by Midhun HP News | Dec 3, 2024 | Latest News, കേരളം
തൊടുപുഴ: സ്റ്റാന്‍ഡില്‍ ബസ് കാത്തിരിക്കുന്നതിനിടെ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞുകയറി. കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സ്റ്റാന്‍ഡിനുള്ളില്‍ കസേരയിലിരുന്ന കുമളി അരമിനിയില് വിഷ്ണു ബസിനടിയില്‍പെട്ടെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. കുമളി – മൂന്നാര്‍ റൂട്ടില്‍ ഓടുന്ന ദിയ ബസ് ആണ് അപകടം ഉണ്ടാക്കിയത്.
പിന്നോട്ടെടുത്ത ബസ്, ഗിയര്‍ മാറിവീണ് മുന്നോട്ട് കുതിച്ച് ഉയര്‍ത്തിക്കെട്ടിയ തറയും പിന്നിട്ട് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി. ഈ സമയം സ്റ്റാന്‍ഡില്‍ ബസ് കാത്തിരിക്കുന്നവര്‍ക്കായുള്ള കസേരയില്‍ ഫോണില്‍ നോക്കിയിരിക്കുകയായിരുന്നു വിഷ്ണു. 5 സീറ്റു വീതമുള്ള 2 ഇരിപ്പിടങ്ങളാണ് ആ ഭാഗത്തുള്ളത്. ഇവയുടെ രണ്ടിന്റെയും നടുവിലേക്കാണു ബസ് ഇടിച്ചുകയറിയത്. കസേര ഇളകി പിന്നോട്ടുമറിഞ്ഞു. ഇതിന്റെ അടിയില്‍പെട്ടതിനാലാണു വിഷ്ണുവിനു പരുക്കേല്‍ക്കാതിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വിഷ്ണുവിന്റെ തലയൊഴിച്ചുള്ള ഭാഗം ബസ്സിനടിയില്‍ കുടുങ്ങുകയും ചെയ്തു.
സംഭവത്തില്‍ യുവാവിന് പരിക്ക് ഇല്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ല. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഡ്രൈവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും ഇടുക്കി ജോയിന്റ് ആര്‍ടിഒ അറിയിച്ചു.
by Midhun HP News | Dec 3, 2024 | Latest News, കേരളം
കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പില്‍ വനംവകുപ്പ് കേസെടുത്തു. ഹൈക്കോടതി മാര്‍ഗനിര്‍ദേശപ്രകാരമുള്ള അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രം ഭരണസമിതിക്കെതിരെയാണ് കേസെടുത്തത്. വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലവും ആനകളും ആളുകളും തമ്മില്‍ എട്ടു മീറ്റര്‍ അകലവും പാലിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തില്‍ ഈ അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.
മഴ മൂലമാണ് മാര്‍ഗനിര്‍ദേശപ്രകാരമുള്ള അകലം പാലിക്കാനാകാതിരുന്നതെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. വൃശ്ചികോത്സവത്തിന്റെ ആദ്യ ദിവസം രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി അളന്ന് തിട്ടപ്പെടുത്തിയതു പ്രകാരം നിശ്ചിത അകലത്തിലായിരുന്നു രാവിലെ കാഴ്ച ശീവേലി അടക്കം നടന്നത്. രണ്ടു നിരയായിട്ടായിരുന്നു ആനകളെ നിര്‍ത്തിയിരുന്നത്. വൃശ്ചികോത്സവത്തിന് 15 ആനകളെയാണ് എഴുന്നള്ളിക്കുന്നത്. ഉത്സവത്തിനായി ആനകളുടെ അകലം അടക്കമുള്ള മാര്‍ഗരേഖയില്‍ ഇളവു തേടി ദേവസ്വം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇളവ് അനുവദിച്ചിരുന്നില്ല.
by Midhun HP News | Dec 3, 2024 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണണെന്ന് ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ, യാത്രയയപ്പ് യോഗത്തിന്റെ മുഖ്യസാക്ഷി കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്, പെട്രോള്‍ പമ്പ് തുടങ്ങാന്‍ അപേക്ഷ നല്കിയ ടി വി പ്രശാന്ത് എന്നിവരുടെ ഫോണ്‍ കോള്‍, ടവര്‍ ലൊക്കേഷന്‍ തുടങ്ങിയ തെളിവുകള്‍ സംരക്ഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ജില്ലാ കലക്ടറുടേത് അടക്കം കേസില്‍ ഉള്‍പ്പെട്ടവരുടെ ഫോണ്‍ കോളുകള്‍, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവുകള്‍ സംരക്ഷിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
by Midhun HP News | Dec 3, 2024 | Latest News, കേരളം
തിരുവനന്തപുരം: നവംബര്‍ മാസത്തെ റേഷന്‍ ഇന്നു കൂടി ലഭിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിച്ചു. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് നാളെ റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും. ഡിസംബര്‍ മാസത്തെ റേഷന്‍ ഈ മാസം അഞ്ചു മുതല്‍ ( വ്യാഴാഴ്ച) വിതരണം ചെയ്തുതുടങ്ങും. നീല കാര്‍ഡുകാര്‍ക്ക് മൂന്നു കിലോ അരിയും വെള്ള കാര്‍ഡുകാര്‍ക്ക് 5 കിലോ അരിയും 10.90 രൂപ നിരക്കില്‍ ലഭിക്കുമെന്നും സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.
