എല്‍എംവി ലൈസന്‍സ് ഉള്ളവര്‍ക്ക് ഭാരവാഹനങ്ങള്‍ ഓടിക്കാം: സുപ്രീംകോടതി

എല്‍എംവി ലൈസന്‍സ് ഉള്ളവര്‍ക്ക് ഭാരവാഹനങ്ങള്‍ ഓടിക്കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍എംവി) ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് 7500 കിലോ വരെയുള്ള ഭാര വാഹനങ്ങള്‍ ഓടിക്കാമെന്ന് സുപ്രീംകോടതി. എല്‍എംവി ലൈസന്‍സ് ഉടമകള്‍ ഭാരവാഹനങ്ങള്‍ ഓടിക്കുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണമാണെന്ന് കാണിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

7500 കിലോയില്‍ കൂടുതല്‍ ഭാരമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് മാത്രമാണ് ഇനി മുതല്‍ അധിക യോഗ്യത ആവശ്യമായി വരൂ. ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന്റെ ഡ്രൈവിങ് ലൈസന്‍സുള്ള ഒരാള്‍ക്ക് ഭാരവാഹനങ്ങള്‍ ഓടിക്കാന്‍ അര്‍ഹതയുണ്ടോ എന്ന വിഷയം പരിശോധിച്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേത്വത്തിലുള്ള ബെഞ്ചില്‍ ജ്സ്റ്റിസുമാരായ ഋഷികേശ് റോയ്, പി എസ് നരംസിഹ, പങ്കജ് മീത്തല്‍, മനോജ് മിശ്ര എന്നിവരാണുണ്ടായിരുന്നത്. ജസ്റ്റിസ് ഋഷികേശ് റോയിയാണ് ബെഞ്ചിനു വേണ്ടി വിധിയെഴുതിയത്.

യു എസ് സെനറ്റ് തിരികെ പിടിച്ച് റിപ്പബ്ലിക്കന്‍സ്, പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ്

യു എസ് സെനറ്റ് തിരികെ പിടിച്ച് റിപ്പബ്ലിക്കന്‍സ്, പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ്

അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 277 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ കുതിപ്പ്. 226 ഇലക്ടറല്‍ വോട്ടുകളാണ് കമല ഹാരിസ് നേടിയത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി. ജെഡി വാന്‍സ് വൈസ് പ്രസിഡന്റാകും.

78കാരനായ ഡോണള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റായതോടെ വേറിട്ട ചരിത്രം കൂടിയാണ് പിറന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ തോല്‍വിക്ക് ശേഷം തിരിച്ചെത്തുന്ന രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹം.

അണികളെ അഭിസംബോധന ചെയ്യാനായി ട്രംപ് ഫ്‌ളോറിഡയിലേയ്ക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ ട്രംപ് ഉടന്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസ് ഇന്ന് അനുയായികളെ അഭിസംബോധന ചെയ്യില്ല. വ്യാഴാഴ്ച കമല ഹാരിസ് തന്റെ അണികളെ അഭിസംബോധന ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.

‘അണ്ണാറക്കണ്ണനും തന്നാലായത്’, ഈ ദുഃശീലം മാറ്റുക; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

‘അണ്ണാറക്കണ്ണനും തന്നാലായത്’, ഈ ദുഃശീലം മാറ്റുക; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: ഇടുങ്ങിയ റോഡുകളിലും വളവുകളിലും ദേശീയ പാതകളിലും വിപരീത ദിശയിൽ ‘Carriage Way’യിലേയ്ക്ക് തള്ളി നിൽക്കുന്ന വിധത്തിൽ സ്വന്തം സൗകര്യം മാത്രം നോക്കി ഇരുചക്രവാഹനം പാർക്ക് ചെയ്യുന്നത് ഒരു ശീലമാണ്. സുഗമമായ ട്രാഫിക്കിന് ഇത് വലിയ അസൗകര്യമാണ് ഉണ്ടാക്കുന്നതെന്ന് കേരള മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.

