by Midhun HP News | Dec 28, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു. 57,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7135 രൂപ.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
ഒന്‍പത് ദിവസത്തിനിടെ പവന് 2000ത്തോളം രൂപയാണ് കുറഞ്ഞത്. പിന്നീട് ഏഴുദിവസത്തിനിടെ 900 രൂപയോളമാണ് വില വര്‍ധിച്ചത്.യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Dec 28, 2024 | Latest News, കേരളം
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. അഞ്ചരക്കണ്ടി മായമാങ്കണ്ടി സ്വദേശി രസ്‌ന (30) യാണ് മൂക്കിന്റെ ദശവളർച്ചയ്ക്ക് ശസ്ത്രക്രിയ ചെയ്തപ്പോൾ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകി.
ഒക്ടോബർ 24-നായിരുന്നു ശസ്ത്രക്രിയ. മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം കണ്ണിന് മങ്ങൽ വന്നിട്ടുണ്ടെന്ന് അപ്പോൾത്തന്നെ രസ്‌ന ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നീർക്കെട്ട് കൊണ്ടാണെന്നും രണ്ടുദിവസം കൊണ്ട് ശരിയാകുമെന്നും പറഞ്ഞു. വലതുകണ്ണും അതിന്റെ ചുറ്റും ചുവന്നുതുടുത്തതോടെ ഡോക്ടർമാർ നേത്രരോഗ വിദഗ്ധരെ കാണാൻ നിർദേശിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്പിന് ശസ്ത്രക്രിയാസമയത്ത് ക്ഷതമേറ്റ് രക്തപ്രവാഹം തടസ്സപ്പെട്ടതായി മനസിലായി. ഉടനെ ചികിത്സ നൽകണമെന്നും നേത്രചികിത്സാ വിദഗ്ധർ നിര്‍ദേശിച്ചു. വീണ്ടും മെഡിക്കൽ കോളജിലെത്തിയപ്പോൾ രക്തം കട്ട പിടിച്ചത് അലിയിക്കാൻ കുത്തിവെപ്പെടുത്തു. രണ്ടാഴ്ചകൊണ്ട് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് പറഞ്ഞത്.
പിറ്റേന്ന് രാത്രിയായിട്ടും മാറ്റമില്ലാതായതോടെ ഡിസ്ചാർജ് ചെയ്ത് കോയമ്പത്തൂർ അരവിന്ദ് കണ്ണാസ്പത്രിയിലെത്തി പരിശോധിച്ചു. അപ്പോഴാണ് വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. ചികിത്സിച്ച് പഴയ രൂപത്തിലാക്കാൻ കഴിയില്ലെന്നും വലതുമൂക്കിന്റെ വശത്തേക്കുള്ള കണ്ണിന്റെ ചലനശേഷി നഷ്ടപ്പെട്ടതായും കണ്ടെത്തി. കണ്ണൂർ സർവകലാശാല താവക്കര കാംപസിലെ അക്ഷയ കേന്ദ്രത്തിൽ ജീവനക്കാരിയാണ് രസ്‌ന.
by Midhun HP News | Dec 28, 2024 | Latest News, കേരളം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയില്‍ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഇന്നലെ കേസ് പരിഗണിച്ച കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കേസിലെ പ്രതി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ, പെട്രോൾ പമ്പിന് അപേക്ഷ നൽകിയ ടി വി പ്രശാന്ത്, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവരുടെ ഫോണ്‍ രേഖകളും ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളുമടക്കം തെളിവുകള്‍ സൂക്ഷിക്കണമെന്ന ഹര്‍ജിയിലാണ് ഇന്ന് കോടതി വിധി പറയുന്നത്.
