ആറ്റിങ്ങലിലെ മുദ്രപത്രക്ഷാമത്തിനു പരിഹാരമായി e സ്റ്റാമ്പ്‌ പേപ്പർ നിലവിൽ വന്നു

ആറ്റിങ്ങലിലെ മുദ്രപത്രക്ഷാമത്തിനു പരിഹാരമായി e സ്റ്റാമ്പ്‌ പേപ്പർ നിലവിൽ വന്നു

ആറ്റിങ്ങൽ: കഴിഞ്ഞ കുറച്ചു മാസക്കാലമായി ആറ്റിങ്ങൽ സബ് ട്രഷറിയുടെ കീഴിൽ കുറഞ്ഞ മുദ്രവിലയുള്ള 10,20,50,100,500 മുദ്രപത്രങ്ങൾ കിട്ടാനില്ലായിരുന്നു. ഇതുമൂലം സ്കൂൾ സർട്ടിഫിക്കുകൾക്കും, കരാറുകൾ എഴുതുന്നതിനും, പഞ്ചായത്ത്, മുൻസിപ്പാലിറ്റി ലൈസൻസുകൾക്കും, വിദേശരാജ്യങ്ങളിലെ എംബസി മുഖാന്തരം സാക്ഷ്യപ്പെടുത്തി വരേണ്ട മുദ്രപത്രങ്ങൾക്ക് വേണ്ടി ജനങ്ങൾ നെട്ടോട്ടമായിരുന്നു. ഈ വിഷയത്തിന് പരിഹാരമായി കൊണ്ട് ആറ്റിങ്ങലിൽ e സ്റ്റാമ്പ്‌ സംവിധാനം നിലവിൽ വന്നു. ഇനി ആവശ്യക്കാരന് ഏത് തുകയുടെ മുദ്രപത്രമായാലും ആറ്റിങ്ങലിലെ വെണ്ടർ ഓഫീസിൽ നിന്ന് ലഭിക്കും. ആദ്യ ദിവസങ്ങളിൽ e സ്റ്റാമ്പ്‌ പത്രം ഒരാൾക്ക് ലഭിക്കാൻ 5 മുതൽ 10 മിനിറ്റ് വരെ സമയമെടുക്കും എന്ന് ആറ്റിങ്ങലിലെ സ്റ്റാമ്പ്‌ വെണ്ടർമാർ അറിയിച്ചു.

തിരുവനന്തപുരം ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് അദാലത്ത് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് അദാലത്ത് സംഘടിപ്പിക്കുന്നു

കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 വർഷം മുതൽ യഥാസമയം പിഴ അടക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുടർനടപടികളിൽ നിന്നും ഒഴിവാകുവാൻ തിരുവനന്തപുരം ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും (എൻഫോഴ്സസ്മെൻറ് വിഭാഗം) ചേർന്ന് അദാലത്ത് സംഘടിപ്പിക്കുന്നു.

2024 ഡിസംബർ 05, 06, 07 തീയതികളിൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ
(PMG, വികാസ് ഭവൻ KSRTC പെട്രോൾ പമ്പിന് എതിർവശം) വച്ച് സംഘടിപ്പിച്ചിരിക്കുന്ന ഈ അദാലത്തിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്. പ്രസ്തുത അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9497980117 (പോലീസ്) എന്ന ഫോൺ നമ്പരിലും trsmtvmrl.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

മഴ തുടരും; 2 ജില്ലകളില്‍ ഓറഞ്ച്, ഏഴിടത്ത് യെല്ലോ മുന്നറിയിപ്പ്

മഴ തുടരും; 2 ജില്ലകളില്‍ ഓറഞ്ച്, ഏഴിടത്ത് യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യല്ലോ അലര്‍ട്ട്.

തൃശൂര്‍ ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം

കേരള, കര്‍ണാടക തീരങ്ങളില്‍ ഇന്നും ലക്ഷദ്വീപ് പ്രദേശത്ത് ഇന്ന് മുതല്‍ 5 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

നാളെ വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ആലപ്പുഴയിൽ 5 മെഡിക്കല്‍ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അപകടത്തിന്റെ ആഘാതം ഉയർത്തിയത് ഓവർലോഡ്

ആലപ്പുഴയിൽ 5 മെഡിക്കല്‍ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അപകടത്തിന്റെ ആഘാതം ഉയർത്തിയത് ഓവർലോഡ്

ആലപ്പുഴയിൽ 5 മെഡിക്കല്‍ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അപകടത്തിന്റെ ആഘാതം ഉയർത്തിയത് ഓവർലോഡ്.

ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടവേര കാറില്‍ 12 പേരാണ് ഉണ്ടായിരുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം പറഞ്ഞു. വാഹനം ഓടിച്ച വിദ്യാർത്ഥിയുമായി സംസാരിച്ച ശേഷമാണ് ഉദ്യോഗസ്ഥർ ഇക്കാര്യം പറഞ്ഞത്. ഒൻപത് മണിയോടെയാണ് അപകടം ഉണ്ടായത്. ആ സമയം ഒരു മണിക്കൂറോളമായി ആലപ്പുഴ നഗരപ്രദേശത്ത് നല്ല മഴയായിരുന്നു. മഴ മൂലം കാഴ്ച മങ്ങിയതും അപകടത്തിന് വഴിവെച്ചിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നും രണ്ടും വർഷ മെഡിക്കല്‍ വിദ്യാർത്ഥികളാണ് അപകടത്തില്‍പെട്ടത്. ആലപ്പുഴയില്‍ നിന്നും കായംകുളത്തേക്ക് പോകുകായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലേക്കാണ് കാർ ഇടിച്ചുകയറിയത്.

