by Midhun HP News | Nov 4, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള തുടങ്ങുന്ന നവംബര്‍ അഞ്ചാം തിയതി മുതല്‍ പതിനൊന്നാം തിയതി വരെയാണ് സൗജന്യ യാത്ര. ദിവസവും 1000 കുട്ടികള്‍ക്ക് സൗജന്യ യാത്രയൊരുക്കാനാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്.
എറണാകുളം ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷാണ് സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചത്. താരങ്ങള്‍ക്ക് മേള സംഘാടകര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാം. സംസ്ഥാന സ്‌കൂള്‍ കായിമമേള എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ഇന്ന് വൈകീട്ട് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. ഒളിംപിക്‌സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന കായികമേളയില്‍ 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികള്‍ മാറ്റുരയ്ക്കും. ചരിത്രത്തിലാദ്യമായി ഗള്‍ഫ് രാജ്യങ്ങളിലെ കേരള സിലബസ് പഠിപ്പിക്കുന്ന എട്ട് സ്‌കൂളുകളും കായികമേളയില്‍ പങ്കെടുക്കും. ചാംപ്യന്‍പട്ടം നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള എവര്‍ റോളിംഗ് സ്വര്‍ണ്ണക്കപ്പ് ഈ വര്‍ഷം മുതല്‍ നല്‍കും.
by Midhun HP News | Nov 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ കഷായത്തിൽ കലക്കിയത് കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റ്. ഡോക്ടർമാരുടെ സംഘമാണ് കോടതിയിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. ഏത് കളനാശിനി നൽകിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നതു സംബന്ധിച്ച് നേരത്തെ വ്യക്തതയില്ലായിരുന്നു.
നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ എം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കൽ കോളജിലെ വിദഗ്ധരായ ഡോക്ടർമാർ മൊഴി നൽകിയത്. വിഷം ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം മേധാവി ഡോ അരുണ കോടതിയിൽ വിശദീകരിച്ചു.
2022 ഒക്ടോബർ 14-നാണ് ഗ്രീഷ്മ ആൺസുഹൃത്തായ ഷാരോൺരാജിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. വിഷം നൽകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഗ്രീഷ്മ പാരക്വിറ്റ് എങ്ങനെയാണ് മനുഷ്യശരീരത്തിൽ പ്രവർത്തിക്കുന്നതെന്ന് ഇന്റർനെറ്റിൽ തിരഞ്ഞു. 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് മനസിലാക്കി. ഗ്രീഷ്മ വിഷത്തേക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞതിന്റെ തെളിവ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
ഷാരോണിന് വിഷം കലർത്തി നൽകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഗ്രീഷ്മ ജ്യൂസ് ചലഞ്ച് എന്ന പേരിൽ പാരസെറ്റമോൾ ഗുളികകൾ കലർത്തിയ പഴച്ചാർ നൽകിയിരുന്നു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഇത് ചെയ്തത്. ഇത് നൽകുന്നതിന് മുൻപും ഗ്രീഷ്മ പലപ്രാവശ്യം ഇന്റർനെറ്റിൽ തിരഞ്ഞിരുന്നു. ഗ്രീഷ്മയ്ക്ക് പാരക്വിറ്റ് കളനാശിനി വാങ്ങിനൽകിയത് മൂന്നാം പ്രതിയായ അമ്മാവൻ നിർമൽകുമാറാണ്. ഷാരോണിന് നൽകിയ വിഷത്തിന്റെ കുപ്പിയും മറ്റുതെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പാറശ്ശാല സമുദായപ്പറ്റ് സ്വദേശിയായ ഷാരോൺ രാജും തമിഴ്‌നാട്ടിലെ ദേവിയോട് സ്വദേശിനിയായ ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് ആർമി ഉദ്യോഗസ്ഥന്റെ വിവാഹാലോചന വന്നു. ഗ്രീഷ്മയുടെ ജാതകപ്രകാരം ആദ്യ ഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഷാരോണിനെ താലികെട്ടിയശേഷം കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയത്. ഗ്രീഷ്മ ഒന്നാം പ്രതിയും അമ്മ സിന്ധു രണ്ടാം പ്രതിയും അമ്മാവൻ നിർമൽകുമാർ മൂന്നും പ്രതിയുമാണ്.
by Midhun HP News | Nov 4, 2024 | Latest News, കേരളം
കണ്ണൂര്‍: എഡിഎം കെ നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ജാമ്യഹര്‍ജിയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നാളെ വാദം കേള്‍ക്കുക.
ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ദിവ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും, നീതി ലഭിക്കാനായി നിയമപരമായ പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്നും നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പെട്രോള്‍പമ്പ് അഴിമതിയില്‍ നവീന്‍ബാബുവിന് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടാണ് റവന്യൂവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
വിവാദമായ യാത്രയയപ്പ് യോഗത്തിനുശേഷം എഡിഎം നവീന്‍ബാബു തന്നെ വന്നുകണ്ടിരുന്നുവെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുമുള്ള കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയില്‍ കേന്ദ്രീകരിച്ചാകും ദിവ്യക്കുവേണ്ടിയുള്ള വാദം. ഹര്‍ജി ഫയലില്‍ സ്വീകരിച്ചപ്പോള്‍ പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനായി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത്ത് കുമാര്‍ സമയം ആവശ്യപ്പെട്ടിരുന്നു. നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ പി പി ദിവ്യ ഒക്ടോബര്‍ 29-നാണ് അറസ്റ്റിലായത്. തലശ്ശേരി കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ദിവ്യ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. കണ്ണൂര്‍ പള്ളിക്കുന്ന് വനിതാ ജയിലില്‍ റിമാന്‍ഡിലാണ് പി പി ദിവ്യ ഇപ്പോഴുള്ളത്.