by Midhun HP News | Dec 3, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ആരോഗ്യത്തിന് ഹാനികരമായ സിഗരറ്റ്, പുകയില, മറ്റു പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെയും ശീതള പാനീയങ്ങളുടെയും ജിഎസ്ടി നിരക്ക് ഉയര്‍ത്തണമെന്ന് മന്ത്രിതല സമിതിയുടെ ശുപാര്‍ശ. നിലവിലെ 28 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി ഉയര്‍ത്തണമെന്നാണ് ജിഎസ്ടി പാനലിന്റെ ശുപാര്‍ശയില്‍ പറയുന്നത്.
മന്ത്രിതല സമിതി യോഗത്തിലാണ് പുകയിലയ്ക്കും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ശീതള പാനീയങ്ങള്‍ക്കും 35 ശതമാനം എന്ന പ്രത്യേക നിരക്ക് നിര്‍ദ്ദേശിക്കാന്‍ തീരുമാനിച്ചത്. ‘5, 12, 18, 28 ശതമാനം എന്നിങ്ങനെയുള്ള നിലവിലെ നാല് നികുതി സ്ലാബ് തുടരുന്നതിനോടൊപ്പം 35 ശതമാനം എന്ന പുതിയ നിരക്ക് നടപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.ഡിസംബര്‍ 21നാണ് അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗം. ധനമന്ത്രി അധ്യക്ഷനായുള്ള ജിഎസ്ടി കൗണ്‍സില്‍ യോഗം മന്ത്രിതല സമിതിയുടെ ശുപാര്‍ശയില്‍ അന്തിമ തീരുമാനം എടുക്കും. ജയ്സാല്‍മറിലാണ് യോഗം ചേരുന്നത്. ആരോഗ്യത്തിന് ഹാനികരമായ പുകയില അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍, കാറുകള്‍ അടക്കമുള്ള ആഡംബര വസ്തുക്കള്‍ എന്നിവയിന്മേല് 28 ശതമാനം ജിഎസ്ടിക്ക് പുറമേ സെസും ചുമത്തുന്നുണ്ട്. സെസ് ഒഴിവാക്കുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളും മന്ത്രിതല സമിതിയുടെ പരിഗണനയിലാണ്. ടെക്സ്റ്റൈല്‍ മേഖലയിലെ സുപ്രധാനമായ പരിഷ്കരണം ഉള്‍പ്പെടെ 148 ഇനങ്ങളുടെ നികുതി നിരക്കുകളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്താനും നിരക്ക് യുക്തിസഹമാക്കാന്‍ നിയോഗിച്ച മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
by Midhun HP News | Dec 3, 2024 | Latest News, കേരളം
കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ഒരാളെ ശാരീരിക പീഡനത്തിന് ഇരയാക്കുന്നത് പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം നടപടികളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി സ്വീകരിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തനിക്കെതിരെ കേസെടുക്കാന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിനെതിരെ നിലമ്പൂര്‍ എസ്ഐ ആയിരുന്ന സി അലവി നല്കിയ റിവിഷന്‍ പെറ്റീഷന് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ ബാബു ഉത്തരവ് പുറപ്പെടുവിച്ചത്.
ഹര്‍ജിക്കാരന്റെ പ്രവൃത്തിയും ഒദ്യോഗിക കൃത്യനിര്‍വഹണവും തമ്മില്‍ ന്യായമായ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്ന് കോടതി വിലയിരുത്തി. സ്ത്രീയെ അധിേപിച്ചെന്ന പരാതിയില്‍ 2008 ജൂലൈയില്‍ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി യുവാവിനെ എസ്ഐ മര്‍ദ്ദിച്ചെന്നാണ് കേസ്. സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായിരുന്ന യുവാവിന്റെ സഹാദരി മര്‍ദ്ദനം തടയാന്‍ ശ്രമിച്ചു. ഗര്‍ഭിണിയായ സഹോദരിയെയും മര്‍ദ്ദിച്ചെന്നും കേസില്‍ പറയുന്നു. യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും, അന്വേഷണം നടത്തിയ ഡിവൈഎസ്പി വ്യാജ കേസാണ് ഇതെന്ന് റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന് നല്കിയ സ്വകാര്യ അന്യായത്തിലാണ് എസ്ഐക്കെതിരെ കേസെടുക്കാന്‍ നിലമ്പൂര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. എന്നാല്‍ കൃത്യനിര്‍വഹണത്തിനിടെയുള്ള സംഭവമായിരുന്നു ഇതെന്നാണ് എസ്ഐ വാദിച്ചത്. സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ കേസെടുക്കാനാകൂ എന്നും ഹര്ജിക്കാരന് വാദിച്ചു. ഇതു മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന് നല്‍കിയത്.
Recent Comments