by Midhun HP News | Nov 4, 2024 | Latest News, കേരളം
കൊച്ചി: ‘ഒറ്റത്തന്ത’ പ്രയോഗം പിന്‍വലിച്ചാല്‍ സംസ്ഥാന സ്‌കൂള്‍ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കുമെന്നാണ് സര്‍ക്കാര്‍ നയമെന്നും ക്ഷണിക്കാന്‍ ഇനിയും സമയമുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി. സുരേഷ് ഗോപി രഹസ്യമായി ആംബുലന്‍സില്‍ കയറി വരുമോയെന്ന് അറിയില്ലെന്നും മന്ത്രി പരിഹസിച്ചു. തൃശൂര്‍ പൂരം കലക്കിയതിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ വെല്ലുവിളിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ ‘ഒറ്റത്തന്ത’ പരാമര്‍ശം. ചേലക്കരയിലെ ബിജെപി തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു പരാമര്‍ശം. എന്നാല്‍ താന്‍ ആരുടെയും അച്ഛനു വിളിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.
‘ഞാന്‍ സര്‍ക്കാര്‍ നയം നേരത്തെ പറഞ്ഞു. സുരേഷ്‌ഗോപി ഒറ്റത്തന്ത പ്രയോഗം പിന്‍വലിച്ചാല്‍ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് പറഞ്ഞു. ഇനിയും സമയമുണ്ട്. ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും ഉണ്ട്. കക്ഷി ഇനി രഹസ്യമായി ആംബുലന്‍സില്‍ കയറി വരുമോയെന്ന് പറയാന്‍ കഴിയില്ല’മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കായികമേളയിലേക്കു കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്നു മന്ത്രി വി.ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു.

‘ഇവിടെ വന്നു കുട്ടികളുടെ തന്തയ്ക്കു വിളിച്ചുപോയാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. എന്തും എപ്പോഴും വിളിച്ചു പറയുന്നയാളാണു സുരേഷ് ഗോപി. ഐക്യകേരള രൂപീകരണത്തിനു ശേഷം ഇവിടെ ഒട്ടേറെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നടന്നിട്ടുണ്ട്. ഇങ്ങനെ ഒറ്റത്തന്തയ്ക്കു വിളിക്കുന്നത് ആദ്യമായാണ്. കേരളത്തിലെ ജനങ്ങളെ ‘ഒറ്റത്തന്തയ്ക്കു പിറന്നവന്‍’ എന്നു വിളിച്ച് ആക്ഷേപിച്ചതു പിന്‍വലിച്ചാല്‍ മേളയിലേക്ക് സുരേഷ് ഗോപിയെ വിളിക്കാം’ മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

by Midhun HP News | Nov 4, 2024 | Latest News, കേരളം
തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു. മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം വരുന്നത്. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയില്‍ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്‌ളഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തല്‍ കുളം, ബാസ്‌കറ്റ് ബോള്‍ ഫുട്‌ബോള്‍ മൈതാനങ്ങള്‍, കൂടാതെ മാറ്റ് കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടാവും.
ലീസ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ 33 വര്‍ഷത്തേക്കാണ് ഭൂമി ഏറ്റെടുക്കുക. പദ്ധതിയിലൂടെ ക്ഷേത്രത്തിനു 21,35000 രൂപ വാര്‍ഷികം ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെസിഎ നല്‍കും. പദ്ധതിയുടെ ഭാഗമായി പ്രദേശികവാസികള്‍ക്ക് ജോലിക്ക് മുന്‍ഗണന നല്‍കാനും വ്യവസ്ഥ ഉണ്ട്. ഭഗവതി ക്ഷേത്രത്തിന്റെയും അസോസിയേഷന്റെയും പേരിലായിരിക്കും സ്‌പോര്‍ട്‌സ് ഹബ് നിര്‍മ്മിക്കുക. ഈ വര്‍ഷം ഡിസംബറില്‍ കരാര്‍ ഒപ്പിടും. 2025 ജനുവരിയോടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ട നിര്‍മ്മാണം 2026 ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. രണ്ടാം ഘട്ടം 2027 ഏപ്രില്‍ മാസത്തോടെ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
2018-ല്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ കോവിഡ് മൂലം വൈകുകയായിരുന്നു. മദ്രാസ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്ട് 1951 പ്രകാരം തുടങ്ങിയ നടപടികള്‍ മലബാര്‍ ദേവസ്വവും അമ്പലം ട്രസ്റ്റ്റ്റും സെപ്റ്റംബറില്‍ തന്നെ പൂര്‍ത്തിയാക്കി. പുതിയ പദ്ധതി പാലക്കാട് ജില്ലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സ്‌പോര്‍ട്‌സ് ഹബ് പൂര്‍ത്തിയാകുന്നതോടുകൂടി എല്ലാ കായിക ഇനങ്ങളും ഒരു കുടക്കിഴില്‍ വരുന്നത് ജില്ലയിലെ കായിക മേഖലക്ക് വന്‍ കുതിപ്പ് ഉണ്ടാക്കുമെന്നും പാലക്കാട് ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്‍ അഭിപ്രായപെട്ടു.

