by Midhun HP News | Nov 5, 2024 | Latest News, കേരളം
കൊച്ചി: ആന എഴുന്നള്ളിപ്പിന് കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുതെന്നും 65 വയസ് കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നാട്ടാനകളുടെ എഴുന്നള്ളിപ്പുമായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി അമിക്കസ്‌ക്യൂറിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമുള്ള നിര്‍ദേശങ്ങളാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടായി കോടതിക്ക് സമര്‍പ്പിച്ചത്. കര്‍ശനനിയന്ത്രണങ്ങളാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുള്ളത്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ എഴുന്നള്ളിക്കാവൂ, ഉദ്ഘാടന, സ്വകാര്യ ചടങ്ങുകള്‍ തുടങ്ങിയവക്ക് ആനകളെ ഉപയോഗിക്കരതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് എഴുന്നള്ളിപ്പുകള്‍ നടത്തുമ്പോള്‍ അവയ്ക്കിടയില്‍ 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. ആനയെ ഒരുസ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് വാഹനത്തില്‍ കൊണ്ടുപോകുകയാണങ്കില്‍ നൂറ് കിലോമീറ്ററില്‍ അധികം പോകാന്‍ പാടില്ല. നടത്തിക്കൊണ്ടുപോകുകയാണെങ്കില്‍ 30 കിലോമീറ്റര്‍ ദൂരമേ നടത്തിക്കാവൂ. എഴുന്നള്ളിപ്പുകള്‍ക്ക് ആനകളെ നിര്‍ത്തുമ്പോള്‍ അവ തമ്മില്‍ മൂന്നുമീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകള്‍ക്ക് സമീപത്തുനിന്ന് പത്തുമീറ്റര്‍ അകലെ നിര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തലപ്പൊക്ക മത്സരം വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ല. അഞ്ചില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവമാണെങ്കില്‍ അതിന് ഉപ്രത്യേക അനുമതി വാങ്ങണം. 24 മണിക്കൂര്‍ മുന്‍പെങ്കിലും ഉത്സവസ്ഥലത്ത് എത്തിച്ച് പരിശോധന നടത്തിയ ശേഷമേ ആനകളെ എഴുന്നള്ളിക്കാവൂ. ആനകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു.
by Midhun HP News | Nov 5, 2024 | Latest News, കേരളം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ സമര്‍പ്പിച്ച ജാമ്യേപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി വെള്ളിയാഴ്ച പുറപ്പെടുവിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ദിവ്യയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്ന വാദത്തിലൂന്നിയാണ് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞുവെന്ന ജില്ലാ കലക്ടറുടെ മൊഴിയും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കൈക്കൂലി വാങ്ങിയതിന് സാഹചര്യ തെളിവുണ്ട്. തെറ്റുപറ്റിയെന്ന് പറയുന്നത് കൈക്കൂലി അല്ലാതെ മറ്റെന്താണ്. വെറുതെ പറ്റിപ്പോയി എന്ന് ആരെങ്കിലും പറയുമോ. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ ടി വി പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ട്. പ്രശാന്തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

പ്രശാന്തന്‍ കൈക്കൂലി നല്‍കിയതായി ഉത്തരവില്‍ പറയുന്നു. ദിവ്യയുടെ ആരോപണങ്ങള്‍ ശരിവക്കുന്നതാണിത്. ഇരുവരും നേരിട്ട് സംസാരിച്ചതിന് തെളിവുണ്ട്. ഇരുവരും സംസാരിച്ചതിന്റെ ഫോണ്‍ രേഖകളും ദിവ്യയുടെ അഭിഭാഷകന്‍ കൈമാറി. ആദ്യം എഡിഎമ്മാണ് പ്രശാന്തനെ വിളിച്ചത്. എന്തിനാണ് എഡിഎം നവീന്‍ബാബു പ്രശാന്തനെ വിളിച്ചത്. ഇതല്ലാതെ ഇരുവരും തമ്മില്‍ മറ്റെന്ത് ഇടപാടാണ് ഉള്ളത്?. പെട്രോള്‍ പമ്പില്‍ ബിനാമി ഇടപാടുണ്ടെങ്കില്‍ അതും അന്വേഷിക്കട്ടെയെന്നും ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു.
