by Midhun HP News | Apr 30, 2026 | Latest News, കേരളം
കരിപ്പൂര്‍: വാഹനം ഓടിക്കുന്നതിനിടെ സൂര്യാതപമേറ്റ യുവാവ് തളര്‍ന്ന് വീണ് മരിച്ചു. പുളിയംപറമ്പ് കൈതക്കോട് അമ്പലത്തിങ്ങല്‍ നെയ്യന് സൈനുല്‍ ആബിദ് (38) ആണ് മരിച്ചത്.
ചൊവ്വാഴ്ച പകല്‍ 12.30 ഓടെയാണ് സംഭവം. കിഴിശ്ശേരി മേലേപുരക്കല്‍ ആശുപത്രിക്ക് മുന്പില് വെച്ച് വാഹനം ഓടിച്ചുപോകുമ്പോള്‍ തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച പകല്‍ 3 മണിയോടെ പുളിയംപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. ദീര്‍ഘകാലം പ്രവാസിയായിരുന്നു ആബിദ് .ഒരു മാസം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്.

by Midhun HP News | Apr 30, 2026 | Latest News, ജില്ലാ വാർത്ത
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് മുതിര്‍ന്ന പൗരര്‍ക്കുള്ള പട്ടികയില്‍ ഇനി മുതല്‍ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ദേവസ്വം തീരുമാനം. നിലവില്‍ 60 വയസ്സുമുതലുള്ളവരേയും മുതിര്‍ന്ന പൗരന്മാരുടെ ദര്‍ശനവരിയില്‍ പരിഗണിച്ചിരുന്നു. ഇനി മുതല്‍ ‘സൂപ്പര്‍ സീനിയേഴ്സ്’ എന്ന പേരിലായിരിക്കും അറിയപ്പെടുക.
ഭക്തരുടെ സൗകര്യം പരിഗണിച്ച് ഗുരുവായൂരില്‍ വഴിപാട് കൗണ്ടറുകളുടെ എണ്ണം കൂട്ടി. ക്ഷേത്രത്തിന്റെ തെക്കേ മതില്‍ക്കെട്ടില്‍ വഴിപാട് ശീട്ടാക്കാനും പടിഞ്ഞാറെനടയില്‍ പ്രസാദം വാങ്ങാനുമായി ഓരോ കൗണ്ടര്‍ വീതമാണ് കൂട്ടിയത്. ശീട്ടാക്കാനുള്ള കൗണ്ടറുകളില്‍ ക്ലാര്‍ക്കുമാര്‍ക്കു പുറമേ, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്.
വഴിപാട് ശീട്ടാക്കാനും പിന്നീട് പ്രസാദം വാങ്ങാനും ഭക്തര്‍ക്ക് ഏറെ നേരം വരിനില്‍ക്കേണ്ട സ്ഥിതിയായിരുന്നു. പൊതു അവധി ദിവസങ്ങളിലാണെങ്കില്‍ ഒരുമണിക്കൂറോളം നീളും. ഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ വാര്‍ത്ത ആയതിന് പിന്നാലെയാണ് ദേവസ്വത്തിന്റെ നടപടി.
by Midhun HP News | Apr 30, 2026 | Latest News, മരണം
ബംഗളൂരു: ബംഗളൂരുവില്‍ കനത്തമഴയില്‍ മതില് ഇടിഞ്ഞ് വീണ് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ദാരുണാന്ത്യം. കേരളത്തില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ കുടുംബശ്രീ സംഘത്തിലെ രണ്ടു അംഗങ്ങള്‍ക്കാണ് ജീവന് നഷ്ടമായത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. കേരളത്തില്‍ നിന്നെത്തിയ 56 അംഗ സംഘത്തിലെ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മഴ കനത്തതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ഗതാഗക്കുരുക്ക് ആണ് അനുഭവപ്പെടുന്നത്.
ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ശിവാജി നഗറിലാണ് സംഭവം. ഇന്ന് രാവിലെയാണ് കുടുംബശ്രീ സംഘം ഇവിടെയെത്തിയത്. പര്‍ച്ചേയ്സിനാണ് കുടുംബശ്രീ സംഘത്തിലെ അഞ്ചുപേര്‍ ശിവാജി നഗറില്‍ എത്തിയത്. മതിലിന് താഴെ ഒരു ടാര്‍പോളിന്‍ ഷീറ്റ് കെട്ടിയിരുന്നു. ഇതിന് താഴെ നിന്നിരുന്ന അഞ്ചുമലയാളികളാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. പരിക്കേറ്റ മൂന്ന് സ്ത്രീകള്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്.