മൂന്ന് പേരോടും വിശദീകരണം ചോദിച്ചിരുന്നെങ്കിലും ടിവി പ്രശാന്ത് മാത്രം മറുപടി നല്‍കിയിരുന്നില്ല. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് പിപി ദിവ്യ കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിക്കുന്ന നിലപാടാണ് ജില്ലാ കലക്ടര്‍ കോടതിയില്‍ സ്വീകരിച്ചത്.
by Midhun HP News | Dec 28, 2024 | Latest News, ജില്ലാ വാർത്ത
മൃദംഗനാദം എന്ന പേരിൽ 12000 പേർ ഒരേസമയം ഭരതനാട്യ ചുവടുകൾ വച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് മറികടക്കാൻ ശ്രമം. നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് നൃത്തപരിപാടി നടക്കുക. ദൃശ്യ-ശ്രാവ്യ-കലാ രംഗത്ത് പുതിയ സംസ്‌കാരം സൃഷ്ടിച്ച മൃദംഗ വിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. 12000 നര്‍ത്തകരുടെ ഭരതനാട്യത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
29ന് വൈകിട്ട് 6ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് നര്‍ത്തകര്‍ ചുവടുവയ്‌ക്കുക. പരിപാടി വൈകിട്ട് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.
ഇതിന് മുമ്പ് തമിഴ്‌നാട്ടില്‍ 10,500 നര്‍ത്തകിമാര്‍ പങ്കെടുത്ത ഭരതനാട്യത്തിനാണ് ഗിന്നസ് റിക്കാര്‍ഡുള്ളത്. ഇത് മറികടക്കാനാണ് സംഘാടകരുടെ ശ്രമം.
പദ്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് അദ്ദേഹത്തിന്റെ മകന്‍ ദീപാങ്കുരന്‍ സംഗീതം നല്കി പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍ ആലപിച്ച ഗാനത്തിന് അനുസൃതമായാണ് ചലച്ചിത്ര താരം ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തില്‍ നര്‍ത്തകര്‍ ചുവടുവയ്‌ക്കുക. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള നര്‍ത്തകരും പങ്കെടുക്കും. ഏഴ് വയസിന് മുകളില്‍ പ്രായമുള്ള നൃത്തത്തെ സ്നേഹിക്കുന്നവര്‍ ലിംഗഭേദമന്യേ മൃദംഗനാദം ഭരതനാട്യത്തില്‍ പങ്കെടുക്കും.
എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ദീപാങ്കുരന്‍, അനൂപ് ശങ്കര്‍, സിജോയ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. തൃശ്ശൂര്‍ ഹയാത്ത് ഇന്റര്‍നാഷണലില്‍ നടന്ന ചടങ്ങില്‍ കല്ല്യാണ്‍ സില്‍ക്സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. പട്ടാഭിരാമന്‍, സിനിമാ താരം ലക്ഷ്മി ഗോപാലസ്വാമിക്ക് നല്കി നര്‍ത്തകരുടെ വസ്ത്രം പുറത്തിറക്കി.
വാര്‍ത്താസമ്മേളനത്തില്‍ നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി, മൃദംഗവിഷന്‍ ചീഫ് പാട്രണ്‍ സിജോയ് വര്‍ഗീസ്, നിഘോഷ് കുമാര്‍, ഷമീര്‍ എന്നിവര്‍ പങ്കെടുത്തു. വൈകിട്ട് 3 മുതല്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ വേദിയിലേക്ക് പ്രവേശനം അനുവദിക്കും. 149 രൂപ വിലയുള്ള ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്.
by Midhun HP News | Dec 28, 2024 | Latest News, ജില്ലാ വാർത്ത
ചലഞ്ചേഴ്സ് കപ്പ് – 2024 നോടനുബന്ധിച്ച് നടന്ന പ്രഡിക്ഷൻ കോണ്ടസ്റ്റിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സമ്മാനമായ ആറ്റിങ്ങൽ അമീസ് മൊബൈൽസ് നൽകുന്ന സ്മാർട്ട് വാച്ച് നേടിയത് വി.അഭിലാഷും, രണ്ടാം സമ്മാനമായ എം ഫോർ മൊബൈൽസ് ആറ്റിങ്ങൽ നൽകുന്ന ബ്ലൂടൂത്ത് നെക്ക്ബാൻഡ് നേടിയത് എസ്.കീനും, മൂന്നാം സമ്മാനമായ മാഗ്നസ് മൊബൈൽസ് ആറ്റിങ്ങൽ നൽകുന്ന ബ്ലൂടൂത്ത് ഹെഡ്സെറ്റ് നേടിയത് ദക്ഷിത് ആൻഡ് ദേവേഷ് എന്നിവരാണ്. വിജയികൾക്കുള്ള സമ്മാനങ്ങൾ ചലഞ്ചേഴ്സ് ക്ലബ് പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു കൈമാറി.