by Midhun HP News | Nov 4, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: പെട്രോള്‍ പമ്പില്‍ ഒതുക്കിയിടാനായി പിന്നിലേയ്‌ക്കെടുത്ത സ്വകാര്യബസിടിച്ച് ആലംകോട് ജങ്ഷനിലെ വെയിറ്റിങ് ഷെഡ് തകര്‍ന്നു. വെയിറ്റിങ് ഷെഡിനുള്ളില്‍ ബസ് കാത്ത് നിന്ന നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഭിത്തി തകര്‍ന്ന് സിമന്റ് കട്ടകള്‍ ചിതറി കാലുകളില്‍ വീണാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ അടുത്തുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് 6.45 ഓടെയാണ് സംഭവം. ആലംകോട് ജങ്ഷനിലെ പമ്പില്‍ നിന്ന് ഡീസല്‍ നിറച്ചശേഷം ഇവിടെ പാര്‍ക്ക് ചെയ്യാനായി ബസ് പിന്നിലേയ്‌ക്കെടുത്തപ്പോഴാണ് അപകടമുണ്ടായത്. വെയിറ്റിങ് ഷെഡ് അപകടാവസ്ഥയിലാണ്. ഇരിപ്പിടത്തിനും തൂണുകള്‍ക്കും കേടുപാടുകളുണ്ട്. മുന്‍ എം.എല്‍.എ. ബി.സത്യന്റെ പ്രാദേശിക വികസനഫണ്ടുപയോഗിച്ചാണ് ഇവിടെ വെയിറ്റിങ് ഷെഡ് നിര്‍മ്മിച്ചിരുന്നത്. പൊതുപ്രവർത്തകൻ എം എച്ച് അഷ്‌റഫിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്.

by Midhun HP News | Nov 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരിച്ചിട്ടപാറയിൽ ഇടിമിന്നലേറ്റ് ആറ്റിങ്ങൽ സ്വദേശിയായ യുവാവ് മരിച്ചു. ആറ്റിങ്ങൽ മേവർക്കൽ പനയാട്ടുകോണം ജീജ ഭവനിൽ മിഥുൻ (16) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം നെടുമങ്ങാട് തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോൾ സമീപത്തുള്ള പാറയുടെ അടിയിൽ കയറി നിൽക്കുന്ന സമയത്ത് മിന്നലേൽക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മിഥുൻ മരണപ്പെട്ടു. മിഥുനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അച്ഛൻ: മധു
അമ്മ: ജീജ
സഹോദരി: മഞ്ജിമ
by Midhun HP News | Nov 4, 2024 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ ബംഗ്ലൂരു സ്വദേശിയായ ഐടി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. നെൽസൺ ജെയ്സൺ (28) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് കോസ്റ്റൽ പൊലീസ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ നെൽസണും നാല് സുഹൃത്തുക്കളും വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടെ ഉണ്ടായിരുന്നവരെ ഇന്നലെ തന്നെ രക്ഷിച്ചിരുന്നു.
ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
by Midhun HP News | Nov 4, 2024 | Latest News
നാവായിക്കുളം, പള്ളിക്കൽ, മടവൂർ പഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനായി ജലജീവൻ മിഷനുമായി ചേർന്ന് 183.26 കോടിയുടെ പദ്ധതി. മൂന്ന് പഞ്ചായത്തിലും 11,000 മീറ്റർ ദൂരത്തിൽ 500 എംഎം വ്യാസം വരുന്ന പൈപ്പ് ഇടുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
മൂന്ന് പഞ്ചായത്തുകളിലായി 4 ഓവർഹെഡ് ടാങ്കുകൾ നിർമിക്കുന്ന പ്രവൃത്തികളും ആരംഭിച്ചു. ഇത്തിക്കരയാറിൽനിന്നാണ് ജലം സംഭരിക്കുന്നത്. ആറിന് കുറുകെ സ്റ്റീൽ പാലവും തടയണയും നിർമിക്കും. അടുത്തവർഷം അവസാനത്തോടുകൂടി പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും 3 പഞ്ചായത്തിലെയും കുടിവെള്ളക്ഷാമം പൂർണമായും പരിഹരിക്കാൻ സാധിക്കുമെന്നും വി ജോയി എംഎൽഎ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി 15 എംഎൽഡി ജല ശുദ്ധീകരണപ്ലാന്റിന് മാരാം കോണത്ത് വി ജോയി എംഎൽഎ കല്ലിട്ടു. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ബേബി സുധ, മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ, നാവായിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു, മാധവൻകുട്ടി, ബിജു, ഷീബ, രമ്യ, രഘൂത്തമൻ, അടുക്കൂർ ഉണ്ണി എന്നിവർ സംസാരിച്ചു.
Recent Comments