അമൃതംപൊടി ഉണ്ടാക്കുന്ന യൂണിറ്റിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ബംഗളൂരുവില്‍ എത്തിയ 56 സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് വിവിധയിടങ്ങളിലേക്ക് പോയത്. കനത്തമഴയില്‍ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
by Midhun HP News | Apr 30, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബംഗളൂരുവില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥി മരിച്ച നിലയില്‍. അരുവിക്കര സ്വദേശി ആദിത്യന് (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല് സ്കൂള്‍ ഓഫ് നഴ്സിങിലെ ബിഎസ്സി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.
ഇന്നലെ ഉച്ചയോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ ആദിത്യനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന് താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്നവര്‍ കോളജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് കോളജില്‍ വിവരമറിയിക്കുകയായിരുന്നു. കോളജ് അധികൃതര്‍ ബന്ധുക്കളെയും വിവരം അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. മരണകാരണം വ്യക്തമല്ല.
by Midhun HP News | Apr 30, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകള്‍ ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ച എന്ന മോഹത്തെ തല്ലിക്കെടുത്തുന്നു. യുഡിഎഫ് ഭരണത്തിലേറുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എക്സിറ്റ് പോളുകളുടെ ഫലം യുഡിഎഫ് ക്യാംപിനെ ആവേശത്തിലാക്കിയിട്ടുണ്ട്.
പത്ത് ഏജന്‍സികളുടെ എക്സിറ്റ്പോള്‍ ഫലങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ടൈംസ് നൗ ജെവിസി, പി മാര്‍ക്, പീപ്പിള്‍സ് പള്‍സ്, സിഎന്‍എന്‍ വോട്ട് വൈബ്, ആക്സിസ് മൈ ഇന്ത്യ, ചാണക്യ സ്ട്രാറ്റജീസ്, പീപ്പിള്‍ ഇന്‍സൈറ്റ്, ജേര്‍ണോ മിറര്‍, മാട്രിസ്, പൊളിറ്റിക്കല്‍ ലാബ് എന്നീ ഏജന്‍സികളുടെ സര്‍വേ ഫലങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ഇങ്ങനെയാണ്.
ആക്സിസ് മൈ ഇന്ത്യ
യുഡിഎഫ് 78 മുതല്‍ 90 സീറ്റ് വരെ നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. ഇടതുമുന്നണിക്ക് 49 മുതല്‍ 62 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണി 3 സീറ്റ് വരെ നേടിയേക്കാമെന്നും ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.
ടൈംസ് നൗ ജെവിസി
യുഡിഎഫ് 72 മുതല്‍ 84 സീറ്റ് വരെ നേടുമെന്നാണ് ടൈംസ് നൗ ജെവിസിയുടെ സര്‍വേ ഫലം. എല്‍ഡിഎഫിന് 52 മുതല്‍ 61 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണി 3 മുതല്‍ 7 വരെ സീറ്റ് നേടിയേക്കാമെന്നും ടൈംസ് നൗ ജെവിസി ഫലം പറയുന്നു.
മാട്രിസ്
യുഡിഎഫ് 70 മുതല്‍ 75 സീറ്റ് വരെ നേടുമെന്നാണ് മാട്രിസ് സര്‍വേ ഫലം. എല്‍ഡിഎഫിന് 60 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണി 3 മുതല്‍ 5 വരെ സീറ്റ് നേടിയേക്കാമെന്നും മാട്രിസ് സര്‍വേ ഫലം പറയുന്നു.
പീപ്പിള്‍സ് പള്‍സ്
യുഡിഎഫ് 75 മുതല്‍ 80 സീറ്റ് വരെ നേടുമെന്നാണ് പീപ്പിള്‍സ് പള്‍സ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ഇടതുമുന്നണിക്ക് 55 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണി മൂന്നു സീറ്റ് വരെ നേടിയേക്കാമെന്നും പീപ്പിള്‍സ് പള്‍സ് സര്‍വേ ഫലം പറയുന്നു.