by Midhun HP News | Dec 28, 2024 | Latest News, കേരളം
വിതുര∙ മലയോര വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടി പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. മഞ്ഞും ചാറ്റൽ മഴയും ഇട കലർന്ന സുഖ ശീതളമായ അന്തരീക്ഷത്തിലാണു സഞ്ചാരികളെ പൊന്മുടി വരവേൽക്കുന്നത്. ചില സമയങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയും വെയിലും. അപ്പോഴും നല്ല കാറ്റ് വീശുന്നുണ്ടാവും. ക്രിസ്മസ് അവധിക്കാലം ആയതു മുതൽ ഓരോ ദിവസവും തിരക്ക് ഏറുകയാണ്. ക്രിസ്മസ് ദിനത്തിൽ ആയിരങ്ങളാണ് പൊന്മുടി കയറിയത്.
രാവിലെ ഏഴ് മുതൽ വൈകിട്ട് 4.30 വരെയാണു പ്രവേശനം. തിരക്ക് നിയന്ത്രണാതീതമായാൽ ഏതു സമയവും പ്രവേശനം നിർത്തിവയ്ക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. പൊന്മുടി റൂട്ടിലെ മീൻമുട്ടി, ഗോൾഡൻ വാലി, വാഴ്‌വാംതോൽ വെള്ളച്ചാട്ടങ്ങൾ, പേപ്പാറ ഡാം എന്നിവിടങ്ങളിലും തിരക്കേറുന്നുണ്ട്.
ക്രിസ്മസ് ദിനത്തിൽ കെഎസ്ആർടിസി റെക്കാർഡ് വരുമാനം കൊയ്തു. വൈകിട്ടത്തെ അവസാന ബസ് പോയതിനു ശേഷവും സഞ്ചാരികൾ ബാക്കി ഉണ്ടായിരുന്നതോടെ പ്രത്യേക സർവീസ് കെഎസ്ആർടിസി നടത്തി. പുതുവർഷം പ്രമാണിച്ച് ആവശ്യമെങ്കിൽ സ്പെഷൽ സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
ഭീഷണി ഉയർത്തി പുലി, പൊന്മുടി റൂട്ടിൽ കാട്ടാന, കാട്ടുപോത്ത്, പന്നി എന്നിവയുടെ സാന്നിധ്യമുണ്ട്. എന്നാൽ സഞ്ചാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിൽ ഇതുവരെ വന്യമൃഗങ്ങൾ പുറത്തിറങ്ങിയിട്ടില്ല. നിലവിലെ ഏറ്റവും പ്രധാന ആശങ്ക പുലിയുടെ സാന്നിധ്യമാണ്. പൊലീസ് സ്റ്റേഷനു സമീപം കഴിഞ്ഞ വർഷം പുലിയെ കണ്ടിരുന്നു. ഇക്കുറിയും പുലിപ്പേടിയുടെ കൂടെ പശ്ചാത്തലത്തിലാണു പൊന്മുടിയിൽ പുതുവർഷം പിറക്കാൻ പോകുന്നത്. നിലവിൽ വലിയ ആശങ്ക വേണ്ടെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തമ്പടിക്കുന്നത് ഒഴിവാക്കാൻ വനം വകുപ്പ് നിർദേശിച്ചിച്ചുണ്ട്.
YOU MAY LIKE
Recent Comments