by Midhun HP News | Jan 6, 2025 | Latest News, കേരളം
മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് പി വി അന്‍വറിനെ കൊണ്ടുപോയത്. ജാമ്യഹര്‍ജിയുമായി ഇന്ന് തന്നെ കോടതിയെ സമീപിക്കാനാണ് അന്‍വറിന്റെ തീരുമാനം.
തവനൂര്‍ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അന്‍വറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തി. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസില്‍ അന്‍വര്‍ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയ കേസില്‍ അന്‍വര്‍ അടക്കം 11 പ്രതികളാണുളളത്. കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമിക്കുന്ന തരത്തിലേക്ക് അക്രമാസക്തമായത്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് അന്‍വര്‍ നടത്തിയ പ്രതികരണം. എംഎല്‍എ ആയതിനാല്‍ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അന്‍വര്‍ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണിത്. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകര പിണറായി നടപ്പാക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചു
ഇന്നലെ രാവിലെ 11.45ഓടെ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിലുള്ള ഡിഎംകെയുടെ പ്രതിഷേധത്തോടെയായിരുന്നു എല്ലാത്തിന്റെയും തുടക്കം. അന്‍വറിന്റെ പ്രസംഗത്തിന് പിന്നാലെ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുപൊളിച്ചു. വൈകീട്ട് നാല് മണിയോടെയാണ് സംഭവത്തില്‍ നിലമ്പൂര്‍ പൊലീസ് നടപടി ആരംഭിച്ചത്. ആറ് മണിയോടെ അന്‍വര്‍ ഒന്നാം പ്രതിയായി 11 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
വൈകീട്ട് 7 മണിയോടെ അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി. ഒതായിയിലെ വീടിന് മുന്നില്‍ പൊലീസ് സന്നാഹമെത്തി. രാത്രി എട്ടിന് നിലമ്പൂര്‍ ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്‍വറിന്റെ വീട്ടിലേക്കെത്തി. വീടിന് പുറത്ത് അന്‍വറിന്റെ അനുയായികളും തടിച്ചുകൂടി. എട്ടരയോടെ പൊലീസ് വീടിന് അകത്തേക്ക് പ്രവേശിച്ചു. രാത്രി 9.40ഓടെ അറസ്റ്റിന് വഴങ്ങുമെന്ന് അന്‍വര്‍ പ്രഖ്യാപിച്ചു. പിന്നാലെ വാറന്റില്‍ ഒപ്പുവെച്ചു.
10.15ന് അന്‍വറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലും പുറത്തും വന്‍ പോലീസ് സന്നാഹമുണ്ടായിരുന്നു. രാത്രി 10.40ന് വൈദ്യപരിശോധന പൂര്‍ത്തിയാക്കി മജിസ്‌ട്രേറ്റിന്റെ വസതിയിലേക്കെത്തിച്ചു. പിന്നാലെ കോടതി എംഎല്‍എയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ അറസ്റ്റിലായ 4 പ്രവര്‍ത്തകരും അന്‍വറിനൊപ്പമുണ്ട്. 1.50ന് കുറ്റിപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം 2.15 ന് അന്‍വറിനെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.
by Midhun HP News | Jan 6, 2025 | Latest News, ജില്ലാ വാർത്ത
മാമം തക്ഷശില ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ “എം.ടി.സ്മൃതി സായാഹ്നം ” ജി വി ആർ എം യു പി സ്കൂളിൽ ലൈബ്രറി പ്രസിഡന്റ് ജയകുമാറിന്റെ അധ്യക്ഷതയിൽ എഴുത്തുകാരൻ സന്തോഷ് ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണവും” ഓർമ മരം “നടീൽ കർമവും നിർവഹിച്ചു.
കവയത്രി ആശ ഗോപകുമാർ, മധുകുമാർ, പി.ജി. ഉഷ, ശ്യാകൃഷ്ണ എന്നിവർ അനുസ്മരിച്ചു സംസാരിച്ചു. പ്രോഗ്രാം കൺവീനർ ബിന്ദു ലിയോ തയ്യാറാക്കിയ എം ടി യെകുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനം നടത്തി. ലൈബ്രറി വൈസ് പ്രസിഡന്റ് ഗോപകുമാർ സമ്മേളനത്തിൽ എത്തിയവർക്ക് സ്വാഗതവും ലൈബ്രറി സെക്രട്ടറി രഞ്ജിത് കൊച്ചുമഠം നന്ദിയും പറഞ്ഞു.
by Midhun HP News | Jan 5, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മേലാറ്റിങ്ങലിൽ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞ് ബസ് അടിച്ച് തകർത്ത കേസിൽ ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ. ഇക്കഴിഞ്ഞ ജനുവരി 1 ന് ആലംകോട് മേലാറ്റിങ്ങൽ ശിവക്ഷേത്രത്തിന് സമീപം കാർത്തികയിൽ ശ്രീജിത്തിൻ്റെ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞ് വീടിനും ബസിനും 1,25,000 രൂപയുടെ നാശനഷ്ടം വരുത്തിയ കേസിലെ പ്രതികളാണ് അറസ്റ്റിലായത്.
