‘സഞ്ജു സാംസണെപ്പോലെയാണ് വിഘ്‌നേഷും, അതേ ഓറ’; ധനുഷിന്റെ വാക്കുകള്‍ ആഘോഷിച്ച് ആരാധകര്‍

‘സഞ്ജു സാംസണെപ്പോലെയാണ് വിഘ്‌നേഷും, അതേ ഓറ’; ധനുഷിന്റെ വാക്കുകള്‍ ആഘോഷിച്ച് ആരാധകര്‍

സംവിധായകന്‍ വിഷ്‌നേഷ് രാജയെ സഞ്ജു സാംസണുമായി താരതമ്യം ചെയ്ത് നടന്‍ ധനുഷ്. ധനുഷ് നായകനായ കര സിനിമയുടെ സംവിധായകനാണ് വിഘ്‌നേഷ്. സഞ്ജുവിനെപ്പോലെ തന്നെ ശാന്തനാണ് വിഘ്‌നേഷ് എന്നാണ് ധനുഷ് പറയുന്നത്. കരയുടെ ഓഡിയോ ലോഞ്ചില്‍ ധനുഷ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

”വിഘ്‌നേഷിനെ കാണുമ്പോള്‍ എനിക്ക് സഞ്ജു സാംസണിനെയാണ് ഓര്‍മ വരിക. എന്താണെന്നു വച്ചാല്‍, സഞ്ജു സാംസണ്‍ വളരെ ശാന്തനായിരിക്കും. പക്ഷെ പ്രകടനം ഗംഭീരമായിരിക്കും. അതുപോലൊരു ഓറ അദ്ദേഹത്തിനുമുണ്ട്. നിങ്ങള്‍ സെഞ്ചുറി അടിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. വൈകാതെ തന്നെ നിങ്ങളും കാണും. ഈ സിനിമയ്ക്ക് എന്തിനാണ് കര എന്ന പേരിട്ടതെന്ന് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും” ധനുഷ് പറയുന്നു.

വിഡിയോ ക്രിക്കറ്റ് ആരാധകരും ആഘോഷമാക്കുകയാണ്. മലയാളിയായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ് ഐപിഎല്ലില്‍. ചെന്നൈയ്ക്കായി മിന്നും പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ ശില്‍പ്പിയായ സഞ്ജുവിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട് ഇന്ന്.

അതേസമയം, ധനുഷ് നായകനാകുന്ന കരായില്‍ നായിക മമിത ബൈജുവാണ്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മെയ് 30ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.

117 കോടി മൂല്യമുള്ള അപൂര്‍വ്വ പുരാവസ്തുക്കള്‍; ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച 657 പുരാവസ്തുക്കള്‍ തിരികെ നൽകി അമേരിക്ക

117 കോടി മൂല്യമുള്ള അപൂര്‍വ്വ പുരാവസ്തുക്കള്‍; ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച 657 പുരാവസ്തുക്കള്‍ തിരികെ നൽകി അമേരിക്ക

ഡല്‍ഹി: ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്ന് മോഷ്ടിച്ച് അമേരിക്കയിലേക്ക് കടത്തിയ 14 മില്യണ്‍ ഡോളര്‍ (ഏകദേശം 117 കോടി രൂപ) മൂല്യമുള്ള പുരാവസ്തുക്കള്‍ യുഎസ് ഇന്ത്യയ്ക്ക് കൈമാറി. അന്താരാഷ്ട്ര കള്ളക്കടത്ത് ശൃഖലകള്‍ വഴി അമേരിക്കയിലെത്തിയ 657ഓളം പുരാവസ്തുക്കളാണ് മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് ഇന്ത്യയ്ക്ക് തിരിച്ച് നല്‍കിയത്.

