കേരള സർവ്വകലാശാല യുവജനോത്സവത്തിൽ കലാതിലകമായി മടവൂർ സ്വദേശിനി

കേരള സർവ്വകലാശാല യുവജനോത്സവത്തിൽ കലാതിലകമായി മടവൂർ സ്വദേശിനി

കേരള സർവ്വകലാശാലയുടെ 2023 – 24 യുവജനോത്സവ കലാതിലകമായി മടവൂർ സ്വദേശിനി ഗൗരിനന്ദന.അക്ഷര ശ്ലോകം മലയാളം, അക്ഷരശ്ലോകം സംസ്കൃതം, മാപ്പിളപ്പാട്ട്, സംസ്കൃത പദ്യപാരായണം എന്നി ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് ഗൗരി നന്ദന കലാതിലക പട്ടം കരസ്ഥമാക്കിയത്. മടവൂർ, വേമൂട്, ബിന്ദുഭവനിൽ പരേതനായ രാജേന്ദ്രപ്രസാദിൻ്റെയും ബിന്ദുവിന്റെയും മകളായ ഗൗരിനന്ദന തൈക്കാട് ഗവ:ബി.എഡ് കോളേജ് വിദ്യാർത്ഥിനിയാണ്.

വർക്കല ആലിയിറക്കം ബീച്ചിൽ  യുവാവ് തിരയിൽപ്പെട്ട് കാണാതായി

വർക്കല ആലിയിറക്കം ബീച്ചിൽ യുവാവ് തിരയിൽപ്പെട്ട് കാണാതായി

വർക്കല ആലിയിറക്കം ബീച്ചിൽ യുവാവ് തിരയിൽപ്പെട്ട് കാണാതായി. വൈകിട്ട് 5 മണിയോടെയാണ് സംഭവം. അടൂർ നെടുമൺ സ്വദേശി ശ്രീജിത്ത്‌ (29) നെയാണ് കാണാതായത്. സുഹൃത്ത് കൊട്ടാരക്കര പട്ടാഴി സ്വദേശി ശ്യം മോഹനൊപ്പം കടലിൽ കുളിക്കവേ ശക്തമായ തിരയിൽപ്പെട്ടു കാണാതാവുകയായിരുന്നു. ഇവരുടെ ഭാര്യമാർക്ക് ഒപ്പം കഴിഞ്ഞ ദിവസമാണ് വർക്കലയിൽ എത്തിയത്. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്.

വക്കീൽ വേഷത്തിൽ വീണ്ടും സുരേഷ് ​ഗോപി; ജെഎസ്കെ തിയറ്ററിലേക്ക്

വക്കീൽ വേഷത്തിൽ വീണ്ടും സുരേഷ് ​ഗോപി; ജെഎസ്കെ തിയറ്ററിലേക്ക്

സൂപ്പർഹിറ്റായി മാറിയ ചിന്താമണി കൊലക്കേസിനു ശേഷം വീണ്ടും വക്കീൽ വേഷത്തിൽ സുരേഷ് ​ഗോപി. ജെഎസ്കെ അഥവാ ജാനകി വെഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. വക്കീൽ കോട്ടണിഞ്ഞ് നിൽക്കുന്ന സുരേഷ് ​ഗോപിയാണ് പോസ്റ്ററിൽ.

അനുപമ പരമേശ്വരനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘നീതി നടപ്പിലാക്കും’ എന്ന അടിക്കുറിപ്പോടെ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ സുരേഷ് ഗോപി പങ്കുവെച്ചത്. ചിത്രം ഉടൻ തിയറ്ററിൽ എത്തുമെന്നും താരം അറിയിച്ചു. ഡേവിഡ് ആബേൽ ഡൊണോവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

പ്രവീൺ നാരായണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മാധവ് സുരേഷ്, ശ്രുതി രാമചന്ദൻ, ദിവ്യാ പിള്ള, അസ്‌കർ അലി, ബൈജു സന്തോഷ്, യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയം രമേശ്, ജയൻ ചേർത്തല എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കോസ്മോസ് എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവേയാണ്.

