by Midhun HP News | Nov 5, 2024 | Latest News, കേരളം
വീട്ടിലിരുന്ന് ജോലി ചെയ്യാം’; പരസ്യത്തില്‍ പണി കിട്ടാതെ നോക്കണം, മുന്നറിയിപ്പുമായി കേരള പൊലീസ് വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന ജോലിവാഗ്ദാനവുമായി ഇറങ്ങിയിരിക്കുന്ന വ്യാജന്മാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വീട്ടിലിരുന്ന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പണം സമ്പാദിക്കാം എന്ന സന്ദേശത്തോടെ വരുന്ന തട്ടിപ്പിനെതിരെയാണ് കേരള പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് തന്നിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഇന്നത്തെ കാലത്ത് ജോലി ചെയ്ത് സ്വന്തമായി പണം സമ്പാദിക്കുക എന്നത് പ്രായലിംഗവ്യത്യാസമില്ലാതെ ഏവരുടെയും ആഗ്രഹമാണ്. അപ്പോള്‍ വീട്ടില്‍ ഇരുന്നുതന്നെ പണം സമ്പാദിക്കാനുള്ള അവസരം ലഭിച്ചാലോ!
ഇങ്ങനെ വീട്ടിലിരുന്ന് പണം നേടാമെന്ന ജോലിവാഗ്ദാനങ്ങള്‍ മിക്കപ്പോഴും തട്ടിപ്പാകും. അങ്ങനെയൊരു തട്ടിപ്പാണ് വീട്ടിലിരുന്ന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് പണം സമ്പാദിക്കാം എന്നത്. സുഹൃത്തുക്കളില്‍നിന്നോ അജ്ഞാത നമ്പറില്‍ നിന്നോ ആകാം ഇത്തരം സാമ്പത്തിക തട്ടിപ്പിന് തുടക്കം കുറിക്കുന്ന ലിങ്ക് ലഭിക്കുക. ഈ ലിങ്കിലൂടെ വെബ്‌സൈറ്റില്‍ കയറുമ്പോള്‍ യൂസര്‍ അക്കൗണ്ട് തുടങ്ങാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ചില മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കും. ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ യൂസര്‍ അക്കൗണ്ടില്‍ തുക ലഭിച്ചതായി കാണാം. കൂടുതല്‍ പണം സമ്പാദിക്കാനായി കൂടുതല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അതിന് ഒരു നിശ്ചിക തുക ഡെപ്പോസിറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു.
ഓരോ ഘട്ടം കഴിയുമ്പോഴും വ്യാജ വെബ്‌സൈറ്റിലെ അക്കൗണ്ടില്‍ തുക വര്‍ദ്ധിക്കുന്നതായി കാണാം. കൂടാതെ ഈ വെബ്‌സൈറ്റിന്റെ ലിങ്ക് കൂടുതല്‍ ആളുകള്‍ക്ക് അയച്ചുനല്‍കിയാല്‍ കൂടുതല്‍ വരുമാനം വര്‍ദ്ധിക്കുമെന്ന വാഗ്ദാനവും കിട്ടും.അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ കഴിയാതെ വരുമ്പോള്‍ മാത്രമാണ് വഞ്ചിക്കപ്പെട്ടെന്നു നിങ്ങള്‍ മനസ്സിലാക്കുക. അപ്പോഴേയ്ക്കും ഈ ലിങ്കിലൂടെ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരകളായിട്ടുണ്ടാകും. ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞ് ജാഗ്രത പുലര്‍ത്തുക. ഓര്‍ക്കുക, എളുപ്പവഴിയിലൂടെ പണം സമ്പാദിക്കാനുള്ള വഴികള്‍ തട്ടിപ്പിലേക്കുള്ള വഴികളായിരിക്കും. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറില്‍ വിവരമറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണം.
by Midhun HP News | Nov 5, 2024 | Latest News, ജില്ലാ വാർത്ത
പരാതിയുമായി വരുന്നവരെ നിശബ്ദരാക്കുകയെന്ന ഉദ്ദേശത്തിലാണ് തന്നെപ്പോലൊരാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്ന് സാന്ദ്ര തോമസ്. തനിക്കുണ്ടായത് വളരെ മോശപ്പെട്ട അനുഭവമാണെന്നും പവര്‍ പൊസിഷനിലിരിക്കുന്ന, എംപ്ലോയര്‍ ആയ തന്നെപ്പോലൊരാള്‍ക്ക് ഇതാണ് അനുഭവമെങ്കില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ സ്ത്രീകള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പോലുള്ളവരുടെ മുന്നില്‍ വന്നാലുള്ള അവസ്ഥ എന്തായിരിക്കുമെന്നും അവര്‍ ചോദിക്കുന്നു. അതിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്നും അവര്‍ വ്യക്തമാക്കി.