പി മാര്‍ക്ക്
യുഡിഎഫ് 71 മുതല്‍ 79 സീറ്റ് വരെ നേടുമെന്നാണ് പി മാര്‍ക്ക് സര്‍വേ ഫലം വ്യക്തമാക്കുന്നത്. എല്‍ഡിഎഫിന് 62 മുതല്‍ 69 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണിക്ക് ഒന്നു മുതല്‍ നാലു സീറ്റ് വരെ നേടിയേക്കാമെന്നും പി മാര്‍ക്ക് സര്‍വേ ഫലം പറയുന്നു.
പീപ്പിള്‍സ് ഇന്‍സൈറ്റ്
യുഡിഎഫ് 66 മുതല്‍ 76 സീറ്റ് വരെ നേടുമെന്നാണ് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ഇടതുമുന്നണിക്ക് 58 മുതല്‍ 68 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണിക്ക് 10 മുതല്‍ 14 സീറ്റ് വരെ നേടിയേക്കാമെന്നും പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വേ ഫലം പറയുന്നു.
സിഎന്‍എന്‍- ന്യൂസ് 18 വോട്ട് വൈബ്
യുഡിഎഫ് 70 മുതല്‍ 80 സീറ്റ് വരെ നേടുമെന്നാണ് സിഎന്‍എന്‍- ന്യൂസ് 18 വോട്ട് വൈബ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ഇടതുമുന്നണിക്ക് 58 മുതല്‍ 68 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണിക്ക് നാലു സീറ്റ് വരെ നേടിയേക്കാമെന്നും സിഎന്‍എന്‍- ന്യൂസ് 18 വോട്ട് വൈബ് സര്‍വേ ഫലം പറയുന്നു.
ചാണക്യ സ്ട്രാറ്റജീസ്
യുഡിഎഫ് 72 മുതല്‍ 80 സീറ്റ് വരെ നേടുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ഇടതുമുന്നണിക്ക് 58 മുതല്‍ 64 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണിക്ക് ഒന്നു മുതല്‍ മൂന്നു സീറ്റ് വരെ നേടിയേക്കാമെന്നും ചാണക്യ സ്ട്രാറ്റജീസ് സര്‍വേ ഫലം പറയുന്നു.
പൊളിറ്റിക്കല്‍ ലാബ്
യുഡിഎഫ് 90 മുതല്‍ 92 സീറ്റ് വരെ നേടുമെന്നാണ് പൊളിറ്റിക്കല്‍ ലാബ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. എല്‍ഡിഎഫിന് 45 മുതല്‍ 46 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. ബിജെപി- എന്‍ഡിഎ മുന്നണിക്ക് രണ്ടു സീറ്റ് വരെ നേടിയേക്കാമെന്നും പൊളിറ്റിക്കല്‍ ലാബ് സര്‍വേ ഫലം പറയുന്നു.
ജേര്‍ണോ മിറര്‍
യുഡിഎഫ് 65 സീറ്റ് മുതല്‍ 80 സീറ്റ് വരെ നേടുമെന്നാണ് ജേര്‍ണോ മിറര്‍ സര്‍വേ ഫലം പറയുന്നത്. എല്‍ഡിഎഫിന് 55 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിക്കും. ബിജെപി- എന്‍ഡിഎ മുന്നണിക്ക് അഞ്ചു സീറ്റ് വരെ ലഭിച്ചേക്കാമെന്നും ജേര്‍ണോ മിറര്‍ സര്‍വേ ഫലം പറയുന്നു.
by Midhun HP News | Apr 30, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 160 രൂപയാണ് വര്‍ധിച്ചത്. 1,10,480 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കൂടിയത്. 13,810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 125 ഡോളര്‍ കടന്നിരിക്കുകയാണ്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ അമേരിക്ക നീട്ടിയെങ്കിലും സമാധാന ചര്‍ച്ചകളിലെ അനിശ്ചിതത്വവും ഹോര്‍മുസ് കടലിടുക്കിലെ തുടര്‍ച്ചയായ തടസ്സങ്ങളുമാണ് ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്ന് നില്ക്കാന് കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.
Recent Comments