by Midhun HP News | Dec 11, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫലം കമ്മീഷന്റെ www.sec.kerala.gov.in വെബ് സൈറ്റിലെ ട്രെൻഡിൽ (Trend) നിന്നു ലഭ്യമാകും.
മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ 11 ജില്ലകളിലെ 4 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 3 മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമ പഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 102 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.ഉപതെരഞ്ഞെടുപ്പിൽ 61.87 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 44262 പുരുഷൻമാരും 49191 സ്ത്രീകളും ഒരു ട്രാൻസ് ജെൻഡറും ഉൾപ്പെടെ 93,454 പേർ വോട്ട് ചെയ്തതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
by Midhun HP News | Dec 11, 2024 | Latest News, കേരളം
കോഴിക്കോട്: റീൽസ് ചിത്രീകരണത്തിനിടെ യുവാവിനെ ഇടിച്ചിട്ടത് ബെൻസ് കാർ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ബെൻസ് കാർ ഓടിച്ചയാളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. വിഡിയോ എടുത്ത മൊബൈൽ ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ബെൻസ് കാർ തെലങ്കാന രജിസ്ട്രേഷനിലുള്ളതാണ്. മറ്റു രേഖകൾ വാഹനത്തിനുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ്.
അതേസമയം മോട്ടോർ വാഹന വകുപ്പ് കൂടുതൽ നടപടിക്കൊരുങ്ങി. വിഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ ഉടമസ്ഥർക്ക് നിർദേശം നൽകി. വിഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ബെൻസ് കാറും ഡിഫെൻഡർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ഡ്രൈവർമാരുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്.
രണ്ട് വാഹനങ്ങളുടെയും രജിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്യാനും നീക്കമുണ്ട്. അതേസമയം ആൽവിന്റെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് ബീച്ച് ആശുപത്രിയിൽ നടക്കും. പ്രദേശത്തുള്ള സിസിടിവി ഫൂട്ടേജുകള്‍ പരിശോധിച്ച് വരികയാണ്. ഡിഫന്‍ഡറിന് ഒറിജിനല്‍ നമ്പര്‍പ്ലേറ്റ് അനുവദിച്ചിരുന്നു. താല്‍ക്കാലിക നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു ഷൂട്ടിങ്. അതും നിയമലംഘനമാണെന്നും എംവിഡി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വിഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആല്‍വിന്‍ മരിച്ചത്. വാഹനങ്ങളുടെ ചേസിങ് വിഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് രാവിലെ ഏഴരയോടെയായിരുന്നു അപകടം.
ആല്‍വിന്‍ മുൻപ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വിഡിയോ ചിത്രീകരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവർ ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമയുടേയും ബന്ധുവിന്‍റേയും വാഹനമാണ് വിഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. ഒരാഴ്ച്ച മുന്‍പാണ് ആല്‍വിന്‍ ഗള്‍ഫില്‍ നിന്നും നാട്ടിൽ എത്തിയത്.
by Midhun HP News | Dec 11, 2024 | Latest News, കേരളം
കൊച്ചി: ആലുവ മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ നിന്നു പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു. ആലുവ കുട്ടമശേരി കണിയാമ്പിള്ളിക്കുന്ന് അനീഷിന്റെ ഭാര്യ ഗ്രീഷ്മ (23) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് കൊട്ടാരക്കടവിൽ നിന്നു മണപ്പുറത്തേക്കുള്ള നടപ്പാലത്തിൽ നിന്നു ഗ്രീഷ്മ പെരിയാറിലേക്ക് ചാടിയത്. പൊലീസും ഫയർഫോഴ്സും ചേർന്നു എട്ടേമുക്കാലോടെ മൃതദേഹം കണ്ടെത്തി. ഒരു വർഷം മുൻപാണ് ഗ്രീഷ്മയും അനീഷും വിവാഹിതരായത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
by Midhun HP News | Dec 11, 2024 | Latest News, കേരളം
തൃശൂർ: പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്. ഭക്തർ വ്രതാനുഷ്ഠാനത്തോടെയായിരിക്കും ഇന്ന് കണ്ണനെ ദർശിക്കാനെത്തുക. ദശമി ദിനമായ ഇന്നലെ പുലർച്ചെ നട തുറന്നു. ഇനി ദ്വാദശി ദിനമായ നാളെ രാവിലെ 9 മണിക്കാണ് നട അടയ്ക്കുക. പൂജകൾക്ക് മാത്രമായിരിക്കും ഇന്ന് നട അടയ്ക്കുക.
