ടിക്കറ്റ് എടുക്കാൻ ഇനി ഓടേണ്ട; ‘സൂപ്പർ ആപ്പു’മായി റെയിൽവേ

ടിക്കറ്റ് എടുക്കാൻ ഇനി ഓടേണ്ട; ‘സൂപ്പർ ആപ്പു’മായി റെയിൽവേ

ഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ ട്രെയ്നിൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് വരെ ഒറ്റ ആപ്പിൽ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ‘സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ’ അഥവാ ‘സൂപ്പർ ആപ്’ ഈ വർഷം അവസാനത്തോടെ റെയിൽവേ പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ആപ് വികസിപ്പിച്ചത്.

റെയിൽവേയുടെ വരുമാനം വർധിപ്പിക്കാനുള്ള വഴിയായും സൂപ്പർ ആപ്പിനെ ഉപയോഗപ്പെടുത്തും. 2023-24 സാമ്പത്തിക വർഷത്തിൽ ഐആർസിടിസി 1111.26 കോടി രൂപ അറ്റാദായവും 4270.18 കോടി രൂപ വരുമാനവുമാണു നേടിയത്. റെയിൽവേയ്ക്കു 45.3 കോടി ബുക്കിങ് ഉള്ളതിനാൽ, മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വിൽപ്പനയിൽ നിന്നാണ് എന്നതും ആപ് വികസിപ്പിക്കുന്നതിനുള്ള പ്രധാന കാരണമാണ്.സൂപ്പർ ആപ്പിന്റെ പ്രത്യേകതകൾ.

ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്‌ഫോം ടിക്കറ്റ് വാങ്ങാനും ട്രെയിൻ ഷെഡ്യൂൾ നോക്കാനും സാധിക്കും

ഐആർസിടിസിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) നിലവിലുള്ള സംവിധാനങ്ങളുമായി സംയോജിപ്പിച്ചാകും പ്രവർത്തനം.

ഐആർസിടിസി റെയിൽ കണക്റ്റ് (ടിക്കറ്റ് ബുക്കിങ്ങിന്), ഐആർസിടിസി ഇ-കാറ്ററിങ് ഫുഡ് ഓൺ ട്രാക്ക് (ഭക്ഷണം എത്തിക്കുന്നതിന്), റെയിൽ മദദ് (ഫീഡ്‌ബാക്കിന്), റിസർവ് ചെയ്യാത്ത ടിക്കറ്റിങ് സിസ്റ്റം, ട്രെയിൻ ട്രാക്കിങ്ങിനുള്ള സംവിധാനം എന്നിവയും ഈ ആപ്പിലുണ്ടാകും.

കെഎസ്ടിഎ ജില്ലാതല അധ്യാപക കലോത്സവത്തിൽ മികച്ച നേട്ടം കൈ വരിച്ച് ആറ്റിങ്ങൽ ഗേൾസ് സ്കൂളിലെ അദ്ധ്യാപിക

കെഎസ്ടിഎ ജില്ലാതല അധ്യാപക കലോത്സവത്തിൽ മികച്ച നേട്ടം കൈ വരിച്ച് ആറ്റിങ്ങൽ ഗേൾസ് സ്കൂളിലെ അദ്ധ്യാപിക

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാതലത്തിൽ നടത്തിയ അധ്യാപക കലോത്സവത്തിൽ കഥാരചന, കവിതാരചന എന്നിവയ്ക്ക് ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ കെ.എസ്.സുജ.

ചക്രവാതച്ചുഴിയും, ന്യൂനമര്‍ദ്ദപാത്തിയും; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴിയും, ന്യൂനമര്‍ദ്ദപാത്തിയും; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കന്‍ തമിഴ്‌നാട് വരെ ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴിയുമുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. വെള്ളിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പി പി ദിവ്യയ്ക്ക് നിര്‍ണായകം; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

പി പി ദിവ്യയ്ക്ക് നിര്‍ണായകം; ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

കണ്ണൂര്‍: എഡിഎം കെ നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുക.

ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ദിവ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും, നീതി ലഭിക്കാനായി നിയമപരമായ പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്നും നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പെട്രോള്‍പമ്പ് അഴിമതിയില്‍ നവീന്‍ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടാണ് റവന്യൂവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

വിവാദമായ യാത്രയയപ്പ് യോഗത്തിനുശേഷം എഡിഎം നവീന്‍ബാബു തന്നെ വന്നുകണ്ടിരുന്നുവെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുമുള്ള കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയില്‍ കേന്ദ്രീകരിച്ചാകും ദിവ്യക്കുവേണ്ടിയുള്ള വാദം. ഹര്‍ജി ഫയലില്‍ സ്വീകരിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനായി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്ത് കുമാര്‍ സമയം ആവശ്യപ്പെട്ടിരുന്നു.

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടന കേസ്: പ്രതികളുടെ ശിക്ഷയിൽ ഇന്ന് വാദം

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടന കേസ്: പ്രതികളുടെ ശിക്ഷയിൽ ഇന്ന് വാദം

കൊല്ലം: കൊല്ലം കലക്ടറേറ്റ് വളപ്പിലെ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതികളുടെ ശിക്ഷാവിധിയിൽ ഇന്ന് വാദം നടക്കും. കേസിൽ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഇന്നലെ വിധിച്ചിരുന്നു. പ്രതികളില്‍ ഒരാളെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.

കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ, നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരുടെ ശിക്ഷയിലാണ് കോടതി ഇന്ന് വാദം കേൾക്കുക. നാലാം പ്രതി കുൽകുമാര തെരുവിൽ ഷംസുദ്ദീനെയാണ് വെറുതെ വിട്ടത്.പ്രതികൾക്കുമേൽ ചുമത്തിയ രാജ്യദ്രോഹക്കുറ്റം കോടതി ഒഴിവാക്കിയിട്ടുണ്ട്. 2016 ജൂൺ 15 ന് രാവിലെ 10.50 ന് കൊല്ലം കലക്ടറേറ്റ് വളപ്പിലെ മുൻസിഫ് കോടതിക്ക് മുമ്പിൽ തൊഴിൽ വകുപ്പിന്റെ ഉപയോ​ഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്ഫോടനം. ചോറ്റുപാത്രത്തിൽ സ്ഥാപിച്ച ബോംബ് പൊട്ടി പേരയം പ‍ഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സാബുവിന് പരിക്കേറ്റിരുന്നു.

സ്വര്‍ണവില 59,000ല്‍ താഴെ തന്നെ

സ്വര്‍ണവില 59,000ല്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,840 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില കഴിഞ്ഞദിവസം മുതലാണ് ഇടിയാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപ കുറഞ്ഞാണ് 59,000ല്‍ താഴെ എത്തിയത്.മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ധിച്ച് 60,000ലേക്ക് നീങ്ങിയിരുന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ തിരിച്ചിറങ്ങിയത്. 21 ദിവസത്തിനിടെ ഏകദേശം 3500 രൂപ വര്‍ധിച്ച ശേഷമാണ് മൂന്ന് ദിവസം കൊണ്ട് 800 രൂപ താഴ്ന്നത്.