by Midhun HP News | Dec 3, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ആരോഗ്യത്തിന് ഹാനികരമായ സിഗരറ്റ്, പുകയില, മറ്റു പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെയും ശീതള പാനീയങ്ങളുടെയും ജിഎസ്ടി നിരക്ക് ഉയര്‍ത്തണമെന്ന് മന്ത്രിതല സമിതിയുടെ ശുപാര്‍ശ. നിലവിലെ 28 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി ഉയര്‍ത്തണമെന്നാണ് ജിഎസ്ടി പാനലിന്റെ ശുപാര്‍ശയില്‍ പറയുന്നത്.
മന്ത്രിതല സമിതി യോഗത്തിലാണ് പുകയിലയ്ക്കും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ശീതള പാനീയങ്ങള്‍ക്കും 35 ശതമാനം എന്ന പ്രത്യേക നിരക്ക് നിര്‍ദ്ദേശിക്കാന്‍ തീരുമാനിച്ചത്. ‘5, 12, 18, 28 ശതമാനം എന്നിങ്ങനെയുള്ള നിലവിലെ നാല് നികുതി സ്ലാബ് തുടരുന്നതിനോടൊപ്പം 35 ശതമാനം എന്ന പുതിയ നിരക്ക് നടപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.ഡിസംബര്‍ 21നാണ് അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗം. ധനമന്ത്രി അധ്യക്ഷനായുള്ള ജിഎസ്ടി കൗണ്‍സില്‍ യോഗം മന്ത്രിതല സമിതിയുടെ ശുപാര്‍ശയില്‍ അന്തിമ തീരുമാനം എടുക്കും. ജയ്‌സാല്‍മറിലാണ് യോഗം ചേരുന്നത്. ആരോഗ്യത്തിന് ഹാനികരമായ പുകയില അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍, കാറുകള്‍ അടക്കമുള്ള ആഡംബര വസ്തുക്കള്‍ എന്നിവയിന്മേല്‍ 28 ശതമാനം ജിഎസ്ടിക്ക് പുറമേ സെസും ചുമത്തുന്നുണ്ട്. സെസ് ഒഴിവാക്കുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളും മന്ത്രിതല സമിതിയുടെ പരിഗണനയിലാണ്. ടെക്സ്റ്റൈല്‍ മേഖലയിലെ സുപ്രധാനമായ പരിഷ്‌കരണം ഉള്‍പ്പെടെ 148 ഇനങ്ങളുടെ നികുതി നിരക്കുകളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്താനും നിരക്ക് യുക്തിസഹമാക്കാന്‍ നിയോഗിച്ച മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
by Midhun HP News | Dec 3, 2024 | Latest News, കേരളം
കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ഒരാളെ ശാരീരിക പീഡനത്തിന് ഇരയാക്കുന്നത് പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം നടപടികളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി സ്വീകരിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തനിക്കെതിരെ കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിനെതിരെ നിലമ്പൂര്‍ എസ്‌ഐ ആയിരുന്ന സി അലവി നല്‍കിയ റിവിഷന്‍ പെറ്റീഷന്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ ബാബു ഉത്തരവ് പുറപ്പെടുവിച്ചത്.
ഹര്‍ജിക്കാരന്റെ പ്രവൃത്തിയും ഒദ്യോഗിക കൃത്യനിര്‍വഹണവും തമ്മില്‍ ന്യായമായ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്ന് കോടതി വിലയിരുത്തി. സ്ത്രീയെ അധിേപിച്ചെന്ന പരാതിയില്‍ 2008 ജൂലൈയില്‍ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി യുവാവിനെ എസ്‌ഐ മര്‍ദ്ദിച്ചെന്നാണ് കേസ്. സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായിരുന്ന യുവാവിന്റെ സഹാദരി മര്‍ദ്ദനം തടയാന്‍ ശ്രമിച്ചു. ഗര്‍ഭിണിയായ സഹോദരിയെയും മര്‍ദ്ദിച്ചെന്നും കേസില്‍ പറയുന്നു. യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും, അന്വേഷണം നടത്തിയ ഡിവൈഎസ്പി വ്യാജ കേസാണ് ഇതെന്ന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് നല്‍കിയ സ്വകാര്യ അന്യായത്തിലാണ് എസ്‌ഐക്കെതിരെ കേസെടുക്കാന്‍ നിലമ്പൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. എന്നാല്‍ കൃത്യനിര്‍വഹണത്തിനിടെയുള്ള സംഭവമായിരുന്നു ഇതെന്നാണ് എസ്‌ഐ വാദിച്ചത്. സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ കേസെടുക്കാനാകൂ എന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഇതു മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കിയത്.
by Midhun HP News | Dec 3, 2024 | Latest News, കേരളം
ആലപ്പുഴ: കളര്‍കോട് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കാര്‍ വാടകയ്ക്ക് നല്‍കിയത് അനധികൃതമായെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ. വാഹനത്തിന്റെ പഴക്കവും കനത്ത മഴ കാരണം കാഴ്ച മങ്ങിയതും അപകടത്തിന് കാരണമായതായും ആര്‍ടിഒ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും.
