നു. ഒരുപാട് പേര്‍ സഹായം തേടിയിരുന്നു. അവര്‍ക്ക് നിയമസഹായം നല്‍കുന്നതിനെക്കുറിച്ചെല്ലാം സംസാരിക്കുകയുണ്ടായി. എന്നാല്‍ ഇന്നലെ ജയിലില്‍ നിന്നും പുറത്തിറങ്ങാതിരുന്നത് അതു കാരണമല്ല. ആ വിഷയത്തിന് വേണ്ടിയല്ല ഇന്നലെ ഇറങ്ങാതിരുന്നത്. ഇന്നലെ ഒപ്പിടാന്‍ വിസമ്മതിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളും ശരിയല്ല. അങ്ങനെ ഒപ്പിടാനുള്ള ഒരു സംവിധാനവും ഉണ്ടായിട്ടില്ല. അതു രേഖാമൂലമുള്ള കാര്യമല്ലേ. അങ്ങനെ നിരസിച്ചിട്ടൊന്നുമില്ല. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.
മനപ്പൂര്‍വം ആരെയും വിഷമിപ്പിക്കാന്‍ വേണ്ടി ഒന്നും പറയാറില്ല. കഴിയുന്നതും ആളുകള്‍ക്ക് സഹായം ചെയ്യുന്ന വ്യക്തിയാണ്. മനപ്പൂര്‍വമല്ലെങ്കിലും എന്റെ വാക്കു കൊണ്ട് ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പുപറയാന്‍ യാതൊരു ഈഗോ കോംപ്ലക്‌സുമില്ല. കോടതിയെ ബഹുമാനിക്കുന്നു. നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു. ഇത്രയും കാലത്തിനിടയ്ക്ക് കോടതിയെ ധിക്കരിച്ചു എന്നത് തന്നെക്കുറിച്ച് ഉണ്ടായിട്ടില്ല. ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.
നാടകം കളിക്കുക എന്നതൊന്നും ഉദ്ദേശിച്ചിട്ടില്ല. ഒരു ബിസിനസ്മാനാണ് താന്‍. കോടതിയോട് വിവരമുള്ള ആരെങ്കിലും കളിക്കുമോ?. അതിന്റെ ആവശ്യമില്ല. അത്തരമൊരു വ്യക്തിയല്ല താന്‍. ഒരിക്കലും അത്തരമൊരു ഉദ്ദേശശുദ്ധിയോടെ അത്തരത്തില്‍ പ്രവൃത്തി തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. കോടതിയോട് എന്നും ബഹുമാനം മാത്രമേയുള്ളൂ. തന്റെ വാക്കുകൊണ്ട് ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഒരിക്കല്‍ കൂടി മാപ്പു ചോദിക്കുകയാണെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.
ജയിലിന് പുറത്ത് ആഘോഷത്തിന് കൂടിയവരെക്കുറിച്ച് തനിക്ക് അറിയില്ല. ഒരു കാരണവശാലും ജയിലിലേക്ക് ആരും വരരുതെന്ന് എല്ലാ ജില്ലകളിലേയും ബോച്ചെ ഫാന്‍സ് കോര്‍ഡിനേറ്റര്‍മാര്‍ക്ക് താന്‍ നിര്‍ദേശം നല്‍കിയിരുന്നു. അവിടെ വന്ന് തിക്കും തിരക്കുമുണ്ടാക്കിയാല്‍ എന്നെ തന്നെയാണ് ബാധിക്കുകയെന്ന് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഭാവിയില്‍ സംസാരത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. ഇനിയും ഷോറൂം ഉദ്ഘാടന പരിപാടികളില്‍ സെലിബ്രിറ്റികളെ വീണ്ടും ക്ഷണിക്കും. മാര്‍ക്കറ്റിങ്ങ്, സെയില്‍സ് പ്രമോഷന്‍ ലക്ഷ്യമിട്ടാണ് അവരെ വിളിക്കുന്നത്. ആ ഉദ്ദേശത്തിലാണ് വിളിക്കുന്നത്. അത് അവരോട് പറയാറുണ്ടെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.
കോടതിയിലും ബോബി ചെമ്മണൂര്‍ മാപ്പ് ചോദിച്ചു. സംഭവിച്ചതില്‍ ഖേദമുണ്ടെന്നും, നിരുപാധികം മാപ്പു ചോദിക്കുന്നുവെന്ന് ബോബി ചെമ്മണൂരിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. ഇനി ഇതുപോലെ സംസാരിക്കില്ലെന്നും കോടതിയില്‍ ഉറപ്പു നല്‍കി. ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ അംഗീകരിച്ച കോടതി, കേസ് തീര്‍പ്പാക്കി. ജാമ്യം കിട്ടിയിട്ടും ഇന്നലെ ജയിലിൽ നിന്നും പുറത്തിറങ്ങാതിരുന്നതിനെ രാവിലെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
by Midhun HP News | Jan 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കോമറിന്‍ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള- തമിഴ്നാട് തീരങ്ങളില്‍ ഇന്ന് വൈകീട്ട് 05.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ജാഗ്രതാനിര്‍ദേശം
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4.മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
5. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.