ഏകാദശികളിൽ ഏറ്റവും പ്രധാനമാണ് ഗുരുവായൂർ ഏകദാശി. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത്. അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാ ദിനമായും കണക്കാക്കുന്നു. ഭഗവാൻ ഗീതോപദേശം നൽകിയ ദിനം കൂടിയാണിത്.
ഭഗവാൻ മഹാവിഷ്ണു ദേവീദേവൻമാർക്കൊപ്പം ഗുരുവായൂർക്കെഴുന്നള്ളുന്ന ദിനമാണിതെന്നും വിശ്വാസമുണ്ട്. ഇന്നേ ദിവസം ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്നതു പോലും സുകൃതമാണെന്നു ഭക്തർ കരുതുന്നു.
ഏകദാശിയോടനുബന്ധിച്ച് ചാവക്കാട് താലൂക്കിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. തൃശൂർ ജില്ലാ കലക്ടറാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.
മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കേന്ദ്ര, സംസ്ഥാന, അർധ സർക്കാർ സ്ഥാപനങ്ങളിലെ നിയമന പരീക്ഷകൾക്കും അവധി ബാധകമല്ല.
by Midhun HP News | Dec 11, 2024 | Latest News, കേരളം
തൊടുപുഴ: നിർത്തിയിട്ടിരുന്ന കാറിൽ രക്തത്തിൽ കുളിച്ച നിലയിൽ 2 യുവാക്കളെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഇടുക്കി രാജകുമാരിക്ക് സമീപം സേനാപതി റോഡിലാണ് യുവാക്കളെ രക്തത്തിൽ കുളിച്ച നിലയിൽ കാറിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
രാത്രി എട്ട് മണിയോടെ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനു വെളിയിൽ രക്തം പുരണ്ട ഷർട്ട് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. നാട്ടുകാരുടെ പരിശോധനയിലാണ് രക്തത്തിൽ കുളിച്ച് യുവാക്കളെ ബോധരഹിതമായ നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനു പിന്നാലെ ഉടുമ്പൻചോല പൊലീസ് സ്ഥലത്തെത്തി ഇരുവരേയും രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലുമെത്തിച്ചു. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി.
by Midhun HP News | Dec 11, 2024 | Latest News, ദേശീയ വാർത്ത
നെയ്‌റോബി: യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ(യുഎന്‍ഇപി) 2024ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്. പരിസ്ഥിതി മേഖലയില്‍ യുഎന്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്. ഈ വര്‍ഷം ആറുപേരാണ് പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്. ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നവരെയാണ് പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.
2005 മുതല്‍ പ്രചോദനാത്മകമായ രീതിയില്‍ പാരിസ്ഥിതിക മേഖലയില്‍ ഇടപെടല്‍ നടത്തിയിട്ടുള്ള 122 പേരെ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഗവേഷണത്തിലൂടെയും സാമൂഹിക ഇടപെടലിലൂടെയും വര്‍ഷങ്ങളായി അദ്ദേഹം മുന്‍പന്തിയിലുണ്ട്. ഗാഡ്ഗില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനാഭിപ്രായത്തെയും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനായുള്ള ഔദ്യോഗിക നയങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണെന്നും യുഎന്‍ഇപി പറയുന്നു.
Recent Comments