ആറ്റിങ്ങൽ ചെറുന്നിയൂർ അയന്തി ജംഗ്ഷനു സമീപം പുന്നവിള വീട്ടിൽ സജു( 25), മാമം പറക്കാട്ടു വീട്ടിൽ ഉണ്ണി എന്നു വിളിക്കുന്ന അലിൻ കുമാർ (35), ഒറ്റൂർ മൂങ്ങോട് പേരേറ്റിൽ ചന്ദനക്കാട്ടിൽ വീട്ടിൽ ജിഷ്ണു ജിത്ത്(30) എന്നിവരാണ് പോലീസ് ിടിയിലായത്. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ കോളുകളും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.
ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ്ഐ ജിഷ്ണു, എഎസ്ഐ മാരായ രാധാകൃഷ്ണൻ, ഉണ്ണിരാജ്, എസ്. സി. പി. ഒ ശരത് കുമാർ, നിധിൻ, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
by Midhun HP News | Jan 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അറബി ഭാഷാ സെമിനാർ നാളെ (തിങ്കൾ) രാവിലെ 10 മണിക്ക് തൈക്കാട് ശിശുക്ഷേമ ഹാളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അറബിക് കലോത്സവം ചെയർപേഴ്സൺ ഷാജിത നാസർ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സെഷനിൽ മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും. അഡ്വ.ആൻ്റണി രാജു എം.എൽ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഐ.എ.എസ്, അറബിക് കലോത്സവ കൺവീനർ റഷീദ് മദനി, വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് നടക്കുന്ന സംസ്ഥാന അറബിക് സെമിനാറിൽ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് അസി.പ്രൊഫസർ ഡോ. സാബിർ നവാസ് വിഷയം അവതരിപ്പിച്ചു സംസാരിക്കും. സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ഹാരിസ് ടി. പി. മോഡറേറ്റർ ആയിരിക്കും. സെമിനാറിൻറെ സമാപനത്തിൽ ഭാഷാ പണ്ഡിതരെ ആദരിക്കും.
by Midhun HP News | Jan 5, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭാ സാക്ഷരതാമിഷൻ പത്താം തരം തുല്യത 17-ാം ബാച്ച് , +2 തുല്യതാ 7-ാം ബാച്ചിലെയും വിജയികളെ അനുമോദിക്കുന്ന വിജയോൽസവവും സാക്ഷരതാ മിഷൻ പഠിതാക്കൾക്കായി ആറ്റിങ്ങൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കരിയർ ഗൈഡൻസ് തൊഴിൽമേളയും ആറ്റിങ്ങൽ നഗരസഭാ ചെയർ പേഴ്സൺ അഡ്വ. എസ് കുമാരി ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഗിരിജ ടീച്ചർ അധ്യക്ഷയായിരുന്നു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീജ.എസ്, വാർഡ് കൗൺസിലർ ബിനു, എംപ്ലോയ്മെന്റ് കരിയർ ഗൈഡൻസ് ഓഫീസർ ഷമീർ, സെന്റർ കോ-ഓഡിനേറ്റർമാരായ മിനിരേഖ.ജി ആർ, ബിന്ദു. കെ ആർ, അദ്ധ്യാപകരായ മുഹമ്മദ് ഷാഫി, ഷൈനി, അരുണ, ജിൻഷ, ദിവ്യ, സൻസ, ശ്രുതി, ഷിജു പ്രേരക്മാരായ ഹരികുമാർ, ശോഭ തുടങ്ങിയവരും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു.

by Midhun HP News | Jan 5, 2025 | Latest News, ജില്ലാ വാർത്ത
നാഷണൽ പോസ്റ്റൽ & ആർ. എം. എസ് പെന്ഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആറ്റിങ്ങൽ ഭജന മഠം ഹാളിൽ പീതാമ്പരകുറുപ്പ് മുൻ എം. പി ഉദ്ഘാടനം ചെയ്തു. പുല്ലമ്പാറ പൂക്കുഞ്ഞു, ഡോ. വി. എസ് അജിത് കുമാർ, ആനക്കുഴി ഷാനവാസ് എന്നിവർ പങ്കെടുത്തു.
Recent Comments