യാത്രയയപ്പ് ചടങ്ങിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിട്ടില്ല. ചില മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ കൊടുക്കുകയാണ് ചെയ്തത്. നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിടണമെന്ന ലക്ഷ്യം ദിവ്യക്കില്ലായിരുന്നു. ആ വേദിയില്‍ അങ്ങനെ സംസാരിക്കേണ്ടായിരുന്നു എന്ന് സമ്മതിക്കുന്നു. എന്നാല്‍ ഉദ്ദേശമില്ലാതെ ചെയ്താല്‍ കുറ്റമാകുമോ?. പ്രശാന്തനും ഗംഗാധരനും ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് മാത്രമേ നല്‍കാനാകൂവെന്നും ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചു. ദിവ്യയുടെ മകളുടെ വിദ്യാഭ്യാസം, അച്ഛന്റെ ആരോഗ്യപ്രശ്‌നം എന്നിവയും പരിഗണിക്കണമെന്നും ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍ ദിവ്യയുടെ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ജാമ്യം നല്‍കിയാല്‍ പി പി ദിവ്യ സാക്ഷികളെ സ്വാധീനിക്കും. എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണത്തില്‍ തെളിവില്ല. ഫോണ്‍ രേഖകള്‍ കൈക്കൂലിക്ക് തെളിവല്ല. 19-ാം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചയാളാണ്. ഇതുവരെ അഴിമതി ആരോപണങ്ങളും ഉണ്ടായിട്ടില്ല. സത്യസന്ധനും സംശുദ്ധനുമായ ഓഫീസറാണ് നവീന്‍ബാബു. സര്‍ക്കാര്‍ ജീവനക്കാരനായ പ്രശാന്തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് ചട്ടലംഘനം നടത്തിയതിനാണ്. പെട്രോള്‍ പമ്പിനുള്ള നിരാക്ഷേപ പത്രം എഡിഎം നവീന്‍ബാബു വൈകിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
അന്വേഷണവുമായി സഹകരിക്കാതെ ഒളിവില്‍ പോയ ആളാണ് പി പി ദിവ്യയെന്ന് നവീന്‍ബാബുവിന്റെ കുടുംബം കോടതിയില്‍ ചൂണ്ടിക്കാട്ടി. രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും അന്വേഷണ സംഘത്തിന് മുന്നില്‍ ദിവ്യ ഹാജരായില്ല. കലക്ടര്‍ അരുണ്‍ കെ വിജയന്‍ നവീന്‍ബാബുവുമായി സൗഹൃദമുള്ള ആളല്ല. കലക്ടറോട് നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന ദിവ്യയുടെ വാദം തെറ്റ്. കലക്ടര്‍ അവധിപോലും നല്‍കാത്ത ആള്‍. മാനസിക ഐക്യം ഇല്ലാത്ത ആളോട് ആരെങ്കിലും കുറ്റസമ്മതം നടത്തുമോ?. കലക്ടറുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം. കൈക്കൂലി കൊടുത്തെങ്കില്‍ എന്തുകൊണ്ട് പ്രശാന്തിനെതിരെ നടപടിയില്ല എന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ചോദിച്ചു.
by Midhun HP News | Nov 5, 2024 | Latest News, കേരളം
കൊച്ചി: പാലാ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സി വി ജോണ്‍ ആണ് മാണി സി കാപ്പന്റെ വിജയം അസാധുവാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജനപ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പണം ചെലവാക്കി, സ്ഥാനാര്‍ത്ഥിത്വത്തിന് ആവശ്യമായ രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയില്ല തുടങ്ങിയ ആരോപണങ്ങളാണ് മാണി സി കാപ്പനെതിരെ സി വി ജോണ്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫീസര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. എന്നാല്‍, ആരോപണത്തിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി ജയചന്ദ്രന്‍ ഹര്‍ജി തള്ളിയത്. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു.