2010 മോഡല്‍ ടവേര കാറാണ് അപകടത്തില്‍പെട്ടത്. വാഹനം പൂർണമായി തകർന്നിട്ടുണ്ട്. ശ്രീദീപ് (പാലക്കാട്) മുഹമ്മദ് ഇബ്രാഹിം, ദേവാനന്ദ് (ലക്ഷദ്വീപ്), മുഹമ്മദ് ജബ്ബാർ (കണ്ണൂർ) ആയുഷ് ഷാജി (ആലപ്പുഴ) എന്നിവരാണ് മരിച്ചത്. ചികിത്സയില്‍ കഴിയുന്ന ഒരു കുട്ടിയുടെ നിലയും ഗുരുതരമാണ്. വണ്ടാനം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലുമായിട്ടാണ് കുട്ടികളെ പ്രവേശിപ്പിച്ചിട്ടുളളത്.

ജയ അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടി; വെളിച്ചെണ്ണ വില കുറച്ചു

ജയ അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടി; വെളിച്ചെണ്ണ വില കുറച്ചു

തിരുവനന്തപുരം: ജയ അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടി. സബ്‌സിഡി ലഭിക്കുന്ന അരിക്ക് ഈ മാസം മൂന്നു രാപ വീതമാണ് കൂട്ടിയത്. ഇതോടെ കിലോഗ്രാമിന് യഥാക്രമം 29, 33 രൂപ വീതമായി. കുറുവ, മട്ട അരികളുടെ വില മൂന്നു മാസം മുമ്പു തന്നെ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ കിലോയ്ക്ക് 33 രൂപയാണ് ഇവയുടെ സബ്‌സിഡി വില.

വന്‍പയറിന് നാലു രൂപയും ഈ മാസം കൂട്ടിയിട്ടുണ്ട്. ഇതോടെ കിലോഗ്രാമിന് 79 രൂപയായി. അതേസമയം വെളിച്ചെണ്ണ വില കുറച്ചു. ലിറ്ററിന് 175 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് 8 രൂപയാണ് കുറച്ചത്. ജിഎസ്ടി കണക്കാക്കാതെയുള്ള നിരക്കാണ് ഇത്.വിപണി വിലയ്ക്ക് അനുസൃതമായി നിരക്കില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് സബ്‌സിഡി സാധനങ്ങളുടെ വില സപ്ലൈക്കോ പുതുക്കിയത്. ചെറുപയര്‍ (കിലോ) 90 രൂപ, ഉഴുന്ന് ( കിലോ) 95 രൂപ, വന്‍കടല-69 രൂപ, തുവര പരിപ്പ് 115 രൂപ, പഞ്ചസാര (കിലോ) 33 രൂപ എന്നിങ്ങനെയാണ് മറ്റ് സബ്‌സിഡി നിരക്ക്.

പൊലീസ് സ്റ്റേഷനില്‍ ഒരാളെ ശാരീരികമായി പീഡിപ്പിക്കുന്നത് കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ല; കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ട

പൊലീസ് സ്റ്റേഷനില്‍ ഒരാളെ ശാരീരികമായി പീഡിപ്പിക്കുന്നത് കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ല; കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ട

കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ഒരാളെ ശാരീരിക പീഡനത്തിന് ഇരയാക്കുന്നത് പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം നടപടികളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി സ്വീകരിക്കുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തനിക്കെതിരെ കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിനെതിരെ നിലമ്പൂര്‍ എസ്‌ഐ ആയിരുന്ന സി അലവി നല്‍കിയ റിവിഷന്‍ പെറ്റീഷന്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ ബാബു ഉത്തരവ് പുറപ്പെടുവിച്ചത്.

ഹര്‍ജിക്കാരന്റെ പ്രവൃത്തിയും ഒദ്യോഗിക കൃത്യനിര്‍വഹണവും തമ്മില്‍ ന്യായമായ ബന്ധമുണ്ടെന്ന് പറയാനാവില്ലെന്ന് കോടതി വിലയിരുത്തി. സ്ത്രീയെ അധിേപിച്ചെന്ന പരാതിയില്‍ 2008 ജൂലൈയില്‍ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി യുവാവിനെ എസ്‌ഐ മര്‍ദ്ദിച്ചെന്നാണ് കേസ്. സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായിരുന്ന യുവാവിന്റെ സഹാദരി മര്‍ദ്ദനം തടയാന്‍ ശ്രമിച്ചു. ഗര്‍ഭിണിയായ സഹോദരിയെയും മര്‍ദ്ദിച്ചെന്നും കേസില്‍ പറയുന്നു.

യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും, അന്വേഷണം നടത്തിയ ഡിവൈഎസ്പി വ്യാജ കേസാണ് ഇതെന്ന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് നല്‍കിയ സ്വകാര്യ അന്യായത്തിലാണ് എസ്‌ഐക്കെതിരെ കേസെടുക്കാന്‍ നിലമ്പൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. എന്നാല്‍ കൃത്യനിര്‍വഹണത്തിനിടെയുള്ള സംഭവമായിരുന്നു ഇതെന്നാണ് എസ്‌ഐ വാദിച്ചത്. സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ കേസെടുക്കാനാകൂ എന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഇതു മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ഹൈക്കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കിയത്.