തനിക്ക് നേരിട്ട ദുരനുഭവത്തില്‍ പരാതി നല്‍കിയത് ആണ് സംഘടന കണ്ട അച്ചടക്ക ലംഘനമെന്ന് സാന്ദ്ര പറഞ്ഞു. തന്നോട് ആരും ക്ഷമാപണം പോലും നടത്തിയില്ലെന്നും സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും അവര്‍ പറഞ്ഞു. നിയമ പരമായ പോരാട്ടം തുടരുമെന്നും ഫിലിം ചേമ്പറില്‍ വിഷയo ഉന്നയികുന്നത് ആലോചിക്കുമെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി. താന്‍ നേരിട്ട ലൈംഗിക അതിക്ഷേപത്തിന് തെളിവുണ്ടെന്നും സാന്ദ്ര തോമസി പറഞ്ഞു. ഇത് എസ്‌ഐടി അന്വേഷിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. നിര്‍മാതകളുടെ സാമ്പത്തിക സ്രോതസ് സര്‍ക്കാര്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു.
സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയിരുന്നു. ഒരാഴ്ച മുന്‍പായിരുന്നു നടപടി. അച്ചടക്ക ലംഘനം നടത്തിയതിനായിരുന്നു നടപടി. സംഘടന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് വിമര്‍ശനം. സിനിമ വിതരരണവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിനായി വിളിച്ച യോഗത്തില്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് എസ്‌ഐടിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അസോസിയേഷന്റെ ഭാഗത്ത് നിന്നുള്ള നടപടി.

by Midhun HP News | Nov 5, 2024 | Latest News, ദേശീയ വാർത്ത
ബംഗളുരു: സുഹൃത്തുക്കളുമായി ബെറ്റ് വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്ന യുവാവിന് പൊട്ടിത്തെറിയിൽ ദാരുണാന്ത്യം. ദീപാവലി ആഘോഷങ്ങൾക്കിടെ ബംഗളുരുവിലായിരുന്നു സംഭവം. 32കാരനായ ശബരീഷ് എന്നയാളാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ദീപാവലി ദിവസം രാത്രിയായിരുന്നു സംഭവം. രാത്രി എല്ലാവരും മദ്യപിച്ച ശേഷം പടക്കം പൊട്ടിക്കാൻ തുടങ്ങി. ഇതിനിടെയായിരുന്നു ബെറ്റ് വെച്ചത്. ശക്തിയേറിയ പടക്കത്തിന് തീ കൊടുത്ത ശേഷം കാർഡ് ബോർഡ് കൊണ്ട് മൂടി അതിന് മുകളിൽ ഇരിക്കണമെന്നായിരുന്നു ആവശ്യം. ഇങ്ങനെ ചെയ്താൽ ഒരു പുതിയ ഓട്ടോറിക്ഷയായിരുന്നു സുഹൃത്തുക്കൾ സമ്മാനമായി പറഞ്ഞിരുന്നത്. ശബരീഷ് ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായി.
ചതുരാകൃതിയിലുള്ള ഒരു പെട്ടിക്ക് മുകളിൽ ശബരീഷ് ഇരിക്കുന്നത് വീഡിയോയിൽ കാണാം. സുഹൃത്തുക്കൾ ആദ്യം ഒപ്പം നിൽക്കുന്നു. ഒരാൾ പടക്കത്തിന് തീ കൊളുത്തിയ ശേഷം എല്ലാവരും ഓടി മാറി. അൽപ നേരം കഴിഞ്ഞ് പടക്കം പൊട്ടി. പിന്നാലെ സുഹൃത്തുക്കൾ തിരിച്ചെത്തി. കുറച്ച് നേരം പെട്ടിയുടെ മുകളിൽ തന്നെ ഇരിക്കുന്ന യുവാവ് പിന്നീട് കുഴഞ്ഞ് റോഡിലേക്ക് വീഴുന്നതാണ് വീഡിയോയിലുള്ളത്. സ്‍ഫോടനത്തിന്റെ ആഘാതത്തിൽ യുവാവിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ഇത് മരണ കാരണമായിട്ടുണ്ടാവണം. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശബരീഷിന്റെ ആറ് സുഹൃത്തുക്കളെ പൊലീസ് പിടികൂടി. ഇവരെ കോടതിയിൽ ഹാജരാക്കിയതായി സൗത്ത് ബംഗളുരു ഡെപ്യൂട്ടി കമ്മീഷണർ ലോകേഷ് ജഗലസർ പറഞ്ഞു.