by Midhun HP News | Nov 5, 2024 | Latest News, ജില്ലാ വാർത്ത
മുദാക്കൽ സ്വദേശിനിയെ ആക്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വലിയവിള ജംഗ്ഷനിൽ മുദാക്കൽ സ്വദേശി ലിസിയെ ആക്രമിച്ച ഇളമ്പ സ്വദേശിയായ 37 വയസ്സുള്ള
ജെ അനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അനീഷിന്റെ പേരിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ സമാന രീതിയിലുള്ള കേസുകൾ ഉള്ളതായും പോലീസ് പറയുന്നുണ്ട്
by Midhun HP News | Nov 5, 2024 | Latest News, സിനിമ
മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പൃഥ്വിരാജ് നായകനായെത്തുന്നു. കരീന കപൂറാണ് ചിത്രത്തിൽ നായികയായെത്തുക. ദായ്‌റ എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നൽകിയിരിക്കുന്ന പേര്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പൊലീസുദ്യോഗസ്ഥനായിട്ടായിരിക്കും പൃഥ്വിരാജ് എത്തുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആയുഷ്മാൻ ഖുറാന, സിദ്ധാർഥ് മൽഹോത്ര എന്നിവരെയായിരുന്നു ചിത്രത്തിനായി ആദ്യം സമീപിച്ചത്. എന്നാൽ മറ്റു ചിത്രങ്ങളുടെ തിരക്കുകൾ കാരണം ഇരുവരും ചിത്രത്തോട് നോ പറയുകയായിരുന്നു. ഇതേത്തുടർന്നാണ് പൃഥ്വിരാജിനെ ചിത്രത്തിനായി പരിഗണിച്ചതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സിനിമയുടെ കഥയും അത് പങ്കുവയ്ക്കുന്ന മെസേജും പൃഥ്വിയ്ക്ക് ഇഷ്ടമായെന്നും ഇതോടെയാണ് താരം ചിത്രം ചെയ്യാൻ സമ്മതം മൂളിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ചിത്രത്തിന്റെ കരാറിൽ പൃഥ്വിരാജ് ഇതുവരെ ഒപ്പുവച്ചിട്ടില്ല. അക്ഷയ് കുമാറും ടൈഗർ ഷറോഫും പ്രധാന വേഷങ്ങളിലെത്തിയ ബഡേ മിയാൻ ഛോട്ടെ മിയാൻ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ബോളിവുഡിൽ അവസാനമായി അഭിനയിച്ചത്. ദായ്‌റയുടെ ചിത്രീകരണം ഉടനെ തുടങ്ങും. 2012 ൽ പുറത്തിറങ്ങിയ അയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. റാണി മുഖർജിയായിരുന്നു ചിത്രത്തിലെ നായിക. മലയാളത്തിൽ എംപുരാൻ ആണ് പൃഥ്വിയുടേതായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ.

by Midhun HP News | Nov 5, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: മുതലപ്പൊഴി ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചിറയിൻകീഴ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. പൊഴിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യുന്നതിന് കൊണ്ടുവന്ന രണ്ട് ബാർജുകൾ കേടായി പൊഴിയിൽ രണ്ടു മാസമായി അപകടകരമായി കിടക്കുന്ന സാഹചര്യത്തിൽ പൊഴിമുഖത്ത് എത്രയും വേഗം അവിടെ നിന്ന് നീക്കം ചെയ്യാൻ വേണ്ട നടപടി എടുക്കുക, ഹാർബറിൽ ടോയ്ലറ്റ് സംവിധാനങ്ങൾ എത്രയും പെട്ടെന്ന് ഒരുക്കുക, പൊഴിമുഖത്ത് വെളിച്ചക്കുറവ് പരിഹരിക്കുക, ഹാർബർ റോഡുകൾ എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധിച്ചത്. ഉപരോധ സമരത്തെ തുടർന്ന് രണ്ടാഴ്ച്ചക്കകം മേൽപറഞ്ഞ ആവശ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയറിംഗ് ഉറപ്പിന്മേൽ ഉപരോധ സമരം അവസാനിപ്പിച്ചു.
ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി എസ് അനൂപ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ സുനിൽ പെരുമാതുറ, മോനി ശാർക്കര, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പുതുക്കിരി പ്രസന്നൻ പഞ്ചായത്തംഗം മനുമോൻ ഐഎൻടിയുസി നേതാക്കളായ ജോയി താഴം പള്ളി തൗഫീഖ് പെരുമാതുറ, എസ്.സുജിൻ രാജ് എന്നിവർ നേതൃത്വം നൽകി.

Recent Comments