വാഹനത്തിന്റെ അമിത വേഗം അപകടത്തിന് കാരണമായിട്ടുണ്ടെന്ന് ആര്‍ടിഒ പറഞ്ഞു. വാഹനം വളരെ സ്പീഡിലായിരുന്നു എന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൂടാതെ പഴയ വണ്ടിയാണെന്നതും അപകടത്തിന് കാരണമായി. വാഹനം ഓടിച്ച ആളുടെ പരിചയക്കുറവും ഒരു കാരണമാണ്. ഡ്രൈവര്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ട് അഞ്ചുമാസമേ ആയിട്ടുള്ളു. ഏഴ് പേര്‍ക്ക് ഇരിക്കാവുന്ന വാഹനത്തില്‍ പതിനൊന്നുപേര്‍ കയറിയതും അപകടത്തിന്റെ ആക്കം കൂട്ടിയതായി ആര്‍ടിഒ പറഞ്ഞു.
പെര്‍മിറ്റലധികം ആളുകള്‍ ഉണ്ടായാല്‍ വാഹനം നിയന്ത്രിക്കുക എളുപ്പമല്ല. വാഹനം ഫെയ്‌സ് ടു ഫെയ്‌സ് ആണ് ഇടിച്ചിരുന്നതെങ്കില്‍ ഇത്ര പേര്‍ മരിക്കാന്‍ ഇടയാകുമായിരുന്നില്ല. എയര്‍ ബാഗ് ഉണ്ടെങ്കിലും ഇടിയുടെ ആഘാതത്തില്‍ അത് തകര്‍ന്നുപോകുമായിരുന്നു. വാഹനത്തിന്റെ ബ്രേക്ക് സിസ്റ്റത്തിന് തകരാര്‍ ഉണ്ടായിരുന്നില്ലെന്നും മഴയത്ത് പെട്ടന്ന് ബ്രേക്കിട്ടതും അപകടത്തിന് കാരണമായതായി ആര്‍ടിഒ പറഞ്ഞു.
ഇന്നലെ രാത്രി 9.20 ഓടെ കെഎസ്ആര്‍ടി ബസിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന 5 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് മരിച്ചത്. ആലപ്പുഴ ഗവ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍(19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വല്‍സന്‍ (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പിപി മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ (19) എന്നിവരാണു മരിച്ചത്. 6 പേര്‍ക്കു പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്. കാറിലുണ്ടായിരുന്ന 11 പേരും ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളാണ്.
by Midhun HP News | Dec 3, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് നാളെ വരെ നീറ്റ് ഫലം സമര്‍പ്പിക്കാം. ഫലം സമര്‍പ്പിക്കാന്‍ നാളെ രാവിലെ 11 വരെയാണ് വെബ്‌സൈറ്റില്‍ സൗകര്യം ഉണ്ടാകുക. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയില്‍ ന്യൂനതകള്‍ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് അടയ്ക്കാനുണ്ടെങ്കില്‍ അതിനും സൗകര്യമുണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് www.cee.kerala.gov.in സന്ദര്‍ശിക്കുക.
by Midhun HP News | Dec 3, 2024 | Latest News, കേരളം
കണ്ണൂർ: കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവൽ ആണ് മരിച്ചത്. കനത്ത മഴയിൽ ഒടിഞ്ഞു വീണ മരക്കൊമ്പ് കാറിലേക്ക് വീഴാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം. നിയന്ത്രണം വിട്ട് കാർ കുളത്തിലേക്ക് മറിയുകയായിരുന്നു.
ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ഒരു പരീക്ഷ കഴിഞ്ഞ് ഇന്ന് പുലർച്ചെ ഇമ്മാനുവൽ നാട്ടിലേക്ക് മടങ്ങാനായി തലശ്ശേരിയിൽ എത്തി. കാർ ഇവിടെ നിർത്തിയിട്ടതായിരുന്നു. ഇവിടെ നിന്നു കാറിൽ മടങ്ങുന്നതിനിടെ വീടിനു തൊട്ടടുത്തു വച്ചു തന്നെയാണ് അപകടം സംഭവിച്ചത്.ഡ്രൈവിങിനിടെ കനത്ത മഴയിൽ മരക്കൊമ്പ് പൊട്ടി വീഴുന്നത് ഇമ്മാനുവൽ കണ്ടു. ഇതോടെയാണ് കാർ വെട്ടിച്ചത്. വണ്ടി ഒരു തെങ്ങിൽ ഇടിച്ച് റോഡരികിലുണ്ടായിരുന്ന വലിയ കുളത്തിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ എത്തി ഇമ്മാനുവലിനെ പുറത്തെടുത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
by Midhun HP News | Dec 3, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കോവിഡ് 19 വാക്‌സിനേഷന്‍ യുവാക്കള്‍ക്കിടയില്‍ മരണനിരക്ക് വര്‍ധിക്കുന്നതിന് കാരണമാകുന്നു എന്ന പ്രചാരണം തെറ്റെന്നു തെളിയിച്ച് സര്‍ക്കാര്‍ കണക്കുകള്‍. 2019 നും 2023 നും ഇടയില്‍ 35-44 പ്രായ പരിധിയിലുള്ള യുവാക്കളുടെ ഇടയില്‍ മരണനിരക്കില്‍ കാര്യമായ മാറ്റമൊന്നും ഇല്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ പ്രായപരിധിയിലെ മരണനിരക്ക് താരതമ്യേന സ്ഥിരത പുലര്‍ത്തുകയാണ്. 2019ല്‍ 3.30 ശതമാനമാണ് മരണനിരക്ക്. ഇത് കോവിഡിന് മുന്‍പുള്ള കാലമാണ്. വാക്‌സിനേഷന്‍ എടുത്തതിന് ശേഷമുള്ള 2022, 2023 വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 3.13 ശതമാനം, 3.23 ശതമാനം എന്നിങ്ങനെയാണ്. 2020ലും 2021ലും മരണനിരക്ക് 3.29 ശതമാനവും 3.23 ശതമാനവുമാണ്.
വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ കാരണമാണ് യുവാക്കളില്‍ ഹൃദയാഘാതം ഉണ്ടാവുന്നതെന്ന് പഠനങ്ങളിലൊന്നും തെളിയിച്ചിട്ടില്ല. മരണ നിരക്കു സംബന്ധിച്ച സര്‍ക്കാര്‍ കണക്കുകളും ഈ പ്രായപരിധിയിലുള്ളവരുടെ മരണത്തെ വാക്സിനേഷനുമായി ബന്ധിപ്പിക്കാനാവില്ലെന്നാണ് വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് അകാലമരണങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും ലഭ്യമായ മരണനിരക്ക് കണക്കുകള്‍ വാക്‌സിനുകള്‍ സുരക്ഷിതമാണെന്ന ആരോഗ്യ വിദഗ്ധരുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്നു. കേരളത്തില്‍ 18-44 പ്രായപരിധിയിലുള്ള 1,29,45,396 പേരാണ് കോവിഡ് -19 വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 1,08,60,254 പേര്‍ വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.
അടുത്തിടെ പ്രത്യേകിച്ച് ജോലി സമയത്തോ വ്യായാമ വേളയിലോ വ്യക്തമായ കാരണമില്ലാതെ യുവാക്കള്‍ക്ക് മരണം സംഭവിക്കുന്നത് ഏറെ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. കോവിഡ് വാക്സിനാണ് ഇതിനു കാരണം എന്നായിരുന്നു പലരും അവകാശപ്പെട്ടത്.
‘ഏതെങ്കിലും ചെറുപ്പക്കാരന്‍ മരിച്ചാല്‍ വാക്‌സിന്‍ കാരണമാണെന്ന നിഗമനത്തില്‍ എത്തുന്ന പ്രവണതയാണ് കണ്ടുവരുന്നത്. വാക്‌സിനുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ നിലനില്‍ക്കുമെന്ന് കരുതുന്നതും തെറ്റാണ്. വാക്‌സിനേഷന്‍ യുവാക്കളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിന് തെളിവുകളുണ്ട്. എന്നാല്‍ ഈ കേസുകള്‍ വളരെ അപൂര്‍വമാണ്. മരണനിരക്ക് അത് പ്രതിഫലിപ്പിക്കുന്നു’- ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ എപ്പിഡെമിയോളജിസ്റ്റും എമറിറ്റസ് പ്രൊഫസറുമായ ഡോ. വി രാമന്‍കുട്ടി പറഞ്ഞു.
ലഭ്യമായ ഏറ്റവും സുരക്ഷിതമായ വാക്സിനുകളില്‍ ഒന്നാണ് കോവിഷീല്‍ഡ് എന്ന് കോവിഡ്, വയോജന വാക്സിനേഷനെ കുറിച്ച് സംസ്ഥാനത്തിന് ഉപദേശം നല്‍കുന്ന വിദഗ്ധ സമിതിയുടെ തലവനും ആരോഗ്യ വിദഗ്ധനുമായ ഡോ. ബി ഇക്ബാല്‍ സ്ഥിരീകരിക്കുന്നു.
‘ഈ പ്രായപരിധിയിലുള്ള ആളുകള്‍ മരിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. സാംക്രമികേതര രോഗങ്ങളും സാംക്രമിക രോഗങ്ങളും മൂലം മരണ ഭീഷണി നിലനില്‍ക്കുന്നുണ്ട്. വളരെക്കാലം മുമ്പ് പുറത്തിറക്കിയ വാക്‌സിനുകള്‍ക്ക് പകരം പ്രമേഹ നിയന്ത്രണം, പൊണ്ണത്തടി, കോവിഡിന് ശേഷമുള്ള പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യണം’- ഡോ. ബി ഇക്ബാല്‍ പറഞ്ഞു.
Recent Comments