by Midhun HP News | Jan 15, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: 2025-26 വര്‍ഷത്തെ വിവിധ റിക്രൂട്ട്മെന്റ് പരീക്ഷകള്‍ക്കായുള്ള പരീക്ഷാ കലണ്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ (IBPS) പ്രസിദ്ധീകരിച്ചു. ഐബിപിഎസ് റിക്രൂട്ട്‌മെന്റ് 2025 പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in-ല്‍ പരീക്ഷാ കലണ്ടര്‍ പരിശോധിക്കാം.
പരീക്ഷാ കലണ്ടര്‍ അനുസരിച്ച് ഓഫീസര്‍ സ്‌കെയില്‍ 1 തസ്തികയിലേക്കുള്ള ഐബിപിഎസ് ആര്‍ആര്‍ബി പ്രിലിമിനറി പരീക്ഷ ജൂലൈ 27, ഓഗസ്റ്റ് 2, 3 തീയതികളില്‍ നടക്കും. ഓഫീസര്‍ സ്‌കെയില്‍ 1 നുള്ള ഐബിപിഎസ് ആര്‍ആര്‍ബി മെയിന്‍ പരീക്ഷ 2025 സെപ്റ്റംബര്‍ 13 നും ഓഫീസ് അസിസ്റ്റന്റ് പരീക്ഷ നവംബര്‍ 9 നുമാണ്. സ്‌കെയില്‍ 2, 3 എന്നിവയ്ക്കുള്ള ഓഫീസര്‍ മെയിന്‍ പരീക്ഷയും സെപ്റ്റംബര്‍ 13 ന് തന്നെയാണ്. ഓഫീസ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷ 2025 ഓഗസ്റ്റ് 30, സെപ്റ്റംബര്‍ 6, സെപ്റ്റംബര്‍ 7 തീയതികളില്‍ നടത്തുമെന്നും പരീക്ഷാ കലണ്ടര്‍ വ്യക്തമാക്കുന്നു.
വിവിധ ബാങ്കുകളില്‍ പ്രൊബേഷണറി ഓഫീസര്‍, മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ ഒക്ടോബര്‍ 4,5, 11 തീയതികളിലും മെയ്ന്‍ പരീക്ഷ നവംബര്‍ 29ന് നടത്തും. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ നവംബര്‍ 23നും മെയ്ന്‍ പരീക്ഷ അടുത്ത വര്‍ഷം ജനുവരി നാലിനുമാണ്. കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ്‌സ് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള പ്രിലിമിനറി പരീക്ഷ ഡിസംബര്‍ 6,17,13,14 തീയതികളിലാണ്. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നിനാണ് മെയ്ന്‍ പരീക്ഷ.
by Midhun HP News | Jan 15, 2025 | Latest News, കേരളം
മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി ആണ് മരിച്ചത്. ആടിനെ മേയ്ക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. സരോജിനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിയെ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടത്.
വന മേഖലയിൽ വെച്ചാണ് നീലിക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. മൂത്തേടം വന മേഖലയാണ്. നിരവധി ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ്. പതിവുപോലെ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഏറെ നേരത്തിന് ശേഷമാണ് ആശുപത്രിയിലേക്കെത്തിക്കാൻ കഴിഞ്ഞിരുന്നത്.
by Midhun HP News | Jan 15, 2025 | Latest News, കേരളം
മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ആദിവാസി വീട്ടമ്മ മരിച്ചു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ആടിനെ മേയ്ക്കന്‍ പോയപ്പോഴായിരുന്നു അപകടം.
വനമേഖലയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് മുത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം കോളനി. ഇവിടെ കാട്ടാന ശല്യം രൂക്ഷമാണ്. ആദിവാസി വീട്ടമ്മയുടെ മരണവിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. വിവരം അറിഞ്ഞ് കോളനി വാസികള്‍ സ്ഥലത്ത് എത്തിയപ്പോഴെക്കും സരോജിനി മരിച്ചിരുന്നു. മൃതദേഹം ഉച്ചക്കുളം കോളനിയിലെ വീട്ടിലെത്തിച്ചു. ഇവരെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നില്ല.
കഴിഞ്ഞയാഴ്ച മലപ്പുറം കരുളായില്‍ കാട്ടാന ആക്രമണത്തില്‍ പൂച്ചപ്പാറ കോളനിയിലെ മണി മരിച്ചിരുന്നു. ശനിയാഴ്ച രാത്രി ഏഴോടെയാണ് ആക്രമണമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Recent Comments