‘ഈ ‘കൈയ്യേറ്റം’, ഞാൻ എൻ്റെ സൗകര്യം എൻ്റെ കാര്യം എന്ന സ്വാർത്ഥചിന്തയുടെ പ്രദർശനമാണ്. ഇത് മറ്റുള്ള വാഹന യാത്രക്കാർക്കുണ്ടാക്കുന്ന അപകടങ്ങളും കുറവല്ല. സുഗമമായ ഗതാഗതത്തിനും ഡ്രൈവിംഗിനും പരോക്ഷമായി വൈവിദ്ധ്യമാർന്ന അപകടങ്ങൾക്കും മാത്രമല്ല ഈ അശ്രദ്ധസ്വഭാവം കാരണമാകുന്നത്. അനാവശ്യമായ ട്രാഫിക് ബ്ലോക്കുകൾ അതുമൂലമുണ്ടാകുന്ന സമയനഷ്ടം, ഇന്ധന നഷ്ടം, ധനനഷ്ടം ഒക്കെ ദേശീയ നഷ്ടം തന്നെയാണ്’ – മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പ്:

അണ്ണാറക്കണ്ണനും തന്നാലായത്

ഇടുങ്ങിയ റോഡുകളിലും വളവുകളിലും ദേശീയ പാതകളിലും ഇത്തരത്തിൽ ട്രാഫിക്കിന് വിപരീത ദിശയിൽ Carriage Way യിലേയ്ക്ക് തള്ളി നിൽക്കുന്ന വിധത്തിൽ സ്വന്തം സൗകര്യം മാത്രം നോക്കി ഇരുചക്രവാഹനം പാർക്ക് ചെയ്യുന്നത് മലയാളിയുടെ ഒരു ശീലമാണ്. സുഗമമായ ട്രാഫിക്കിന് ഇതുണ്ടാക്കുന്ന അസൗകര്യം എത്രത്തോളമാണെന്നത്, അനുഭവമില്ലാത്ത ഒരു മലയാളി ഈ കേരനാട്ടിൽ ഉണ്ടാവില്ല

ഈ ‘കൈയ്യേറ്റം’, ഞാൻ എൻ്റെ സൗകര്യം എൻ്റെ കാര്യം എന്ന സ്വാർത്ഥചിന്തയുടെ പ്രദർശനമാണ്. ഇത് മറ്റുള്ള വാഹന യാത്രക്കാർക്കുണ്ടാക്കുന്ന അപകടങ്ങളും കുറവല്ല.

സുഗമമായ ഗതാഗതത്തിനും ഡ്രൈവിംഗിനും പരോക്ഷമായി വൈവിദ്ധ്യമാർന്ന അപകടങ്ങൾക്കും മാത്രമല്ല ഈ അശ്രദ്ധസ്വഭാവം കാരണമാകുന്നത്. അനാവശ്യമായ ട്രാഫിക് ബ്ലോക്കുകൾ അതുമൂലമുണ്ടാകുന്ന സമയനഷ്ടം ഇന്ധന നഷ്ടം ധനനഷ്ടം ഒക്കെ ദേശീയ നഷ്ടം തന്നെയാണ്.

കൂടാതെ ഡ്രൈവിംഗിലെ അത്യാവശ്യ മനോനിലയായ സമചിത്തതയ്ക്കും ക്ഷമയ്ക്കും ക്ഷമതയ്ക്കും ഉണ്ടാക്കുന്ന കോട്ടം, വാഹനങ്ങൾക്കും റോഡുകൾക്കുമുണ്ടാക്കുന്ന തേയ്മാനം ക്ഷതം, പരിസ്ഥിതിയ്ക്കുണ്ടാക്കുന്ന ആഘാതം ഒക്കെ പലതുള്ളി പെരുവെള്ളം എന്ന കണക്കെ അധികരിക്കുന്ന കാണാപ്പുറങ്ങളുമാണ്.

അണ്ണാറക്കണ്ണനും തന്നാലായത്. ഈയൊരു ചെറിയ ശീലം മാറ്റുന്നതിന് ഒരു നയാപൈസയുടെ നഷ്ടമില്ല ലാഭിക്കുന്നതോ രാജ്യത്തിൻ്റെ തന്നെ കോടിക്കണക്കിന് സമ്പത്തിൻ്റെ വ്യയവും അപകടദുരന്തങ്ങളും വിലപ്പെട്ട ജീവനുകളും ഭാവിതലമുറകൾക്കുള്ള പരിസ്ഥിതിയേയും ആണ് …..!! ചിന്തിക്കുക

ഈ ദുഃശീലം മാറ്റുക

മാറ്റാൻ പരിശീലിക്കുക

വീണ്ടും ഓർമ്മിപ്പിക്കട്ടെ.