by Midhun HP News | Nov 5, 2024 | Latest News, കേരളം
കൊച്ചി: ഉദ്യോഗാര്‍ത്ഥിയുടെ ജാതി സംബന്ധിച്ച് സംശയം തോന്നിയാല്‍ അന്വേഷണം നടത്താന്‍ പിഎസ് സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തട്ടിപ്പ് കാണിച്ചാണ് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്നതുള്‍പ്പെടെ സംശയം തോന്നിയാല്‍ റവന്യൂ വകുപ്പിനോ ബന്ധപ്പെട്ട ഏജന്‍സിക്കോ വിഷയം റഫര്‍ ചെയ്യണം. ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും പി എസ് സിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി എം മനോജ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഹിന്ദു നാടാര്‍ വിഭാഗത്തിനായി നീക്കിവെച്ച ഫയര്‍മാന്‍ തസ്തികയിലേക്കുള്ള നിയമനം മതംമാറിയെന്ന പേരില്‍ നിഷേധിച്ച പിഎസ് സി നടപടി ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി എസ് പി അനു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. 2015 ല്‍ അനുവിന് ആദ്യം ജയില്‍ വാര്‍ഡനായി നിയമനം ലഭിച്ചിരുന്നു. പിന്നീട് ഫയര്‍മാനായി സെലക്ഷന്‍ ലഭിച്ചപ്പോള്‍ വാര്‍ഡന്‍ ജോലി രാജിവെച്ചു. ഒരു വര്‍ഷത്തിന് ശേഷമാണ് ജാതി തട്ടിപ്പു നടത്തിയെന്ന് കാണിച്ച് പി എസ് സി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതിക്ക് ശേഷം അനു ഹിന്ദു നാടാര്‍ വിഭാഗത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് മാറി. പിന്നീട് ജയില്‍ വാര്‍ഡന്റെ തസ്തികയിലേക്ക് അപേക്ഷ നല്‍കിയശേഷം വീണ്ടും ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നുവെന്നും പി എസ് സി ചൂണ്ടിക്കാട്ടി. അഡൈ്വസ് മെമ്മോ റദ്ദാക്കിയ പി എസ് സി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും ഉത്തരവിട്ടു. ഭാവിയില്‍ അപേക്ഷ നല്‍കുന്നതും പിഎസ് സി വിലക്കി. ഈ ഉത്തരവ് ചോദ്യം ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്രൂണലിനെ സമീപിച്ചെങ്കിലും, പിഎസ് സി നിലപാട് ശരിവെക്കുകയായിരുന്നു.
എന്നാല്‍ താന്‍ മതം മാറിയിട്ടില്ലെന്നും ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള യുവതിയെ വിവാഹം കഴിച്ചതിന്റെ ചടങ്ങാണ് പള്ളിയില്‍ നടന്നതെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. എസ്എസ്എല്‍സി ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളില്‍ ഹിന്ദു നാടാര്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നും ബോധിപ്പിച്ചു. എന്നാല്‍ ഹര്‍ജിക്കാരന്‍ 2014 ല്‍ ആര്യസമാജം വഴി ഹിന്ദുമതം സ്വീകരിച്ചെന്നതും ഇതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനവും മതംമാറ്റത്തിന് തെളിവാണെന്ന് പിഎസ് സി വാദിച്ചു. തുടര്‍ന്ന് പിഎസ് സിയുടെ ഉത്തരവുകള്‍ റദ്ദാക്കിയ ഹൈക്കോടതി, ഹര്‍ജിക്കാരന്റെ ജാതി നിര്‍ണയത്തിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുന്നതിന് ഉത്തരവ് തടസ്സമല്ലെന്നും വ്യക്തമാക്കി.

by Midhun HP News | Nov 5, 2024 | Latest News, ജില്ലാ വാർത്ത
ശക്തമായ മഴയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറിയതോടെ ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ഓടനിറഞ്ഞ് വെള്ളം ആശുപത്രിക്ക് അകത്തേക്ക് എത്തുകയായിരുന്നു.
നെയ്യാറ്റിന്‍കര ഭാഗത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടെയാണ് ആശുപത്രിയിലെ വാര്‍ഡിനും ഓപ്പറേഷന്‍ തിയേറ്ററിനുമിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നത്. ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് രോഗികളെ എത്തിക്കുന്ന ഇടത്ത് മേല്‍ക്കൂരയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് നടന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോസ്റ്റുകള്‍ മാറ്റിയപ്പോള്‍ കല്ലുകളും മറ്റും ഓടയിലാണ് ഇട്ടത്. ഓടിയിലെ ഒഴുക്ക് തടസപ്പെടുകയും പൈപ്പ് പൊട്ടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വെള്ളം ആശുപത്രിക്കകത്തേക്ക് പ്രവേശിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് രോഗികളും ജീവനക്കാരും ഉള്‍പ്പെടെ ബുദ്ധിമുട്ടിലായി. ശുചീകരണ പ്രവൃത്തികള്‍ നടത്തി നാല് ദിവസത്തിന് ശേഷം അണുബാധയില്ലായെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രമെ ശസ്ത്രക്രിയകള്‍ നടക്കൂവെന്നും അധികൃതര്‍ പറഞ്ഞു.

by Midhun HP News | Nov 5, 2024 | Latest News, കേരളം
തിരുവനന്തപുരത്ത് തുമ്പയിൽ ഡ്രഡ്ജർ മണലിൽ താഴ്ന്നു. മുതലപ്പൊഴിയിൽ പുലിമുട്ടിൽ ഇടിച്ചു കയറിയ ഡ്രഡ്ജറാണ് മണലിൽ താഴ്ന്നത്. വിഴിഞ്ഞത്തേക്ക് കൊണ്ടു പോകവേയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ഡ്രഡ്ജറിനെ വിഴിഞ്ഞത്തേക്ക് കെട്ടി വലിച്ചു കൊണ്ടു പോയത്.
Recent Comments