by Midhun HP News | Nov 4, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ചയ്ക്ക് സമാനമായി 59,000ല്‍ താഴെ തന്നെയാണ് സ്വര്‍ണവില. 58,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7370 രൂപ. പണിക്കൂലിയും നികുതിയും ചേരുമ്പോള്‍ വില വീണ്ടും ഉയരും.
ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില കഴിഞ്ഞദിവസമാണ് ഇടിഞ്ഞത്. ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപ കുറഞ്ഞാണ് 59,000ല്‍ താഴെ എത്തിയത്. മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ധിച്ച് 60,000ലേക്ക് നീങ്ങിയിരുന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ തിരിച്ചിറങ്ങിയത്. 21 ദിവസത്തിനിടെ ഏകദേശം 3500 രൂപ വര്‍ധിച്ച ശേഷമാണ് രണ്ടുദിവസം കൊണ്ട് 680 രൂപ താഴ്ന്നത്.
by Midhun HP News | Nov 3, 2024 | Latest News, കേരളം
കനത്ത മഴയിൽ വെള്ളം കയറി തിരുവനന്തപുരം പോത്തൻകോട് കർഷകന്‍റെ 2000 കോഴി കുഞ്ഞുങ്ങൾ ചത്തു. പ്രദേശത്തെ ആയിരത്തോളം വാഴകളും നശിച്ചു. പോത്തൻകോട് അയിരുപ്പാറ മേലേവിള വാർഡിൽ പ്രദീപ് കുമാറിന്‍റെ കോഴിക്കുഞ്ഞുങ്ങളാണ് വെള്ളം കയറി ചത്തത്. 25 ചാക്ക് കോഴി തീറ്റയും വെള്ളം കയറി നശിച്ചു. സമീപത്തെ നീർചാലിന് കുറുകെയുള്ള പൈപ്പ് അടഞ്ഞതോടെയാണ് പ്രദേശത്ത് മുഴുവൻ വെള്ളം കയറിയത്. നാല് ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായതയായി കർഷകൻ പറയുന്നു.

by Midhun HP News | Nov 3, 2024 | Latest News, ജില്ലാ വാർത്ത
വർക്കല ഏണിക്കൽ ബീച്ചിൽ കർണാടക സ്വദേശികളായ രണ്ട് യുവാവക്കൾ കടലിൽ കുളിക്കവേ തിരയിൽപ്പെട്ടു. ഒരാളെ തമിഴ്നാട് സ്വദേശികൾ രക്ഷപ്പെടുത്തി.
മറ്റൊരാൾ കടലിൽ മുങ്ങി താഴ്ന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
കർണാടക സ്വദേശി നെൽസൺ(26) നെ കാണാതായി. ഉത്തർ പ്രദേശ് സ്വദേശി ക്വസിമന്യൂമാൻ (24) നെ ശിവഗിരി ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഐ. ടി മേഖലയിൽ പ്രവർത്തിക്കുന്ന നാല് പേര് അടങ്ങുന്ന സുഹൃത്തുക്കൾ ഇന്നലെയാണ് വർക്കലയിൽ എത്തിയത്. ഫയർ ഫോഴ്‌സും വർക്കല പൊലീസും രക്ഷ പ്രവർത്തനം നടത്തി.

Recent Comments