രാജ്യാന്തര പുരാവസ്തു കടത്ത് സംഘങ്ങളെക്കുറിച്ച് നടത്തിയ ഒന്നിലധികം അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഈ അപൂര്‍വ്വ ശേഖരം വീണ്ടെടുത്തത്. കുപ്രസിദ്ധ വിഗ്രഹക്കടത്തുകാരന്‍ സുഭാഷ് കപൂര്‍, മുന്‍പ് ശിക്ഷിക്കപ്പെട്ട നാന്‍സി വീനര്‍ എന്നിവരുമായി ബന്ധപ്പെട്ട ക്രിമിനല്‍ ശൃംഖലകളില്‍ നിന്നാണ് അധികൃതര്‍ ഈ പുരാവസ്തുക്കള്‍ കണ്ടെടുത്തത്.

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ ലക്ഷ്യം വച്ചുള്ള വന്‍കിട കടത്ത് സംഘങ്ങളുടെ വ്യാപ്തി വളരെ വലുതാണെന്ന് ആല്‍വിന്‍ ബ്രാഗ് പറഞ്ഞു. പുരാവസ്തുക്കള്‍ വീണ്ടെടുക്കാന്‍ സഹായിച്ച മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിനും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിനും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ബിനായ പ്രധാന്‍ നന്ദി അറിയിച്ചു.

അവലോകിതേശ്വരന്റെ വെങ്കല വിഗ്രഹം

തിരികെ ലഭിച്ച വസ്തുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 2 മില്യണ്‍ ഡോളര്‍ മൂല്യമുള്ള അവലോകിതേശ്വരന്റെ വെങ്കല വിഗ്രഹം. റായ്പൂരിലെ മഹന്ത് ഘാസിദാസ് മെമ്മോറിയല്‍ മ്യൂസിയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഈ വിഗ്രഹം 1982-ഓടെയാണ് അമേരിക്കയിലേക്ക് കടത്തിയത്. 2025-ല്‍ ന്യൂയോര്‍ക്കിലെ ഒരു സ്വകാര്യ ശേഖരത്തില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്.

ബുദ്ധ പ്രതിമ

7.5 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചുവന്ന മണല്‍ക്കല്ലില്‍ തീര്‍ത്ത ബുദ്ധ പ്രതിമ. സുഭാഷ് കപൂറിന്റെ ശൃംഖല വഴി ന്യൂയോര്‍ക്കിലെത്തിച്ച ഈ പ്രതിമ ഒരു സ്റ്റോറേജ് യൂണിറ്റില്‍ നിന്നാണ് കണ്ടെടുത്തത്. കൂടാതെ, 2000-ത്തില്‍ മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട നൃത്തം ചെയ്യുന്ന ഗണപതിയുടെ വിഗ്രഹവും ഇതില്‍ ഉള്‍പ്പെടുന്നു. വ്യാജ രേഖകള്‍ ചമച്ച് 2012-ല്‍ ലേലത്തിന് വെച്ച ഈ വിഗ്രഹം അടുത്തിടെയാണ് ഒരു സ്വകാര്യ വ്യക്തി അധികൃതര്‍ക്ക് കൈമാറിയത്.

2012ല്‍ സുഭാഷ് കപൂറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച മാന്‍ഹട്ടന്‍ ഡിസ്ട്രിക് അറ്റോര്‍ണി ഓഫീസ്, പുരാവസ്തു കടത്ത് തടയാന്‍ കര്‍ശന നടപടികളാണ് സ്വീകരിച്ചിരുന്നത്. ആന്റിക്വിറ്റീസ് ട്രാഫിക്കിംഗ് യൂണിറ്റ് ഇതുവരെ 36 രാജ്യങ്ങളിലായി 5,900ലധികം പുരാവസ്തുക്കള്‍ തിരികെ നല്‍കിയിട്ടുണ്ട്. 485 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള 6,200ഓളം സാംസ്‌കാരിക നിധികള്‍ ഇതുവരെ ഇവര്‍ കണ്ടെത്തി.

തൃശൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

തൃശൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

തൃശൂര്‍: ആനക്കല്ലില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്ത് ഞെരിച്ച് കൊന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അവണിശേരി സ്വദേശി ഉണ്ണിമായ(30) ആണ് മരിച്ചത്. ഭര്‍ത്താവ് ശിവപ്രസാദ് ഒളിവിലാണ്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. ഒരു കുഞ്ഞുണ്ട്. കൊലപാതക കാരണം വ്യക്തമല്ല. തൃത്താമരശ്ശേരി ക്ഷേത്രത്തിന് സമീപമാണ് ഇവര്‍ താമസിച്ചിരുന്നത്.

വിവരമറിഞ്ഞ ഉടന്‍ നെടുപുഴ പൊലീസ് സ്ഥലത്തെത്തി. ഉണ്ണിമായയുടെ മൃതദേഹം തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

യുഎഇയില്‍ പെട്രോള്‍ വില കൂട്ടി; പുതുക്കിയ നിരക്ക് ഇങ്ങനെ

യുഎഇയില്‍ പെട്രോള്‍ വില കൂട്ടി; പുതുക്കിയ നിരക്ക് ഇങ്ങനെ

ദുബൈ: യുഎഇയില്‍ പെട്രോള്‍ വില കൂട്ടി. മെയ് മാസത്തേക്കുള്ള പുതിയ പെട്രോള്‍ വിലയാണ് യുഎഇയുടെ ഇന്ധനവില നിര്‍ണയ കമ്മിറ്റി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് എല്ലാത്തരം പെട്രോള്‍ വിലയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, ഡീസല്‍ വിലയില്‍ മാറ്റം ഉണ്ടാവില്ല. ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിന്‍ തുടങ്ങിയ സുപ്രധാന മേഖലകളുടെ സുഗമമായ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനാണ് ഡീസല്‍ വില മാറ്റമില്ലാതെ നിലനിര്‍ത്തുന്നതെന്നും കമ്മിറ്റി പ്രസ്താവിച്ചു. സൂപ്പര്‍ 98 (Super 98) പെട്രോളിന്റെ വില ലിറ്ററിന് 3.66 ദിര്‍ഹമായി ഉയര്‍ന്നു (കഴിഞ്ഞ മാസം 3.39 ദിര്‍ഹം ആയിരുന്നു). മറ്റു പെട്രോള്‍ ഇനങ്ങളുടെ വില താഴെ:

സ്‌പെഷ്യല്‍ 95 (Special 95): ലിറ്ററിന് 3.55 ദിര്‍ഹം (കഴിഞ്ഞ മാസം 3.28 ദിര്‍ഹം ആയിരുന്നു)

ഇ-പ്ലസ് 91 (E-Plus 91): ലിറ്ററിന് 3.48 ദിര്‍ഹം (കഴിഞ്ഞ മാസം 3.20 ദിര്‍ഹം ആയിരുന്നു)

ഡീസല്‍ (Diesel) ലിറ്ററിന് 4.69 ദിര്‍ഹമായി തുടരും (കഴിഞ്ഞ മാസത്തെ അതേ വില തന്നെ). യുഎഇ ഇന്ധനവില നിര്‍ണയ കമ്മിറ്റി എല്ലാ മാസവും പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ അവലോകനം ചെയ്യാറുണ്ട്.

മട്ടന്നൂരില്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ബൈക്ക് കത്തി ; പൊള്ളലേറ്റ യുവാവ് മരിച്ചു

മട്ടന്നൂരില്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ബൈക്ക് കത്തി ; പൊള്ളലേറ്റ യുവാവ് മരിച്ചു

മട്ടന്നൂര്‍: മട്ടന്നൂര്‍ നരയന്‍പാറയാന്‍ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണന്ത്യം. പുളിയനമ്പ്രം കാട്ടിലെ പറമ്പത്ത് സ്വദേശി റഹ്മയില്‍ മുഹമ്മദ് തസ്ലീമാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്.