അബദ്ധത്തില്‍ എലിവിഷം കഴിച്ചു; വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

അബദ്ധത്തില്‍ എലിവിഷം കഴിച്ചു; വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

ആലപ്പുഴ: ആലപ്പുഴയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15) ആണ് മരിച്ചത്. എലിയെ പിടിക്കാനായി കെണിയൊരുക്കി വെച്ച എലിവിഷം ചേര്‍ത്ത തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കുട്ടി കഴിക്കുകയായിരുന്നു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. രണ്ടു ദിവസം മുമ്പാണ് സ്‌കൂള്‍ വിട്ടു വന്ന വിദ്യാര്‍ത്ഥിനി, എലിക്കെണിയാണെന്ന് അറിയാതെ തേങ്ങാപ്പൂള്‍ കഴിച്ചത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞ ഉടന്‍ തന്നെ കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

മുയല്‍ മാന്തിയതിനെത്തുടര്‍ന്ന് കുട്ടിയുടെ മുത്തശ്ശി ശാന്തമ്മ റാബിസ് വാക്‌സിന്‍ എടുത്തിരുന്നു. വാക്‌സിന്റെ പാര്‍ശ്വഫലമായി മുത്തശ്ശി തളര്‍ന്നു വീഴുകയും ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു. ശാന്തമ്മ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുട്ടിയുടെ അമ്മയും അച്ഛനും ശാന്തമ്മയെ ചികിത്സിക്കാനായി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു.

കൊല്ലത്ത് യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമര്‍ദനം; അറസ്റ്റ്

കൊല്ലത്ത് യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമര്‍ദനം; അറസ്റ്റ്

കൊല്ലം: കൊല്ലം തെന്മലയില്‍ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഇടമണ്‍ സ്വദേശികളായ രാജീവ്, സുജിത്ത്, സിബിന്‍, അരുണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴം രാത്രിയാണ് സംഭവം. നിഷാദും സുജിത്തും തമ്മില്‍ നാലുവര്‍ഷത്തോളമായി ഒരു സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച തര്‍ക്കം തുടരുന്നതിനിടെയാണ് യുവാവിനെ അഞ്ചംഗസംഘം കെട്ടിയിട്ട് മര്‍ദിച്ചത്.

ഇടമണ്‍ ആനൂരിലുള്ള സ്ത്രീയുടെ വീട്ടില്‍ രാത്രി നിഷാദ് എത്തിയപ്പോള്‍ സുജിത്ത് സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടി വൈദ്യുതിത്തൂണില്‍ കെട്ടിയിടുകയും മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാരകായുധങ്ങളുമായുള്ള ആക്രമണത്തില്‍ സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിസയിലാണ്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

മന്ത്രി ഒ ആര്‍ കേളു ചങ്ങാടത്തില്‍ കുടുങ്ങി; അരമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം

മന്ത്രി ഒ ആര്‍ കേളു ചങ്ങാടത്തില്‍ കുടുങ്ങി; അരമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം

മലപ്പുറം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മന്ത്രി ഒ ആര്‍ കേളു ചങ്ങാടത്തില്‍ കുടുങ്ങി. മലപ്പുറം വഴിക്കടവില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. ഏതാനും എല്‍ഡിഎഫും നേതാക്കളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മന്ത്രിയേയും സംഘത്തെയും കരയ്‌ക്കെത്തിച്ചത്.

വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസിക്കോളനിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പുന്നപ്പുഴയില്‍ മന്ത്രി കേളു ചങ്ങാടത്തില്‍ കുടുങ്ങിയത്. ചങ്ങാടം കുറച്ചു ദൂരം മുന്നോട്ടുപോയതിന് പിന്നാലെ കല്ലില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് തണ്ടര്‍ ബോള്‍ട്ടും, പൊലീസും നാട്ടുകാരും ചേര്‍ന്നാണ് മന്ത്രിയെയും എല്‍ഡിഎഫ് നേതാക്കളെയും കരയിലേക്ക് തിരിച്ചെത്തിച്ചത്.

2018 വരെ ആദിവാസി കോളനിയിലേക്ക് പോകാന്‍ ഇരുമ്പിന്റെ പാലമുണ്ടായിരുന്നു. 2018 ലെ പ്രളയത്തില്‍ ആ പാലം തകര്‍ന്നു. അതിനുശേഷം പാലം നിര്‍മ്മിക്കണമെന്ന് ആദിവാസികള്‍ അടക്കം നാട്ടുകാര്‍ നിരന്തരം ആവശ്യം ഉന്നയിച്ചു വരികയായിരുന്നു. മുള കെട്ടിക്കൊണ്ടുള്ള ചങ്ങാടത്തിലാണ് ആദിവാസികള്‍ അടക്കമുള്ളവര്‍ ആശുപത്രികളിലേക്കും മറ്റും പോകാൻ മറുകരയിലെത്തുന്നത്.