”പലതുള്ളി പെരുവെള്ളം“

അണ്ണാറക്കണ്ണനും തന്നാലായത് –

നമുക്കൊന്നായ് നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം

ട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാളെ തിരിച്ചറിഞ്ഞു; മദ്യലഹരിയിലെന്ന് സംശയം

പത്തനംതിട്ട: പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനുകളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ ആളെ തിരിച്ചറിഞ്ഞു. സൈബർ സെൽ നടത്തിയ പരിശോധനയിൽ റാന്നി സ്വദേശി ഹരിലാൽ എന്നയാളുടെ ഫോണിൽ നിന്നാണ് സന്ദേശം എത്തിയത് എന്ന് കണ്ടെത്തി. മദ്യലഹരിയിലാണ് ഇയാൾ ഭീഷണി മുഴക്കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.

ഇന്നലെ വൈകീട്ടാണ് എറണാകുളം പൊലീസ് കൺട്രോൾ റൂമിലേക്ക് ടെലിഫോൺ സന്ദേശം എത്തുന്നത്. ട്രെയിനുകളിൽ ചിലതിൽ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം. എറണാകുളത്തെ കൺട്രോൾ റൂമിലേക്ക് വിളിച്ച നമ്പർ പരിശോധിച്ചതിൽ നിന്നാണ് സന്ദേശം വന്ന ഫോണിന്റെ ഉടമയെ കണ്ടെത്തിയത്. പൊലീസ് ആസ്ഥാനത്തും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പൊലീസ് വ്യാപക പരിശോധന നടത്തി. എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശവും നൽകിയിരുന്നു.

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; തമിഴ്‌നാട് സ്വദേശികളുടെ കുടുംബത്തിന് മൂന്ന് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് കേരളം

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; തമിഴ്‌നാട് സ്വദേശികളുടെ കുടുംബത്തിന് മൂന്ന് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് കേരളം

തിരുവനന്തപുരം: ഷൊര്‍ണൂരില്‍ ശുചീകരണ ജോലിക്കിടെ ട്രെയിന്‍ തട്ടി മരിച്ച തമിഴ്‌നാട് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നല്‍കാന്‍ പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സേലം സ്വദേശികളായ ലക്ഷ്മണന്‍, ഭാര്യ വള്ളി, റാണി, ഭര്‍ത്താവ് ലക്ഷ്മണന്‍ എന്നിവരാണ് ട്രാക്കിലെ മാലിന്യം പെറുക്കുന്നതിനിടെ മരിച്ചത്.

തമിഴ് നാട് സര്‍ക്കാരും റെയില്‍വേയും കുടുംബത്തിന് നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം വീതവും റെയില്‍വേ ഒരുലക്ഷം രൂപം വീതവും നഷ്ടപരിഹാരം നല്‍കും. കഴിഞ്ഞ ശനിയാഴ്ച കേരള എക്‌സ്പ്രസ് തട്ടിയാണ് റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ മരിച്ചത്്. ഷൊര്‍ണൂര്‍ പാലത്തില്‍ വെച്ചായിരുന്നു അപകടം.

സ്വകാര്യബസുകൾക്ക് 140 കി.മീറ്ററിലധികം ദൂരം പെർമിറ്റ് നൽകരുതെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്വകാര്യബസുകള്‍ക്ക് 140 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. മോട്ടോര്‍ വാഹന സ്കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി വിധി കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയാകും.

140 കിലോമീറ്ററലധികം ദൂരത്തിൽ പെര്‍മിറ്റ് അനുവദിക്കാത്ത നടപടിക്കെതിരെ സ്വകാര്യബസ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. മോട്ടോര്‍വാഹന വകുപ്പിലെ ഈ സ്കീം നിയമപരമല്ലെന്നാണ് ഹര്‍ജിയിൽ സ്വകാര്യബസ് ഉടമകള്‍ വാദിച്ചത്. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതി ഉത്തരവോടെ കൂടുതൽ ജില്ലകളിലേക്ക് 140 കിലോമീറ്ററിലധികം ദൂരത്തിൽ പെര്‍മിറ്റ് സ്വന്തമാക്കി സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താനാകും.