ഇന്ന് രാവിലെ ഇരിട്ടി ,മട്ടന്നൂര്‍ റോഡില്‍ നരയന്‍പാറയില്‍ എട്ടരയോടെയായിരുന്നു അപകടം . വൈദ്യുതി പോസ്റ്റിലിടിച്ചു കത്തിയ ബൈക്കും തസ്ലീമും ഓവുചാലിലേക്ക് വീഴുകയായിരുന്നു കത്തിയ ബൈക്കിനടിയില്‍ നിന്നും ഗുരുതരമായി പരിക്കേറ്റ തസ്ലീമിനെ നാട്ടുകാര്‍ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിർജ്ജലീകരണം തടയാൻ വെള്ളം മാത്രം കുടിച്ചു, യുവാവ് ഐസിയുവിൽ!

നിർജ്ജലീകരണം തടയാൻ വെള്ളം മാത്രം കുടിച്ചു, യുവാവ് ഐസിയുവിൽ!

വേനൽക്കാലത്ത് നിർജ്ജലീകരണം സംഭവിക്കാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണമെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ ഭക്ഷണം ഒഴിവാക്കി വെള്ളം അമിതമായി കുടിച്ച് ‘പണി’ കിട്ടിയ ഒരു യുവാവിന്റെ ദുരനുഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിലടക്കം വൈറലാകുന്നത്. ഡയൽഹിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന 25കാരനായ യുവാവ് ദിവസം മുഴുവൻ കഠിനമായ വെയിലത്താണ് ജോലി ചെയ്തിരുന്നത്.

ദിവസം അഞ്ച് ലിറ്ററോളം വെള്ളം ഇയാൾ കുടിച്ചിരുന്നു. ജോലിത്തിരക്കിനിടെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും യുവാവ് ഒഴിവാക്കിയിരുന്നു. ചൂടിനെ പ്രതിരോധിക്കാൻ വെള്ളം മാത്രം കുടിച്ച യുവാവിനെ പിന്നീട് ​ഗുരുതരാവസ്ഥയിൽ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പഴങ്ങളോ ഉപ്പിന്റെ അംശമുള്ള മറ്റ് പാനീയങ്ങളോ അദ്ദേഹം കഴിച്ചിരുന്നില്ല. വൈകുന്നേരത്തോടെ തലകറക്കവും ക്ഷീണവും അനുഭവപ്പെട്ട ഇദ്ദേഹം അബോധാവസ്ഥയിലായി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിൽ രക്തത്തിലെ സോഡിയത്തിന്റെ അളവ് 124 mEq/L ആയി കുറഞ്ഞതായി കണ്ടെത്തി (സാധാരണ നില 135-145 mEq/L ആണ്). ‘അക്യൂട്ട് ഹൈപ്പോനാട്രീമിയ’ (Acute Hyponatremia) എന്ന ഈ അവസ്ഥ തലച്ചോറിലെ കോശങ്ങളിൽ നീർക്കെട്ടുണ്ടാക്കാൻ കാരണമായതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

വേനൽക്കാലത്ത് ‘ഹൈഡ്രേഷൻ’ എന്നാൽ വെറും വെള്ളം കുടിക്കൽ മാത്രമല്ല. വിയർപ്പിലൂടെ നഷ്ടപ്പെടുന്ന ലവണങ്ങൾ തിരികെ ലഭിക്കാൻ ഉപ്പും പഞ്ചസാരയും അടങ്ങിയ പാനീയങ്ങൾ കുടിക്കണം. ഒആർഎസ് ലായനി ഒരു മികച്ച ഓപ്ഷൻ ആണ്. കൂടാതെ ഇളനീർ, ഉപ്പിട്ട നാരങ്ങാവെള്ളം, സംഭാരം (മോര്) എന്നിവ ശീലമാക്കുക. പഴങ്ങളും പച്ചക്കറികളും കൃത്യസമയത്തുള്ള ഭക്ഷണവും ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.